അവൾ ഇറങ്ങിപ്പോന്ന ‘ആണിടങ്ങൾ’

pink-rose-column-written-by-riya-joy-on-sexual-abuse
Representative image. Photo Credits: 9nong/ Shutterstock.com
SHARE

കോളജിൽ പഠിക്കുന്ന കാലം. ആലുവ ട്രാൻസ്പോർട് ബസ് സ്റ്റാൻഡിൽ രാവിലെയും വൈകിട്ടും കോളജുപിള്ളേരുടെ തിക്കിത്തിരക്കുസമയം. തോരാമഴ കാരണം, കിട്ടുന്ന ബസിൽ ഞെരുങ്ങിയാണെങ്കിലും പിള്ളേർ തള്ളിക്കയറും. അടുത്ത ബസിനോ അടുത്ത മഴയ്ക്കോ നിൽക്കാതെ ഫസ്റ്റ് ബെല്ലടിക്കും മുൻപേ കോളജിലെത്തുന്നതിന്റെ വെപ്രാളത്തിലാണ് എല്ലാവരും. പിൻഭാഗത്തെ ഒറ്റവാതിൽ മാത്രമുള്ള കെഎസ്ആർടിസി ബസുകളാണെങ്കിൽ അകത്തു കയറിയാലും കുട ചൂടിയിരിക്കേണ്ടത്ര ചോരുന്ന അവസ്ഥയിലും. ബസ് സ്റ്റാൻഡിന്റെ മേൽക്കൂരയിൽനിന്നു കുടംകമിഴ്ത്തിയ മട്ടിലുള്ള ചോർച്ച വേറെ. ചുരുക്കത്തിൽ ആകെ നനഞ്ഞൊട്ടി കുട ചുരുട്ടി നെഞ്ചോടു ചേർത്തടക്കി ഈറനായിട്ടാണ് സകല പിള്ളേരും ബസിൽ കയറുക. ബസിന്റെ അകത്തുകയറിയാൽ ചാളയടുക്കിയതുമാതിരി തൊട്ടുരുമ്മിയാണ് നിൽപ്. തോളത്തും ചുമലിലും വന്നുവീഴുന്ന പിൻനിശ്വാസങ്ങൾ. നിനച്ചിരിക്കാതെ കാലിൽ ആരുടെയോ ചെരുപ്പുകൾ ആഞ്ഞുചവിട്ടുമ്പോഴുന്ന നൊമ്പരങ്ങൾ.. മുകളിലെ കമ്പിയിൽനിന്നു പിടിത്തംവിട്ട് ദേഹത്തേക്കു ചാഞ്ഞുവീഴുന്ന ഇടംവലംസഹചാരികൾ. ബസിനകത്തെപ്പോഴും ഇരുട്ടായിരിക്കും. മങ്ങിക്കത്തുന്ന രണ്ടോ മൂന്നോ ലൈറ്റുകൾ ഡ്രൈവർ കനിവുതോന്നി ഓൺ ചെയ്താലും ആൾത്തിരക്കു കാരണം ആ വെളിച്ചം ആരിലേക്കും എത്താറില്ലെന്നതു വേറെ കാര്യം. കോരിച്ചൊരിയുന്ന മഴ കാരണം ഷട്ടറുകളെല്ലാം താഴ്ത്തിവച്ചിരിക്കുന്നതുമൂലം പ്രാണവായുവിനു തന്നെ പെടാപ്പാടു പെടേണ്ട അവസ്ഥ. 

നിങ്ങൾ എപ്പോഴെങ്കിലും അത്രയും ഭീകരമായ ഒരു മഴക്കാല ബസ്‌യാത്ര നടത്തിയിട്ടുണ്ടെങ്കിൽ മനസ്സിലാകും, ആ തിരക്കിലും ഇരുട്ടിനുമിടയിൽ ആണെന്നോ പെണ്ണെന്നോ ഇല്ല. ഒരു വിരൽത്തുമ്പുകൊണ്ടുപോലും തൊടാൻ നാണിച്ചുനിൽക്കുന്ന സദാചാരത്തിന്റെ രൂപക്കൂടുകൾ പൊളിച്ച് പച്ചമനുഷ്യരായി ചേർന്നൊട്ടിനിൽക്കാതെ മറ്റു നിവൃത്തിയില്ല. അപ്പോഴും ആ യാത്രാസംഘത്തിലെ പെൺമനസ്സുകൾക്ക് ഉള്ളിലെവിടെയോ ഒരു വിശ്വാസമുണ്ട്. തൊട്ടടുത്തുനിൽക്കുന്ന പേരറിയാത്ത, ആരെന്നുപോലുമറിയാത്തൊരാളുടെ ശരീരം തന്റെ ശരീരത്തിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിവരികയില്ലെന്ന്. ബസ് സഡൻ ബ്രേക്കിടുമ്പോഴും വളവുകളിൽ സ്റ്റിയറിങ് ആഞ്ഞുതിരിച്ച് അടിമുടി ഉലയുമ്പോഴും ചുമലിലേക്കു വന്നുവീഴുന്ന പിൻഭാരത്തിനപ്പുറം തന്റെ സ്വകാര്യതയിലേക്ക് ഒരു വിരൽത്തുമ്പുപോലും സർപ്പദംശവുമായി ഇഴഞ്ഞെത്തുകയില്ലെന്ന്. ചിലപ്പോഴെങ്കിലും ഈ വിശ്വാസം തെറ്റിപ്പോകാറുമുണ്ട്.  അതുപോലെ വിശ്വാസം തെറ്റിപ്പോയൊരു മഴക്കാല സന്ധ്യയ്ക്ക്, ഞങ്ങൾ സഞ്ചരിച്ച ട്രാൻസ്പോർട്ട് ബസിൽനിന്ന് ‘‘വണ്ടി നിർത്ത്...’’ എന്നൊരലർച്ചയുമായി കരഞ്ഞുവിളിച്ച് വഴിമധ്യേ ഇറങ്ങിപ്പോയൊരു പെൺകുട്ടിയെ ഇന്നും ഞാൻ ഓർമിക്കുന്നു. 

പുതിയ ബാച്ച് കുട്ടികളെ വരവേൽക്കുന്ന ദിവസമായതുകൊണ്ട് പതിവു സൽവാറിനു പകരം സാരിയുടുത്താണ് അന്നവൾ വന്നത്. ആർത്തുപെയ്യുന്ന മഴയിലേക്കു കുടപോലുമില്ലാതെ കരഞ്ഞിറങ്ങിപ്പോകുമ്പോൾ കടുംവയലറ്റ് സാരി ചുമലിലൂടെ ചുറ്റി ദേഹം വാരിപ്പുതച്ചു മറച്ചുപിടിക്കുന്നുണ്ടായിരുന്നു അവൾ. അടുത്ത ബെല്ലടിച്ച് വണ്ടിവിട്ടപ്പോൾ ഞങ്ങൾ ഷട്ടർ പതിയെ ഉയർത്തി പുറത്തേക്കു നോക്കി. കുളിർന്നു പെയ്യുന്ന കർക്കടകമഴയിലും അവളുടെ കാൽപ്പാദങ്ങളിൽ തീകത്തുന്നപോലെ തോന്നി. അത്രയും വേഗത്തിലാണ് അവൾ പിന്നിലേക്ക് ഓടിമറഞ്ഞത്. ‘എന്താ... എന്തു പറ്റി...’  എന്നൊക്കെ കൂട്ടത്തിലെ ചില മുതിർന്ന പെൺകുട്ടികൾ തിരക്കിയെങ്കിലും അവൾ ആരോടും ഒന്നും പറയാതെ ഇറങ്ങിയോടുകയായിരുന്നു. കാറ്റിലിളകിയ സാരിത്തലപ്പിന്റെ ചിലയിടങ്ങൾ കീറിപ്പിഞ്ഞിയിരുന്നു. ഇറുകെക്കുത്തിയ സേഫ്റ്റിപിന്നുകൾ ചിലത് പൊട്ടിവീണിരുന്നു. ബസ് നിർത്താൻ ആവശ്യപ്പെട്ടതിന്റെ ഈർഷ്യകൊണ്ടോ ആൺസഹജമായ പരിഹാസംകൊണ്ടോ എന്തോ അന്നത്തെ ഡ്രൈവർ, ബസിൽനിന്നിറങ്ങി തിരിഞ്ഞോടുന്ന അവളെ സൈഡ് മിററിലൂടെ നോക്കിക്കൊണ്ട് ഉറക്കെച്ചിരിച്ചുപറഞ്ഞതോർക്കുന്നു. ‘‘ആരാടാ ആ പെൺകൊച്ചിനെ ജാക്കിവച്ചത്...?’’

ആ ചോദ്യത്തിനു മറുപടിയായി കോറസുപോലെ ബസിനകത്തുനിന്നൊരു ചിരി ഉയർന്നു. അതു പിന്നെ പല ചിരികളായി പടർന്നു. ‘ജാക്കിവയ്ക്കപ്പെട്ട’ പെൺകൊച്ചിനെ കാണാൻ കൗതുകത്തോടെ പുറത്തേക്കു ചില ആൺതലകൾ നീണ്ടു... ബസ് പിന്നെയും യാത്ര തുടർന്നു. എന്നാൽ അവൾക്കു മാത്രം അതത്ര എളുപ്പം ഭേദമാകുന്ന മുറിവായിരുന്നില്ല.  ബസിനകത്തെ ഇരുട്ടിനും തിരക്കിനുമിടയിൽ അവളുടെ ശരീരത്തിന്റെ ഒളിയിടങ്ങളിലേക്കു നീണ്ടുവന്നൊരു സർപ്പസ്പർശം അത്രയും കൊടുംവിഷം അവളിൽ ദംശിച്ചതുകൊണ്ടായിരിക്കണം അവൾ കരിനീലിച്ചു കരഞ്ഞിറങ്ങിപ്പോയത്. വർഷങ്ങൾക്കു ശേഷം ഒരു പൂർവവിദ്യാർഥികൂട്ടായ്മയിൽ യാദൃശ്ചികമായി വീണ്ടും കണ്ടുമുട്ടിയപ്പോൾ പഴയ ആ മഴക്കാലയാത്ര ഞങ്ങൾ വീണ്ടുമോർമിച്ചു. ആ സംഭവത്തിനുശേഷം എത്രയോ കാലം അവൾ പിന്നീട് ബസിൽ കയറിയതേയില്ലെന്ന കാര്യം അന്ന് അവൾ പറഞ്ഞപ്പോൾ ഒരു നടുക്കത്തോടെ മാത്രമേ ഞങ്ങൾക്കു കേൾക്കാൻ കഴിഞ്ഞുള്ളൂ... 

വർഷങ്ങൾക്കിപ്പുറം ഇപ്പോഴും അവൾക്ക് ആൾക്കൂട്ടങ്ങളെ പ്രത്യേകിച്ചും ആൺകൂട്ടങ്ങളെ ഭയമാണ്. തിക്കിത്തിരക്കുന്ന ഉൽസവപ്പറമ്പുകളിലേക്കോ പൂരപ്പറമ്പുകളിലേക്കോ അവൾ പിന്നീടൊരിക്കലും പോയിട്ടില്ലെന്നും  ഇപ്പോഴും കൈയെത്തും ദൂരത്ത് ഒരു അപരിചിതൻ വരുമ്പോൾ ആ ബസ്‌യാത്ര ഓർമവരുമെന്നും  അവൾ പറഞ്ഞു... അതിലുമേറെ അവളെ വേദനിപ്പിച്ചത്, ആ വേദനയോടു പൊരുത്തപ്പെടാൻ കഴിയാതാക്കിയത്, ഡ്രൈവറുടെയും മറ്റു പുരുഷ യാത്രക്കാരുടെയും പരിഹാസം കലർന്ന പൊട്ടിച്ചിരിയായിരുന്നിരിക്കണം. പെണ്ണിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾക്കു വീരപരിവേഷം കൊടുക്കുന്ന ആണിടങ്ങളിൽനിന്ന് അവൾക്ക് പിന്നെ ഓടിയൊളിക്കാതിരിക്കാനാവുന്നതെങ്ങനെ? 

English Summary : Pink rose column written by Riya Joy-on sexual abuse

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS