ഐടി വ്യവസായം ബെംഗളൂരുവിലും ഹൈദരാബാദിലും പോലെ കേരളത്തിലും വളരാത്തതെന്നു ചോദിക്കുമ്പോൾ ഇക്കോസിസ്റ്റം വേണം, ഹോട്ട് സ്പോട്ട് ആയി മാറണം എന്നിങ്ങനെ ചില മറുപടികൾ വിശകലനപടുക്കളിൽ നിന്നു കാലാകാലങ്ങളായി കിട്ടാറുണ്ട്. ഈ രണ്ട് ഐറ്റംസും കേരളത്തിൽ ഇഷ്ടം പോലെ ഉള്ള രംഗമായി മാറിയിരിക്കുന്നു ആയുർവേദം. ഹോട്ട് സ്പോട്ട് ആയി മാറിയതിനാൽ ആയുർവേദ ആശുപത്രി–റിസോർട്ട് സംരംഭങ്ങൾക്ക് പഞ്ഞമേയില്ല. കാശുമായി നാടൻ ബിസിനസുകാരും കോർപ്പറേറ്റുകളും വിദേശ മലയാളികളുമെല്ലാം കുഴമ്പു തേച്ചുകുളിച്ച ഓജസുമായി വരുന്നു.
ഇക്കോസിസ്റ്റം വേണോ? വിദഗ്ധ ഡോക്ടർമാരും ടെക്നീഷ്യൻമാരും പലതരം ആയുർവേദ ‘പ്രൊസീജർ’ നടത്താൻ വേണ്ട ഉപകരണങ്ങളും മരുന്നുകളുംം ഇവിടെയുണ്ട്. അനുവാസന വസ്തി വേണോ? വസ്തി കിറ്റുണ്ട്. കഷായം നിറയ്ക്കാനുള്ള റബർ ബാഗ്, ട്യൂബ്, ക്ളിപ്പ്...പിന്നെ എണ്ണത്തോണി, ശിരോധാര സ്റ്റാൻഡ്, സ്റ്റീംബാത്തിനുള്ള കൂട്, കൊച്ചിനെ കിടത്തി എണ്ണതേപ്പിച്ചു കുളിപ്പിക്കാൻ വേപ്പിൻ തടിയിലുണ്ടാക്കിയ പലക എന്നു വേണ്ട...! എല്ലാറ്റിനും നല്ല വിലയാണ്. ബാലഗോപാലനെ എണ്ണതേപ്പിക്കാനുള്ള പലകയ്ക്ക് 3600 രൂപ. കുന്നിവാക കൊണ്ടുണ്ടാക്കിയ എണ്ണത്തോണിക്ക് 66000.
പച്ചമരുന്നുകൾ കൊണ്ട് ഔഷധങ്ങൾ ഉണ്ടാക്കിയിരുന്നവർ ഹെർബൽ സൗന്ദര്യ ഉത്പന്നങ്ങളിലേക്കും കടന്നിരിക്കുന്നു. ആയുർവേദ സോപ്പ് പണ്ടേ വിജയിച്ചതാണെങ്കിലും ഹെയർ ഓയിൽ, ഷാംപൂ, ലിപ്സ്റ്റിക്, ബാം തുടങ്ങിയ ഐറ്റംസിന് നിരവധി നിർമ്മാതാക്കളായി. മുഖസൗന്ദര്യത്തിന് (വെളുപ്പിക്കാനും) കുങ്കുമാദി ക്രീം പോലെ വേറെയും. വേപ്പിൻ തടി കൊണ്ടുണ്ടാക്കിയ ചീപ്പു കൊണ്ടു ചീകിയാൽ തലയിൽ രക്തചംക്രമണം കൂടി മുടികൊഴിച്ചിൽ കുറയുമത്രെ. ചീപ്പത്ര ചീപ്പല്ല–199 രൂപ.
കഷായം കുടിക്കലും എണ്ണതേയ്ക്കലും മറ്റും മിനക്കേടാണോ? ഇതിനെല്ലാം പകരം ഗുളികയുണ്ട്. ചർമ്മരോഗത്തിന് ഏലാദിയെണ്ണ ഗുളിക! ധന്വന്തരം തൈലത്തിനു പകരം ബാം. കൈകഴുകാൻ കെമിക്കൽ സോപ്പിനു പകരം മഞ്ഞളും നാൽപ്പാമരവും അശോകവും കറ്റാർവാഴയും പോലുള്ള സത്തുകൾ കൊണ്ടുണ്ടാക്കിയ സോപ്പ്. അലർജിക്കാർക്ക് ധൈര്യമായി വാങ്ങി തേക്കാം. മൂക്കടപ്പിന് ബാം രണ്ടു കൈകളിലും തേച്ച് മണപ്പിക്കുക.
മൊബൈലിൽ നോക്കിയിരുന്നു കണ്ണു ചൊറിയുന്നവർക്ക് മെഡിക്കൽ സ്റ്റോറിൽ കിട്ടുന്ന ഐ ഡ്രോപ്സിനു പകരം ആയുർവേദ തുള്ളി മരുന്നുകളായി. ദിവസം 2 നേരം 2 തുള്ളി. ഭാഗ്യത്തിനു ലോകമാകെ രാസവസ്തുക്കൾ കൊണ്ടുള്ള സൗന്ദര്യ വർധക വസ്തുക്കളിൽ നിന്ന് ഹെർബലിലേക്ക് മാറുന്ന കാലമാണ്. അതിനാൽ കയറ്റുമതിയുമുണ്ട്. ശകലം സംരംഭക മിടുക്കു വേണമെന്നു മാത്രം.
ഒടുവിലാൻ∙ ഉളുക്കിനും മറ്റും മുറിവെണ്ണ ബെസ്റ്റ് എന്നെല്ലാവർക്കും അറിയാമെങ്കിലും അതു തേച്ച്, വസ്ത്രത്തിൽ കറപുരട്ടി കുളമാക്കണ്ട. മുറിവെണ്ണ ബാം ആക്കിയിട്ടുണ്ട്. എവിടെ വച്ചും ചുമ്മാ തേച്ചു പിടിപ്പിക്കണം സാർ.