ADVERTISEMENT

സായിപ്പിന്റെ കോഫിഷോപ്പിൽ യങ് കപ്പിൾസാണ് മിക്ക മൂലകളും കയ്യടക്കിയിരിക്കുന്നത്. മുന്നിൽ കഫെ ലാറ്റെ, കപ്യൂച്ചിനോ, ചിലപ്പോൾ കിവി, ലിച്ചി ജ്യൂസുകളോ...! ഇവർ ഡിങ്കോൾഫിക്കാരായിരിക്കും എന്നു നമ്മൾ വിചാരിക്കുന്നു. പക്ഷേ അങ്ങനല്ല, വൈബുണ്ടോ എന്നു നോക്കാൻ വരുന്നവരാണത്രെ!

എന്നു വച്ചാൽ വീട്ടിൽ കല്യാണാലോചന. പക്ഷേ പഴേ മോഡൽ പെണ്ണുകാണലൊന്നും പറ്റുകേല. ഞങ്ങൾക്ക് പരസ്പരം വൈബുണ്ടോ എന്നറിയണം. അതിന് പലതവണ സംസാരിച്ചിരിക്കണം. കല്യാണം കഴിക്കാമെന്നു സമ്മതിച്ചതു തന്നെ ഭാഗ്യം എന്നു വിചാരിക്കുന്നതിനാൽ എവിടെ വേണേൽ പൊയ്ക്കോ എന്നു "തന്തവൈബും തള്ള വൈബും" പറയുന്നു.

അങ്ങനെ വരുന്നവരാണ് കോഫിഷോപ്പുകളിലെ പ്രധാന ബിസിനസ്! മുറികളുള്ള ഹോട്ടലിൽ കയറിയാൽ കാണുന്നവർ പലതും കേറി സംശയിച്ചു കളയും. റസ്റ്ററന്റിൽ കയറിയാൽ കഴിച്ചിട്ട് ബില്ലും കൊടുത്ത് വേഗം സ്ഥലം വിട്ടോണം. അവിടെയിരുന്നു കിന്നരിക്കൽ പറ്റില്ല. കോഫിഷോപ് ആകുമ്പോൾ സൂപ്പർ ആംബിയൻസ്. ഒരു കാപ്പിക്കു തന്നെ പത്തുമുന്നൂറ് രൂപ ഈടാക്കുന്നതിനാൽ എത്ര നേരം വേണേലും ഇരുന്നോ.

ആദ്യ തവണ പോയി കാപ്പി കുടിച്ചു, വൈബ് ഇല്ലെന്നു മനസിലായി, പിന്നെ പോകലില്ല. ഒരുപ്പൂ കൃഷി! ഒരു തവണ പോയി കുഴപ്പമില്ലെന്നു തോന്നിയാൽ പിന്നെ നാലഞ്ചു തവണ പോകുമത്രെ. ചെറുക്കൻ ബെംഗളൂരുവിലോ ദുബായിലോ ആണെങ്കിൽ പോലും അവധിക്കു വരുമ്പോഴൊക്കെ പോകും. കാപ്പി മാറി ലിച്ചി റാസ്പ്ബെറിയിലേക്കോ കിവി കാലമാൻസിയിലേക്കോ പുരോഗമിക്കുന്നു. തണുപ്പും മധുരവുമുണ്ട്. ‘പഞ്ചാര’യ്ക്ക് പറ്റിയതാണ്. രണ്ടെണ്ണത്തിന് 760 രൂപ സാരമില്ല. വൈബ് ഉണ്ടെങ്കിൽ അൽഫോൻസാ മാങ്കോ ഫ്രാപ്യൂച്ചിനോ വരെ എത്തിയേക്കാം. 2 പേർക്ക് 960  രൂപ!

അവസാനം വീട്ടുകാരെ അറിയിക്കുന്നു– വൈബ് ഉണ്ട്. ഈ നാടകം കുറേനാളായി കാണുന്ന വീട്ടുകാർക്ക് ആശ്വാസം. കല്യാണ തീയതി നിശ്ചയിക്കുന്നു. പിന്നെല്ലാം പതിവു പോലെ.

ഇരുവീട്ടുകാരും കൂടി കോഫിഷോപ്പിൽ ചെല്ലുന്ന രീതിയുമുണ്ട്. പെണ്ണും ചെറുക്കനും മാറിയിരുന്നു സംസാരിക്കും. പത്തു പന്ത്രണ്ടു പേർ വന്ന് മൂന്നാല് മണിക്കൂർ ചെലവഴിച്ച് ലഞ്ചും കഴിക്കാറുണ്ട്. ബിസിനസ് കൊള്ളാമെന്നതിനാൽ കോഫിഷോപ്പുകളും സകുടുംബ ഡേറ്റിങ് പ്രോൽസാഹിപ്പിക്കുന്നു. 

ഓ ഇതിലൊന്നും വലിയ കാര്യമില്ലെന്നേ...കല്യാണം ഫിക്സാക്കിയ ഒരു ‘തന്ത വൈബ്’ പറഞ്ഞു.

ചെറുക്കന്റേയും പെണ്ണിന്റേയും ജാതിയും ജോലിയും കുടുംബവും എല്ലാം നോക്കിയിട്ടു തന്നെയാണ് വൈബുണ്ടോന്നു നോക്കാൻ രണ്ടും കൂടി കോഫിഷോപ്പിൽ കേറിയിറങ്ങുന്നത്.

മോഡേൺ പെണ്ണ്കാണൽ വീട്ടിൽ നിന്ന് മോഡേൺ ചായക്കടയിലേക്കു മാറിയെന്നേയുള്ളു.

ഒടുവിലാൻ∙ അറേഞ്ച്ഡ് മാര്യേജ് അല്ല  സ്വന്തം തീരുമാനം എന്നു വരുത്തി തീർക്കാം. പേഴ്സനൽ സ്പേസ്, പ്രൈവറ്റ് സ്പേസ് എന്നൊക്കെ പറഞ്ഞേക്കും. കാര്യമാക്കണ്ട, ന്യൂജെൻ ഭാഷകളാണേ!

English Summary:

Business Boom by P Kishore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com