പണം നിക്ഷേപിക്കുക, മറന്നു കളയുക... അതാണ് എന്റെ പോളിസി. മ്യൂച്വൽഫണ്ടിൽ നിക്ഷേപിച്ചാൽ പിന്നെ മൂന്നു വർഷത്തേക്കെങ്കിലും അങ്ങോട്ട് നോക്കരുത്...എനിക്ക് ബാങ്ക് ഡിപ്പോസിറ്റ് ഇല്ല, വസ്തുവഹകളില്ല...എല്ലാം മ്യൂച്വൽ ഫണ്ടിലാണ്...ഇങ്ങനെ പോയി ഒരു മ്യൂച്വൽ ഫണ്ട് അപ്പോസ്തലന്റെ സുവിശേഷം.
വെറുതേ പറയുന്നതല്ല. വർഷങ്ങളായി നടത്തുന്ന നിക്ഷേപം കൂടിക്കൂടി കോടികളായിട്ടുണ്ടത്രെ. എത്രയെന്ന് വെളിപ്പെടുത്തില്ല. വിദേശയാത്രകൾ പോകുമ്പോൾ മാത്രം കുറച്ച് റെഡീം ചെയ്ത് കാശാക്കി ബിസിനസ് ക്ലാസ് യാത്രയ്ക്കും ഫൈവ് സ്റ്റാർ ഹോട്ടൽ താമസത്തിനും ഉപയോഗിക്കും. മറ്റേ ഫണ്ട് 3 വർഷം കൊണ്ട് 270% കേറിയത് അറിഞ്ഞോ? ഞാൻ 3 ലക്ഷം മുടക്കിയിട്ടുണ്ട് എന്നൊക്കെ കേൾക്കുന്നവർക്ക് വായിൽ വെള്ളമൂറും എങ്കിലും അത്ര ധൈര്യം പോരാ!
നാട്ടിലാകെയുള്ള സ്ഥിതിയാണിത്. കിട്ടുന്ന കാശ് മുഴുവൻ എഫ്ഡി ഇടുകയോ വസ്തുവാങ്ങുകയോ ചെയ്യുന്നു. ഭൂമിയോടുള്ള കൊതി ഒരിക്കലും അവസാനിക്കുന്നില്ല. പക്ഷേ ഇപ്പോൾ ഊഹക്കച്ചവടമില്ല, ഭൂമി വിറ്റുപോകാൻ പാടായി, വിലയും താഴുന്നു. വേറെ വഴി നോക്കണം എന്ന സ്ഥിതിയിലാണ് മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചു പറയുന്നതു കേൾക്കാനെങ്കിലും താൽപര്യം കാണിക്കുന്നത്.
നടേ പറഞ്ഞ മ്യൂച്വൽ ഫണ്ട് വർണന കേട്ട പ്രഫസർക്ക് കോപൻ വന്നു. എന്തിനാ ഇതൊക്കെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതെന്നായി ചോദ്യം. അതെന്താ പറഞ്ഞാൽ എന്ന ചോദ്യവും തുടർന്നുള്ള മറുപടികളും കോമഡിയാണ്.
(പ്രഫസർക്കു കോടികളുടെ മ്യൂച്വൽഫണ്ടുകളുണ്ട്. ഇടയ്ക്കിടെ റെഡീം ചെയ്തിട്ട് വിദേശ യാത്രകൾക്ക് മുന്തിയ എയർലൈനുകളിൽ ഫസ്റ്റ് ക്ലാസിൽ കറങ്ങുന്നുണ്ട്.)
മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചു പറഞ്ഞാലെന്ത്...?
അതു കേട്ട് പലരും കാശ് മുടക്കി മ്യൂച്വൽ ഫണ്ട് വാങ്ങില്ലേ?
അത് നല്ലതല്ലേ?
അങ്ങനെ എല്ലാവരും മ്യൂച്വൽ ഫണ്ട് വാങ്ങിയാൽ അവർക്കും പണം ഉണ്ടാവില്ലേ?
ഉണ്ടായിക്കോട്ടെ. അതിനെന്താ?
അങ്ങനെ സകലർക്കും പണം ഉണ്ടായാൽ പിന്നെ അവരും ആ കാശുകൊണ്ട് ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലും പറക്കില്ലേ? ആവശ്യക്കാർ കൂടുമ്പോൾ ഇതിന്റെയൊക്കെ നിരക്കുകൾ വിമാനക്കമ്പനികൾ കൂട്ടും. നമുക്ക് പാരയാവും. ഇപ്പോൾ തന്നെ മൂന്നിരട്ടിയും അതിലേറെയും നിരക്കുണ്ട്.
ഓ അദ്ദാണു കാര്യം! പണമുണ്ടെന്നു കരുതപ്പെടുന്നവർ പോലും അസറ്റ് റിച്ചും കാഷ് പൂവറുമാണ്. എന്നു വച്ചാൽ വലിയ വീടും വസ്തുക്കളും കാണും, ലിക്വിഡ് കാഷ് കാണില്ല. എഫ്ഡി ഉണ്ടെങ്കിൽ തന്നെ പണപ്പെരുപ്പത്തിൽ അതിന്റെ മൂല്യം ഇടിയും. മ്യൂച്വൽ ഫണ്ട് നിക്ഷേപക്കാരോ? അസറ്റ് പൂവറും കാഷ് റിച്ചുമാണ്! പുരിഞ്ചിതാ?
സെരിയണ്ണെ...!
ഒടുവിലാൻ∙മാർക്കറ്റ് ഇടിഞ്ഞു താഴെ വീണാലോ...??? അനങ്ങരുത്, പിന്നെയും കേറും. വാറൻ ബഫറ്റിന്റെ സൂക്തങ്ങൾ കൂട്ടിനുണ്ട്.