ഇതെന്റെ ശരീരം; മാർക്കിടാൻ നിങ്ങളാര്?

pink-rose-column-ria-joy-my-body-my-rights-article
Photo Credit : Shutterstock.com
SHARE

കുഞ്ഞുപുള്ളിയുടുപ്പുമിട്ട് പാവക്കുട്ടിയെയും ഒക്കത്തുവച്ചു പൂമ്പാറ്റയെപ്പോലെ പാറി നടന്നിരുന്ന പെൺകുട്ടി പെട്ടെന്നൊരു ദിവസം ‘മുതിർന്ന പെണ്ണാ’യി മാറുന്നത് ഒരു വല്ലാത്ത ജാതി അദ്ഭുതം തന്നെ. അന്നുതൊട്ടു സ്വന്തം ശരീരത്തെ ചുറ്റിപ്പറ്റി സമൂഹം പെൺകുട്ടികൾക്കു കൊടുക്കുന്ന മാനസിക സമ്മർദം അല്ലറചില്ലറയൊന്നുമല്ല. ആ ദിവസം മുതൽ അവളുടെ നടപ്പുമെടുപ്പുമൊക്കെ പൊതുവിചാരണയ്ക്കുള്ള വിഷയമായിത്തീരുന്നു. അവൾക്കുള്ള ഉടുപ്പു തുന്നിക്കുന്നതുപോലും നാട്ടുകാർ പറഞ്ഞുറപ്പിച്ച അളവിലായിരിക്കണമല്ലോ. സ്വാതന്ത്ര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സ്റ്റേറ്റ്മെന്റ് ആകേണ്ട ശരീരം ആ ദിവസം മുതൽ അവളെ വീർപ്പുമുട്ടിക്കാൻ തുടങ്ങുകയായി. 

കൃഷ്ണകാന്തിപ്പൂക്കളിലേക്കു വസന്തം ഇതൾ വിടർത്തുന്ന പോലെ വിരിയുകയും തളിരിടുകയും ചെയ്യുന്ന അവളുടെ ശരീരം പിന്നീടവൾക്ക് ഒതുക്കുകയും മറയ്ക്കുകയും വരിഞ്ഞുകെട്ടിയടക്കി നിർത്തുകയും ചെയ്യേണ്ട ഒന്നായി മാറുന്നു. ഓരോ വിരിവും വളർച്ചയും അഴകുമരികും പൊത്തിപ്പിടിച്ചും ഒളിപ്പിച്ചും വേണം അവൾക്കു പുറത്തിറങ്ങാൻ. ‘ഓരോന്നു പറയിപ്പിക്കാൻ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്’ എന്ന പഴി എപ്പോഴെങ്കിലും കേൾക്കാത്ത പെണ്ണുങ്ങളുണ്ടാവില്ല.  ഒന്നു നന്നായി അണിഞ്ഞൊരുങ്ങിയാൽ, മുടിയൊന്നു പാറിപ്പറത്തിയിട്ടാൽ, കൗമാരമോ നിറയൗവനമോ പുറത്തറിയുംവിധം ഉടുപ്പുകൾ ഇറുക്കെത്തുന്നിച്ചിട്ടാൽ കേൾക്കാം.. ‘കണ്ടില്ലേ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്...’

കോൺവെന്റ് സ്കൂളിലായിരുന്നു കുറച്ചുനാളത്തെ പഠനം. കൗമാരത്തിലേക്കു ടേക്ക് ഓഫിനൊരുങ്ങിനിൽക്കുന്ന പ്രായം. അന്നത്തെ പി.ടി. ക്ലാസുകളിൽ ഗ്രൗണ്ടിനു ചുറ്റും രണ്ടു റൗണ്ട് ഓട്ടമാണ് ആദ്യ ഐറ്റം. നേവി ബ്ലൂ നിറത്തിൽ മുട്ടോളമെത്തുന്ന പാവാടയും വെള്ള ഷർട്ടുമാണ് യൂണിഫോം. പ്രായത്തിൽ കവിഞ്ഞ ശരീര വളർച്ചയുള്ളവരും മെലിഞ്ഞവരുമൊക്കെയായി പല തരത്തിൽ പെട്ട പെൺകുട്ടികൾ അങ്ങനെ നിരന്നുനിൽക്കുമ്പോൾ പി.ടി. ടീച്ചർ ആദ്യ വിസിൽ മുഴക്കുകയായി. പിന്നെ, നിർത്താതെ ഓടിക്കൊള്ളണം. ഓട്ടത്തിന്റെ വേഗത്തിനൊപ്പമെങ്ങാനും മാറിടങ്ങൾ ഇളകിയുലയുന്നതു കണ്ടാൽ ടീച്ചർ ആ പെൺകുട്ടികളെ പ്രത്യേകം വിളിച്ചു മാറ്റിനിർത്തും. എന്നിട്ട്, കൈകൊണ്ട് നെഞ്ചിലമർത്തിപ്പിടിച്ചുവേണം ഓടാൻ എന്ന മട്ടിൽ ഉപദേശ ക്ലാസ് തുടങ്ങും. അപമാനിതരെപ്പോലെ തലതാഴ്ത്തി ആ പെൺകുട്ടികൾ പിൻനിരയിൽ പോയി ഒളിക്കും.

ക്ലാസുകളിൽ ഉഴപ്പിയാൽ, പരീക്ഷയ്ക്ക് അൽപം മാർക്ക് കുറഞ്ഞാൽ അമിത ശരീര വളർച്ചയുള്ള പെൺകുട്ടികളെ നോക്കി ചില അധ്യാപകർ ‘നിന്റെ മനസ്സിലൊക്കെ മറ്റേ വിചാരമാണല്യോടി..’ എന്നു പരസ്യമായി വിളിച്ചുപറയുന്നത് ഇപ്പോഴും മറന്നിട്ടില്ല. എല്ലാവരുടെയും മുൻപിൽ ശിരസ്സു താഴ്ത്തി തോളെല്ലുകൾ അൽപംകൂടി മുന്നോട്ടു കുനിച്ച് സ്വന്തം ശരീരത്തെ ഒറ്റിക്കൊടുത്തുകൊണ്ടുള്ള ദയനീയമായ എത്രയെത്ര പെൺനിൽപുകൾ അന്നു കണ്ടിട്ടുണ്ട്. വ്യഭിചാരക്കുറ്റത്തിന് മാറിൽ ‘എ’ (അഡൽറ്ററി) എന്ന ചുവന്ന അക്ഷരം ചാപ്പകുത്തി ജീവിക്കേണ്ടി വന്ന ഒരു യുവതിയുടെ കഥയുണ്ട്; നതാനിയേൽ ഹോതോണിന്റെ ‘ദ് സ്കാർലെറ്റ് ലെറ്റർ’. കോളജുകാലത്ത് ആ നോവൽ വായിച്ചപ്പോൾ പണ്ടു ഹൈസ്കൂളിൽ സ്വന്തം മാറിടങ്ങളിലാരോപിച്ച പാപഭാരമോർത്തു നൊമ്പരപ്പെട്ട ആ കൂട്ടുകാരികളെ ഓർമിക്കാതിരിക്കാൻ കഴിഞ്ഞില്ല. 

ഇതൾകൂമ്പിയും വിടർന്നും തൂങ്ങിയും ഭാരപ്പെട്ടും ശ്വാസംമുട്ടിച്ചുമങ്ങനെ പലർക്കും പലവിധമുണ്ടാകുന്ന ശരീരവളർച്ച കണ്ട് ഹോർമോണുകളുടെ ഓരോരോ ലീലാവിന്യാസമെന്ന് സമാധാനിപ്പിക്കുന്നതിനു പകരം അവളുടെ വ്യക്തിത്വത്തെക്കൂടി അതിനൊപ്പം കൂട്ടുപ്രതി ചേർക്കണോ? അല്ലെങ്കിലും പരപുരുഷന്മാരെ വശീകരിക്കാനുള്ള ക്വട്ടേഷനുംകൊണ്ട് ഇറങ്ങിത്തിരിച്ചിരിക്കുകയാണോ എല്ലാ പെണ്ണുങ്ങളും? അവളുടെ ശരീരം അവളുടെ സ്വാതന്ത്ര്യവും സന്തോഷവുമാണ്. ശരീരത്തിന്റെ ഓരോ തുടിപ്പിലും മിടിക്കുന്നത് അവളുടെ ഹൃദയംകൂടിയാണ്... അതിന്റെ അരുതുകളും അനുവാദങ്ങളും അവൾ നിശ്ചയിക്കട്ടെ... അല്ലെങ്കിലും പെണ്ണിന്റെ ഉടലഴകളന്നുകുറിച്ചും ഉടുതുണിയുടെ നീളമളന്നും അവളുടെ മാദകത്വത്തിനു മാർക്കിടാൻ നിങ്ങളോടാരു പറഞ്ഞു...?

Content Summary : Pink Rose Column by Riya Joy - My Body My Rights

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS