ഗംഗയിപ്പോ പോകണ്ടാ... അതെന്താ ഞാൻ പോയാല്...?

freedom-beautiful-girl-jumping
Representative Image. Photo Credit: Dalibor Sevaljevic / Shutter Stock
SHARE

–ഗംഗയിപ്പോ പോകണ്ടാ...

–അതെന്താ... ഞാൻ പോയാല്?

–ഗംഗയിപ്പോ പോകണ്ടെന്നല്ലേ പറഞ്ഞേ...

–അതെന്താ... നീയെന്നെയെങ്കെയും വിടമാട്ടേ...

 അയോഗ്യ നായേ...#*$#@#....

ഏതു മണിച്ചിത്രത്താഴിട്ടു പൂട്ടിയാലും നമ്മുടെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന നാഗവല്ലി ഇതുപോലെ ചിലപ്പോഴൊക്കെ പുറത്തുചാടാറില്ലേ? കുറ്റം പറയാനൊക്കുമോ? നമ്മൾ പെണ്ണുങ്ങൾക്കുമില്ലേ മോഹങ്ങൾ? വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ദി ഫൺ? കുട്ടിക്കാലം മുഴുവൻ കെട്ടിപ്പൂട്ടി വീട്ടിനകത്തു തന്നെയായിരിക്കും മിക്ക പെൺപിള്ളേരുടെയും ജീവിതം. മുറ്റത്തിറങ്ങിയാൽ അയലത്തെ പയ്യൻ സൈറ്റടിച്ചാലോ വഴി നടന്നാൽ ബസിലെ കിളി ലൈനടിച്ചാലോ എന്നൊക്കെ പേടിച്ച് തന്തേം തള്ളേം എത്ര ദെണ്ണപ്പെട്ടാണെന്നോ പെൺമക്കളെ വളർത്തുന്നത്. കോളജിലെത്തിയിട്ടു വേണം അടിച്ചുപൊളിക്കാൻ എന്നു മനഃപ്പായസം വച്ചുകാത്തിരിക്കുമ്പോഴായിരിക്കും സ്ഥലത്തെ പ്രധാന ബ്രോക്കർമാർ കക്ഷത്തിലൊരു സഞ്ചീം അതിൽകുറേ ‘കോന്തന്മാരുടെ’ ഫോട്ടോയും കൊണ്ട് വീടു കയറിനിരങ്ങാൻ തുടങ്ങുക. കഷ്ടകാലത്തിനെങ്ങാനും ഒരു ജോലി കിട്ടിപ്പോയാൽ തീർന്നു. അപ്പോത്തന്നെ പിടിച്ചു കെട്ടിച്ചുകളയും... 

‘ഇനി നീയായി നിന്റെ പാടായി... അതിയാനേം കൊച്ചുങ്ങളേം നോക്കി സന്തോഷായി ജീവിക്ക’ എന്ന ആശീർവാദവും മേടിച്ച്, കെട്ട്യോന്റെ വീട്ടിലേക്കു പുതുമോടിയായി കയറിച്ചെല്ലുമ്പോൾ നമ്മൾ പെണ്ണുങ്ങൾ വിചാരിക്കും ഇനിയെങ്കിലും ഒന്നു സുഖിക്കാമെന്ന്... പൊന്നേ കരളേ എന്നൊക്കെയുള്ള ആദ്യനാളുകളിലെ വിളിയിൽ നമ്മൾ അങ്ങലിഞ്ഞുപോകും. പിന്നെപ്പിന്നെയല്യോ കാര്യങ്ങൾ കൈവിട്ടുപോയോന്നൊരു വേവലാതി മനസ്സിലുയർന്നു തുടങ്ങുക. കൊച്ചുംപീച്ചീം വീട്ടുപ്രാരാബ്ദങ്ങളുമൊക്കെയായി പെണ്ണുങ്ങൾക്കെവിടെയാ വേറെ സമയം. അതിനിടയിൽ അല്ലിക്ക് ആഭരണമെടുക്കാനോ വല്ലപ്പോഴും കൂട്ടുകാരികളുടെ കൂടെ അടിച്ചുപൊളിക്കാനോ മോഹിച്ചുവച്ച വെള്ളം അങ്ങു വാങ്ങിവയ്ക്കുകയേ നിവൃത്തിയുള്ളൂ. വീട്ടിലെ ആണുങ്ങൾക്കു പിന്നെ അടുപ്പിലുമാകാം എന്നു പറഞ്ഞപോലെ തോന്നുമ്പോ പുറത്തേക്കു പോകാം... കൂട്ടുകാർക്കൊപ്പം ഉല്ലസിക്കാം.. വൈകിട്ടൊന്നു മിനുങ്ങി നാലു കാലിൽ കേറി വരാം.. അങ്ങനെയെന്തുമാകാം. പക്ഷേ കുടുംബത്തിലെ പെണ്ണുങ്ങൾക്ക് ഇതൊന്നും പറഞ്ഞിട്ടില്ലെന്നു മാത്രം. 

അതെങ്ങനെയാ.. പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളുടെ ഡ്യൂട്ടി ഷിഫ്റ്റല്ലോ പെണ്ണുങ്ങൾക്ക്. പൂമുഖത്തുനിന്നു കയറിപ്പോന്നാൽ പിന്നെ അടുക്കളയിൽ അരകല്ലിന്മേൽ ചന്ദനം പോലെ അരഞ്ഞുതീരാനും നിലവിളക്കിലെ തിരിപോലെ കത്തിത്തീരാനും പെൺജന്മം പിന്നെയും ബാക്കി. ഇതിനിടയിലെവിടെയാ അവൾക്കൊന്നു നടുനിവർത്താൻ സമയം? നിന്നുതിരിയാൻ നേരമില്ലാതിരിക്കുമ്പോഴാകും കൂട്ടുകാരികളുടെ വാട്സാപ് ഗ്രൂപ്പിലോ മെസഞ്ചറിലോ പ്രതീക്ഷയുടെ ഒരു പച്ചവെളിച്ചം മിന്നിത്തെളിയുക.... ‘ ഒരു യാത്ര പോയാലോ...’ നമ്മൾ അപ്പോത്തന്നെ മലർപ്പൊടിക്കാരനെപ്പോലെ സ്വപ്നം കണ്ടു തുടങ്ങും. മുട്ട വിറ്റോ ചിട്ടി പിടിച്ചോ കേക്കുണ്ടാക്കി വിറ്റോ കുറച്ചു പൈസയൊക്കെ സ്വന്തം പഴ്സിൽ സ്വരുക്കൂട്ടിയിട്ടുണ്ടാകും. ഉദ്യോഗസ്ഥകളുടെ കാര്യമാ ഇമ്മിണി കഷ്ടം. കിട്ടുന്ന ശമ്പളം അണ പൈസ കുറയ്ക്കാതെ മേടിച്ചെടുക്കുവല്ലോ അതിയാൻ. എന്നാലും കുറച്ചൊക്കെ നോട്ടുകൾ ചുരുട്ടിയെവിടെങ്കിലും സൂക്ഷിച്ചുവച്ചിട്ടുണ്ടാകും. 

അതൊക്കെ എണ്ണിത്തിട്ടപ്പെടുത്തിക്കഴിഞ്ഞാൽ പിന്നെ പെണ്ണുങ്ങളെല്ലാരും കൂടി വാട്സാപ്പിൽ വട്ടംകൂടിയിരുന്ന് യാത്രയ്ക്കുള്ള പ്ലാനിങ് തുടങ്ങും. കൊച്ചിന്റെ ക്ലാസ് ടെസ്റ്റ് മുതൽ അമ്മായിയമ്മേനെ ഡോക്ടറെ കാണിക്കേണ്ട തീയതി വരെ കൂട്ടിക്കിഴിച്ചു ഗണിച്ചുവേണം ഒഴിവുള്ളൊരു ദിവസം യാത്രയ്ക്കു തിരഞ്ഞെടുക്കാൻ. അങ്ങനെയെല്ലാ പെണ്ണുങ്ങളുടെയും ഒഴിവിനനുസരിച്ച് ഒരു തീയതി ഫിക്സ് ചെയ്തു കഴിഞ്ഞാൽപിന്നെ നെഞ്ചിനകത്തെന്തൊരു പെടപെടപ്പാണെന്നോ. എത്രയോ നാളുകൂടിയാണ് ഈ ചട്ടീംകലോം തേയ്ക്കാതെ, കരീം പുകേം കൊള്ളാതെ ഒരു ദിവസം കിട്ടാൻ പോകുന്നത്. അതും ഏറ്റവും ചങ്കായ ചങ്കത്തികളുടെകൂടെ... പെണ്ണുങ്ങളുടെ മനസ്സിൽ പെരുമ്പറ മുഴങ്ങാൻ കാരണം വേറെ വല്ലതും വേണോ? ഇനിയങ്ങോട്ടുള്ള ദിവസങ്ങൾ വളരെ സൂക്ഷ്മതയോടെ വേണം കൈകാര്യം ചെയ്യാൻ. നല്ല ഭാര്യയായും നല്ല മരുമകളായും വീട്ടുകാരെ മുഴുവൻ സോപ്പിട്ടു നിർത്തണ്ടായോ. അല്ലെങ്കിലേ മനസ്സില്ലാമനസ്സോടെയാണ് അതിയാൻ യാത്രയ്ക്ക് അനുവാദം തന്നിരിക്കുന്നത്. ഈ അനുവാദം എന്നു പറയുന്നത് ഒരു പളുങ്കുപാത്രം പോലെയല്യോ.. നമ്മൾ എത്ര സൂക്ഷിച്ചു പിടിച്ചാലും ചിലപ്പോൾ മറ്റുള്ളവരായിട്ടു താഴെയിട്ടു തട്ടിപ്പൊട്ടിക്കും. അതുകൊണ്ട് കണ്ടും പറഞ്ഞും നല്ലപുള്ള ചമഞ്ഞു നിന്നേക്കണം. ഇല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ആ അനുവാദം വീട്ടുകാർ അവരുടെ വീറ്റോ പവർ ഉപയോഗിച്ചു തിരിച്ചെടുക്കും. പിന്നെ ഞഞ്ഞാ പിഞ്ഞ പറഞ്ഞിട്ടെന്തു കാര്യം. 

യാത്രയടുക്കുന്തോറും വീട്ടുകാരുടെ ആവലാതികൾ പെരുകിവരും. സ്വാഭാവികം! അതുവരെയില്ലാതിരുന്ന ചില ആശങ്കകളൊക്കെ കാണിക്കാൻ തുടങ്ങും. ‘‘ദൂരയാത്രയാണ്.. സേയ്ഫാണോ... നമുക്ക് ഫാമിലിയായി പിന്നീടൊരിക്കൽ പോയാൽ പോരേ...’’ എന്നായിരിക്കും ചില അതിയാന്മാരുടെ പുന്നാരം.. ഓ.. പിന്നേ.. ഈ പറച്ചിലു നമ്മൾ ആദ്യായി കേൾക്കുന്നതല്ലല്ലോ. ഇത്രനാളായിട്ടു പള്ളിയിലെ പാട്ടുകുർബാനയ്ക്കല്ലാതെ എങ്ങും കൊണ്ടുപോകാത്ത മനുഷ്യനാണ്... എന്നിട്ടിപ്പോ ഓരോ മുടക്കം പറഞ്ഞു വന്നിരിക്കുന്നു.. പക്ഷേ, നമ്മൾ ഈ ഘട്ടത്തിൽ സംയമനം പാലിച്ചേ മതിയാകൂ.. അച്ചായന്റെ കൂടെ എപ്പോൾ വേണമെങ്കിലും പോകാലോ... അല്ലെങ്കിലും അച്ചായൻ സ്നേഹമുള്ളവനാ എന്നൊക്കെ പറഞ്ഞ് ആ തീ അപ്പോഴേ തല്ലിക്കെടുത്തിയേക്കണം.. അതുകൊണ്ടൊന്നും തീർന്നില്ല. പിന്നെ അവർ അടുത്ത അടവുമായി വരും. ‘‘നീ പോയാലെങ്ങനെ ശരിയാവും. ഇവിടെ പശുവിനു പുല്ലു വെട്ടണ്ടേ.. അമ്മേടെ കാലിൽ കുഴമ്പിടണ്ടേ... ജോലിക്കാരി വച്ചുവിളമ്പുന്നതൊന്നും അച്ഛന് ഇറങ്ങൂല്ലെന്ന് അറിഞ്ഞൂടെ... ’’ ഓ പിന്നേ.. പശൂന് ആരു പുല്ലരിഞ്ഞാലും ഇറങ്ങുകേലേ? അമ്മേടെ കാലിൽ സ്വന്തം മകനു തന്നെ ഒരു ദിവസം കുഴമ്പിട്ടാലെന്താ... എന്നൊക്കെ നമ്മൾക്കു മുറുമുറുപ്പു തോന്നിയാലും അതൊന്നും ഉറക്കെപ്പറഞ്ഞ് ഉള്ള കഞ്ഞീല് പാറ്റ വീഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

അങ്ങനെ നൂറുനൂറു കാരണങ്ങളുണ്ടാകും നമ്മെ ആ വീട്ടിൽനിന്നു പുറത്തിറക്കാതിരിക്കാൻ... തോന്നുമ്പോ തോന്നുമ്പോ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോയി എപ്പോഴൊക്കെയോ കേറിവരുന്ന അതിയാനില്ലല്ലോ ഇത്ര ദെണ്ണം... നമ്മളൊരു ദിവസം വീട്ടിലില്ലെങ്കിൽ വീട് തലകുത്തിനിൽക്കുമോയെന്നുപോലും തോന്നിപ്പിക്കുന്ന വിധമായിരിക്കും അവരുടെ ഓരോരോ നമ്പറുകൾ.. സാരമില്ല.. ഇതൊക്കെ എല്ലാ വീട്ടിലും പതിവാണ്... ഏതെങ്കിലും പെണ്ണുങ്ങൾ വീടിനു പുറത്തൊരു ലോകം കാണുന്നുണ്ടെങ്കിൽ അവരൊക്കെ ഇത്തരം മുട്ടായുക്തികളോടു കുറച്ചെങ്കിലും പയറ്റിത്തെളിഞ്ഞു പിടിച്ചുനിൽക്കുന്നവരാണ്.. പക്ഷേ അതുകൊണ്ടൊരു കുഴപ്പമുണ്ട്. ഇത്രനാളുണ്ടാക്കിയെടുത്ത ആ നല്ല കുടുംബിനി ഇമേജങ്ങു പോയെന്നു വരും... പക്ഷേ പതിവുപഴികളുടെയും പങ്കപ്പാടിന്റെയും ആ മുട്ടത്തോടൊന്നു പൊട്ടിച്ചു പുറത്തുവരാൻ കഴിഞ്ഞാൽ നമ്മെ ‌കാത്തിരിക്കുന്നുണ്ട് സ്വാതന്ത്ര്യത്തിന്റെ മറ്റൊരു ലോകം. അതിനു ഫെമിനിസ്റ്റാകുകയോ ഭർത്താവിനെ ഭരിക്കുകയോ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. എന്റെ ജീവിതം ഇടയ്ക്കെങ്കിലും എന്റെകൂടി സന്തോഷങ്ങൾക്കു വേണ്ടിയാണെന്നും മറ്റുള്ളവരുടെ സൗകര്യത്തിനുവേണ്ടി മാത്രമല്ലെന്നും നമ്മൾ നമ്മെത്തന്നെ ഒന്നു വിശ്വസിപ്പിച്ചെടുത്താൽ മാത്രം മതി.... പറഞ്ഞപോലെ, വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ദ് ഫൺ ???

Content Summary: Pink rose column by riya joy on obstacles women face while planning trips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA