മുതലാളി കാഷിൽ ഇരിക്കുന്ന കാലം പോയി!
Mail This Article
വിദേശകോഫി ഷോപ്പിൽ ഓർഡർ എടുക്കുന്നതും കാപ്പി കൊടുക്കുന്നതും ഒന്നോ രണ്ടോ പേർ. തിരക്കുണ്ടെങ്കിൽ പേര് വിളിക്കും–കാപ്പിയും കടിയുണ്ടെങ്കിൽ അതും അങ്ങോട്ട് ചെന്ന് എടുക്കണം. കാപ്പി കുടിയെക്കാളും എത്ര നേരം വേണമെങ്കിലും വർത്തമാനം പറഞ്ഞോ, ലാപ്ടോപ്പുമായി വന്നു പണി ചെയ്തോ കുത്തിയിരിക്കുക എന്നതാണു ലക്ഷ്യം എന്നതിനാൽ ആർക്കും അതൊന്നും പ്രശ്നമല്ല. പക്ഷേ ഒറ്റയ്ക്കൊരാൾ കട ആകെ കാണാവുന്ന സ്ഥലത്ത് കണക്കു നോക്കുന്ന പോലെ ഇരിക്കുന്നു. അതാകുന്നു മുതലാളി!
മൊത്തത്തിൽ കച്ചവട സംസ്കാരം മാറുന്നതിന്റെ ഭാഗമാകുന്നു കാഷ് കൗണ്ടറിൽ മുതലാളി ഇരിക്കുക എന്ന പഴയ രീതി അന്യം നിൽക്കുന്നത്. കാഷ്യറായി മുതലാളി ഇരുന്ന് നോട്ടെണ്ണുന്ന ഏർപ്പാട് കുറേശെയായി അവസാനിക്കുകയാണ്. കാഷിൽ സംരംഭകൻ ഇരിക്കരുത് എന്ന തിയറി തന്നെ ഏറെക്കാലം മുൻപേ ചിലർ അവതരിപ്പിച്ചിരുന്നു. എപ്പോഴും കാശെണ്ണി ബാക്കി കൊടുത്തു കൊണ്ടിരുന്നാൽ ആലോചിക്കാൻ വേറെ സമയം കിട്ടില്ല. സംരംഭകന് ബിസിനസ് വിപുലീകരണം ആലോചിക്കാൻ സമയം വേണം. സ്വർണക്കടയിൽ താനാണ് ഇതാദ്യം നടപ്പാക്കിയതെന്ന് ജോയ് ആലുക്കാസ് ‘സ്പ്രെഡിങ് ജോയ്’ എന്ന ആത്മകഥയിൽ പറയുന്നുണ്ട്. അതായത് ബിസിനസിൽ കോർപറേറ്റ്‌വൽക്കരണം വേണം!
തലമുറകളായി ബിസിനസ് ചെയ്യുന്നവരും പുത്തൻകൂറ്റുകാരുടെ മുന്നിൽ പിന്തള്ളപ്പെട്ടുപോയവരും ഈ സത്യം മനസ്സിലാക്കി വരുന്നതേയുളളൂ. കാഷിൽ ഇരുന്ന അവർ പതിയെ കടയിൽ തന്നെ കാബിനിലേക്ക് മാറി. ഇപ്പോഴിതാ കടയിൽ നിന്നു മാറി കോർപറേറ്റ് ഓഫിസ് തുടങ്ങിയിരിക്കുന്നു. ബിസിനസ് മുഴുവൻ ഉദ്യോഗസ്ഥരെക്കൊണ്ടു നടത്തും. കൃത്യമായ അക്കൗണ്ടിങ്. വർഷാവർഷം ബിസിനസ് വിപുലീകരണമാണ് ആലോചനയിൽ.
അതിനു ബാങ്ക് വായ്പയെടുക്കും, ചിലർക്ക് ഷെയർ കൊടുക്കും. പിന്നെ വിദേശ ധനകാര്യ കമ്പനികളുടെ പ്രൈവറ്റ് ഇക്വിറ്റി! അതെടുത്താൽ കിടന്നുറങ്ങാൻ പറ്റില്ലെന്ന് അനുഭവസ്ഥർ പറയുന്നു. അവരുടെ വ്യവസ്ഥകൾക്കനുസരിച്ചു തുള്ളേണ്ടി വരും. അവർ കൊടുക്കുന്ന ടാർഗറ്റ് അനുസരിച്ച് വരുമാനം ഉണ്ടാക്കേണ്ടി വരും. അവസാനം ഐപിഒ വരെ നടത്തിയെന്നിരിക്കും.
പക്ഷേ, ഇതൊക്കെ മാനേജ് ചെയ്യാനുള്ള കപ്പാസിറ്റിയും വേണം. അത് ഇല്ലെങ്കിൽ ചിലർ കോട്ടിട്ട് വ്യവസായി ചമഞ്ഞു നടക്കുന്നതു പോലായിപ്പോകും. എപ്പോൾ പൊട്ടിയെന്നു ചോദിച്ചാൽ മതി. നാട്ടിൻപുറത്തു നിന്നു സായിപ്പ് ചമഞ്ഞു വന്നു പലതരം പത്രാസുകൾ കാണിച്ച് ഒടുവിൽ സർവതും വിറ്റു മുങ്ങിയവരെത്ര!
ഒടുവിലാൻ∙ കോർപറേറ്റ്‌വൽക്കരണത്തൽ വിവിധ ഡിവിഷനുകളും ചുമതല വിഭജനവും ഉണ്ടെങ്കിലും ഏറ്റവും പ്രധാനം വർഷാവർഷം വളർന്നുകൊണ്ടേ ഇരിക്കണമെന്നതാണ്. പത്തിനെ നൂറാക്കണം, നൂറിനെ ആയിരവും പതിനായിരവും....!