ഭക്ഷണം എന്നാൽ ബ്രൗൺ കവറിൽ ഓൺലൈൻ ഡെലിവറിക്കാരൻ കൊണ്ടു വരുന്നത് എന്നൊരു ചിന്താഗതി പുത്തൻ തലമുറയിലാകെ വളർന്നു വരുന്നുണ്ട്. വീട്ടിലുണ്ടാക്കുന്നത് വേണ്ട, ബ്രൗൺ കടലാസ് കവറിൽ വരണം. 10 മിനിട്ട് കൊണ്ട് കഴിക്കാനുള്ളത് 2 മണിക്കൂർ പാചകം ചെയ്യുകയോ? എന്തൊരു ‘സ്കാം’ എന്നാണു ചിന്താഗതി!
വിലയോ? ജനത്തിന് വില പ്രശ്നമല്ലാത്ത പോലാണ്. വെറും 4 ദോശയും ചട്നിയും സാമ്പാറും തട്ട് കടയിൽ 40 രൂപ. ഓൺലൈനിൽ നോക്കുമ്പോൾ മെനുവിലെ വില 95 രൂപ. പക്ഷേ ഓർഡർ ചെയ്യുമ്പോൾ ഡെലിവറി ചാർജും മിനിമം ടിപ്പും എല്ലാം ചേർത്ത് 180 രൂപ. കൊടുക്കാൻ മടിയില്ലെങ്കിൽ വാങ്ങാൻ മടിയെന്തിന്?
ഹോട്ടലുകാർക്ക് ഒരേ സമയം വരുമാനവും തലവേദനയുമാണിത്. എന്നാൽ ചെറിയ പട്ടണങ്ങളിൽ വലിയ കച്ചവടമൊന്നുമില്ലാതിരുന്ന പല ഹോട്ടലുകാർക്കും ഓൺലൈൻ വിൽപ്പന കോളായി മാറിയിട്ടുമുണ്ട്. ഓൺലൈൻ ഡെലിവറി ഏറ്റെടുക്കുമ്പോൾ വിൽപ്പനയിൽ 20%–30% വർധന വരുന്നു.
സോഷ്യൽ മീഡിയയിലാകെ ഫുഡ് വ്ളോഗർമാർ പലതരം വിഭവങ്ങൾ അവതരിപ്പിച്ച് മോഹിപ്പിക്കുന്നു. നമുക്ക് ഇതൊന്നുമില്ലല്ലോ എന്നൊരു കൃത്രിമമായ ഇല്ലായ്മയുടെ വല്ലായ്മ പടരുന്നു. പരിഹാരം? വേഗം മൊബൈലെടുത്ത് കുത്തുക. ഉള്ള കഞ്ഞിയും കുടിച്ചു കിടന്നുറങ്ങിയിരുന്ന വീടുകളിൽ വൈകുന്നേരമാവുമ്പോൾ അങ്ങനെ പല വിഭവങ്ങളെത്തുന്നു. അത്താഴത്തിന് ചോറും കഞ്ഞിയും അന്യം നിന്ന പോലാണ്.
ഹോട്ടലിൽ മസാലദോശയ്ക്കു വില 60 രൂപ–അതേ വിലയ്ക്ക് ഓൺലൈനിൽ കൊടുക്കാനൊക്കില്ല, 26% കമ്മിഷൻ എന്നൊക്കെ പറയുമെങ്കിലും അവസാനം വരുമ്പോൾ 40% വരെയാണെന്ന് റസ്റ്ററന്റ് നടത്തിപ്പുകാർ പറയുന്നു. ഉപഭോക്താവിൽ നിന്നു വാങ്ങുന്നതിനു പുറമേ ഹോട്ടലുകാരിൽ നിന്നും ഡെലിവറി ചാർജ് ഈടാക്കുന്നുണ്ട്. അതിനാൽ ഹോട്ടലുകാർ ഓൺലൈനിൽ വിലകൾ കൂട്ടിവയ്ക്കും. 60 രൂപയുടെ മസാലദോശയ്ക്ക് 80 രൂപയെങ്കിലുമാക്കും. അങ്ങനെ വരുമ്പോൾ കട്ട് കഴിഞ്ഞാലും വല്ലതും കിട്ടും.
പണ്ടത്തെപ്പോലെ വീടുകളിൽ രാവിലത്തെ തത്തരം (പഴയ പ്രയോഗം) ഇപ്പോഴില്ലത്രെ. ബ്രഞ്ചാണ് പകരം. 11 മണിയോടെ പറോട്ട, ചപ്പാത്തി, ബിരിയാണി, അറബിക് ഐറ്റംസ്...ഇഡ്ഡലി, ദോശ വേണ്ട. രാത്രിയാണെങ്കിൽ ജോലി കഴിഞ്ഞു വന്നയുടൻ മൊബൈലിൽ കുത്തുക. കുളി കഴിയുമ്പോഴേക്കും കവറുകൾ റെഡി.
ചോറ് മാത്രം വച്ചിട്ട് കറികളെല്ലാം വാങ്ങുന്നതു വ്യാപകമായി. ഓണത്തിനു സദ്യയും ഡബ്ബകളിലും ബ്രൗൺ കവറുകളിലും വരും. ബുക്കിംഗ് തകൃതി.
ഒടുവിലാൻ∙ ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളിൽ പഴങ്കഞ്ഞിക്കും സ്ഥാനമായി. കൂടെ ചമ്മന്തിയും അച്ചാറും പച്ചമുളകും പുളിശേരിയും പോലുള്ള അനുസാരികളും.