ആശാനെ ഇത് ഒരു പൂ കൃഷി!

Mail This Article
റീലുകളിൽ പ്രശംസ കൊണ്ടു മൂടുന്ന വീട്ടിലൂണ് ഹോട്ടലിൽ പോയി നോക്കി. മുടുക്കിലൂടെ (ഇടുങ്ങിയ ഇടവഴി) കുറേ പോകുമ്പോൾ വീട്. വണ്ടികൾ പാർക്ക് ചെയ്യാൻ പറമ്പ്. വീട്ടിലെ ‘ഊൺസ്’ പക്ഷേ കാശിനു കൊള്ളില്ല. വൻ വിലയുള്ള നോൺവെജ് സ്പെഷ്യലുകളുണ്ട്. അതിൽപ്പിടിച്ചാണ് റീലുകളിലെ പ്രശംസ. തിരിച്ചിറങ്ങുമ്പോൾ പലരും പറഞ്ഞു പോകും– ഇത് ഒരു പൂ കൃഷി!
ഒരു വർഷം ഒരു തവണ മാത്രം നെൽക്കൃഷി ചെയ്തിരുന്നതിനെയാണ് ഒരു പൂ കൃഷി എന്നു പണ്ടു വിളിച്ചിരുന്നത്. മുണ്ടകൻ കൃഷി. ഒരു തവണ മാത്രം ചെയ്യുന്ന കാര്യം എന്നു വ്യംഗ്യാർഥവുമുണ്ടായിരുന്നു. കൃഷിയുമായി ബന്ധപ്പെട്ട അനേകം പ്രയോഗങ്ങൾ അന്യം നിന്നപ്പോൾ ഇതും പോയി. ബിസിനസിൽ ഇങ്ങനെ ഒരുപൂ കൃഷികൾ ഒരുപാടുണ്ട്.
നഗരത്തിൽ പുതിയ വെജിറ്റേറിയൻ റസ്റ്ററന്റ് തുടങ്ങിയ അന്നു മുതൽ ജനം ഇടിക്കുന്നു. ടേബിൾ കിട്ടാൻ കാത്ത് അപ്പാപ്പൻമാരും അമ്മാമ്മമാരും വരെ കുത്തിയിരിക്കുന്നു. കാത്തിരിക്കുന്നവരുടെ പേര് ഒരു ബുക്കിൽ എഴുതും. പേരു വിളിക്കുമ്പോൾ അകത്ത് കയറണം. അങ്ങനെ കയറി കഴിച്ച പലരും പിന്നങ്ങോട്ടു പോയിട്ടില്ല. ഛായ് ഇതിനായിരുന്നോ ഈ വെപ്രാളം എന്ന തോന്നലോടെയാണ് മിക്കവരും ഇറങ്ങി വരുന്നത്.
ഏതു ബിസിനസും പുതിയൊരിടത്ത് തുടങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ‘ഒരുപൂ’ ആവാതിരിക്കാൻ എന്നു വച്ചാൽ ഇനി മേലാൽ ഇങ്ങോട്ടില്ല എന്ന തോന്നൽ വരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പല കച്ചവടങ്ങളും നടത്തി പാളീസായവർ പറയുന്നു. അനുഭവം ഗുരു എന്നാണല്ലോ. തനിക്കു പറ്റിയ അബദ്ധം പിന്നീട് തിയറിയാക്കി അവതരിപ്പിക്കുക. യേത്...? എംബിഎ സ്കൂളിൽ പോലും കിട്ടാത്ത പാഠമാണ്.
പുതിയ തുണിക്കട നഗരത്തിൽ തുടങ്ങിയപ്പോഴും ജനത്തിന്റെ ഇടിയായിരുന്നു. ബൊമ്മകളിൽ ഉടുപ്പിച്ചിരുന്ന വസ്ത്രങ്ങൾ പോലും ഊരി വാങ്ങിയത്രെ. വൻ വിജയമാണല്ലോ എന്ന് കടയുടമ കരുതി. ഒന്നു രണ്ടു മാസം കഴിഞ്ഞപ്പോൾ ആദ്യത്തെ തിരക്കില്ല. ആദ്യം വന്നവർ പിന്നീട് ‘ഒരു പൂവാണേ’ എന്നു മനസിൽ പറഞ്ഞു കാണും. ആ നഗരത്തിലെ ജനത്തിന്റെ അഭിരുചിക്കിണങ്ങുന്ന തുണിത്തരങ്ങളായിരുന്നില്ല. ഒരിടത്തുഹിറ്റായെന്നു വച്ച് എല്ലായിടത്തും ഹിറ്റാവുമെന്നു വിചാരിക്കരുത്.
തുണിക്കടകൾ ഓരോ നഗരത്തിലും സ്റ്റോക്ക് വ്യത്യസ്തമാക്കുന്നത് അതുകൊണ്ടാണ്. ഇവിടെ ഏറ്റവും വിൽപ്പന ഏതൊക്കെ ഐറ്റങ്ങൾക്ക്, എത്ര വില റേഞ്ചിൽ, ഏതു നിറങ്ങളും സൈസും എന്നു റിപ്പോർട്ട് നൽകുന്ന സോഫ്റ്റ്‌വെയറുണ്ട്. അതനുസരിച്ചു കളം മാറ്റി ചവിട്ടിയില്ലെങ്കിൽ പണി പാളും.
ഒടുവിലാൻ∙ ഫർണിച്ചർ കടയിൽ സോഫ സെറ്റിന് രണ്ടര ലക്ഷം! ഇതൊന്നും നിങ്ങൾക്കു പറഞ്ഞിട്ടുള്ളതല്ല എന്ന മട്ടിൽ സെയിൽസ്മാന്റെ ജാഡ. ഒരിക്കൽ കേറിയ മിക്കവരും ഒരുപൂ!