പൂവെന്നും പറയും പുഷ്പമെന്നും പറയും മലരെന്നും പറയും എല്ലാം ഒന്നു തന്നെ. സമ്മേളനങ്ങളുടെ കാര്യവും അങ്ങനെയാണ്. റോഡ് ഷോ, സമ്മിറ്റ്, കോൺക്ളേവ്, കോൺഫെറൻസ്, കൺവെൻഷൻ, മീറ്റ്, ഇനിഷ്യേറ്റീവ്...! സംഗതിയെല്ലാം ഒന്നു തന്നെ– മേളനവും ചർച്ചയും പരിചയപ്പടലും പരിചയം പുതുക്കലും, തീറ്റയും കുടിയും...!
ജോലി ചെയ്തു മടുത്തിരിക്കുമ്പോഴായിരിക്കും ഒരു മേളന ക്ഷണം കിട്ടുന്നത്. ഒരു പ്രബന്ധം തയ്യാറാക്കി അയച്ച് അവതരിപ്പിക്കാൻ അവസരം കിട്ടിയാൽ കോളടിച്ചു. വ്യവസായവുമായി ബന്ധപ്പെട്ടതാണെങ്കിലോ? ത്രീപീസ് സ്യൂട്ടിട്ടേ വരൂ. കോട്ടിട്ടാൽ വ്യവസായി ആയി എന്നൊരു തോന്നലുണ്ടത്രെ നാട്ടിലാകെ.
ആദ്യ ദിവസം കഴുത്തിൽ തൂക്കാനൊരു ‘ഞാത്ത്’ കിട്ടുന്നതിനൊപ്പം ഒരു ബാഗും അതിനകത്ത് കുറച്ചു സമ്മേളന സാഹിത്യവും കിട്ടും. ഫുഡ് കൂപ്പണുകൾ അതിനകത്ത് ഉണ്ടോന്നു നോക്കും. ആദ്യത്തെ ഒന്നു രണ്ടു സെഷനുകളിൽ കേറിയിരുന്നു കേൾക്കുന്നു. ശേഷം മേളന പ്രതിനിധികൾ മിക്കവാറും ഹാളിനു പുറത്തായിരിക്കും. കോഫി ബ്രേക്കും സെൽഫി എടുക്കലും കഴിയുമ്പോൾ ചിലർ ടൂറ് പോകും, മാളിൽ ഷോപ്പിംഗിന് പോകും.
സ്റ്റേജിൽ കോംപിയറുടെ വക വാചകക്കസർത്തുകൾ അരങ്ങേറുന്നു. ഓവർ സ്മാർട്ട് അവതാരക പ്രസംഗം തീരും മുമ്പേ അതിനെ പ്രശംസിക്കാനുള്ള ഏതാനും വാക്കുകൾ കരുതി വച്ചിരിക്കും. പ്രസംഗവുമായി അതിനു പുലബന്ധം പോലും ഉണ്ടാവണമെന്നില്ല. അങ്ങനെ ഒരിടത്ത് പ്രസംഗത്തെ പതിവു പോലെ പൊക്കി പറഞ്ഞപ്പോഴാണ് ഭരണാധികാരി ചൂടായത്. ആളും തരവും നോക്കി പ്രശംസ ചൊരിഞ്ഞില്ലെങ്കിൽ പണി പാളും.
ഫയർസൈഡ് ചാറ്റ് എന്നൊരിനമുണ്ട്. സ്റ്റേജിൽ തീകൂട്ടി അതിന്റെ സൈഡിലാണു ചാറ്റ് എന്നു വിചാരിച്ചാൽ ബുദ്ദൂസ് ആയിപ്പോകും. വെള്ളമൊഴിച്ചതു പോലെ നനഞ്ഞ ചർച്ചയായിരിക്കും. പക്ഷേ വൈകുന്നേരങ്ങളിൽ കോക്ടെയ്‌ൽ ഏർപ്പാടുണ്ടെങ്കിൽ ചില തീയൊക്കെ പ്രതീക്ഷിക്കാം. ഹോട്ടലുകാര് എത്ര തീ കൂട്ടിയിരിക്കുന്നു!
അങ്ങു ദൂരെ ദേശങ്ങളിൽ നിന്നു പോലും വന്നതിന്റെ യഥാർഥ ഗുണം നെറ്റ്‌വർക്കിംഗിൽ ആകുന്നു. പരിചയപ്പെടലും പുതുക്കലും ബന്ധം സ്ഥാപിക്കലും. അടുത്തു നടക്കാൻ പോകുന്ന വേറേ സമ്മേളനങ്ങളുടെ നടത്തിപ്പുകാർ ഇവിടെ കണ്ടേക്കും. അവരുടെ ശ്രദ്ധയിൽപ്പെടുന്നതും ക്ഷണം ഉറപ്പാക്കുന്നതും ഈ നേരത്താണ്.
പക്ഷേ മൂന്നു ദിവസത്തെ സമ്മേളനം കഴിയുമ്പോൾ കോടികൾ അനേകമനേകം പോക്കറ്റുകളിൽ വീഴുന്നു. ബ്രാൻഡഡ് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ദിവസം ഭക്ഷണച്ചെലവ് തന്നെ 50 ലക്ഷം കവിയും. ഈവന്റ് മാനേജ്മെന്റുകാർക്കും പരിസര ഹോട്ടലുകൾക്കും ടാക്സിക്കാർക്കും ഷോപ്പിംഗ് കേന്ദ്രങ്ങൾക്കുമെല്ലാം കോള്.
ഒടുവിലാൻ∙ കോളേജ് പിള്ളാരെ നിരത്തും ആളെ സ്വീകരിച്ചിരുത്താനും മറ്റും. ദിവസം 1 കെ ശമ്പളവും ഭക്ഷണവും. സന്തോഷം!