തല്ലാൻ വന്നാൽ സുല്ല് പറയിപ്പിക്കും

domestic-violence
Representative Image. Photo : Tatiana Chekryzhova / Shutterstock.com
SHARE

‘‘കണ്ണൂർ ജയില് ഞങ്ങൾ ആണുങ്ങൾക്കു പറഞ്ഞിട്ടുള്ളതാടീ.. 

തല്ലുംകൊലയും ഞങ്ങൾക്ക് പുത്തരിയല്ല... ഭരിക്കാൻ വരണ്ടാ... 

നീ വേണേൽ പോയി കേസ് കൊടുക്കെടീ... 

നോക്കട്ടെ പൊലീസും കമ്മിഷനുമൊക്കെ എന്നെ മൂക്കിൽ കേറ്റുമോന്ന്...’’

ആഹാ.. ഷാജി കൈലാസ്–സുരേഷ് ഗോപി പടത്തിലെ ഡയലോഗാന്നാണോ കരുതിയേ? എങ്കിൽ തെറ്റി. കേരളത്തിലെ പകുതിയിലേറെ കുടുംബങ്ങളിലും ഭർത്താക്കന്മാർ ഭാര്യമാർക്കുനേരെ വീശുന്ന ചില ഡയലോഗുകളുടെ സാംപിൾ മാത്രമാണിത്. ഡയലോഗു മാത്രമല്ല, മാഫിയ ശശിയെ വെല്ലുന്ന ആക്ഷൻ രംഗങ്ങളുമുണ്ടെന്നാ ദേശീയ കുടുംബാരോഗ്യ സർവേ നടത്തിയ സാറന്മാർ കണ്ടെത്തിയിരിക്കുന്നത്. സ്വാഭാവികം! അല്ലെങ്കിലും കുടുംബമാകുമ്പോ അൽപസ്വൽപം ആക്ഷനും പഞ്ചു ഡയലോഗുമൊന്നും ഇല്ലെങ്കിൽ പിന്നെന്തോന്നു രസം.. കൂടുമ്പോ ഇടികൂടുന്നതൊക്കെ ഒരു ത്രില്ലല്ലേ.. അല്ലെങ്കിൽ പിന്നെ ഒരു മാതിരി അവാർഡ് പടം പോലെ അതിയാനും പെൺപെറന്നോളും ഇങ്ങനെ മുഖത്തോടു മുഖം നോക്കി മിണ്ടാതിരിക്കണ്ടേ... 

സർവേക്കല്ലുപോലും ഞെട്ടിത്തെറിക്കുന്ന മറ്റൊരു കണ്ടെത്തലും സാറന്മാർ നടത്തി; ഭാര്യയെ ഭർത്താവ് മർദിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നാണത്രേ 52 ശതമാനം പെണ്ണുങ്ങളുടെയും ഉള്ളിലിരിപ്പ്! ഹമ്പടി കേമികളേ.. അതു വല്ലാത്തൊരു ഉള്ളിലിരുപ്പായിപ്പോയല്ലോ... നിങ്ങളീ പെൺവർഗത്തിന്റെ മുഴുവൻ മാനം കളയുമെന്നാ തോന്നണേ... അപ്പോ ഒരു ചെറ്യേ സംശയം... ഈ ഉള്ളിക്കണ്ണീരുമൊലിപ്പിച്ചു മോങ്ങണ പെണ്ണുങ്ങളൊക്കെ വീട്ടിലെ അങ്ങേരുടെ സ്റ്റണ്ട് കഴിഞ്ഞ് വിസിലടിക്കുകയോ കൂക്കിവിളിച്ചു സന്തോഷിക്കുകയോ ചെയ്താൽ പോരേ... എന്നാത്തിനാ മൂക്കുംപിഴിഞ്ഞ് മൂലയ്ക്കിരിക്കുന്നേ...? അങ്ങേര് വളരെ ന്യായമായ കാര്യത്തിനല്യോ കരണത്തു രണ്ടു പൊട്ടിച്ച് കുനിച്ചുനിർത്തി കഴുത്തിനു കുത്തിപ്പിടിച്ച് ചുമരേൽ തേച്ച് അടിവയറ്റിനു രണ്ടു തൊഴീം വച്ചുതന്നത്...! 

കുഞ്ഞുങ്ങളെ നോക്കാത്ത, വീട്ടുകാര്യങ്ങൾ ചെയ്യാത്ത, ഭർതൃ വീട്ടുകാരോടു ബഹുമാനമില്ലാത്ത സ്ത്രീയെ ഭർത്താവ് മർദിക്കുന്നതിനാണ് 52 ശതമാനം സ്ത്രീകളും സ്തുതി പറഞ്ഞതെന്നാണ് ദേശീയ കുടുംബാരോഗ്യ സർവേയിൽ വെളിപാടുണ്ടായത്. അപ്പോ വേറെ ഒരു സംശയം.. ഇതേ പോക്രിത്തരം കാണിക്കുന്നത് ഭർത്താവാണെങ്കിലോ... 

കൊച്ചിനെനോട്ടത്തിൽ പിഎച്ച്ഡി പോയിട്ട് നാലാംക്ലാസ് പോലും പാസാകാത്ത എത്ര അച്ഛന്മാരുണ്ട് നമുക്കുചുറ്റും...  അച്ഛനാണത്രേ അച്ഛൻ...! പിന്നെ വീട്ടുകാര്യം.. അത് പെണ്ണുങ്ങൾക്കു പറഞ്ഞിട്ടുള്ളതല്ലേ... ഞങ്ങൾ ആണുങ്ങളുടേത് പൊതു കാര്യമല്ലേ എന്നും പറഞ്ഞ് നാൽക്കവലയ്ക്കൽ പോയി കുന്തിച്ചിരുന്ന് വെടിവട്ടം പറഞ്ഞും ശിങ്കിടികളുടെ കൂടെ മോന്താൻ പോയും നട്ടപ്പാതിരായ്ക്കു നാലു കാലി‍ൽ വീട്ടിൽ കേറി വന്ന് ചട്ടീം കലോം ചവിട്ടിപ്പൊട്ടിക്കണ ആൺപെറന്നോന്മാരെ എന്തു ചെയ്യണം... അതിയാന്റെ വീട്ടുകാരോട് കന്നംതിരിവു കാണിച്ചാൽ അവൾടെ കരണത്തു രണ്ടു പൊട്ടിക്കാമെങ്കിൽ അവൾടെ വീട്ടുകാരെക്കുറിച്ച് തോന്ന്യാസം പറഞ്ഞാൽ തിരിച്ച് അവനും രണ്ടു പെട കൊടുക്കുന്നതിനെപ്പറ്റി പെണ്ണുങ്ങൾ സീരിയസായി ആലോചിച്ചുതുടങ്ങണ്ടേ.... 

പോക്കണംകേട് കാണിച്ചാൽ കെട്ട്യോൾക്കിട്ട് രണ്ടു പെടയ്ക്കാമെങ്കിൽ കെട്ട്യോനും കിട്ടണ്ടേ? അല്ലാ, അതല്ലേ ന്യായം? എനിക്കു തോന്നുന്നേ സർവേക്കാര് അങ്ങനൊരു ചോദ്യം അവളുമാരോട് ചോദിച്ചുകാണില്ല... ചോദിച്ചിരുന്നെങ്കിൽ ഇപ്പോ കാണായിരുന്നു. ഊരും പേരും ആധാർ കാർഡുമൊന്നും വെളിപ്പെടുത്തേണ്ടിവരില്ലെന്ന് ഉറപ്പിച്ചാൽ കുറെ പെണ്ണുങ്ങളൊക്കെ അതു സമ്മതിച്ചു തന്നേനേ... അല്ലെങ്കിലും എത്രയോ വട്ടം അതിയാനു നേരെ മനസ്സുകൊണ്ടെങ്കിലും കയ്യോങ്ങിക്കഴിഞ്ഞിട്ടുണ്ടാകും മിക്ക അവളുമാരും.... 

പിന്നെ വേറൊരു ലൈനുണ്ട്. ‘വെള്ളമടിച്ചുകോൺതിരിഞ്ഞ് പാതിരാത്രി കേറി വരുമ്പോ എനിക്കു കാലു മടക്കിത്തൊഴിക്കാൻ ഒരു പെണ്ണിനെ വേണം’ എന്നു ലാലേട്ടൻ തലേക്കെട്ടുംകെട്ടി പറയുംപോലെ മെയിൽ ഷോവനിസം അസ്ഥിക്കു പിടിച്ച ചെലർ. പെണ്ണിന്റെ കണ്ണീരു വീഴ്ത്തിയില്ലെങ്കിൽ ആണത്തം അര ഔൺസെങ്ങാനും കുറഞ്ഞുപോയെങ്കിലോ എന്നു കരുതി ചുമ്മാ ഷോ കാണിക്കുന്ന ചെലർ. ഇത്തരക്കാർക്ക് ഓഡിയൻസ് വേണമെന്നത് നിർബന്ധമാ. അതുകൊണ്ടല്ലേ ഇവർക്ക് നാലാളു കേൾക്കെ പൊതു ഇടങ്ങളിൽ വച്ച് കെട്ട്യോൾടെ മെക്കട്ടു കേറാൻ ഒരു മടിയുമില്ലാത്തത്. പാവം കെട്ട്യോള് അതുംകേട്ട് കണ്ണുംനിറച്ച് കവിളും വീർപ്പിച്ച് കുട്ട്യോളേം വാരിപ്പെറുക്കി പിന്നാലെ തലകുമ്പിട്ടു പിന്നാലെ വരുമെന്ന് അയാൾക്കറിയാം... 

ആണുങ്ങളെ മാത്രം പറഞ്ഞാൽ ചെലപ്പോ ശരിയാവൂല്ല. കുഞ്ഞായിരിക്കുമ്പോ അച്ഛന്റേം കൗമാരത്തിൽ ചേട്ടായീടേം കല്യാണം കഴി‍ഞ്ഞാൽ അങ്ങേരുടേം കൈത്തരിപ്പ് അറിഞ്ഞില്ലേൽ എന്തോ ഒരു ഏനക്കേടു മാതിരി തോന്നണ കുലസ്ത്രീകൾടെ കാര്യാ പറഞ്ഞേ.. എന്നെ രണ്ടു പൊട്ടിച്ചാലും സാരംല്യാ ഏട്ടാ.. സ്നേഹം കൊണ്ടല്ലേ എന്നും പറഞ്ഞ് കടുപ്പത്തിൽ ഒരു ചായയുണ്ടാക്കിക്കൊടുത്ത് ഏട്ടന്റെ ക്ഷീണം മാറ്റുന്ന പെണ്ണുങ്ങളും ഇല്ലാതില്ല.. ‘പെണ്ണായാൽ രണ്ടു പെടയൊക്കെ കിട്ടീന്നിരിക്കും.. അതുംമേടിച്ച് വീട്ടിൽ മിണ്ടാണ്ടിരുന്നോണം.. അല്ലാതെ പെട്ടീംതൂക്കി വീട്ടിലേക്കിറങ്ങിപ്പോന്നേക്കല്ലേ മക്കളേ..’ എന്നു പെൺമക്കളെ കല്യാണത്തലേന്ന് ഉപദേശിച്ച് പണ്ടാരമടക്കുന്നത് ഈ ടൈപ്പ് അമ്മമാരല്ല്യോ... നമ്മുടെ നാട്ടിലെ സന്തുഷ്ട കുടുംബവ്യവസ്ഥിതിയുടെ ആണിക്കല്ലു തന്നെ ഈ ഉപദേശത്തിലാണേ.... അല്ലെങ്കിൽ എത്ര കുടുംബങ്ങൾ സുല്ല് പറഞ്ഞു പിരിഞ്ഞേനേ... ഇതിപ്പോ രണ്ടു ചവിട്ടും തൊഴീം കിട്ടിയാലും ആരോടുമൊന്നും പറയാതെ മനസ്സിലടക്കിയോ മറന്നോ അങ്ങു ജീവിച്ചോളൂം പെണ്ണുങ്ങളിൽ മിക്കവരും. 

ഈ മിണ്ടാപ്പൂച്ച ചമയലിലാണ് കുടുംബജീവിതത്തിന്റെ വിജയ രഹസ്യം. പഴഞ്ചൊല്ലിലെ മിണ്ടാപ്പൂച്ചയേ കലമുടയ്ക്കൂ.. കുടുംബജീവിതത്തിലെ മിണ്ടാപ്പൂച്ച കരിക്കലം മോറിമോറി കാലം കഴിക്കുകയേയുള്ളൂ... എന്തായാലും ന്യൂജെൻ ആണുങ്ങളൊക്കെ ഒന്നു സൂക്ഷിക്കുന്നതു നല്ലതാ... പുതിയ കാലത്തെ അമ്മമാർക്ക് കുറച്ചൊക്കെ വെളിവുവച്ചു തുടങ്ങിയിട്ടുണ്ട്... അതുകൊണ്ട് പെൺമക്കൾക്കുള്ള സർവംസഹ ഉപദേശത്തിന്റെ റേറ്റിങ് കുറഞ്ഞുവരുന്നുണ്ട്... പെൺപിള്ളേരാണെങ്കിൽ അത്യാവശ്യം പഠിപ്പും പത്രാസും ജോലീം കൂലിമൊക്കെയായി പുഷ്ടിപ്പെട്ടുവരുന്നുണ്ട്. ചിലര് ജിമ്മിലൊക്കെ പോയി  ഉഷാറാകുന്നുമുണ്ട്. അതുകൊണ്ട് ചവിട്ടുംതൊഴിയും കൊടുക്കാൻ ചെല്ലുന്നോര് തിരിച്ചുകിട്ടാനുള്ള സാധ്യത അങ്ങനങ്ങ് തള്ളിക്കളയാതിരിക്കുന്നതാ അവനവന്റെ ആരോഗ്യത്തിനു നല്ലത്.. ഗീവ് ആൻഡ് ടേക്ക്.. കൊടുക്കുക, തിരിച്ചുമേടിക്കുക.. അതിപ്പോ തല്ലായാലും തലോടലായാലും... ആ സ്പോർട്സ്മാൻസ്പിരിറ്റ് ഉണ്ടാവണമെന്നു മാത്രം... വരുംകാലത്തെ സർവേകളിൽ ഈ അടിക്കണക്കിൽ ഒരു സന്തുലനം ഉണ്ടാകട്ടെ എന്നു പ്രതീക്ഷിക്കാം... അല്ലെങ്കിൽപിന്നെ കുടുംബജീവിതം ക്വൊട്ടേഷൻ ഏർപ്പാടാക്കി മാറ്റാതെ സന്തോഷകരമാക്കി ജീവിച്ചാട്ടെ.. അതിപ്പോ ഒരുമിച്ചായാലും ശരി.. ഒറ്റയ്ക്കായാലും ശരി...

Content Summary: Pink Rose column by Riya Joy on Domestic Violence

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS