കുമിള പൊട്ടിച്ച് കുരു പൊട്ടിക്കല്ലേ!

confued-man-fizkes-istockphoto
Representative image. Photo Credit: fizkes/istockphoto.com
SHARE

നിങ്ങൾക്ക് കയ്യിൽ കാശുണ്ട്, ഡീമാറ്റ് അക്കൗണ്ടുണ്ട്, സ്മാർട് ഫോണുണ്ട്, അതിൽ ഓഹരി നിക്ഷേപം നടത്താനുള്ള പലതരം ആപുകളുണ്ട്. സ്റ്റോക്കിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപമുണ്ടെന്നു മാത്രമല്ല ഇതൊക്കെ വച്ച് ഓഹരി വിപണിയെ കളിപ്പിക്കാൻ (പ്ളേ) അറിയാം. അങ്ങനെ മാർക്കറ്റിനെ പ്ളേ ചെയ്ത് കാശുണ്ടാക്കുന്നു. ഇതൊന്നുമില്ലാത്തവർ എന്തു ചെയ്യും?

ഉത്തരേന്ത്യൻ ഗ്രാമഗ്രാമാന്തരങ്ങളിലെ ഗോതമ്പ്–കടുക്–സൂര്യകാന്തി പാടങ്ങളിൽ പകലന്തിയോളം പണിയെടുത്താൽ 300 രൂപ തികച്ച് കൂലി കിട്ടാത്തവന് എന്ത് സെൻസെക്സും നിഫ്റ്റിയും...??? ഇങ്ങനെയൊരു യാഥാർഥ്യം മനസിലാക്കാതെ പോകുമ്പോഴാണ് ഇലക്‌ഷൻ കർമ ഫലം വരുമ്പോൾ ചങ്കിൽ ഇടിവെട്ടുന്നത്. ആശാൻ പാടിയ പോലെ ‘നിയതി തൻ ത്രാസ് പൊങ്ങുന്നതും താനെ താനെ താണു പോകുന്നതും’ ഇങ്ങനെയൊക്കെയാണ്. ‌

പെട്ടെന്ന് ഇതൊക്കെ  ഓർക്കാൻ കാരണം ഹാരി ഡെന്റ് എന്ന യുഎസ് സാമ്പത്തിക വിദഗ്ധന്റെ പ്രവചനമാണ്. ആഗോള ഓഹരി വിപണികൾ വീണ്ടുമൊരു അന്തരാള ഘട്ടത്തിലേക്കു നീങ്ങുകയാണെത്രെ. വൻ നേട്ടത്തോടെ യുഎസ് വിപണി ക്ളോസ് ചെയ്യുന്നതു നോക്കിയിരുന്നിട്ടാണ് സാമ്പത്തിക വിപണി ഊതിവീർപ്പിച്ച കുമിളയാണെന്നും 2025ൽ പൊട്ടുമെന്നും ‘ചങ്കിൽക്കൊള്ളുന്ന വർത്തമാനം’ പറഞ്ഞത്. അമേരിക്കൻ വിപണിയുടെ  മൂല്യം 86% ഇടിയും. 2008ലെ തകർച്ചയേക്കാൾ ഭീമമായിരിക്കുമത്രെ. 

ആരാ ഈ ഹാരി ഡെന്റ്? ഹാർവഡ് പ്രോഡക്റ്റ്. കുമിള സ്പെഷ്യലിസ്റ്റാണ്. പൊട്ടുമെന്ന നേര് നേരത്തേ അറിയും. 1991ൽ ജപ്പാനിലെ കുമിളയും 2007ൽ യുഎസ് കുമിളയും പൊട്ടുമെന്നു പ്രവചിച്ചെന്നു സായിപ്പ് ആണയിടുന്നു. 2008ലെ തകർച്ച താനാണു പ്രവചിച്ചതെന്ന് അവകാശപ്പെട്ട് വേറേ പലരും നടപ്പുണ്ടെങ്കിലും.

ചേട്ടായിക്ക് 71 വയസായി, മില്യൺ കണക്കിന് വിപണിയിൽ നിന്നു തന്നെ സമ്പാദിച്ചു. ഇനി പൊട്ടിയാലും ഒന്നും വരാനില്ല. കാര്യമായ കാരണമൊന്നും പറയുന്നുമില്ല. സാധാരണ 5–6 വർഷം ഓഹരി വിപണി കേറിക്കൊണ്ടിരിക്കും. പിന്നെയൊരിറക്കമാണ്. 2008ലെ പൊട്ടലിനു ശേഷം 2010ൽ വീർക്കാൻ തുടങ്ങിയ കുമിള 14 വർഷമായി വീർത്തുവീർത്ത് പോവുകയാണത്രെ. അതിനാൽ പൊട്ടിയേ തീരൂ. അതോടെ പലരുടേയും ‘കുരു പൊട്ടും’ എന്നതിൽ സംശയമില്ല.

ആഗോള വിപണി അങ്ങനെയെങ്കിൽ ഭൂഗോളത്തിന്റെ ഭാഗമായ ഇന്ത്യയിലോ...? ഇന്ത്യയ്ക്കു കുഴപ്പമൊന്നുമില്ല പക്ഷേ സായിപ്പിന്റെ ലോകാവസാന (ഡൂംസ് ഡേ) തിയറി നടക്കണമെങ്കൽ ആദ്യം ഡോളർ പൊട്ടണം. അവർ മണ്ടൻമാരല്ലല്ലോ. കോവിഡോ യുദ്ധമോ വന്നാലും ഡോളർ അച്ചടിച്ചുകൊണ്ടിരിക്കും. അങ്ങനെ കുമിളയും തദ്വാരാ കുരുവും പൊട്ടിക്കാൻ ആരും നിന്നു കൊടുക്കില്ല.

ഒടുവിലാ‍ൻ∙ ഡോളർ പൊട്ടിയാലോ? കാശ് വേറേ എവിടെ കൊണ്ടിടും? സ്വർണം അന്നും കാണും. സ്വർണവില ആകാശം മുട്ടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS