പാലക്കാട് പയ്യൻ യുഎസ് പ്രസി‍ഡന്റായാൽ‌

vivek-ramaswamy
Photo Credit: Tom Williams / CQ-Roll Call via AP file
SHARE

എഴുപതുകളിൽ പാലക്കാട് വടക്കഞ്ചേരി അഗ്രഹാരത്തിലെ വി.ജി. രാമസ്വാമി കോഴിക്കോട് എൻഐടിയിൽ എൻജിനീയറിംഗ് കഴിഞ്ഞിട്ട് കടൽ കടന്ന് അമേരിക്ക പിടിച്ചു. പഠനവും ജോലിയും കുടിയേറ്റവും, മൈസൂർ മെഡിക്കൽ കോളജിൽ നിന്നു പാസായ ഗീത എന്ന പെൺകുട്ടിയെ വേളി കഴിക്കലുമെല്ലാം വഴിക്കുവഴി നടന്നു. 1985ൽ ഒഹായോ സംസ്ഥാനത്തെ സിൻസിനാറ്റിയിൽ വച്ച് അവർക്കൊരു മകൻ പിറന്നു. പേര്–വിവേക് ഗണപതി രാമസ്വാമി.

ഇത്രയും വളരെ സ്വാഭാവികം. അസ്വാഭാവികമായത് ആ മകൻ വളർന്ന് ഹാർവഡ്, യേൽ സർവകലാശാലകളിൽ പഠിച്ച് സ്വന്തം ബയോടെക് കമ്പനിയുണ്ടാക്കി ശതകോടീശ്വരനായി ദേ ഇപ്പോൾ അമേരിക്കൻ പ്രസിഡന്റാവാൻ മൽസരിക്കുകയാണ്!! റിപ്പബ്ളിക്കൻ സ്ഥാനാർഥി ആരാവണമെന്ന് തീരുമാനിക്കാനുള്ള പ്രൈമറികളിൽ പ്രചാരണം നടത്തുന്നു. വിവേകിന്റെ മുന്നിലുള്ളത് ഡോണൾഡ് ട്രംപും ഫ്ളോറിഡ ഗവർണർ റോൺ ഡി സാന്റിസും മാത്രമാണ്. നിക്കി ഹാലി ഉൾപ്പടെ ബാക്കി എല്ലാവരും പിന്നിൽ.

വിവേക് രാമസ്വാമിയോ, അമേരിക്കൻ പ്രസിഡന്റോ...! ഹഹഹ...ഹ എന്നു പറയുന്നവരുണ്ട്! 2015ൽ പ്രൈമറികളിൽ മൽസരിച്ച ട്രംപ് പ്രസിഡന്റാവുമെന്നു പറഞ്ഞപ്പോഴും ഇതുപോലെ ചിരിച്ചവരേറെ. അതുകൊണ്ട് ആരെയും തള്ളിക്കളയാനൊക്കത്തില്ല. നമ്മുടെ നാരായണമൂർത്തിയുടെ മകളുടെ കെട്ട്യോൻ ബ്രിട്ടിഷ് പ്രധാനമന്ത്രിയാവുമെന്ന് ആരെങ്കിലും വിചാരിച്ചോ? 

വിവേക് രാമസ്വാമി (37) സ്ട്രൈവ് അസറ്റ് മാനേജ്മെന്റ് കമ്പനി എക്സിക്യൂട്ടീവ് ചെയർമാനാണ്. റോഇവന്റ് സയൻസസ് എന്ന ബയോടെക് കമ്പനിയിലൂടെയാണു കാശുണ്ടാക്കിയത്. 63 കോടി ഡോളർ (ഏകദേശം 5000 കോടി രൂപ) സ്വത്തുണ്ട്. അപൂർവ തിവാരിയാണു ഭാര്യ. 2 ആൺകുട്ടികൾ.

അതെല്ലാമേ എപ്പടിയോ ആകട്ടും, നമ്മ വിഷയം അതല്ല. ആഗോള ബിസിനസിന് ആകെ കുഴാമറിച്ചിലാവും വിവേകിന്റെ വരവ്. മുരട്ട് ആശയങ്ങളിൽ ട്രംപിനെ കടത്തിവെട്ടും വിവേക്. ഭയങ്കര കൺസർവേറ്റീവ്. ആശയങ്ങൾ ഏതാണ്ട് ഇങ്ങനെയാണ് – കാലാവസ്ഥാ വ്യതിയാനം തട്ടിപ്പാണ്. ഹരിത സാങ്കേതിക വിദ്യകൾക്ക് കാശ് മുടക്കുന്നതു പാഴ്. കാർബൺ അനർഗളം നിർഗളിക്കട്ടെ. ഇഎസ്ജി അഥവാ പാരിസ്ഥിതിക,സാമൂഹിക, ഗവേണൻസ് വിഷയങ്ങൾ മുന്നിൽ കണ്ട് നിക്ഷേപം നടത്തേണ്ട കാര്യമില്ല. എൽജിബിടിക്യൂ ആളുകൾക്ക് യാതൊരു പരിഗണനയും വേണ്ട. അവരുടെ സ്വഭാവം മാറ്റിയാൽ മതി. ജൻഡർ ആദർശങ്ങൾ മിനക്കെടുത്താണ്...

ചുരുക്കത്തിൽ അടുത്ത കാലത്ത് ലോകം എങ്ങനെയൊക്കെ മാറിയോ അതിനെല്ലാം എതിര്. അമേരിക്കയിൽ അതിന് കയ്യടിക്കാൻ ജനം ഒരുപാടുണ്ട്. 

പ്രസിഡന്റായാലോ ചൈനീസ് പ്രസിഡന്റിനോടു പറയും–ബ്രദർ, വീ ആർ ഡൺ. ഇതുവരെയുള്ള സൗഹൃദമൊക്കെ തീർന്നു. ആഗോള ബിസിനസ് രംഗത്ത് ഭൂമികുലുക്കമായിരിക്കും വിവേക് പ്രസിഡന്റായാൽ. 

ഒടുവിലാൻ∙ ചൈനയ്ക്ക് തായ്‌വാനെ ആക്രമിക്കണോ? ആയിക്കോ. പക്ഷേ അതിനു മുമ്പ് അവിടെ ഉണ്ടാക്കുന്ന സെമികണ്ടക്ടറുകളിൻമേൽ അമേരിക്കയ്ക്കുള്ള ആശ്രിതത്വം ഇല്ലാതാവണം. അത്രേയുള്ളെന്നാണ് വിവേക് പറയുന്നത്.

Content Highlights: P Kishore | Business Boom | Vivek Ramaswami

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA