ആക്‌ഷൻ ഹീറോയിൻ അന്നാമ്മ!

thinking-photo-credit-Ljupco-Smokovski
SHARE

മൂത്ത മൊതല് കാലത്തെ തന്നെ ബൈക്കും പറപ്പിച്ച് എങ്ങാണ്ടോ പോയി. ഇളയത് കിടക്കപ്പായേന്ന് എണീറ്റിട്ടുമില്ല. അതിയാൻ രാവിലെ ആരെയോ കാണാനെന്നോ മറ്റോ പറഞ്ഞ് ഇറങ്ങിപ്പുറപ്പെട്ടിട്ടുമുണ്ട്. ചുമ്മാതാന്നേ.. അന്നാമ്മയ്ക്ക് അറിയാം. എന്നാലും സാരോല്യ. എവിടേക്കെങ്കിലും കെട്ടിയെടുത്തോട്ടെ. അത്രയും നേരം സ്വസ്ഥായി ഇരിക്കാലോ എന്നേയുള്ളു അന്നാമ്മയ്ക്ക്. നേരം പോകട്ടെയെന്നു കരുതി വാർത്താചാനൽ വച്ചപ്പോഴാണ് ഓസ്കർ അവാർഡ് പരിപാടിയെക്കുറിച്ചാണ് വാർത്തയിൽ പറയുന്നതെന്ന് മനസ്സിലായത്. അല്ലെങ്കിലും പണ്ട് സൺഡേ സ്കൂളിൽ ഉണ്ണീശോയുടെ തിരുപ്പിറവി നാടകത്തിൽ കന്യകമറിയമായി തട്ടേൽ കേറി മിണ്ടാതിരുന്നതല്ലാതെ അന്നാമ്മയ്ക്ക് കലാരംഗവുമായി ഒരു പുലബന്ധം പോലുമില്ലല്ലോ. റിമോട്ട് തപ്പിയിട്ടു കിട്ടാഞ്ഞതുകൊണ്ടുമാത്രം ആ വാർത്താപ്പരിപാടി കണ്ടുകൊണ്ടിരുന്നു. അതിനിടയിലാണ് പെട്ടെന്നൊരുത്തൻ സ്റ്റേജിൽകയറി അവതാരകന്റെ കരണത്തടിച്ച് കൂളായി ഇറങ്ങിപ്പോകുന്നതു കണ്ടത്. തിരികെ സീറ്റിൽ ചെന്നിരിന്നിട്ട് അങ്ങേര് ഇംഗ്ലിഷിൽ എന്തൊക്കെയോ വച്ചുകാച്ചുന്നതു കേട്ടിട്ട് അന്നാമ്മയ്ക്കൊന്നും മനസ്സിലായില്ലെങ്കിലും പറഞ്ഞോന്റെയും കേട്ടോരുടെയും മുഖഭാവം കണ്ടപ്പോൾ വിളിച്ചുകൂവിയത് നല്ല പച്ചത്തെറിയാന്ന് അന്നാമ്മയ്ക്കു തിരിഞ്ഞു. ഭാര്യ പിങ്കെറ്റ് സ്മിത്തിന്റെ വൈരൂപ്യത്തെ പരിഹസിച്ചതു കേട്ടു കൺട്രോൾ പോയിട്ടാണ് നടൻ വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ ചെകിട്ടത്തൊന്നു പുകച്ചതെന്ന് വാർത്ത വായിക്കുന്ന പെൺകൊച്ച് പറഞ്ഞതുംകൂടി കേട്ടപ്പോൾ അന്നാമ്മയ്ക്ക് ഉഷാറായി.. അവന് അതുതന്നെ വേണം. ഭാര്യയെക്കുറിച്ച് അനാവശ്യം പറയുന്നവന്റെ കരണം അടിച്ചുപൊട്ടിക്കുക തന്നെ വേണം... അന്നാമ്മ ഒരു നിമിഷത്തേക്ക് ആക്‌ഷൻ ഹീറോയിൻ അന്നാമ്മയായി മാറി.  

വാർത്ത തുടർന്നും കേട്ട് രസംപിടിച്ചുവരുമ്പോഴായിരുന്നു പെട്ടെന്നൊരു കോളിങ് ബെൽ കേട്ടത്. ഞെട്ടിപ്പിടഞ്ഞു ചെന്നു നോക്കുമ്പോൾ ദേ അതിയാൻ വന്നു വാതിൽക്കൽ നിൽക്കണ്. കൂടെ രണ്ടുമൂന്നു പരിചയക്കാരുമുണ്ട്. അവർ അന്നാമ്മയെ നോക്കി ഒരു ചിരി പാസാക്കിയപ്പോൾ ‘ദൈവമേ ഇതുങ്ങൾക്കുകൂടി ചായയെടുക്കാൻ പാൽ തെകയൂല്ലല്ലോ’ എന്ന് അന്നാമ്മ ആരുംകേൾക്കാതെ അടക്കം പറയുന്നുണ്ടായിരുന്നു. ‘‘എന്നാ കാണാനാടി ഇളിച്ചോണ്ടു നിൽക്കുന്നേ. ഞാൻ മറന്നുവച്ച പഴ്സ് എടുക്കാൻ വന്നതാ. എവിടേക്കെങ്കിലും ഇറങ്ങാൻനേരം നിനക്കിതൊക്കെ ഒന്ന് ഓർമിപ്പിച്ചുകൂടെ.. അതെങ്ങനാ നീ പണ്ടേ ഒരു മറവിക്കാരിയല്ല്യോ.. അതല്ലേ പത്താം ക്ലാസ് തോറ്റുതോറ്റിരുന്നേ... കാച്ചിലും മരച്ചീനീം തിന്ന് കൂഴച്ചക്കപ്പരുവത്തിലിരുന്ന നിന്നെ അതല്ലേ നിന്റപ്പൻ എന്റെ തലേൽ കെട്ടിവച്ചേ.. ഇനി സഹിക്ക തന്നെ...’’ അന്നാമ്മയ്ക്ക് അതിയാന്റെ വർത്തമാനം കേട്ടപ്പോ തുണിയുരിഞ്ഞുപോയപോലെയാ തോന്നിയത്. അല്ലേലും കൂടെ വന്ന പരിചയക്കാരൊക്കെ കേട്ടുനിൽക്കുകയാണെന്ന ബോധം പോലുമില്ലാതെയല്യോ അതിയാൻ അത്രയും പറഞ്ഞത്. അവരൊക്കെ അതുകേട്ട് ചിരിച്ചുമറിയുന്നതും കൂടി കണ്ടപ്പോൾ അന്നാമ്മയ്ക്കു കരയണമെന്നു തോന്നി..  

അതിയാൻ ഒരു പഴ്സ് മറന്നതിന് എന്തിനാണ് താൻ പണ്ടു കൊല്ലപ്പരീക്ഷ തോറ്റ കാര്യവും അന്നത്തെ തന്റെ കൂഴച്ചക്കപ്പരുവവുമൊക്കെ വിളിച്ചുപറഞ്ഞതെന്ന് അന്നാമ്മയ്ക്ക് കർത്താവാണേ മനസ്സിലായില്ല. അല്ലേലും അതിയാൻ എപ്പോഴും അങ്ങനെ തന്നെയാ... എന്നാ പറഞ്ഞു തുടങ്ങിയാലും അത് അവസാനിക്കുക അന്നാമ്മേടപ്പന്റെ കാച്ചിലുതോട്ടത്തിലും അതു തിന്നു ചീർത്ത അവളുടെ അമിതവണ്ണത്തിലും പത്താംതരം തോറ്റതിനു കാരണമായ അവളുടെ മണ്ടൻബുദ്ധിയിലുമൊക്കെയാണ്. ശരിയാണ്... അപ്പന്റെ പറമ്പിലെ കാച്ചിലും കപ്പേം തിന്നു നല്ലോണം ചീർത്തിട്ടായിരുന്നു അന്നാമ്മ. കലക്ടറുദ്യോഗത്തിനുള്ള ബുദ്ധിയൊന്നുമില്ല. കാണാനും ഒരു സുന്നരികോതയൊന്നുമല്ല. ഇതൊക്കെയായിരുന്നെങ്കിൽ അതിയാനെപ്പോലൊരു മാരണത്തെ കെട്ടാൻ തലകുനിച്ചുകൊടുക്കേണ്ടി വരില്ലായിരുന്നല്ലോ. അതിയാൻ എപ്പോഴുമെപ്പോഴും തന്റെ കുറ്റോം കുറവും പറയുന്നതു കേട്ട് അന്നാമ്മയ്ക്ക് ശീലമായി. അതുകേട്ട് ചെറുക്കന്മാരും ഈയിടെയായി കുത്തുംകോളുംവച്ച് ഓരോരോന്നു പറഞ്ഞു തുടങ്ങി. അതൊക്കെ പോകട്ടെ, എങ്കിലും മറ്റുള്ളോരുടെ മുന്നിൽവച്ച് ഇങ്ങനെ കളിയാക്കുമ്പോൾ അന്നാമ്മയ്ക്ക് സങ്കടം സഹിക്കാൻ വയ്യ.  

ഇന്നാള് ഇടവകപ്പള്ളിയിൽ പാട്ടുകുർബാനയും കൂടി മടങ്ങാൻനേരം ഇച്ചിരി കൂടുതൽ സമയം പുണ്യാളന്റെ രൂപക്കൂടിനു മുന്നിൽ ഒന്നു നിന്നുപോയതിനാണ് ‘നീ നിന്റെ ഏതു മറ്റവനെ കാത്തിരിക്കുവാടീ അന്നാമ്മേ’ എന്ന് അതിയാൻ ആക്രോശിച്ചത്. അതുകേട്ട് അവിടെക്കൂടിനിന്ന പെണ്ണുങ്ങളൊക്കെ അടക്കിച്ചിരിക്കുന്നതുകണ്ടപ്പോൾ അന്നാമ്മയ്ക്ക് കരച്ചിലു വരുന്നുണ്ടായിരുന്നു. പണ്ടേതോ പയ്യൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു കത്തു തന്ന കാര്യം എപ്പോഴോ ഒരിക്കൽ അതിയാനോടു പറഞ്ഞുപോയതിന്റെ പൊടിയും തൊങ്ങലും തപ്പിക്കൂട്ടി എത്രയോ വട്ടം അങ്ങേര് ഈ വേണ്ടാവർത്തമാനം പറഞ്ഞിരിക്കുന്നു. അതൊക്കെ പോട്ടെ.. എന്നാലും അതിയാൻ നാലാളു കേൾക്കെ ഇമ്മാതിരി പറയുമ്പോഴുള്ള ദെണ്ണംകാരണം അന്നാമ്മയുടെ ചങ്ക് പെടയാറുണ്ട്. ബന്ധുവീടുകളിലും മറ്റും ആരുടെയെങ്കിലും ഒത്തുകല്യാണത്തിനോ മാമോദീസായ്ക്കോ മറ്റോ പോകുമ്പോഴും അതിയാന്റെ നാവ് വെറുതെയിരിക്കില്ല. ‘‘എന്നാ ഉടുത്താലെന്താ, കൂഴച്ചക്കയ്ക്കു കയ്യും കാലും വച്ച മാതിരി’’ എന്നാണ് ആളുകളുടെ മുന്നിൽവച്ച് അതിയാൻ ചിരിച്ചോണ്ടു പറയുക. വല്യ തമാശ പറഞ്ഞ ഭാവത്തിൽ അതിയാനും കേട്ട ഭാവത്തിൽ മറ്റുള്ളോരും കുടുകുടെച്ചിരിക്കും. അന്നാമ്മ അന്നേരം ആരും കാണാതെ കണ്ണുതുടയ്ക്കാൻ പാടുപെടും. ‘എടീ പോത്തേ.. വെടക്കേ’ എന്നൊക്കെയല്ലാതെ അന്നാമ്മേന്ന് പേരെടുത്തു വിളിച്ച കാലം മറന്നു. അതിയാന്റെ പോത്തുവിളി കേട്ടുകേട്ട് അന്നാമ്മയ്ക്കും ചിലപ്പോൾ തന്റേതൊരു കന്നുകാലിജീവിതമാണെന്നു തോന്നിപ്പോകാറുണ്ട്. മാടിനെപ്പോലെ പണിതും പെറ്റും പോറ്റിയും ഒരു ജന്മം. ഏറ്റവും ചേർത്തുപിടിക്കേണ്ടൊരാൾ തന്നെ മറ്റുള്ളോരുടെ മുന്നിൽവച്ച് അപമാനിക്കുമ്പോൾ ആരെങ്കിലും അറിയുന്നുണ്ടോ അന്നാമ്മയുടെ ഉള്ളം എത്രമാത്രം സങ്കടപ്പെടുന്നുണ്ടെന്ന്.  

പഴ്സെടുത്ത് തിരിച്ചിറങ്ങുമ്പോൾ ഒരുനിമിഷം ടിവിയിലേക്കു നോക്കി അതിയാന്റെ ചോദ്യം; ‘‘എന്നതാടീ ടീവീം വച്ചോണ്ടിരിക്കുന്നേ.. നിനക്കിവിടെ ഒരു പണിയുമില്ലേ... ? അന്നാമ്മയ്ക്ക് അതുകേട്ട് അരിശം മൂത്തു; ‘‘കെട്ട്യോളെക്കുറിച്ച് അനാവശ്യം പറഞ്ഞതിന് ഒരുത്തന്റെ കരണത്തടിക്കുന്നത് കണ്ടോണ്ടിരിക്കുവാർന്നു അച്ചായാ...’’ കെട്ട്യോൻ ഒരുനിമിഷം തന്റെ കവിളത്തെ നരച്ച രോമങ്ങളിലൊന്നു തൊട്ടുഴിഞ്ഞു... അന്നാമ്മേടെ അപ്പോഴത്തെ തുറിച്ച നോട്ടംകൂടിയായപ്പോൾ ശരിക്കും അങ്ങേർക്ക് ഒരു അടി കിട്ടിയ പോലെയായിരിക്കണം. പിന്നെവല്ലതും പറഞ്ഞു കൂടുതൽ ഇടങ്ങേറുണ്ടാക്കാൻ നിൽക്കാതെ അങ്ങേര് വേഗം പുറത്തേക്കിറങ്ങി.. വാതിൽ വലിച്ചടച്ച് റിമോട്ട് സോഫയിലേക്കു വലിച്ചെറിഞ്ഞ് തിരിച്ചുനടക്കുമ്പോൾ അവൾ വീണ്ടും ടിവിയിലേക്കുനോക്കി.. ഓസ്കർ വേദിയിൽ കരണത്തടിച്ചതിന്റെ ന്യായാന്യായങ്ങൾ പറഞ്ഞ് അപ്പോഴേക്കും ചർച്ച തുടങ്ങിയിരുന്നു..  

‘അനാവശ്യംപറച്ചില് അതിരുവിട്ടാൽ നല്ല പെട തന്നെ കൊടുക്കണം... ഇനി ചൊറിവർത്തമാനവും കൊണ്ടുവരട്ടെ.. വച്ചിട്ടുണ്ട്...’ കർത്താവേ... അന്നാമ്മയ്ക്കു വിൽ സ്മിത്തിന്റെ ബാധ കൂടിയോ ആവോ... ??? 

Content Summary: Pink Rose, Column on Body Shaming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA