വച്ചടി കേറുന്നു സൈഡ് ബിസിനസ്

Mail This Article
പ്രധാന ബിസിനസിന്റെ കൂടെ ലേശം സൈഡ് ബിസിനസ് ആയാലോ? കുറേക്കഴിഞ്ഞു നോക്കുമ്പോൾ മെയിൻ ബിസിനസ് അവതാളത്തിലായാലും സൈഡ് ബിസിനസിനു വച്ചടി കയറ്റമായിരിക്കും. ഈ രീതി ലോകമാകെ വമ്പൻ കമ്പനികൾ പരീക്ഷിച്ചു വിജയിച്ചത് ഇപ്പോൾ കേരളത്തിലും പലരും പയറ്റുന്നുണ്ട്.
സ്വീഡിഷ് കമ്പനി ഐകിയ ഫർണിച്ചർ ബിസിനസിലാണെങ്കിലും അവർക്ക് അതിനൊപ്പം കഫെയും റസ്റ്ററന്റുമുണ്ട്. ഐകിയ സ്റ്റോറിൽ പോയിട്ടുള്ളവർക്കറിയാം ഒരറ്റത്തു നിന്നു മറ്റേ അറ്റത്ത് ഫർണിച്ചറും വീട്ടുപകരണങ്ങളും വീട്ടലങ്കാരങ്ങളും കണ്ടു നടന്നു ക്ഷീണിക്കുമ്പോൾ റസ്റ്ററന്റ് കണ്ടാൽ ആരും കേറുന്നു. അവിടത്തെ പല വിഭവങ്ങളും അങ്ങനെ പേരെടുക്കുന്നു. ഭക്ഷണ ബിസിനസിൽ നിന്ന് ഐകിയയുടെ വരുമാനം 250 കോടി ഡോളറായി– 21000 കോടി രൂപയിലേറെ. അതിന്റെ 20 ഇരട്ടിയോളം വരുമാനം ഫർണിച്ചറിൽ നിന്നുണ്ടേ.
ഇതിന്റെ പിന്നിൽ ഉപഭോക്തൃ മനഃശാസ്ത്രവും ഉണ്ടത്രെ. കുറെ വീട്ടുസാധനങ്ങൾ കണ്ടു, ഏതു വാങ്ങണമെന്നു തീരുമാനിച്ചില്ല, അപ്പോഴാണു കഫെ കണ്ടത്. അവിടെ കയറി തീറ്റയും കുടിയും നടക്കുമ്പോൾ, വയറ് നിറയുമ്പോൾ ഏതു വാങ്ങണമെന്ന തീരുമാനവും താനെ വരും. സായിപ്പിന്റെ ‘പുത്തി ഫയങ്കരം അണ്ണാ’.
ജർമൻ കാർ കമ്പനി ഫോക്സ്‌വാഗൻ അവരുടെ കോർപറേറ്റ് കന്റീനുകളിലും പുറത്തും ചില വിഭവങ്ങൾ വിൽക്കുന്നുണ്ട്. കറി വുസ്റ്റ് എന്ന പേരിലൊരു സോസേജ് ടൊമാറ്റോ സോസിനൊപ്പം കൊടുക്കും. കാറുകളെക്കാൾ അത് ഹിറ്റാണത്രെ. കഴിഞ്ഞ കൊല്ലം അവരുടെ കന്റീനുകളിലും വൂൾസ്ബർഗ് ഫുട്ബോൾ സ്റ്റേഡിയത്തിലും സൂപ്പർമാർക്കറ്റുകളിലുമായി കറി വുസ്റ്റ് സോസേജ് 85 ലക്ഷം വിറ്റു. ഫോക്സ്‌വാഗൻ കാറ് വിറ്റതോ 52 ലക്ഷം മാത്രം!
നമ്മുടെ പല അണ്ണൻമാരും ഇതു കണ്ടു പഠിച്ചിട്ടുണ്ട്. സൂപ്പർ മാർക്കറ്റിന്റെ കൗണ്ടറിലും റസ്റ്ററന്റ് കൗണ്ടറിലും ഇങ്ങനെ കുറെ സൈഡ് ബിസിനസുകളുണ്ട്. ബില്ലടിക്കാൻ ക്യൂ നിൽക്കുമ്പോൾ കണ്ണിൽപെട്ടാൽ വാങ്ങിച്ചിരിക്കും. ചില തുണിക്കടകളിൽ കയറിയാൽ ഡിസ്കൗണ്ട് കൂപ്പൺ കിട്ടുന്നു, അതുമായി നേരെ അതേ കെട്ടിടത്തിലുള്ള അവരുടെ റസ്റ്ററന്റിലേക്കോ സൂപ്പർ മാർക്കറ്റിലേക്കോ കേറാം. അവസാനം ബില്ല് നോക്കുമ്പോൾ കിട്ടിയ കൂപ്പൺ തുകയുടെ പലമടങ്ങ് ആയിട്ടുണ്ടാകും.
ചുരുക്കത്തിൽ വാഴ നനയുമ്പോൾ ചീരയും നനയും എന്നു പറഞ്ഞാലും പോരാ, ചീര വാഴയെക്കാൾ വലുതായെന്നും വരാം.
ഒടുവിലാൻ∙ ചില മിടുക്കൻമാർ ഗൃഹോപകരണ കടയിൽ സൂപ്പർ മാർക്കറ്റും ബേക്കറിയും വരെ നടത്തുന്നവരുണ്ട്. അവരുടെ സ്വന്തം കിച്ചനിൽ നിന്നുള്ള കേക്കും കട്‌ലറ്റും ബിരിയാണിയും മറ്റും പാക്കറ്റിൽ വിൽക്കും. രുചി പിടിച്ചതിനാൽ അതു വാങ്ങാൻ മാത്രം വരുന്നവരേറെ.