സോവിയറ്റ് എന്നൊരു നാടുണ്ടത്രെ, പോകാൻ കഴിഞ്ഞാലെന്തു ഭാഗ്യം എന്നു പണ്ടൊരു കവി പാടിയ പോലെ ഹിൽസ എന്നൊരു മൽസ്യമുണ്ടത്രെ കഴിക്കാൻ കഴിഞ്ഞാലെന്തു ഭാഗ്യം എന്നു പാടാം. ബംഗ്ളദേശ് ബിപ്ളവം അരങ്ങേറിയപ്പോഴും അവിടെ പത്മ നദിയിൽ നിന്നു വരുന്ന ഹിൽസയ്ക്ക് ഇനിയെന്തു പറ്റുമോ ആവോ എന്നായിരുന്നു ബംഗാളികളുടെ ആശങ്ക.
എയർലൈൻ മാസികകളിലും ഹിൽസയെക്കുറിച്ചു കൊതിപ്പിക്കുന്ന സചിത്ര ഫീച്ചറുകളുണ്ട്. കൊൽക്കത്തിയേലേക്കു പോകുന്നവരാണെങ്കിൽ ഇതു കണ്ടിട്ട് അവിടെ ചെന്നിറങ്ങിയാലുടൻ ഹിൽസ വെട്ടിവിഴുങ്ങണമെന്ന് തീരുമാനിക്കും. ഇലിഷ് എന്നാണ് ബംഗാളി പേര്. ബംഗാളികളുടെ ഒരു വട്ട് ആകുന്നു ഹിൽസ.
വില ചില്ലറയല്ല. സൈസും മീനിന്റെ ലൊക്കേഷനും അനുസരിച്ച് കിലോ 1200 മുതൽ 2400 വരെ. മ്യാൻമറിലും ഒഡീഷയിലും നിന്നു വരുന്നതിനു വില കുറവാണ്. ഹൂഗ്ളി,രൂപ്നഗർ നദികളിലെ ഹിൽസയ്ക്ക് കിലോ 1200–1400. കടൽ മീനാണെങ്കിലും സീസണിൽ മുട്ടയിടാനായി അഴിമുഖം വഴി പുഴയിലേക്കു കയറും. കനത്ത മഴ പെയ്ത് പുഴവെള്ളത്തിന്റെ ഉപ്പുരസം കുറയുമ്പോഴാണത്രെ ഹിൽസയ്ക്ക് രുചി കൂടുന്നത്.
ഷെയ്ഖ് ഹസീന നമ്മളുമായി ഗുലാൻ ആയിരുന്നല്ലോ. ഏറ്റവും നല്ല അൽഫോൻസാ–മൽഗോവ മാങ്ങ സുഹൃദ് രാജ്യങ്ങൾക്ക് വീഞ്ഞപ്പെട്ടികളിലാക്കി അയച്ചു കൊടുക്കുന്നതിനെയാണ് ‘മാമ്പഴ നയന്ത്രം’ എന്നു വിളിക്കുന്നത്. ബംഗ്ളദേശിന് അതുപോലെ ഹിൽസ നയതന്ത്രമുണ്ടായിരുന്നു. എന്നു വച്ചാൽ പച്ചമീൻ ടൺ കണക്കിന് ട്രക്കുകളിൽ അതിർത്തിയിലൂടെ അയച്ചു കൊടുക്കും! ഹിൽസയുടെ കയറ്റുമതി നിരോധിച്ച ബംഗ്ളദേശിൽ നിന്ന് ഇന്ത്യയ്ക്ക് മാത്രം ഷെയ്ഖ് ഹസീന ഹിൽസ ‘അലോട്ട്’ ചെയ്തിരുന്നു. കഴിഞ്ഞ വർഷം 3950 ടണ്ണായിരുന്നു അലോട്ട്മെന്റ്!
വർഷം 6 ലക്ഷം ടണ്ണോളം പിടിക്കുമെങ്കിലും പക്ഷേ അതിന്റെ 86% ബംഗ്ളദേശിലാണ്. അവരുടെ ജിഡിപിയുടെ 1.1% അതിൽ നിന്നു കിട്ടും. നാലരലക്ഷം പേരാണ് അവിടെ മീൻ പിടിച്ചു ജീവിക്കുന്നത്.
ഓഗസ്റ്റ്–ഒക്ടോബർ കാലത്ത് പത്മ നദിയിൽ നിന്നു പിടിക്കുന്ന മുഴുത്ത, മുറ്റിയ ഹിൽസ ഇന്ത്യയിൽ ബംഗാളികളുള്ള സ്ഥലങ്ങളിലൊക്കെ എത്തിയിരുന്നു. ഇക്കൊല്ലം ‘പത്മർ ഇലിഷ്’ വരില്ലല്ലോ എന്ന വൈക്ളബ്യത്തിലുള്ള ബോങ്സിനെ പറ്റിക്കാൻ പകരം ഗുജറാത്തിൽ നിന്ന് ഡ്യൂപ്ളിക്കേറ്റ് ഹിൽസ (ബോംബെ ഇലിഷ്) വരുന്നുണ്ടത്രെ. വില കിലോ 2000, പത്മ ഹിൽസയുടെ രുചിയില്ല.
ഒടുവിലാൻ∙ കൊൽക്കത്തയിലെ ഭോജോഹോറി മന്ന റസ്റ്ററന്റിൽ ചെന്ന് ഹിൽസ കഴിച്ചു നോക്കി. മുള്ളുവാള പോലെ നിറയെ മുള്ളുള്ള മീൻ! കടുകെണ്ണയിൽ പാകം ചെയ്തത്. ഛായ് ഇതാണോ സ്വർലോക മീൻ! പക്ഷേ നമ്മൾ പുകഴ്ത്തുന്ന കരിമീനോ? നമുക്കല്ലാതെ ആർക്ക് ഇഷ്‍ടപ്പെടും? മറ്റുള്ളവർക്ക് ചെളിയുടെ ചുവയും മുള്ളും!