പണം പെരുകിയാൽ പിന്നെ നാട്ടിൽ നിൽക്കില്ല

Mail This Article
സ്ഥലത്തെ പ്രധാന കോടീശ്വര ദിവ്യൻമാരിലൊരാൾ പെട്ടെന്നു വീടും ഏക്കറുകളോളം പറമ്പും വൻകിട ബിൽഡർമാർക്കു വിറ്റെന്നു കേൾക്കുന്നു. ഗൾഫിലേക്ക് കൂടുമാറിയത്രെ. തത്ര ഭവാനെ അടുത്തു കിട്ടിയപ്പോൾ ചോദിച്ചു, വീടു വിറ്റോ? ഏയ് ഇല്ല. വീടിനു പത്തിരുപതു വർഷം പഴക്കമുണ്ട്, അതുകൊണ്ടു പുതുക്കി പണിയുകയാണ്. മാത്രമല്ല വീടിനോടു ചേർന്ന കുറച്ചു സ്ഥലം കൂടി വാങ്ങുകയും ചെയ്തു...!!
ഇങ്ങനെയാണു നാട്ടുകാർ ഓരോന്നു പറഞ്ഞു പരത്തുന്നത്. സത്യവുമായി പുലബന്ധം പോലും വേണമെന്നില്ല. വീടും പറമ്പും വിറ്റപ്പോൾ 200 കോടി കിട്ടിയെന്നും കൃത്യമായി ചില വിദ്വാൻമാർ പറഞ്ഞിരുന്നു. ഓഹോ, തുകയും അവർ തന്നെ തീരുമാനിച്ചോ എന്നായിരുന്നു ഉടമസ്ഥന്റെ പ്രതികരണം. ബിസിനസിൽ പൊട്ടൽ വന്നതുകൊണ്ടാണു വീടു വിൽക്കേണ്ടി വന്നതെന്നു പറഞ്ഞവരുമുണ്ട്. വീട് നിന്നിരുന്ന സ്ഥലത്ത് ഫ്ളാറ്റുകൾ പൊങ്ങാൻ പോവുകയാണത്രെ. തൊങ്ങലുകൾ ചേർത്തു കഥ വലുതാക്കുന്നതു നോക്കുക.
അതെന്തായാലും നമ്മുടെ കഥാനായകൻ ദുബായിലേക്കു കൂടുമാറിയന്നതു സത്യമാണ്. വൻകിട വ്യവസായികളും സിനിമാ താരങ്ങളുമെല്ലാം കാശ് കൂടുന്നതോടെ നാടുവിടും. ഇന്ത്യയിലെ വൻ നഗരങ്ങളിലേക്കോ ദുബായിലേക്കോ ലണ്ടനിലേക്കോ...ഇവിടെങ്ങും നിൽക്കത്തില്ല! എന്തുകൊണ്ടാണ് നാടുവിടുന്നതെന്ന് ദുബായിൽ ചേക്കേറിയ വ്യവസായിയോടു ചോദിച്ചു– സ്റ്റാന്റേഡ് ഓഫ് ലിവിങ്...!!!
ജീവിത നിലവാരം ഇവിടുത്തേക്കാൾ മെച്ചമാണെന്നു മാത്രമല്ല പണം ചെലവഴിക്കാൻ ധാരാളം മാർഗങ്ങളുമുണ്ട്. കൊച്ചിയിലോ തിരുവനന്തപുരത്തോ കോഴിക്കോട്ടോ എന്തു ചെയ്യാനാണ്? അങ്ങനെ അവർ ദുബായ് ഹിൽസ്, എമിറേറ്റ്സ് ഹിൽസ് വില്ലകളിലേക്കോ ലണ്ടനിൽ മേഫെയറിലോ ഹാംസ്റ്റഡിലോ വലിയ മാൻഷനുകളിലേക്കോ സിംഗപ്പൂരിലേക്കോ മാറുന്നു. അവിടെ വേറേ ലവലിലാണു ജീവിതം.
എച്ച്എൻഐമാർ (ഹൈ നെറ്റ്‌വർത്ത് ഇൻഡിവിജ്വൽ അഥവാ ആസ്തി ജാസ്തി ആയവർ) വർഷം 6500 പേരെങ്കിലും ഇന്ത്യ വിട്ടു പോകുന്നുണ്ടെന്നു കാശുകാരെ നോക്കിയിരുന്ന് വർഷാവർഷം ഇറക്കുന്ന റിപ്പോർട്ടുകളിൽ പറയുന്നു. കുണ്ടും കുഴിയും ചെളിയും ചണ്ടിയും ചവറുകൂനകളും കാണണ്ടല്ലോ. വിദേശത്തെ ഇടത്തരം കാശുകാർ പോലും കുറേക്കാലം ആഗ്രഹിച്ചു മഴക്കാലത്തു നാട്ടിലൊന്നു വന്നാൽ ഒരാഴ്ച കൊണ്ടു മടുക്കുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ലീവ് കാൻസൽ ചെയ്ത് അടുത്ത ഫ്ളൈറ്റ് പിടിക്കാൻ തോന്നുമത്രെ.
ജീവിത നിലവാരം മാത്രമല്ല, ആദായനികുതി ഒഴിവാക്കാനും പണം പലതരത്തിൽ മുടക്കി വരുമാനം കൂട്ടാനുമുള്ള വഴികളും തേടിയാണ് കുടിയേറ്റം. വില്ലകളും ഫ്ളാറ്റുകളും വാങ്ങിയിടാം. വില കൂടിയ ബ്രാൻഡഡ് ലക്ഷുറി സാധനങ്ങൾ ഇവിടെ കിട്ടാത്തത് അവിടെ കിട്ടും. എങ്ങോട്ടും പറക്കാൻ കണക്റ്റിവിറ്റിയുണ്ട്.
ഒടുവിലാൻ∙ പണ്ട് കാശുകാരനാകുന്നിനു മുമ്പ് വെള്ളയ്ക്കാ കുണുക്കിട്ട് തെങ്ങിന്റെ മൂട്ടിലിരുന്നു ചീട്ട് കളിച്ചകാലത്തെ കൂട്ടുകാരെ ഒഴിവാക്കാനും നാടുവിടേണ്ടി വരും.