അപ്നാ അപ്നാ കാം വില കുറയൽ സ്വപ്നം

Mail This Article
സ്കോച്ചിനു വില കുറയുമോ..?? ബ്രിട്ടനുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കിയെന്നു കേട്ടപാടെ സകല സ്ഥലത്തും ഉയരുന്ന ചോദ്യമാണ്. നാടൻ സാധനം കുടിക്കുന്നവർക്കും ഇതേ ചോദ്യമുള്ളു. ചോദ്യം കേട്ടാൽ മുഴുവൻ സ്കോച്ചും കുടിച്ചു വറ്റിക്കാൻ നോറ്റിരിക്കുകയാണെന്നു തോന്നും.
ബ്രിട്ടനിലെ സ്കോട്‌ലൻഡിൽ നിന്നു വരുന്ന സ്കോച്ച് വിസ്കി എന്നറിയപ്പെടുന്ന കയ്പ് വെള്ളത്തിന് നിലവിൽ 150% ഇറക്കുമതി തീരുവയുണ്ട്. അത് പാതിയാക്കും ആദ്യം, പിന്നീട് വെറും 40% ആയി കുറയ്ക്കും. പക്ഷേ, എടുപിടീന്ന് അല്ല, പടിപടിയായി 3 വർഷം കൊണ്ടാണ്. കരാർ അനുസരിച്ച് ഇന്ത്യൻ സാധനങ്ങൾക്ക് ബ്രിട്ടൻ തീരുവ കുറയ്ക്കുന്നുണ്ടോ എന്നു നമ്മളും നോക്കും. ശകലം സമയം എടുക്കും, ക്ഷമി...!
ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തു പോയതാടെയാണ് പ്രത്യേക വാണിജ്യ കരാർ വേണ്ടി വന്നത്. നേരത്തേ യൂറോപ്പുമായി ആകെയുള്ള കരാർ മതിയായിരുന്നു. അമേരിക്കയിൽ ട്രംപ് വന്ന് ലോക വാണിജ്യ സംഘടന (ഡബ്ല്യുടിഒ) ഉണ്ടാക്കിയ കരാറുകളെ പുല്ലും പുഷ്പവുമാക്കി സ്വന്തമായി തീരുവകൾ പ്രഖ്യാപിച്ചതോടെ എല്ലാവരും ‘അപ്നാ അപ്നാ കാം’ അഥവാ അവരവരുടെ കാര്യം എന്ന മോഡിലേക്കു മാറുകയാണ്.
അതോടെ ആഗോളവൽക്കരണത്തിന്റെ ആപ്പീസ് പൂട്ടി. ആഗോളവൽക്കരണത്തെ മുൻപ് എതിർത്തിരുന്ന പലരും ഇപ്പോൾ പ്ലേറ്റ് മാറ്റുന്നുവെന്നതാണ് അതിലും വിചിത്രം! ബ്രിട്ടനോ അമേരിക്കയോ സ്കോച്ചോ ഹാർലി ഡേവിഡ്സൺ ബൈക്കോ...ഏതായാലും വില കുറയുമല്ലോ എന്ന് ആശ്വസിക്കുകയാണ്.
ബ്രിട്ടനും ആശ്വാസമാണ്. അവർ യൂറോപ്യൻ യൂണിയനിൽ നിന്ന് കൂടും കുടുക്കയും എടുത്ത് പായും ചുരുട്ടി ഇറങ്ങി പോന്നതിനു ശേഷം നടക്കുന്ന ഏറ്റവും വലിയ വ്യാപാര കരാറാണത്രെ. ഏതാണ്ട് 5 ലക്ഷം കോടി രൂപയുടെ വാണിജ്യമാണ് ഇന്ത്യയുമായി അവർക്കുള്ളത്. കരാർ ആയതോടെ 5 കൊല്ലത്തിനകം വ്യാപാരം മൂന്നിരട്ടിയാവുമെന്നാണ് അനുമാനം.
ഉൽപന്നങ്ങൾക്കു മാത്രമല്ല സേവനങ്ങൾക്കും ഇതു ബാധകമാണ്. എന്നുവച്ചാൽ ഐടി, ആരോഗ്യ, ധന മേഖലകളിലെ നമ്മുടെ പിള്ളാർക്ക് യുകെയിൽ പോകാൻ എളുപ്പമാകും. അതിനു പ്രത്യേക വീസ പരിഗണനയും ഉണ്ടാവും. എംബിഎ, എൻജിനീയറിങ്, നഴ്സ്, പാരാമെഡിക്കൽ, ഡോക്ടർ.....!
വാഹനങ്ങൾക്കും മറ്റും നമ്മൾ തീരുവ കുറയ്ക്കണം. യുകെയിൽ ഉണ്ടാക്കുന്ന ജാഗ്വാർ ലാൻഡ് റോവർ, റോൾസ് റോയ്സ് വില കുറയും. ഇപ്പോൾ 100% ഡ്യൂട്ടിയുണ്ട്. ഇവിടന്ന് തുണിത്തരങ്ങളും സ്വർണാഭരണങ്ങളും യന്ത്രങ്ങളും ലതറും ചെരിപ്പും ഫർണിച്ചറും മറ്റും അങ്ങോട്ടും കൂടുതലായി പോകും.
ഒടുവിലാൻ∙ അമേരിക്കയുമായി വ്യാപാര കരാർ ഉണ്ടായാലോ? 150% ഡ്യൂട്ടി ഉണ്ടായിരുന്ന ബർബണിനും ജാക്ക് ഡാനിയൽസിനും കുറച്ച് 100% ആക്കി. ഇനിയും കുറയും.