ക്യൂനിന്ന ഒരുപാട് റോസാപ്പൂക്കളും ഒരേയെ‍ാരു റാഹേലമ്മയും

senior-woman-gathering-flowers-garden-middleaged
Representative Image. Photo Credit : Mariia Boiko/Shutterstock.com
SHARE

‘‘എപ്പോഴെങ്കിലും പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടോ? ആരോടായിരുന്നു നിങ്ങളുടെ പ്രണയം?’’

അലക്കുകല്ലിനടുത്തു കുന്തിച്ചിരുന്ന് അയല വെട്ടുന്നതിനിടയിലാണ് റാഹേലമ്മ, അടുക്കളജനാലയ്ക്കലേക്ക് ആന്റിന തിരിച്ചുവച്ച റേഡിയോയിൽനിന്ന് ആ ചോദ്യം കേട്ടത്. ‘ന്റെ പുണ്യാളാ... പിള്ളേരൊക്കെ കേൾക്കണ റേഡിയോയിൽനിന്ന് ഇമ്മാതിരി കന്നംതിരിവുകളാണോ ഓരോരുത്തികളിരുന്ന് രാവിലെതന്നെ പടച്ചുവിടണത്.’ അയല വെട്ടി ഉപ്പുകല്ലുംകൂട്ടിത്തിരുമ്മുന്നതിനിടയിൽ റാഹേലമ്മയുടെ പിറുപിറുക്കല് കേട്ട് അകത്തുനിന്ന് മൂത്ത മോള് സൂസി വിളിച്ചുകൂവി; ‘‘അതു പിന്നെ ഇന്ന് വാലന്റൈൻ ഡേയല്യോ... അതാ അമ്മച്ചീ... ഈ പ്രേമിക്കുന്നോർക്ക് പൂ കൊടുക്കണ ദെവസം’’. അതുംപറഞ്ഞ് സൂസി ഇള്ളക്കൊച്ചിനെ കുളിപ്പിക്കാനെഴുന്നേറ്റുപോയി. ‘ഓ ഇനി അതിന്റെ കൂടി കൊറവേ ഉണ്ടാർന്നുള്ളൂ’ എന്നും പറഞ്ഞ് റാഹേലമ്മ ഈട്ടിൽ നിൽക്കണ കമ്യൂണിസ്റ്റ് പച്ചയിൽ കൈതിരുമ്മി നൈറ്റിയിൽതുടച്ചു. മീൻമണം പോയെന്നുറപ്പാക്കാൻ കൈ ഒന്നുകൂടി മണത്തുനോക്കിയപ്പോൾ റാഹേലമ്മയുടെ ഓർമത്തുമ്പ് ചെന്നു തൊട്ടത് വർഷങ്ങൾക്കു മുൻപാരോ നീട്ടിയ റോസാപ്പൂവിന്റെ ഇതളുകളിലായിരുന്നു. കടുംചുവന്നൊരു റോസാപ്പൂവിന്റെ നനുത്ത ഇതളോർമയിൽ റാഹേലമ്മയ്ക്ക് ലേശം നാണം വന്നപോലെ. അയലക്കഷ്ണത്തിൽ കാശ്മീരി മുളകിട്ടു തിരുമ്മുമ്പോഴും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചെടുക്കുമ്പോഴും ആ കടുംചുവന്ന റോസാപ്പൂവിനൊപ്പമായിരുന്നു റാഹേലമ്മയുടെ മനസ്സ്. 

‘റാഹേലമ്മച്ചി ഇവിടെയൊന്നുമല്ലല്ലോ? എന്നതാ ഇത്രപെരുത്ത് ആലോചന?’

കറവ കഴിഞ്ഞു പാൽപാത്രം തിണ്ണയിൽവയ്ക്കുന്നതിനിടയിൽ ആ ചെറുക്കന്റെ ചോദ്യം കേട്ട് റാഹേലമ്മ അക്ഷരാർഥത്തിൽ ഒന്നു ഞെട്ടി. ‘പെണ്ണുങ്ങളുടെ മോന്തായം നോക്കാതെ നീ നിന്റെ പാടിനു പോ ചെറുക്കാ’ എന്നു പറഞ്ഞ് അവനെ ആട്ടിപ്പായിച്ചെങ്കിലും റാഹേലമ്മയ്ക്കറിയാമായിരുന്നു തന്റെ മുഖത്ത് ഇപ്പോഴും ആ റോസാപ്പൂവോർമ അങ്ങനെ കടുംചുവന്നു കിടക്കുന്നുണ്ടെന്ന്. 

അല്ലെങ്കിലും അതൊക്കെ അത്ര എളുപ്പം മറക്കാനൊക്കുമോ? ഒന്നോ രണ്ടോ റോസാപ്പൂവാണോ, എണ്ണിനോക്കിയാൽ ഒരു ഡസനോളം വരും, പണ്ടു നല്ലപ്രായത്തിൽ റാഹേലമ്മയുടെ മുന്നിലേക്കു പലരായി നീട്ടിയ റോസാപ്പൂക്കൾ.  കൂടെ പഠിച്ചിരുന്ന ചില ആൺപിള്ളേരു മുതൽ ഇടവകപ്പള്ളിയിലെ ആബേൽ കപ്യാരു വരെ നീട്ടിയിട്ടുണ്ട് നല്ല ഒന്നാന്തരം റോസാപ്പൂക്കൾ. തരംപോലെ അതെല്ലാം മേടിച്ചിട്ടുമുണ്ട് റാഹേലമ്മ. അല്ലെങ്കിലും ആരേലും സ്നേഹംകൊണ്ട് എന്തേലും തരുമ്പോൾ വേണ്ടായെന്നു വയ്ക്കുന്നതെങ്ങനാ? വെള്ള, ചുവപ്പ്, പിങ്ക്... മൊട്ട്, വിരിഞ്ഞത്, കൂച്ചിപ്പിടിച്ച് ഇതളടർന്നത്... അങ്ങനെ പല വെറൈറ്റികളിൽ കിട്ടിയിട്ടുണ്ട് അവരുടെയൊക്കെ സ്നേഹപ്പൂക്കൾ.. റോസാപ്പൂ കിട്ടാഞ്ഞിട്ട് ഒരു കൈക്കുടന്ന മുല്ലപ്പൂ നീട്ടിയൊരു നായരു ചെറുക്കനുമുണ്ടായിരുന്നു. ഇപ്പോഴോർത്തിട്ട് എന്തു കാര്യം. അവരൊക്കെ എന്തൊരു സ്നേഹമുള്ളവരായിരുന്നുവെന്ന് ഇപ്പോൾ വെറുതെ നെടുവീർപ്പിടാൻകൊള്ളാം. 

പതിനേഴു തികഞ്ഞതിന്റെ പിറ്റേന്ന് മിന്നുകെട്ടിക്കൊണ്ടുപോന്നൊരു മുതല്, അപ്പുറത്തെ പറമ്പിൽ തെങ്ങിനു തടംവയ്ക്കുകയോ വാഴയ്ക്കു ഊന്നലുകൊടുക്കുകയോ മറ്റോ ചെയ്യുകയായിരിക്കുമെന്ന് റാഹേലമ്മ പെട്ടെന്നാണ് ഓർമിച്ചത്. ‘മീൻകറിയായോടീ?’ എന്നും ചോദിച്ച് ഇപ്പോ കേറിവരും. അപ്പോഴേക്കും കപ്പ ചെനത്തി വേവിച്ചതും മുളകിട്ട മീൻകറിയും റെഡിയായില്ലെങ്കിൽ, വാലന്റീൻ ഡേയായിട്ട് അതിയാന്റെ വായിലിരിക്കണത് കേൾക്കണം. ഇപ്പോഴത്തെ പിള്ളേരുടെകൂട്ട് ഫെയിസ്ബുക്കും വാട്സാപ്പുമൊക്കെ അന്നൊണ്ടാർന്നെങ്കിൽ സ്റ്റാറ്റസിട്ടും പോസ്റ്റിട്ടുമൊക്കെ ഞാൻ തകർത്തേനേ എന്ന് ഇടയ്ക്കിടെ റാഹേലമ്മയുടെ യോയോ മനസ്സ് അടക്കം പറയാറുണ്ട്. ആര് കേൾക്കാൻ? കേൾക്കേണ്ട സ്വന്തം അപ്പൻ തന്നെയാണ് പത്തിരുപതേക്കറ് റബറും തോട്ടവും തേക്കും ഈട്ടിയും വലിയ വീടും പത്രാസുമൊക്കെക്കണ്ട് ഇങ്ങനൊരു വീട്ടിലേക്ക് കെട്ടിച്ചുവിട്ടത്. എന്നാലും ഇടയ്ക്ക് ഉറക്കംവരാത്ത ഉച്ചനേരങ്ങളിൽ വല്ലപ്പോഴും റാഹേലമ്മ അന്നത്തെ റോസാപ്പൂക്കളെ ഓർമിക്കാറുണ്ട്. എന്നു കരുതി സഭയ്ക്കും വിശ്വാസത്തിനും നിരക്കാത്തതൊന്നും റാഹേലമ്മ ചെയ്യുകയില്ലായേ... ചുമ്മാ ഒരോർമ... അതിന്റെയൊരു സുഖം... അത്രേയുള്ളൂ... ആബേലു കപ്യാര് പിന്നെ സെമിനാരിയിൽ ചേർന്ന് അച്ചൻപട്ടം കിട്ടിയെന്നും നായരുചെറുക്കൻ ദൂരദേശത്തെങ്ങാണ്ടു തെണ്ടിത്തിരിഞ്ഞ് ഒരു ഹിന്ദിക്കാരിയെ കെട്ടിയെന്നും കേട്ടു. കൂടെപ്പഠിച്ച എസ്തപ്പാനും പത്രോസുമൊക്കെ അവന്മാരുടെ അപ്പന്മാര് ചൂണ്ടിക്കാട്ടിയ പെണ്ണുങ്ങളെക്കെട്ടി വലിയ കുടുംബസ്ഥരുമായി.  

കെട്ടുറപ്പിക്കുന്നതിനു മുൻപ് അവസാനമായി വാങ്ങിയതു ചായപ്പീടികേലെ അന്തോണിയുടെ സ്നേഹമായിരുന്നു. റോസാപ്പൂ കിട്ടാഞ്ഞിട്ടാണോ എന്തോ അവുലോസുണ്ട തൂവാലയിൽ പൊതിഞ്ഞുനീട്ടിക്കൊണ്ടാണ് അവൻ റാഹേലമ്മയെ ഇഷ്ടമാണെന്ന കാര്യം പറഞ്ഞത്. ‘കെട്ടുറപ്പിച്ചുവല്ലോ അന്തോണീ’ എന്നും പറഞ്ഞു തിരിച്ചുനടന്നെങ്കിലും റാഹേലമ്മ ആ അവുലോസുണ്ട തിരിച്ചുകൊടുത്തിരുന്നില്ല. അല്ലേലും ആരാന്റെ പീടികത്തിണ്ണേൽ കെടന്നുറങ്ങുന്ന അവനൊക്കെ ഇനി ചങ്കെടുത്തു കാണിച്ചാലും തന്റെ അപ്പൻ കെട്ടിച്ചുകൊടുക്കില്ലെന്ന് റാഹേലിനറിയാം. പല്ലിറുമ്മി അവൻ ചായപ്പീടികേൽ നിൽക്കുന്നത് തിരിഞ്ഞുനോക്കിനോക്കിയാണ് റാഹേൽ വീട്ടിലേക്കു നടന്നത്. അവന്റെ അരിശം അപ്പാടെ ആ അവുലോസുണ്ടയ്ക്കുമുണ്ടായിരുന്നു. അതു കടിച്ചു മുൻനിരയിലെ പല്ലിളകിപ്പറിഞ്ഞ് വർക്കത്തു കെട്ടൊരു ചിരിയുമായാണ് റാഹേലമ്മ പിറ്റേ ആഴ്ച കല്യാണഫോട്ടോയിൽ ചിരിച്ചുനിന്നത്. 

കല്യാണോം ഫോട്ടോയെടുപ്പും കഴിഞ്ഞ് അതിയാന്റെ കൂടെക്കൂടിയതിൽപിന്നെ റാഹേലമ്മയ്ക്ക് വല്യ ചിരിയൊന്നും വരാറില്ലായിരുന്നു. പൂ നീട്ടിയവന്മാരെയൊന്നും കെട്ടാനൊത്തില്ല, കെട്ടിയ അങ്ങേരാണെങ്കിൽ ഒരു റോസാപ്പൂ പോലും ഒരിക്കലും നീട്ടിയതുമില്ല. ഉള്ളിലങ്ങനെ ദെണ്ണപ്പെട്ടിരിക്കുമ്പോഴും ചാർച്ചക്കാരികളും കൂട്ടുകാരികളുമൊക്കെ അസൂയപ്പെട്ട് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടേയിരുന്നു; ‘റാഹേലമ്മയുടെ ഒരു ഭാഗ്യം.  പുളിങ്കൊമ്പത്തല്ലേ കെട്ടിച്ചേക്കുന്നേ...’

‘അതേയതേ’. റാഹേലും അതങ്ങു സമ്മതിച്ചേക്കും. പുളിങ്കൊമ്പത്തിരുന്ന് മടുത്തിട്ട് ഇപ്പോൾ ഇടയ്ക്കിടെ റാഹേലിനും തോന്നാറുണ്ട്, പണ്ടത്തെ എസ്തപ്പാനേം പത്രോസിനെയുമൊക്കെ ഒന്നുകണ്ടു മിണ്ടിപ്പറഞ്ഞിരുന്നെങ്കിൽ എന്ന്.. സൂസിയെ കെട്ടിച്ച ഇടവകയിൽ ആബേലച്ചൻ വികാരിയായി വന്നതിനാൽ അവളുടെ കൊച്ചിന്റെ മാമോദീസായ്ക്കു ഒരു മിന്നായം കണ്ടിരുന്നു. എന്തേലും ഒന്നു മിണ്ടാമെന്നു കരുതി പള്ളിമേടയ്ക്കടുത്തു നിന്നപ്പോഴാണ് ഇടിത്തീപോലെ അതിയാൻ വന്ന് മുക്രയിട്ടത്; ‘‘ജീപ്പിൽ കേറെടി റാഹേലേ.. വീട്ടിൽചെന്നിട്ട് ഒട്ടുപാലെടുക്കാനുള്ളതാ..’’ അല്ലെങ്കിലും പറമ്പിൽപണിയാതെ അതിയാന് ഉറക്കം വരില്ല. അതിനിടയ്ക്ക് എങ്ങനെയൊക്കെയോ അഞ്ചാറ് പിള്ളേരുണ്ടായീന്നല്ലാതെ അങ്ങേർക്ക് എന്തോന്ന് വാലന്റീൻ.. അങ്ങേർക്കില്ലെങ്കിൽ പിന്നെ റാഹേലമ്മയ്ക്കും എന്തോന്ന് വാലന്റീൻ... 

‘‘നഷ്ടപ്രണയമോർത്തു നൊമ്പരപ്പെടാത്തവർ ആരുണ്ട്! 

നിങ്ങളിപ്പോഴും മനസ്സിൽ ആ റോസാപ്പൂ സൂക്ഷിച്ചുവച്ചിട്ടുണ്ടോ?’

ദേ, റേഡിയോയിലെ പെൺകൊച്ച് വീണ്ടും വേണ്ടാതീനം പറഞ്ഞുതുടങ്ങി. റാഹേലമ്മയ്ക്കു ദേഷ്യം മൂത്തു പെരുവിരലുറഞ്ഞുതുള്ളുന്നുണ്ടായിരുന്നു. ‘അവളുടെ ഒരു റോസാപ്പൂവർത്തമാനം. എടി സൂസീ, അവിടെയാരുമില്ലേടീ ആ റേഡിയോയൊന്ന് ഓഫാക്കാൻ?’ അതും പറഞ്ഞ് റാഹേലമ്മ കിണറ്റിൻകരയിൽചെന്ന് ഒരുകുടം വെള്ളംകോരി മുഖം കഴുകി.. അതുവരെ ആ മുഖത്തു തുടിച്ചുവിരിഞ്ഞ റോസാപ്പൂച്ചുവപ്പൊക്കെ കഴുകിയൊലിച്ചുപോയി... കുനിഞ്ഞുനിന്ന് നൈറ്റിത്തുമ്പുകൊണ്ട് മുഖംതുടച്ച് നടുനിവർത്തിയപ്പോഴേക്കും മൺവെട്ടിയും കുട്ടയുമൊക്കെയായി അതിയാൻ പറമ്പിൽപണി മതിയാക്കി കയറിവന്നു കഴിഞ്ഞിരുന്നു..‘‘ ഇതുവരെ കപ്പേം മീനും വിളമ്പിയില്യോടി.. നീയേതു മറ്റവനേം വിചാരിച്ചിരിക്കയാണെടീ...’’

Content Summary: Pink Rose Column on wonderful memories of past love affairs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS