കോലം കെട്ടുപോയെന്നോ? കുശുമ്പിത്തള്ളേ, ത്ഫൂ..!

woman-workout
Representative Image. Photo Credit: antoniodiaz / Shutter Stock
SHARE

സ്വന്തത്തിലോ ബന്ധത്തിലോ ആരുടെയെങ്കിലും എന്തെങ്കിലും വിശേഷത്തിനു നാലാളെ വിളിച്ചുകൂട്ടി ഡിസ്പോസിബിൾ പ്ലേറ്റിൽ ഫുഡ് തരുന്ന ഏർപ്പാടുണ്ടെങ്കിൽ അപ്പോ ചാടിപ്പുറപ്പെടും. അതൊരു സൂക്കേടാണോ ഡോക്ടർ? നാലാളു കാൺകേ, നാലായിരം വിലയുള്ള സാരിയൊക്കെയുടുത്ത് ഒന്നു ഷൈൻ ചെയ്യാനുള്ള ഗോൾഡൻ ചാൻസ് ഒത്തുകിട്ടിയാൽ നമ്മൾ പെണ്ണുങ്ങൾ മിസ്സാക്കുമോ? അല്ലെങ്കിലും നാലായിരം രൂപയെന്നൊക്കെ ചുമ്മാ തട്ടിവിടുന്നതല്ലേ... ഇതൊക്കെ ആരെ ബോധിപ്പിക്കാൻ ! പിന്നെന്താന്നുവച്ചാൽ ആൾക്കൂട്ടത്തിൽ നിൽക്കുമ്പോൾ നമുക്ക് സാരിയെക്കുറിച്ച് തീരെ പൊതുവിജ്ഞാനമില്ലെന്നു തോന്നിപ്പിക്കാതിരിക്കാൻ വേണ്ട അത്യാവശ്യം കാര്യങ്ങളൊക്കെ അറിഞ്ഞുവയ്ക്കണമെന്നു മാത്രം. ടസർ, ലിനൻ, സിൽക്ക്, ടെംബിൾ ബോർഡർ, ചിക്കൻകാരി, കലംകാരി, കാന്താ വർക്ക് തുടങ്ങിയ വാക്കുകളൊക്കെ ഇടയ്ക്കിടെ ചുമ്മാ തട്ടിവിടണം. 

സാരിക്കൊപ്പം കാഴ്ചയിൽ തീരെ ബോറായ നെക്‌ലേസാണെങ്കിൽ സ്റ്റേറ്റ്മെന്റ് പീസാണെന്നു പറഞ്ഞുനിന്നേക്കണം. നിറം പോയതോ പഴക്കം തോന്നിപ്പിക്കുന്നതോ ആയ ഇമിറ്റേഷൻ ജുവല്ലറിയാണെങ്കിൽ ആദ്യമേ ആന്റീക് ടൈപ്പ് ആണെന്നു പറയാമല്ലോ.. പിന്നെ, മാടക്കടയിൽനിന്നു വാങ്ങിയ പത്തുരൂപയുടെ വെള്ളമുത്തുമാല ഹൈദരാബാദി പേളാണെന്നോ മറ്റോ തട്ടിവിട്ടാൽ അതും വിശ്വസിച്ചോളും. ആർക്കെങ്കിലും സംശയം തോന്നിയാൽ ഇംപോർട്ടഡ് ആണെന്നു പറഞ്ഞ് ആ ചോദ്യം മുളയിലേ നുള്ളിയേക്കണം. ഇനി ആകെയുള്ളൊരു തരി പൊന്നും പണ്ടവും ലോക്കറിലോ പണയപ്പെട്ടിയിലോ ആയിപ്പോയതുകൊണ്ട് കാര്യമായൊന്നും കഴുത്തിലും കാതിലുമിടാനില്ലെങ്കിലും കോൺഫിഡൻസ് വിട്ടുകൊടുക്കരുത്;  ‘മിനിമലിസമല്യോ ഇപ്പോൾ ട്രെൻഡ്’ എന്നു പറഞ്ഞു പിടിച്ചുനിന്നേക്കണം. പത്തരമാറ്റുള്ള പണ്ടങ്ങൾ കെട്ടിഞാത്തിയിട്ടുകൊണ്ടു വന്ന പെണ്ണുങ്ങൾക്കു പോലും ‘ഛെ വേണ്ടായിരുന്നെ’ന്നു തോന്നിപ്പിക്കണം. 

സാരിയും ആഭരണവുമൊക്കെയുൾപ്പെടുന്ന ആദ്യ റൗണ്ട് കഴിഞ്ഞാൽ ഇത്തരം പൊതു സദസ്സുകളിൽ പിന്നെ അടുത്ത കോംപറ്റീഷൻ ഐറ്റം ബോഡി ഷെയിമിങ്ങായിരിക്കും. ‘അയ്യോടാ കൊച്ചനേ.. നീയെന്തായിങ്ങനെ മെലിഞ്ഞുകൊരഞ്ഞിരിക്കുന്നേ? നിന്റെ കെട്ട്യോള് വായ്ക്കു രുചിയായി വല്ലതുമൊക്കെ വച്ചുണ്ടാക്കിത്തരാറൊന്നുമില്ലായോ?’ എന്ന് അപ്പുറത്തെ പന്തിയിലിരിക്കുന്ന നമ്മുടെ കെട്ട്യോന്റെ കാതിൽ കൊളുത്തിക്കൊടുത്തിട്ടു ചിലര് നേരെ നമ്മുടെയടുത്തേക്കായിരിക്കും വരവ്. ‘നീയെന്താടി കൊച്ചേ കോലംകെട്ടുപോയേ? എപ്പോഴും അടുക്കളപ്പണി തന്നെ ചെയ്തു നടുവൊടിയാറായോ?’ എന്നു പുച്ഛിച്ചൊരു ചോദ്യമുണ്ട്. നമ്മൾ എത്ര കഷ്ടപ്പെട്ടാണ് ഈ സീറോ സൈസിലെത്തിയതെന്ന് ഈ അമ്മച്ചിക്ക് വല്ലതുമറിയുമോ? അതിയാനേം കെട്ടിപ്പിടിച്ചുറങ്ങേണ്ട എത്ര അതിരാവിലെകളാണ് അരക്കിലോമീറ്ററപ്പുറത്തെ ജിമ്മിൽപോയി ആരാന്റേം വായ്നോട്ടം പോലും വക വയ്ക്കാതെ വർക്കൗട്ട് ചെയ്തു തീർത്തത്. അതുമാത്രമോ, നല്ല പോർക്കിറച്ചി കൂർക്കയിട്ടുലത്തിയതും പോത്തിറച്ചി വരട്ടിയതുമൊക്കെ വച്ചുകാലമാക്കി ഒരു കഷ്ണം പോലും വായിലിടാതെ ഡയറ്റിങ് പേടിച്ച് വെള്ളമിറക്കിയ നട്ടുച്ചകളുടെ കൊതിക്കെറുവ് വല്ലതും ഇവരറിയുന്നുണ്ടോ? പിള്ളാരുടെ ബെർത്ത്ഡേയ്ക്കോ മറ്റോ അരക്കഷ്ണം കേക്ക് അധികം കഴിച്ചാൽ അന്നു തന്നെ ത്രെഡ്മില്ലിൽ ചവിട്ടിക്കുലുക്കി ആ കലോറി പണ്ടാരമടക്കിയില്ലെങ്കിൽ ഉറക്കം വരൂല്ല. 

പിന്നെ എല്ലാദിവസവും അതിയാനും മക്കളും വീട്ടിന്നു പോയിക്കഴിഞ്ഞാൽ കണ്ണാടിയുടെ മുൻപിൽ ഒരു സെൽഫ് ഇവാല്യുവേഷനുണ്ട്. തുണിടേപ്പ് എടുത്ത് അരയും വയറുമൊക്കെ അളന്ന് ഓരോ മില്ലിമീറ്ററും കുറയുന്നുണ്ടോയെന്ന് കൃത്യമായി ഉറപ്പാക്കും. ആലില വയറെന്നൊക്കെ പറയുന്നത് ചുമ്മാതാ, കൂടിവന്നാൽ ഒരു ചേമ്പിലയോളം വട്ടത്തിലേക്കു ചുരുക്കാനേ പറ്റൂ എന്നു നെടുവീർപ്പിട്ട് കുറച്ചുനേരം ശ്വാസം അകത്തേക്കു പിടിച്ച് വയറു ചൊട്ടിച്ചുനിർത്തും. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നു രണ്ടാമത്തെ നെടുവീർപ്പിട്ടു ശ്വാസം പുറത്തേക്കു വിടുമ്പോൾ അളതൊളാന്നു തൂങ്ങിക്കിടക്കുന്ന വയറു പിന്നെയും പുറത്തേക്കു ചാടും. അന്നേ അതിയാനോടു പറഞ്ഞതാണ്, കൊച്ച് ഒന്നു മതിയെന്ന്. അതു കേൾക്കാതെ രണ്ടും മൂന്നും തവണ കീറിത്തുന്നിക്കെട്ടിയ വയറുംകൊണ്ട് ഇത്രയൊക്കെയേ പറ്റൂ എന്നു സ്വയം സമാധാനിക്കും. 

നല്ല ഫാഷനുള്ള ബ്ലൗസ് തയ്പിച്ചിടാമെന്നു വച്ചാൽ അപ്പോഴേക്കും ആരെങ്കിലും വയറിനു ചുറ്റും എയറടിച്ചു വീർത്തുകിടക്കുന്ന ടയറു കണ്ടു പിടിക്കും. അതിന്റെ കാറ്റുകുത്തിക്കളഞ്ഞിട്ടു തന്നെ ബാക്കി കാര്യം എന്നുറപ്പിച്ച് യു‍ട്യൂബിൽനോക്കി ഇടയ്ക്കിടെ ഒരു സൂംബാ വച്ചു കാച്ചും. തുണിക്കടയിലൊക്കെ പോയാൽ ഇറുകെപ്പിടിച്ചു കിടക്കുന്ന നല്ല സ്റ്റൈലൻ വേഷങ്ങളുടെ ഭാഗത്തേക്കു നോക്കുക കൂടി ചെയ്യാറില്ല. വീട്ടിൽ പിന്നെ നൈറ്റിയായതുകൊണ്ട് ഒരു സമാധാനമൊക്കെയുണ്ട്. ഇച്ചിരി വണ്ണംവച്ചാലും ആർക്കും പിടി കിട്ടൂല. അല്ലെങ്കിലും നൈറ്റി കണ്ടുപിടിച്ചവനെ സമ്മതിക്കണം. 

ഇതിനിടയിൽ ഓൺലൈൻ യോഗാ ക്ലാസിനും ചെന്നുചേർന്നു. രാത്രിയുടെ ഏഴാംയാമത്തിൽ ചെയ്താൽ ഗുണംകൂടുമെന്ന് ഏതോ ഓൺലൈനിൽ വായിച്ചതിൽപിന്നെ ആ നേരത്താക്കി യോഗ ചെയ്ത്ത്. ‘ശ്വാസം അകത്തേക്കു വലിച്ചുവിടൂ.. പുറത്തേക്കു വിടൂ..’ എന്ന യോഗാ മാഷിന്റെ ആവർത്തിച്ചുള്ള പറച്ചിൽ കേട്ട് അതിയാൻ എന്നെ മുറിക്കു പുറത്താക്കി വാതിലടച്ചതല്ലാതെ കാര്യമായി ഗുണമൊന്നുമുണ്ടായില്ലെന്നു മാത്രം. പിന്നെ മെഡിറ്ററേനിയൻ ഡയറ്റ്, കീറ്റോ ഡയറ്റ് അങ്ങനെ ചില പരിഷ്കാരങ്ങൾ വരുത്തിനോക്കാനും മറന്നില്ല. നമ്മുടെ പറമ്പിലെ ചക്ക, മാങ്ങ, കപ്പ, മരച്ചീനി തുടങ്ങിയ ലോക്കൽ ഐറ്റംസിനെയൊക്കെ ഗെറ്റൗട്ടടിച്ച് കിവി, അവക്കാഡോ, പ്ലം, ബ്രൊക്കോളി തുടങ്ങിയ സായിപ്പൻവിഭവങ്ങളിലായി തീറ്റി സ്പെഷലേഷൻ. ഡെബിറ്റ് കാർഡ് കുറെ ഉരഞ്ഞുരഞ്ഞ് അക്കൗണ്ട് ബാലൻസ് മെലിഞ്ഞതല്ലാതെ ശരീരം ദേ പിന്നേം പഴയപടി. 

അങ്ങനെയിങ്ങനെ കഷ്ടപ്പെട്ടതും പട്ടിണികിടന്നതും പോരാഞ്ഞ് കണ്ട കുമ്പളവും വെള്ളരിയുമൊക്കെ അരച്ചു കലക്കി സേവിച്ച് നാവിന്റെ രുചി തന്നെ കെട്ടുപോയതുമൊക്കെ ആരോടു പറയാൻ. ആകെയുള്ള ആശ്വാസം അങ്ങനെ കഷ്ടപ്പെട്ടുണ്ടാക്കുന്ന നല്ല ഫിഗറൊക്കെ നാലാളെ കാണിച്ച് ഇതുപോലെയുള്ള ചടങ്ങുകളിൽ സാരിയൊക്കെയുടുത്തു  നിൽക്കാലോ, മോന്റെയോ മോളുടെയോ കൂടെനിന്നു സെൽഫിയെടുത്തു പോസ്റ്റുമ്പോൾ ചേച്ചിയെപ്പോലിരിക്കുന്നെന്നു കമന്റ് കിട്ടൂലോ എന്നതൊക്കെ മാത്രമാണ്. അതിനിടയിലാണ് കുത്തിത്തിരിപ്പുംകൊണ്ട് ഒരു തള്ളയുടെ വരവ്... കോലം കെട്ടുപോയെന്ന്.. ത്ഫൂ..

Content Summary: Pink Rose column by Riya Joy on combating body shaming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS