കോളകൾ തമ്മിലും പൊരിഞ്ഞ ഗുസ്തി

Mail This Article
എഴുപതുകളിലും എൺപതുകളിലും കാംപകോളയും തംസ് അപ്പും ആയിരുന്നു ഇന്ത്യൻ കോളകൾ. എഴുപതുകളുടെ തുടക്കത്തിൽ യുഎസ് കോളകളെ നാടുകടത്തിയതോടെയാണ് ഇന്ത്യൻ കോളകൾ വന്നത്. പാർലെ ഗ്രൂപ്പിലെ ചൗഹാന്റെ തംസ് അപ് കോള ‘ടേസ്റ്റ് ദ് തണ്ടർ’ എന്ന പേരിൽ ഒന്നാം സ്ഥാനത്ത്, തൊട്ടു താഴെ കാംപകോള. ഇപ്പോഴെന്തായെന്നു ചോദിച്ചാൽ കാംപകോള തിരിച്ചു വന്നിരിക്കുന്നു, അമേരിക്കൻ കോളകളെ തോൽപിക്കാൻ.
മോഹൻ സിങ് ആരംഭിച്ച പ്യൂർ ഡ്രിങ്ക്സ് കമ്പനിയാണു കാംപകോള ഇറക്കിയിരുന്നത്. തൊണ്ണൂറുകളിൽ ഉദാരവൽക്കരണം വന്ന് യുഎസ് കോളകൾ തിരിച്ചെത്തി. ഇനി രക്ഷയില്ലെന്നു കണ്ട് പാർലെയുടെ ചൗഹാൻ 150 കോടിക്ക് തംസ് അപ്പും ലിംകയും മറ്റും വിറ്റൊഴിച്ചു. പക്ഷേ കാംപകോള ദുർബലമായി തുടർന്നു. ഒന്നരവർഷം മുൻപ് അംബാനി കാംപകോളയെ വെറും 22 കോടി കൊടുത്ത് ഏറ്റെടുത്തു. ഇനിയാണു കഥ.
വിപണിയിൽ ‘ഡിസ്റപ്‌ഷൻ’ എന്നൊക്കെ പറയുന്നത് ഇതാണ്. ആദ്യ വർഷം തന്നെ കാംപകോള വിറ്റുവരവ് 1000 കോടി കവിഞ്ഞു. റിലയൻസിന്റെ 18900 റീട്ടെയ്ൽ കേന്ദ്രങ്ങളിൽ വിൽപന. ഐപിഎൽ നടക്കുന്ന സർവ സ്റ്റേഡിയങ്ങളിലും താരം കാംപകോള. അമേരിക്കൻ കോളകൾക്ക് ആകെ വാട്ടം.
കോള കൊള്ളാമോ ഇല്ലേ എന്ന വിഷയം വേറെ. ബഹുരാഷ്ട്ര കമ്പനിക്കാരുടെ സാമ്പത്തിക–വിപണന അതിസാമർഥ്യങ്ങളോട് എങ്ങനെ അടിച്ചു നിൽക്കാം, അവരെ വെല്ലാം എന്നതിന് കേസ് സ്റ്റഡിയാവുകയാണ് കോള യുദ്ധം.
വിലയിലാണ് കളി. യുഎസ് കോളകൾ 200 മില്ലിക്ക് 20 രൂപയെങ്കിൽ ഇന്ത്യൻ സാധനത്തിന് 10 രൂപ മാത്രം. അവർ 600 മില്ലി കോള 40 രൂപയ്ക്കു വിൽക്കുമ്പോൾ നാടൻ സാധനം 500 മില്ലിക്ക് പാതി വില മാത്രം. വിതരണക്കാർക്ക് കമ്മിഷൻ അവർ 5 ശതമാനത്തിലും താഴെ, നാടന്റെ വിതരണക്കാർക്ക് 8% വരെ. പലയിടത്തും കോള വിപണിയുടെ 10% വരെ നാടൻ നേടിക്കഴിഞ്ഞു. ന്യൂജൻ പിള്ളേര് ഉച്ചയ്ക്ക് ചോറുണ്ണാതെ പല കളറിലുള്ള കാളകൂടങ്ങളും ക്രീം ബണ്ണ് പോലുള്ള കടികളുമാണു തീറ്റയും കുടിയുമെന്നറിയാമല്ലോ. അങ്ങനെ ഇന്ത്യയിലെ പാനീയ വിപണി 67000 കോടിയുടേതാണ്. അതിൽ പാതിയിലേറെ കോളകളും. കാംപകോളയ്ക്ക് അംബാനി കൂടുതൽ ബോട്ട്‌ലിങ് പ്ലാന്റുകൾ സ്ഥാപിക്കുന്നു. 500 കോടി അതിനായി മാറ്റിവച്ചിരിക്കുകയാണത്രെ.
ഒടുവിലാൻ∙ഉദാരവൽക്കരണം നടത്തിയാൽ വിദേശ കമ്പനികൾ വന്ന് നമ്മളെ വിഴുങ്ങും എന്നു പറഞ്ഞിരുന്നവർ നോക്കുമ്പോൾ നമ്മൾ അവരെ വിഴുങ്ങുന്നതാണു കാണുന്നത്. കെഎഫ്സിയും കെല്ലോഗ്സും മക്ഡോണൾഡ്സും വന്നു മറിഞ്ഞിട്ടും നമ്മുടെ ഭക്ഷണ ശീലം മാറിയോ? അവർ മാറിയെന്നു മാത്രം. പിന്നാ കോള!