വീട് ഇല്ലെങ്കിലും വാടക വാങ്ങി അർമാദിക്കാം

Mail This Article
ഒറ്റ കാറ് പോലും സ്വന്തമായിട്ടില്ല, പക്ഷേ കാറുകൾ വാടകയ്ക്കു കൊടുക്കുന്നു, ഒറ്റ റസ്റ്ററന്റ് പോലും ഇല്ലെങ്കിലും ഭക്ഷണം വിതരണം ചെയ്യുന്നു, ഒറ്റ ഹോട്ടൽ പോലും സ്വന്തമായിട്ടില്ലെങ്കിലും മുറികൾ വാടകയ്ക്കു കൊടുക്കുന്നു–ഇതു കലികാലത്തെ കുനഷ്ടു രീതികളാണ്. വീടുകൾക്കും ഇതേ ലൈനുണ്ട്.
വാടകയ്ക്കു കൊടുക്കാൻ കെട്ടിടങ്ങളോ വീടുകളോ ഉള്ളവർ വെറുതേ ഇരുന്നു വാടക വാങ്ങി സുഖിക്കുന്നതു നമ്മളെല്ലാം കണ്ടിട്ടുണ്ട്. അവർ ഉണ്ടാക്കിയതാവണമെന്നുമില്ല, ഒസ്യത്തായി കിട്ടിയതാകാം. എന്നാൽ സ്വന്തമായി വീടില്ലെങ്കിലും വാടകയ്ക്കു കൊടുത്തു കാശു വാങ്ങി അർമാദിക്കുന്നതു പുതിയകാലത്തെ ട്രെൻഡാണ്.
ഫ്ലോട്ടിങ് പോപ്പുലേഷൻ (എന്നു വച്ചാൽ ടൂറിസം, ബിസിനസ് ആവശ്യങ്ങൾക്കായി വന്നു പോകുന്നവർ) അനേകമുള്ള സ്ഥലങ്ങളിലാണ് ഇതിന്റെ കൊയ്ത്ത്. ഫ്ലാറ്റുകളോ വീടുകളോ ഉള്ളവർ മാസ വാടകയ്ക്കു കൊടുത്താൽ എന്തു കിട്ടാനാ? പകരം ദിവസ വാടകയ്ക്കു കൊടുക്കുക. ബിസിനസ്, ടൂറിസ്റ്റ് ആവശ്യങ്ങൾക്കായി വരുന്നവർ എയർ ബിഎൻബി പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ബുക് ചെയ്ത് വന്നു താമസിച്ച് കാശും കൊടുത്തു പോകും.
പക്ഷേ, ഉടമയ്ക്ക് വേറെ പണിയുള്ളതിനാൽ ഇതിനൊന്നും നേരമില്ലെങ്കിലോ? മിക്കവരും അന്യ നാടുകളിൽ താമസിക്കുന്നവരുമായിരിക്കും. അപ്പോഴെന്തു ചെയ്യും? അതാണ് ബിസിനസ്. ഫ്ലാറ്റുകളോ വീടുകളോ ഉടമയിൽ നിന്ന് ഏറ്റെടുക്കുക. നേരിട്ടും മാർക്കറ്റ് ചെയ്യാം, ഓൺലൈൻ പ്ലാറ്റ്ഫോം വഴിയും ചെയ്യാം. ഓൺലൈൻ കമ്പനിക്ക് ഒരു ‘കട്ട്’ കിട്ടുന്ന പോലെ ഇതു നടത്തുന്നവർക്കും ഒരു വിഹിതം കിട്ടുന്നു. വീട്ടുടമസ്ഥന് വാടകയെക്കാളേറെ വരുമാനം! മൊത്തം വിൻ–വിൻ.
നടത്തിപ്പുകാർക്കു ലേശം പണിയുണ്ടേ. ഓരോ കൂട്ടരും വന്നു താമസിച്ചിട്ട് പോകുമ്പോൾ സ്ഥലം പരിശോധിക്കണം. വല്ലതും മോഷണം പോയോ, കേടുവരുത്തിയോ. ഓരോ പാർട്ടി പോയിക്കഴിയുമ്പോഴും ക്ലീനിങ് നടത്തണം. ചുരുക്കത്തിൽ ക്ലീനറും കെയർടേക്കറും വേണം. അവരെ ഉടമ തന്നെ ഏർപ്പാടാക്കുന്നതും അല്ലാത്തതുമുണ്ട്.
കേരളത്തിലും ഇതു ചെയ്യുന്ന വ്യക്തികളും കമ്പനികളുമുണ്ട്. പക്ഷേ, നഗരത്തിനെക്കാളേറെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലോ കടപ്പുറത്തിനടുത്തോ കായലോരത്തോ ഉള്ള വീടുകളാവണമെന്നു മാത്രം. കിട്ടുന്ന വരുമാനത്തിന്റെ 75%–80% ഉടമയ്ക്കു തന്നെയാണ്. 15%–22% കമ്മിഷൻ മാർക്കറ്റ് ചെയ്യുന്ന ഏജൻസിക്കും. എങ്കിലും മാസവാടകയുടെ പലമടങ്ങ് കാശ് പെട്ടിയിൽ വീഴുന്നതാണ് കൊള്ളാവുന്ന വീട്ടുടമകളുടെ അനുഭവം.
ഒടുവിലാൻ∙ദുബായിൽ യൂറോപ്യൻ സായിപ്പ് ഉൾപ്പെടെ പലരും വന്നു തമ്പടിച്ച് ഇങ്ങനെ കൈനനയാതെ കാശുണ്ടാക്കുന്നുണ്ട്. അവർ വെറുതേ ഇരിക്കുന്ന പോലെ തോന്നും, സർവ പബ്ബുകളിലും ആഘോഷിക്കും. ഒന്നിന്റെയും ഉടമയല്ലാതെ ചുളുവിൽ ജന്മി. പ്രീമിയം വില്ലകൾ ദിവസം 4500 ദിർഹത്തിനു (ഒരു ലക്ഷം രൂപയോളം) വാടകയ്ക്കു കൊടുക്കുന്നവരിൽ മലയാളികളുമുണ്ടേ...