മനസ്സമ്മതത്തിന്റെയന്ന് അപ്പച്ചനും അമ്മച്ചിയും ബന്ധുക്കളുമെല്ലാവരുംകൂടെ കെട്ടിയെഴുന്നള്ളിച്ച് ഇടവകപ്പള്ളിയിൽ വികാരിയച്ചന്റെ മുന്നിൽ കൊണ്ടുചെന്നു നിർത്തിയപ്പോഴാണ് സാറാമ്മ ആദ്യമായി അങ്ങനൊരു ചോദ്യം കേൾക്കുന്നത്.
‘‘നിനക്കു സമ്മതമാണോ?’’
എസ്തപ്പാനച്ചൻ നരച്ച മീശക്കീറിനിടയിലൂടെ ഒരു മാലാഖച്ചിരിയോടെയാണ് അതു ചോദിച്ചതെങ്കിലും അന്ന് സാറാമ്മയുടെ മുഖം കടന്നലുകുത്തിയപോലെ വീങ്ങിക്കെട്ടിയ മട്ടിലായിരുന്നു. സമ്മതമാണോ എന്ന് അച്ചൻ ചോദിച്ചപ്പോൾ സാറാമ്മ കൈത്തണ്ടയിലെ വളയെണ്ണുന്നതിന്റെ തിരക്കിലായിരുന്നു. മൂത്ത ചേച്ചിക്കു കൊടുത്തതിനേക്കാൾ വള രണ്ടെണ്ണം കുറഞ്ഞിട്ടുണ്ട്. മൂത്തോർക്കു മൂത്തോർക്കു സ്ത്രീധനം കൊടുത്ത് അപ്പന്റെ പാടവും പറമ്പും മെലിഞ്ഞുവന്നതും സ്വർണത്തിനു വില കൂടിക്കൂടി വരുന്നതുമൊക്കെയായിരിക്കാം വളയുടെ എണ്ണം കുറയാൻ കാരണമെന്നോർന്നു നെടുവീർപ്പിടുമ്പോഴാണ് എസ്തപ്പാനച്ചൻ ചോദിക്കുന്നത്. ‘‘ചീനിമൂട്ടിൽ ചാക്കോയുടെയും ഔതയുടെയും മകൾ സാറാമ്മയ്ക്കു വഴുതച്ചോട്ടിൽ വർക്കിച്ചന്റെയും ഏലിയാമ്മയുടെയും മകൻ കൊച്ചുവർക്കിയെ കെട്ടാൻ സമ്മതമാണോ? വഴുതച്ചോട്ടുകാര് പണ്ടേ പ്രമാണിമാരാണെന്നും കൊച്ചുവർക്കി അല്ലെങ്കിലും സ്നേഹമുള്ളവനാണെന്നും അന്നുരാവിലെ അപ്പച്ചൻ പറഞ്ഞതിന്റെ ധൈര്യത്തിലും തൊട്ടുപിന്നിൽ നിന്ന അമ്മച്ചി അവളുടെ മറുപടി വൈകുന്നതു കണ്ട് നിന്നനിൽപിൽ തുടയിലൊരു കുഞ്ഞുനുള്ളു വച്ചുകൊടുത്തതിന്റെ വെപ്രാളത്തിലും സാറാമ്മ കണ്ണുംപൂട്ടി പറഞ്ഞു..
‘‘സമ്മതമാണച്ചോ...’’
ജീവിതത്തിൽ ആദ്യമായാണ് സാറാമ്മ അങ്ങനൊരു സമ്മതം പറയുന്നത്. ആ നിമിഷം വരെ സാറാമ്മയോട് ആരും ഒന്നിനും സമ്മതം ചോദിച്ചിട്ടില്ല. അല്ലേലും കുടുംബത്തിൽപിറന്ന പെണ്ണുങ്ങളുടെ കാര്യമൊക്കെ കാർന്നോന്മാരല്യോ തീരുമാനിക്കുക. ആണുങ്ങള് പറയും.. പെണ്ണുങ്ങള് കേൾക്കും.. അതാണ് പതിവ്. അതിനിടയിൽ ആരാണ് പെണ്ണിന്റെ സമ്മതം ചോദിക്കാൻ. മനസ്സമ്മതോം കെട്ടുകല്യാണോം കഴിഞ്ഞ്, നാലഞ്ചു പിള്ളേരേം പെറ്റ് അവരുടെ മക്കളേം വളർത്തിക്കൊടുത്ത് തലമൂത്തുനരച്ചിട്ടും ഇന്നും സാറാമ്മയ്ക്കു തോന്നിയിട്ടില്ല, ആർക്കെങ്കിലും എന്തിനെങ്കിലും പെണ്ണിന്റെ സമ്മതം വേണമെന്ന്...
കളിക്കുട്ടിക്കാലത്ത് ആറ്റിൽ തുടിച്ചുകളിക്കുന്നതിനിടയിൽ അയലത്തെ അവറാന്റ കൈകൾ വേണ്ടാത്തവിചാരത്തോടെ സാറാമ്മയിലേക്കു നീണ്ടത് അവളുടെ സമ്മതം ചോദിച്ചിട്ടായിരുന്നില്ല. പറമ്പിൽ കിളയ്ക്കാനും വാരംമാടാനും വരുമായിരുന്ന ഇന്നും പേരോർമയില്ലാത്തൊരു മൂപ്പിലാൻ ചില വൈകുന്നേരങ്ങളിൽ സാറാമ്മയുടെ ദേഹമാസകലം വെള്ളംകോരിയൊഴിച്ച് അടിമുടിനനഞ്ഞു നിൽക്കുന്ന അവളെ നോക്കി അശ്ലീലപ്പാട്ടുകൾ പാടിയതും അവളുടെ സമ്മതം ചോദിച്ചിട്ടായിരുന്നില്ല. പള്ളിക്കൂടം വിട്ടുവരുംവഴിയുള്ള പൊന്തക്കാടിനുള്ളിലേക്ക് ആരാരും കാണാതെ ഞാവൽപ്പഴം കൊണ്ടുത്തരണമെന്നു വാശിപിടിച്ച വറീത് ഒരിക്കൽ അവളുടെ ചുണ്ടു കടിച്ചുപൊട്ടിച്ചതും സമ്മതം ചോദിച്ചിട്ടായിരുന്നില്ല. മനസ്സറിഞ്ഞ് ആദ്യമായി ഇഷ്ടം തോന്നിയൊരു അന്യജാതിക്കാരൻ ചെക്കൻ അവളുടെ മാസമുറ തെറ്റിക്കാൻ നോക്കിയതും അവളുടെ സമ്മതം ചോദിച്ചിട്ടായിരുന്നില്ല. അങ്ങനെയല്യോ, പെണ്ണിനു കെട്ടുപ്രായമായെന്നും പറഞ്ഞ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് അവളുടെ കല്യാണം നടത്താനുള്ള തീരുമാനം അപ്പനെക്കൊണ്ട് വേഗമെടുപ്പിച്ചത്. വഴുതക്കാട്ടിലെ കൊച്ചുവർക്കിയെന്നൊരു പേര് ഉമ്മറത്തിരുന്ന് അപ്പനും വല്യപ്പനും തമ്മിൽ പറയുന്നത് അകത്തുനിന്നു കേട്ടതല്ലാതെ അവരാരും സാറാമ്മയോടു സമ്മതം ചോദിച്ചിട്ടില്ല.
മിന്നുകെട്ടിന് ഓഫ്‌വൈറ്റ് സാരിയുടുത്ത് തലയിൽ നെറ്റും ചുട്ടിയുമൊക്കെവച്ച് പള്ളിയിലേക്കിറങ്ങുമ്പോൾ ആകാംക്ഷ അടക്കാൻ വയ്യാതെ സാറാമ്മ വല്യമ്മച്ചിയോടു ചോദിച്ചു; ‘‘എന്നെക്കെട്ടാൻ പോണ ചെറുക്കന് ഇളേമ്മേടെ മോൻ പാപ്പീടെ നെറമുണ്ടോ വല്യമ്മേ..?’’ അതുകേട്ട് കാതിലെ ഞാത്തുകമ്മലുകളിളക്കി വല്യമ്മച്ചി ഒരു ചിരി ചിരിച്ചത് സാറാമ്മ മറന്നിട്ടില്ല. ‘‘കെട്ടാൻവരുന്നോൻ ആണായാൽ പോരേടീ...’’
കെട്ടുകഴിഞ്ഞ് വിരുന്നുകാരെല്ലാം പോയതിന്റെ പിന്നാലെ കൈക്കോട്ടുമെടുത്ത് തൊടിയിൽ വാഴ പിരിച്ചുവയ്ക്കാനും വിറകു വെട്ടാനുമൊക്കെ ഇറങ്ങിയ കൊച്ചുവർക്കി രാത്രി തിരിച്ചുകയറിവന്നപ്പോഴേക്കും സാറാമ്മ ഉറങ്ങിപ്പോയിരുന്നു. അവളോട് അതുവരെ ആരും ചോദിക്കാത്ത സമ്മതം ദേഹത്തുതൊടുംമുൻപ് കൊച്ചുവർക്കിയും ചോദിച്ചില്ല. അല്ലേലും കെട്ട്യോന് ഇനി പ്രത്യേകം സമ്മതം ചോദിക്കേണ്ട കാര്യമുണ്ടോ? ആദ്യരാത്രിതന്നെ, വല്യമ്മച്ചി പറഞ്ഞപോലെ ആണത്തം തെളിയിച്ച് അവളെ ഒരു കൈക്കലത്തുണിപോലെ മുറിയുടെ മൂലയ്ക്കലേക്കു ചുരുട്ടിക്കൂട്ടിയിട്ട കൊച്ചുവർക്കിയെ നാൽപതുവാട്ട് ബൾബിന്റെ മഞ്ഞവെളിച്ചത്തിൽ പേടിച്ചരണ്ടു നോക്കിനിന്ന സാറാമ്മയ്ക്ക് അന്ന് വയസ്സ് പതിനേഴ്. മൂന്നുപിള്ളേരിൽ നിർത്താമെന്നായിരുന്നു സാറാമ്മയുടെ മനസ്സിലിരിപ്പെങ്കിലും നാലാമത് ടോണിക്കുട്ടനെയും അഞ്ചാമത് ലില്ലിക്കുട്ടിയെയുമുണ്ടാക്കിയത് അതിയാൻ സമ്മതം ചോദിച്ചിട്ടായിരുന്നില്ല.
ഇന്ന് വയസ്സ് എഴുപതിനോടടുത്തിട്ടും സാറാമ്മയ്ക്ക് അതിലൊന്നും ഒരു പരിഭവവുമില്ല. അല്ലെങ്കിലും പെണ്ണിന്റെ സമ്മതം ആർക്കുവേണം... മണ്ണും പെണ്ണുമൊക്കെ ആവശ്യക്കാർക്കു കൊത്തിക്കിളയ്ക്കാനും വിതയ്ക്കാനും മെതിക്കാനും തരിശാക്കാനുമുള്ളതാണെന്ന തോന്ന്യാസത്തിനു തലമുറകൾ കൈമാറി തഴക്കം വന്നുപോയിരിക്കുന്നു. അതുകൊണ്ടല്ലേ പെണ്ണിനോട് ആർക്കും എന്തും ചോദിക്കാം, ചോദിക്കാതെയുമാകാം എന്ന അവസ്ഥയെത്തിയത്. വെറുതെയല്ല സാറാമ്മമാർ സമ്മതമെന്ന വാക്കുതന്നെ മറന്നുപോയത്... പക്ഷേ പുതുതലമുറക്കാരികൾ പണ്ടത്തെ സാറാമ്മമാരല്ലെന്ന് പതുക്കെ കാലം തെളിയിച്ചുതുടങ്ങിയിട്ടുണ്ട്...
Content Summary: Pink Rose, Column on woman's consent