ശ്ശ്.... സംഗതി മറ്റേതാ..

lovers
Representative Image. Photo Credit: Chernomorova Olesia / Shutter Stock
SHARE

പെൺപള്ളിക്കൂടങ്ങളിലെ ഹോസ്റ്റൽകാല രാത്രിയോർമകൾക്ക് ഇന്നുമുണ്ടൊരൽപം കുളിരും കിനാവും. അന്ന് കേബിൾ കണക്ഷൻ അത്ര വ്യാപകമായി തുടങ്ങിയിട്ടില്ല. ആകെയുള്ളത് ദൂരദർശനും ഡിഡി വൺ ചാനലും മാത്രം. വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരങ്ങളിൽ മാത്രമാണ് ടിവി കാണാൻ അനുമതി. അപ്പോഴേക്കും ഹോസ്റ്റലിലെ പെൺപട മുഴുവൻ അലക്കും കുളിയും തേവാരവും കഴിഞ്ഞ് ടിവിക്കു മുന്നിൽ ഹാജരായിരിക്കും. ഏഴു മണിയുടെ വാർത്തയോടെ ടിവി ഓണാകും. വാർത്തയൊക്കെ അന്ന് ആര് കേൾക്കാൻ! കൃത്യം ആ സമയം നോക്കി മെസ്സിൽ പോയി കഞ്ഞിയും പയറുമോ കപ്പപ്പുഴുക്കോ കഴിച്ചെന്നു വരുത്തി ടിവി ഹാളിലെത്തും. നിലത്തു പായ വിരിച്ചിരുന്നാണ് കാഴ്ച. ചിത്രഗീതം കഴിയുമ്പോഴേക്കും ചില ഉറക്കപ്രാന്തികൾ ഉറങ്ങിത്തൂങ്ങി മറിഞ്ഞു വീഴും. മറ്റുള്ളവർ പിന്നെയും കുത്തിയിരിപ്പു തുടരും. 

അതിനിടയിൽ സൊറപറച്ചിലും പേൻനോട്ടവും മുടി ചീകിവകയലും നെയിൽ പോളിഷിങ് കലാപരിപാടിയുമൊക്കെ മുറയ്ക്കു നടന്നുകൊണ്ടേയിരിക്കും. ക്ലാസിലെ പൂച്ചക്കണ്ണൻ പയ്യന്റെ നോട്ടം ആർക്കു നേരെയാണെന്ന കൂലങ്കഷമായ ചർച്ച മറ്റൊരിടത്തു പുരോഗമിക്കുന്നുണ്ടാകും. സ്കൂളിൽ പുതുതായി വന്ന പൊടിമീശക്കാരൻ സാറ് ക്ലാസെടുക്കുന്നതിനിടയിൽ പാളി നോക്കുന്നത് ആരെയാണെന്നതായിരിക്കും മറ്റൊരു മൂലയ്ക്കലെ ചർച്ച. ഇതിനിടയിൽ ഒന്നുരണ്ടു വട്ടം വാർഡൻ ആ വഴി വന്ന് ‘സയലൻസ് സയലൻസ്’ എന്നാർത്തലച്ച് കടന്നുപോകും. ‘ചുമ്മാ ഷോ ആണെന്നേ.. ഈ തള്ളയ്ക്ക് മുറിയിലെങ്ങാനും കുത്തിയിരുന്നുകൂടേ’ എന്നു കൂട്ടത്തിൽ ചിലർ മുറുമുറുക്കും. അതു കേൾക്കാത്ത മാതിരി വാർഡൻ വീണ്ടും റൗണ്ട്സെടുക്കാൻ വരും. അങ്ങനെ രാത്രിയുടെ അടുത്ത യാമത്തിലേക്കു പ്രവേശിക്കുന്ന ഒൻപതര മണിയോടെ ഹാളിൽ ഒരു പരിപൂർണ നിശ്ശബ്ദത പരപരക്കും. 

ഡിഡി നാഷനൽ ചാനലിൽ ഹിന്ദി സിനിമ തുടങ്ങാൻ പോകുകയാണ്. ഇന്നു ഷാറുഖിന്റെ പടമായിരിക്കുമെന്ന് ഷാറുഖിന്റെ കട്ട ആരാധികമാർ അവകാശവാദം മുഴക്കും. സൽമാൻ ഖാനും ആമിർ ഖാനും ഹൃത്വിക് റോഷനുമെല്ലാം ആരാധികമാരുണ്ട്. ഇവരോടൊക്കെയാണ് ആരാധനയെന്നു പരസ്യമായി അവകാശപ്പെടുമ്പോഴും സത്യത്തിൽ മിക്ക പെൺപിള്ളാർക്കും ഒരു രഹസ്യ ആരാധന വേറെയുണ്ടായിരുന്നു. മറ്റാരുമല്ല, സാക്ഷാൽ ഇമ്രാൻ ഹാഷ്മി. എന്റമ്മോ! ആ പേരു പറയുമ്പോൾ പോലും ചൂടോടെ ഒരു ലിപ്‌ലോക്ക് കിട്ടിയ മാതിരി ചില വമ്പത്തികൾ നാണിച്ചു തരിക്കും. കക്ഷിയുടെ ‘ആഷിഖ് ബനായ’ എന്ന പാട്ട് ചിത്രഹാറിൽ ആവർത്തിച്ചു കേൾപ്പിക്കണമെന്ന് ഡിഡി വണ്ണിന്റെ ഓഫിസിലേക്ക് കത്തയയ്ക്കുമായിരുന്ന കേമത്തി പോലുമുണ്ടായിരുന്നു കൂട്ടത്തിൽ. സിനിമ ഇമ്രാൻ ഹാഷ്മിയുടെയാണെങ്കിൽ  വാർഡൻ അകത്തുവന്ന് അലമ്പുണ്ടാക്കാതിരിക്കാൻ പെൺപിള്ളേര് ടിവി ഹാളിന്റെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ടുവയ്ക്കും. അല്ലേലും അറുപതു കഴിഞ്ഞ ആയമ്മച്ചിക്ക് എന്തോന്ന് ഇമ്രാൻ ഹാഷ്മി... !

കോളജിലേക്കു മുതിർന്നപ്പോഴേക്കും ഇമ്രാൻ ഹാഷ്മിയെവിട്ട് പെൺപട ഇംഗ്ലിഷ് സിനിമകളിലേക്കു മുതിർന്നു. ഇമ്രാനൊക്കെ വെറും ശിശുവാണെന്ന് അപ്പോഴല്ലേ അറിയുന്നത്. അല്ലെങ്കിലും നല്ല ഉമ്മകൾ ചൂടോടെ കാണണമെങ്കിൽ ഫ്രഞ്ചുപടങ്ങൾ കാണണം. ഇംഗ്ലിഷ് മൂവി ക്ലബ്, ഡ്രാമ ക്ലബ് അങ്ങനെ വലിയ വലിയ താത്വികമായ ഇടപാടുകളിൽ വിദ്യാർഥികൾ വ്യാപൃതരാകുന്ന കാലം. മിക്സഡ് കോളജുകളിൽ ഇച്ചിരി എരിപൊരി സഞ്ചാരം കൂടുമെന്നതു വേറെ കാര്യം. ഷേക്സ്പിയർ നാടകങ്ങളിലെ ദൃശ്യാവതരണ സാധ്യതകളിൽ മുങ്ങിത്തപ്പുന്ന വിദ്യാർഥികൾക്കു മുന്നിലേക്കു ചറപറാന്ന് കുറെ ഷേക്സ്പിയർ സിനിമകൾ.... നാടകമായി വായിച്ചപ്പോൾ ഉറക്കം തൂങ്ങിപ്പിച്ച റോമിയോ ആൻഡ് ജൂലിയറ്റും ഹാംലറ്റും ഒഥല്ലോയുമൊക്കെ സ്ക്രീനിൽ പച്ച മനുഷ്യരായി വന്നപ്പോൾ കണ്ടുനിന്ന പിള്ളേർക്ക് സിരകളിൽ തീപിടിച്ചപോലെയായി. ചിലപ്പോൾ അധ്യാപകരോ മുതിർന്ന വിദ്യാർഥികളോ ആരെങ്കിലും കൂടെയുണ്ടാകും ഇത്തരം സിനിമാനേരങ്ങളിൽ. ‘അരുതാത്ത’ എന്തെങ്കിലും കണ്ടു പിള്ളേരുടെ കണ്ണു തള്ളാതിരിക്കാൻ വേണ്ട മുൻകരുതലുകളെടുക്കുകയാണ് ഇവരുടെ ഡ്യൂട്ടി.  ചില ‘പ്രത്യേക’ സീനുകൾ വരുമ്പോഴേക്കും അവർ റിമോട്ട് കയ്യിലെടുത്ത് ഫാസ്റ്റ് ഫോർവേഡ് ചെയ്തതിനാൽ ജീവസ്സും ഓജസ്സും നഷ്ടപ്പെട്ട നിലയിലാണ് പല ഇംഗ്ലിഷ് സിനിമകളും കാണാൻ കഴിഞ്ഞതെന്നു മാത്രം... 

ഇപ്പോ എന്താണിതൊക്കെ ഓർമിക്കാനെന്നു വച്ചാൽ സെക്സ് എജ്യുക്കേഷൻ വേണമോ വേണ്ടയോ, എത്ര വേണം എന്നതൊക്കെ സംബന്ധിച്ച് ചൂടൻ ചർച്ചകൾ പൊടിപൊടിക്കുകയല്ലേ. സെക്സ് എജ്യുക്കേഷൻ എന്നാൽ ‘മറ്റേത്’ എന്ന അർഥത്തിൽ മാത്രം മനസ്സിലാക്കിവച്ച ഒരു തലമുറ ഇങ്ങനെ ഒച്ചപ്പാടുണ്ടാക്കുന്നതിൽ ഒരൽഭുതവുമില്ല. ആണും പെണ്ണും ഒരുമിച്ചിരുന്നാൽ അപ്പോഴേക്കും കൊക്കുരുമ്മുന്ന പറവകളിലേക്കും തേൻ നുകരുന്ന പൂമ്പാറ്റയിലേക്കും ക്യാമറ ഫോക്കസ് ചെയ്യുന്ന മലയാള സിനിമകളും മൂന്നാംകിട തിയറ്ററുകളിൽ കളിക്കുന്ന എ പടങ്ങളും ബസ് സ്റ്റാൻഡുകളിലെ ഒളിമൂലകളിൽ വിൽപനയ്ക്കു വച്ച കൊച്ചുപുസ്തകങ്ങളും മാത്രം കണ്ടുംവായിച്ചും സെക്സ് എജ്യുക്കേഷൻ നടത്തിയവർക്ക് എങ്ങനെയിതൊക്കെ മനസ്സിലാകും? 

ഹൈസ്കൂൾ ക്ലാസിൽ ബയോളജിയിലെ ‘പ്രത്യുൽപാദനം’ എന്ന അവസാന അധ്യായമെത്തുമ്പോഴേക്കും ചെമ്പരത്തിപ്പൂവിന്റെ പരാഗണം മാത്രം പഠിപ്പിച്ച് ‘ബാക്കി നിങ്ങള് തന്നെ വായിച്ചു പഠിച്ചോ’ എന്നു പറഞ്ഞ് ഒരു വഷളൻ ചിരിയുമായി പുസ്തകം മടക്കിവയ്ക്കുന്ന മാഷന്മാർ പഠിപ്പിച്ച പഴയ തലമുറയ്ക്ക് എങ്ങനെ സെക്സ് എജ്യുക്കേഷൻ ദഹിക്കും? സെക്സ് എജ്യുക്കേഷൻ എന്തോ വലിയ വൃത്തികേടാണെന്ന മട്ടിൽ ‘അയ്യോ അതു നടപ്പാക്കല്ലേ’ എന്നു വിലപിച്ച് സ്വന്തം മക്കളുടെ സദാചാരഭാവി ‘സുരക്ഷിതമാക്കുന്നവർ’ അറിയുന്നില്ല അവർ വരുംതലമുറയോടു ചെയ്യുന്ന ദ്രോഹമെന്താണെന്ന്. സെക്സ് എന്ന വാക്കിനു പോലും പുറത്തുപറയാൻ നാണിക്കേണ്ട ദ്വയാർഥഭാരമേറ്റിക്കൊടുത്ത മൂരാച്ചികളോട് മറുത്തെന്തു പറയാൻ...

Content Summary:  Pink Rose column by Riya Joy on importance of Sex Education

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS