ചൈനീസ് മൈക്രോഡ്രാമ വരുന്നു മലയാളത്തിലും

Mail This Article
അഞ്ച് മിനിറ്റ് തികച്ച് അടങ്ങിയിരിക്കാൻ നേരമില്ലാത്തവർക്കായി ചൈനയിൽ 2 മിനിറ്റ് സീരിയലുണ്ട്. ഒരു എപ്പിസോഡ് വെറും 2 മിനിറ്റ് മാത്രം. മൈക്രോ ഡ്രാമ എന്നാണു പേര്. ആദ്യ കുറേ എപ്പിസോഡുകൾ ഫ്രീ. പിന്നെ കാണണമെങ്കിൽ കാശ് കൊടുക്കുകയോ പരസ്യം കാണുകയോ വേണം. മലയാളത്തിൽ മൈക്രോ ഡ്രാമ സീരീസിന് വിദേശ ഒടിടി കമ്പനികൾ ആലോചിക്കുന്നുണ്ട്.
ഇമ്മാതിരി സീരീസിലെ കഥ അടിമുടി നാടകീയമാണ്. വെറും 2 മിനിറ്റിൽ ഒതുങ്ങുന്ന റീൽസ് പോലുള്ള എപ്പിസോഡ് തുടർന്നു കാണുന്ന തരത്തിലാക്കണമെങ്കിൽ ഡ്രാമയല്ലേ പറ്റൂ? ധനികരുടെ വീട്ടിൽ ജോലിക്കു വരുന്നവർ പിന്നെ അവിടെ കുടുംബക്കാരായി മാറുന്നതും, മുതലാളിയുടെ മകളെയോ മകനെയോ കല്യാണം കഴിക്കുന്നതും വീട്ടിലെ മോഷണവും ചതിയും വഞ്ചനയും കത്തിക്കുത്തും ടിഷ്യൂം, ടിഷ്യൂം...ഓസ്കർ നേടിയ കൊറിയൻ സിനിമ ‘പാരസൈറ്റ്’ ഓർമിപ്പിക്കുന്ന തരം പ്രമേയങ്ങൾ.
ചൈനയിൽ ഒരു സീരീസ് 2 മിനിറ്റ് വീതമുള്ള 36 എപ്പിസോഡുകളാണ്. ചെറിയ ബജറ്റിലാണ് നിർമാണം. സർവ എപ്പിസോഡുകളും ചേർത്താൽ ഒരു സിനിമയാക്കി റിലീസ് ചെയ്യാവുന്ന രീതിയിലായിരിക്കും കഥ.
മൈക്രോ ഡ്രാമകൾ ബസിലും ട്രെയിനിലും വച്ചു കാണാൻ ക്വായിഷു എന്ന ചൈനീസ് ആപ്പിൽ സ്ട്രീമിങ്ങുണ്ട്. 100 കോടിയിലേറെ തവണ ജനം കണ്ട സീരീസുകളുണ്ടത്രെ. നിലവിൽ ഇതിന്റെ വിപണി ഏതാണ്ട് അരലക്ഷം കോടി രൂപയുടേതാണെന്നും 2027നകം അതിന്റെ പത്തിരട്ടിയാകുമെന്നും ഐമീഡിയ റിസർച് പുറത്തുവിട്ടതോടെ ചൈനീസ് അധികാരികൾ ശ്രദ്ധിക്കാൻ തുടങ്ങി.
ഇതങ്ങനെ വിട്ടാൽ 2 മിനിറ്റ് എപ്പിസോഡുകളിലൂടെ പ്രതിവിപ്ലവവും വന്നാലോ? ‘പാവത്തുങ്ങൾ’ പണക്കാരുടെ വീടുകളിൽ കല്യാണം കഴിക്കുന്ന തരം പ്രമേയങ്ങൾ ചൈനയിൽ നിരോധിച്ചിരിക്കുകയാണ്. കഠിനാധ്വാനം ചെയ്യാതെ ചുമ്മാ കാശുകാരനാകാം എന്ന തോന്നലുണ്ടാക്കുമത്രെ. അത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്തത്തിന് എതിരാണ്. പകരം ‘ഹാർഡ് വർക്ക്’ മാതൃകയായി കാണിക്കുന്ന സീരിയലുകൾ വേണമത്രെ.
മലയാളത്തിൽ സീരിയലുകൾക്ക് 23 മിനിറ്റ് കഥയും ബാക്കി 7 മിനിട്ട് പരസ്യവും പ്രമോഷനും എന്ന രീതിയാണ്. ഓരോ എപ്പിസോഡിലും അടുത്തതു കാണാൻ പ്രേരിപ്പിക്കുന്ന തരം ‘ഹൂക്ക്’ വേണം. 2 മിനിറ്റ് ഡ്രാമയിലും അവസാനം ഹൂക്ക് വേണം. എങ്കിലേ അടുത്തതു കാണൂ. ചിലപ്പോൾ 5 എപ്പിസോഡ് ഒരുമിച്ച് ഇറക്കും. എങ്കിലും 10 മിനിറ്റല്ലേ വരൂ!
ഒടുവിലാൻ∙സമ്പത്ത് വരേണ്ടത് കഷ്ടപ്പാടിലൂടെ എന്നാണത്രെ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ സൂക്തം. അഭിവൃദ്ധിപ്പെടാൻ ‘സ്ട്രഗിൾ’ വേണം, അല്ലാതെ ചുളുവിലല്ല. സീരിയലും കണ്ടിരിക്കാതെ പോയി പണിയെടുക്കാനാണു ചൈനീസ് സർക്കാർ പാവങ്ങളോടു പറയാതെ പറയുന്നത്.