ADVERTISEMENT

ടാറ്റാ സാമ്രാജ്യ സാർവഭൗമൻ ടാറ്റ കുടുംബക്കാരൻ അല്ലെങ്കിൽ ഒരു ഗും ഇല്ല എന്നൊരു തോന്നൽ മുമ്പുണ്ടായിരുന്നു. തമിഴ്നാട്ടുകാരൻ എൻ.ചന്ദ്രശേഖരൻ ചെയർമാനായിട്ട് ഗുണമേ ഉണ്ടായിട്ടുള്ളു. ചെയർമാൻ സ്ഥാനം 5 വർഷം കൂടി നീട്ടിക്കൊടുക്കുന്നതാണു പിന്നെ കണ്ടത്. പക്ഷേ ‘മുകളിൽ ഒരാൾ’ ഉണ്ടല്ലോ. മുൻ ചെയർമാൻ രത്തൻ ടാറ്റ തലയ്ക്കു മുകളിൽ എല്ലാം കണ്ടുകൊണ്ട് എപ്പോഴുമുണ്ട്. 

ടാറ്റയുടെ അടുത്ത അധിപ(ൻ) ആരാകണം? അതിനെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുമ്പോഴാണ് മായ ടാറ്റയുടെ പേര് പൊങ്ങി വന്നത്.

ആരാണീ മായ ടാറ്റ? രത്തൻ ടാറ്റയുടെ പാതി സഹോദരന്റെ മകളാണ്. പാതി അനന്തരവൾ. രത്തൻ ടാറ്റയുടെ അച്ഛൻ നാവൽ ടാറ്റയ്ക്ക് 2 ഭാര്യമാരായിരുന്നു. സൂനി ടാറ്റയിൽ രണ്ടാൺമക്കൾ രത്തനും ജിമ്മിയും. രണ്ടാം ഭാര്യ സിമോണിലുള്ളതാണ് നോയൽ. അതാണ് പാതി സഹോദരനായിപ്പോയത്. നോയലിന് 3 മക്കൾ. ലിയ, മായ, നെവിൽ. മായയും നെവിലും യുകെയിലെ വാറിക് യൂണിവേഴ്സിറ്റിയിലെ ബേയേഴ്സ് ബിസിനസ് സ്കൂളിൽ നിന്നും ലിയ മഡ്രിഡിൽ നിന്നും എംബിഎ. 

പണക്കാരുടെ മക്കൾ പഠിക്കാനും മിടുക്കരാവുന്നത് എന്തുകൊണ്ടാ? പാവങ്ങളുടെ സംശയമാണേ...!

താജ് ഹോട്ടൽസിൽ ലിയയും ടാറ്റാ ഓപ്പുർച്യൂണിറ്റീസിൽ മായയും തുടക്കമിട്ടു. നെവിൽ ട്രെന്റ് ഹൈപ്പർ മാർക്കറ്റ്സിലും. വെസ്റ്റ് സൈഡും സ്റ്റാർ ബസാറും മറ്റും നെവിലാണു നോക്കുന്നത്. 3 പേരേയും വല്യച്ഛൻ ടാറ്റ മെഡിക്കൽ സെന്റർ ട്രസ്റ്റ് ബോർഡിലെ ഡയറക്ടർമാരാക്കി. മൂന്നു പേരുടേയും പെർഫോമൻസ് വല്യച്ഛൻ നിരീക്ഷിക്കുന്നുമുണ്ട്. 

മായ (34) ടാറ്റ കാപിറ്റിലലിൽ നിന്ന് ടാറ്റ ഡിജിറ്റലിലെത്തി. ന്യൂ ആപ് ലോഞ്ച് ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഷൂട്ടിംഗ് സ്റ്റാർ! അതാണ് മായ അടുത്ത പിൻഗാമിയാവുമെന്നു വിചാരിക്കാൻ കാരണം. 

ഇതു ചില്ലറ കളിയല്ല. മൂപ്പനാരായി മാറിയ രത്തൻ ടാറ്റ (85) ആഗോള സാമ്രാജ്യമാണു പടുത്തുയർത്തിയത്. 1990 മുതൽ 2012 വരെ ഒന്നൊന്നര ചെയർമാനായിരുന്നു. ഇന്ത്യയ്ക്കകത്തെ ഗോദയിൽ മപ്പടിക്കുന്ന മല്ലനെന്നതിലുപരി ടാറ്റ ആഗോള മല്ലനായത് ആ കാലത്താണ്. ടാറ്റ സാമ്രാജ്യത്തിന്റെ വർഷം വരുമാനം വർഷം 38200 കോടി ഡോളർ. ഏതാണ്ട് 32 ലക്ഷം കോടി രൂപ. 

പാക്കിസ്ഥാന്റെ ജിഡിപി 34100 കോടി ഡോളറേയുള്ളു. ടാറ്റയേക്കാൾ 4100 കോടി ഡോളർ കുറവ്!!

ഒ‌ടുവിലാൻ∙ കിർലോസ്കർ ഗ്രൂപ്പിന്റെ തലപ്പത്തൊരു ടാറ്റയുണ്ട്. മാനസി ടാറ്റ! കിർലോസ്കർ ഗ്രൂപ്പ് ചെയർമാനായിരുന്ന വിക്രം കിർലോസ്കറുടെ മകളാണ്. കല്യാണം കഴിച്ചതോ നോയൽ ടാറ്റയുടെ മകൻ നെവിലിനെ. കന്ന് ചെല്ലുന്നത് കന്നിൻ കൂട്ടത്തിലാണല്ലോ. അങ്ങനെ മാനസി കിർലോസ്കറും ടാറ്റയായി!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com