ചിങ്ങമായെന്ന് എങ്ങനെ അറിയാം? ഒന്നാന്തി റോഡിലാകെ ഓഫ് വൈറ്റും ഗോൾഡും നിറങ്ങളിലുള്ള സെറ്റ് മുണ്ടുകളിലും സാരികളിലും പെണ്ണുങ്ങളും കസവ് വേഷ്ടിയും സിൽക്ക് ജൂബയുമിട്ട ആണുങ്ങളും. ആകെക്കൂടി കാണാൻ ഭംഗിയുണ്ടെന്നു നമ്മൾ മലയാളികൾക്കു മാത്രം തോന്നുന്നതാണോന്നത്രം തിട്ടംപോരാ.
സ്റ്റേജ് അലങ്കാരങ്ങളിൽ ഓഫ് വൈറ്റും ഗോൾഡും സ്ഥാനം പിടിക്കുന്നു. കസവ് പൊന്നാടകൾ വരുന്നു. തടിയും പൊക്കവും കുടവയറും ഉള്ളവരെ മാവേലിയായി അഭിനയിക്കാൻ വേണം എന്ന ക്ളാസിഫൈഡ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഒരു ദിവസത്തേക്ക് ചെല്ലും ചെലവും കഴിഞ്ഞ് റേറ്റ് 900 രൂപ മുതൽ മുകളിലോട്ടാണ്.
ഇലയിട്ടു സദ്യകൾ കുറേശെ വരവായി. 3 പായസം മൂക്കുമുട്ടെ വിഴുങ്ങിയിട്ട് ഇൻസുലിനും കൂടുതൽ കുത്തിവച്ചിട്ട് ശാസ്ത്രീയമായി സദ്യ ഉണ്ണുന്നതെങ്ങനെ, ഇഞ്ചിക്കറി എപ്പോൾ തൊട്ടു നാക്കിൽ വയ്ക്കണം തുടങ്ങിയ ചർച്ചകൾ നടക്കുന്നു. തിന്നിട്ട് ഇല അങ്ങോട്ടു മടക്കണോ ഇങ്ങോട്ടു മടക്കണോ എന്നുള്ള തർക്കവിതർക്കങ്ങൾ വേറെ. ഇല ഇങ്ങോട്ടു മടക്കിയാലേ ഇനിയും സദ്യകൾ വരൂ എന്നാണെങ്കിൽ ഓണം കഴിയുമ്പോഴേക്കും അങ്ങോട്ടു മടക്കാം–മതിയായി!
ഇല എങ്ങോട്ടു മടക്കിയാലും സദ്യയ്ക്ക് ശരാശരി റേറ്റ് ഒരു പായസം എങ്കിൽ 175 രൂപ. ഇതിലും കൂടിയും കുറഞ്ഞും റേറ്റുകളുണ്ട്. പായസങ്ങളുടെ എണ്ണം അനുസരിച്ചും റേറ്റ് കൂടും. സദ്യ വിത്ത് ചിക്കൻ എന്നൊരു ഏർപ്പാടുണ്ട്– മസാലക്കറി വയ്ക്കുന്നിടത്ത് 2 പീസ് ചിക്കൻ. 100 രൂപ എക്സ്ട്രാ. സദ്യ വിളമ്പലിനു കാശ് വേറേ കൊടുക്കണം.
മഴവെള്ളം നിറഞ്ഞ ഡാം ഷട്ടറുകൾ പൊങ്ങുന്ന ഇക്കാലത്ത് ബാങ്ക് സമ്പാദ്യ ഡാമിന്റെ ഷട്ടറുകളും ജനം ലേശം പൊക്കിവച്ച് വ്യാപാരികളിലേക്ക് പണം ഒഴുക്കുന്ന കാലവുമാണിത്. തുണിക്കടകളിലും ഗൃഹോപകരണ, ഇലക്ട്രോണിക് ഉത്പന്ന കടകളിലും നിറഞ്ഞു കവിഞ്ഞ പ്രതീതി. തമിഴകത്തെ അനുകരിച്ച് കർക്കടകത്തിൽ ആടി സെയിലും ഉണ്ടായിരുന്നു. ഇത്തവണ കർക്കടകം കഴിഞ്ഞ് ഓഗസ്റ്റ് 17ന് ചിങ്ങം തുടങ്ങിയിട്ട് സെപ്റ്റംബർ 15ന് തിരുവോണം വരെ ഒരു മാസത്തോളം ഓടി സെയിൽ എന്നാണു സങ്കൽപ്പം. അവിട്ടത്തിന് സദ്യ ഉണ്ടു ദഹിച്ചു കഴിയുമ്പോഴേക്കും മാസങ്ങളിൽ നല്ല കന്നി മാസമാവും.
ഷട്ടറുകൾ പൊങ്ങട്ടെ, ചെലവുകൾ കുതിക്കട്ടെ, പോക്കറ്റുകൾ നിറയട്ടെ.
ഒടുവിലാൻ∙ ഓണം കഴിഞ്ഞിട്ടാണ് ഗൾഫ് രാജ്യങ്ങളിലെ ഓണാഘോഷം. നാട്ടിൽ നിന്നു മാവേലിയെ കൊണ്ടു വരുന്നവരുണ്ട്. റോൾഡ് ഗോൾഡ് ആഭരണ വിഭൂഷിതനായി മാവേലി കിരീടവും വച്ചു വരുമ്പോൾ ഇതാണ് മലയാളികളുടെ കിംഗ് എന്ന് അറബികൾ വിചാരിച്ചു ബഹുമാനിക്കും. മാവേലിക്കു കോളല്ലേ!