കളിസ്ഥലം ലവലാക്കാൻ സർദാർജി വേണ്ടി വന്നു

Mail This Article
ഞങ്ങൾക്കു വേണ്ടത് ലവൽ പ്ളേയിങ് ഫീൽഡ്! ബോംബെ ക്ലബ്ബ് എന്നറിയപ്പെട്ട മുൻതലമുറ വ്യവസായ ശിങ്കങ്ങളെല്ലാം തൊണ്ണൂറുകളുടെ തുടക്കത്തിൽ മൻമോഹൻ സിങിനോട് ആവശ്യപ്പെട്ടിരുന്നതാണിത്. നിരപ്പായ കളിസ്ഥലം എന്നു വച്ചാൽ വിദേശ ബ്രാൻഡുകൾ പുത്തൻ ടെക്നോളജിയുമായി ഇന്ത്യയിൽ വന്നാൽ ഞങ്ങളുടെ കമ്പനികളെ വിഴുങ്ങും, അതുകൊണ്ട് വിദേശ വരവ് അനുവദിക്കരുതെന്നാണ്.
ധനമന്ത്രി മൻമോഹൻ സിങ് മൈൻഡ് ചെയ്തില്ല. അത് ചോദിച്ചിരുന്നവരൊക്കെ ആരാ? അംബാസഡർ കാറുണ്ടാക്കുന്ന ബിർല, സ്കൂട്ടറുണ്ടാക്കുന്ന ബജാജ്, ജീപ്പ് ഉണ്ടാക്കുന്ന കേശൂബ് മഹീന്ദ്ര, പൂട്ട്–അലമാര ഉണ്ടാക്കുന്ന ഗോദ്റെജ്, ബസും ലോറിയും ഉണ്ടാക്കുന്ന ടാറ്റ...!!
എന്നിട്ട് രാജ്യത്തിനോ, ഈ വ്യവസായ ഭീമൻമാർക്കോ, ഉപഭോക്താവിനോ എന്തെങ്കിലും പറ്റിയോ? വിദേശത്തു നിന്ന് ടെക്നോളജി വന്നു, വിലകൾ കുറഞ്ഞു. അക്കാലം ഫ്രിഡ്ജോ ടിവിയോ സ്കൂട്ടറോ വാങ്ങുന്നത് വലിയ ‘സംഭവം’ ആയിരുന്നു. വരുമാനം മിച്ചംപിടിച്ച് മാസത്തവണ വ്യവസ്ഥയിലായിരുന്നു ഉപഭോക്തൃസാധനങ്ങൾ ജനം സ്വന്തമാക്കിയിരുന്നത്. ഇന്ന് ഇതൊക്കെ സാദാ വീടുകളിലും സർവത്ര.
ഇന്ത്യ സാമ്പത്തികമായി വളർന്നു. ഉദാരവൽക്കരണത്തിനെതിരെ വെറുതെ മോങ്ങിയവരെല്ലാം മങ്ങിപ്പോയി. എതിർത്ത വ്യവസായ കുടുംബങ്ങളിലെ പുതു തലമുറയും സാധാരണ കുടുംബങ്ങളിലെ പുത്തൻകൂറ്റുകാരും വിദേശമൂലധനവും സാങ്കേതികവിദ്യകളും ബഹുരാഷ്ട്ര കമ്പനികളുടെ വിപണന രീതികളും ഏറ്റെടുത്ത് കസറി. രത്തൻ ടാറ്റ, ആനന്ദ് മഹീന്ദ്ര, ബാബ കല്യാണി, രാജീവ് ബജാജ്, ഉദയ് കോട്ടക്, നിർമയുടെ കർസൻഭായ് പട്ടേൽ...പേരുകൾ അനേകമുണ്ട്.
കോക്കകോള വന്നപ്പോൾ നമ്മുടെ തംസ് അപ്, ലിംക വ്യവസായി രമേഷ് ചൗഹാൻ പേടിച്ച് ഈ ബ്രാൻഡുകൾ ഏകദേശം 160 കോടി രൂപയ്ക്ക് കോക്കകോളയ്ക്ക് വിറ്റു. അന്നത്തെ നിലയ്ക്ക് അപാര തുക! അതും ബാങ്കിലിട്ട് ചൗഹാൻ വെറുതെ ഇരുന്നില്ല. ബിസ്‌ലെരി, ഫ്രൂട്ടി, ആപ്പി ഫിസ്, ലസ്സി...! അതാണ് മിടുക്ക്.
കമ്പനി തുടങ്ങാൻ സർക്കാർ ലൈസൻസ് വേണമെന്ന സ്ഥിതിയിൽ ഐടി ഒരിക്കലും വളരുമായിരുന്നില്ല. ഏത് സോഫ്റ്റ്‌വെയർ എത്ര, ആര്, എവിടെ ഉത്പാദിപ്പിക്കണം, എങ്ങോട്ട് കയറ്റുമതി ചെയ്യണം എന്നൊക്കെ വ്യവസായ മന്ത്രിയും ഐഎഎസ് സെക്രട്ടറിയും തീരുമാനിക്കുന്ന അവസ്ഥയിൽ ഇൻഫോസിസിനോ, വിപ്രോയ്ക്കോ വളരാനൊക്കുമോ?
കെഎഫ്സിയും ബർഗറും പീറ്റ്സയും മറ്റും വന്നാൽ ഇന്ത്യൻ ഭക്ഷണങ്ങൾ ഔട്ടായി പോകുമെന്നായിരുന്നു വിലാപം. എന്നിട്ട് ഔട്ടായോ? നമ്മളിപ്പോൾ അവരുടെ ലൈൻ മനസിലാക്കി അതിലും ഗംഭീര ഭക്ഷണ ബിസിനസാണു നടത്തുന്നത്.
ഒടുവിലാൻ∙ അമേരിക്കൻ ബ്രേക്ക്ഫാസ്റ്റ് സീരിയൽ കമ്പനി കെല്ലോഗ്സ് വന്നപ്പോൾ ഇന്ത്യൻ പ്രഭാത ഭക്ഷണ വിപണിയെ വിഴുങ്ങുമെന്നായിരുന്നു വീമ്പ്. ഇഡ്ഡലിയും അപ്പവും പുട്ടും പൂരിയും ഉള്ളപ്പോൾ നമുക്കെന്ത് കോൺഫ്ളേക്സ്? കെല്ലോഗ്സ് പാളീസായി.