അന്നാമ്മച്ചിയുടെ പെണ്ണുതേടൽ! (മകനെ കെട്ടിക്കേണ്ടായോ...)

old-mother-law
SHARE

ആറ്റുനോറ്റുണ്ടായൊരു പൊന്നുമകനുവേണ്ടി പെണ്ണന്വേഷിക്കുന്നൊരു അമ്മച്ചിയുടെ വോയ്സ് ക്ലിപ്പ് വൈറലായിട്ടുണ്ടത്രേ..

നിങ്ങളും കേട്ടായിരിക്കും. മീൻവെട്ടിക്കഴുകുന്നതിനിടയിൽ ശലോമിയാണ് അന്നാമ്മച്ചിയോടതു പറഞ്ഞത്. കാര്യം അന്നാമ്മച്ചിയും ഏതോ വാട്സാപ് ഗ്രൂപ്പിൽ അതു കേട്ടതാണെങ്കിലും ആ വോയ്സ് ക്ലിപ്പിൽ ഇത്രമാത്രം വൈറലാകാൻ എന്താണുള്ളതെന്നാണ് പുള്ളിക്കാരിയുടെ ചോദ്യം. അന്നാമ്മച്ചിയുടെ സീമന്തപുത്രൻ ഈ കർക്കിടകത്തിൽ വയസ്സു മുപ്പത്തിമൂന്നും തികഞ്ഞ് പുരനിറഞ്ഞു നിൽക്കുവാന്നേ. കാലത്തെ റബറുവെട്ടും ഒട്ടുപാലെടുക്കലും ഷീറ്റടിക്കലുമൊക്കെക്കഴിഞ്ഞാൽ പഞ്ചായത്തുഗ്രൗണ്ടിൽ പിള്ളേരുടെകൂടെക്കൂടി ബാറ്റുകളിയല്ലാതെ അവന് പ്രത്യേകിച്ച് വേറെ പണിയൊന്നുമില്ല.

 കഴിഞ്ഞ ഞായറാഴ്ചയും കുർബാന കഴിഞ്ഞിറങ്ങിയപ്പോൾ വികാരിയച്ചൻ അന്നാമ്മച്ചിയെ പ്രത്യേകം വിളിച്ചൊന്നുപദേശിച്ചിരുന്നു.

–ടോണിക്കുട്ടൻ ഇങ്ങനെയൊക്കെ നടന്നാൽ മതിയോ? അവനെ പിടിച്ചു കെട്ടിക്കണ്ടായോ? തന്തയ്ക്കോ അതിനെക്കുറിച്ചൊരു വിചാരവുമില്ല. തള്ളയ്ക്കെങ്കിലും വേണ്ടേ?

അച്ചന്റെ പറച്ചിലു കേട്ട് അന്നാമ്മച്ചിയുടെ ആത്മാഭിമാനം മുറിപ്പെട്ടു. അല്ലേലും പുലിക്കുന്നേൽ കുടുംബത്തിലെ പെണ്ണുങ്ങൾക്ക് ആത്മാഭിമാനം ഇച്ചിരി കൂടുതലല്യോ. അന്നു തന്നെ രണ്ടുംകൽപിച്ച് സ്ഥലത്തെ പ്രധാന ബ്രോക്കറെ വിളിച്ചുവരുത്തി അന്നാമ്മച്ചി. കടിച്ചിട്ടും കടിച്ചിട്ടും പൊട്ടാത്ത നാലഞ്ച് അവുലോസുണ്ടയും മുറുക്കും ചക്കരക്കാപ്പിയുമെടുത്ത് ടീപ്പോയിൽ നിരത്തി അന്നാമ്മച്ചി ഓർഡറിട്ടു.

– വർക്കീ... നിന്റെ ആ ഡയറിയൊന്നു തുറന്നു നോക്കിയേ.. നമ്മുടെ ടോണിക്കു പറ്റിയ നല്ല ആലോചന വല്ലതുമുണ്ടോന്നറിയാലോ....

– നല്ല പുളിങ്കൊമ്പു ഫാമിലികളിൽനിന്നുള്ള പെടയ്ക്കുന്ന ആലോചനകളുണ്ടമ്മച്ചീ.. പത്രാസിന് പത്രാസുള്ള കുടുംബക്കാർ...

– ങാ മതി മതി.. പുളിങ്കൊമ്പത്തുള്ള പെണ്ണിനെയൊന്നും വേണ്ട. പെൺവീട്ടുകാരുടെ തട്ട് എപ്പോഴും നമ്മുടേതിനേക്കാൾ ഇച്ചിരി താണിരുന്നാൽ‍ മതി. ഇല്ലേൽ പെണ്ണിന് നെഗളിപ്പ് കൂടും.

– ശരിയമ്മച്ചി. എന്നാൽ പഠിപ്പുള്ള പെണ്ണുങ്ങളെ നോക്കാം. 

വർക്കി അടുത്ത പേജു മറിച്ചു.

– പഠിപ്പു വേണം. പക്ഷേ ടോണിക്കുട്ടൻ ഡിഗ്രിവരെയല്യോ പഠിച്ചിട്ടുള്ളു. അതിനു പോന്ന പഠിപ്പു മതി പെണ്ണിനും. ഇല്ലേൽ അവനെ പഠിപ്പിക്കാൻ വരും.. പഠിപ്പൊക്കെ അല്ലേലും എന്നാത്തിനാ?

– എന്നാൽ വല്യ കൊമ്പത്തെ പഠിപ്പും പത്രാസുമില്ലേലും നല്ല ചിമിട്ടു ചിമിട്ടുപോലെയുള്ള പെണ്ണുങ്ങളുണ്ട് അമ്മച്ചീ.. ഒന്നുരണ്ടെണ്ണത്തിനെ കാണിക്കട്ടെ..

– എടാ വർക്കി. അത്ര ചിമിട്ട് ഇനങ്ങളൊന്നും വേണ്ട. പാവം പിടിച്ച സ്വഭാവക്കാരിയായിരിക്കണം. പെണ്ണിന് ആങ്ങളച്ചെറുക്കന്മാരില്ലേൽ സന്തോഷം. ഇല്ലേൽ അവളുമാര് ഓരോന്ന് പറയുന്നതുകേട്ട് ആങ്ങളമാര് ഇവിടെ വന്ന് ചോദ്യമായി പറച്ചിലായി.. പിന്നെ ആകെ പുകിലാകും. അതൊന്നും വേണ്ട.

– എന്നാപ്പിന്നെ അമ്മച്ചി പറ? എങ്ങനെയുള്ള പെണ്ണിനെ വേണമെന്ന്.. അല്ലാ പിന്നെ.

വർക്കി അവന്റെ ഡയറി മടക്കിവച്ച്, അവുലോസുണ്ട കടിച്ചുപൊട്ടിക്കുന്നതിൽ ശ്രദ്ധിക്കാൻ തുടങ്ങി.

– എടാ, നല്ല ദൈവഭയമുള്ള കൊച്ചായിരിക്കണം. അടക്കവും ഒതുക്കവും വേണം. വലിയ വർത്തമാനവും നാട്യവുമൊന്നും വേണ്ട. ജോലിയും വേണ്ട. പഠിപ്പ് അവന്റെ പാകത്തിന്. ഇനിയും പഠിക്കണമെന്നോ ജോലിക്കു പോകണമെന്നോ പറയുന്ന പുരോഗമനക്കാരൊന്നും വേണ്ട. പണി ഇഷ്ടംപോലെ ഇവിടെ പറമ്പിലുണ്ടല്ലോ. അതു ചെയ്താൽ മതി. പിന്നെ വല്യ പത്രാസുള്ള കുടുംബത്തീന്ന് കെട്ടിക്കൊണ്ടുവന്നാൽ എന്നേം മോനേം ഭരിക്കാൻ വരും. അതു വേണ്ട. അവനേക്കാൾ ഉയരമോ വണ്ണമോ പ്രായമോ പാടില്ല. അതൊക്കെപിന്നെ എല്ലാരും പറയുന്നതല്യോ. പിന്നെ പെണ്ണിന് നല്ല നെറം വേണം. എന്നാലേ പേരക്കിടാങ്ങളൊക്കെ നല്ല പൂവമ്പഴം പോലെയിരിക്കൂ.. പിന്നെ സ്ത്രീധനം. അതുപിന്നെ എത്ര കിട്ടിയാലും സാരമില്ല. എന്റെ അലമാരയിൽ പൊന്നും പണ്ടവും വയ്ക്കാൻ ഇഷ്ടം പോലെ സ്ഥലമുണ്ട്. പാവംപിടിച്ച, മര്യാദക്കാരായ അപ്പനമ്മമാർക്കുണ്ടായ പെൺകൊച്ചുങ്ങൾ മതിയേ.. ഇല്ലേൽ ബന്ധുക്കാര് ഇവിടെക്കേറി നിരങ്ങും... ഞാൻ ഈ പറഞ്ഞ മാതിരി ഏതെങ്കിലും പെണ്ണുങ്ങള് ഈ ഇടവകയിലുണ്ടെങ്കിൽ പറയ്. നമുക്ക് വേഗം ആലോചിക്കാം. പെട്ടെന്നു വേണം.

പെട്ടെന്നു വേണമെന്നുകേട്ട് വർക്കി വാപൊളിച്ചു. കഷ്ടപ്പെട്ടു കടിച്ചെടുത്ത അവുലോസുണ്ടയുടെ കഷ്ണം അപ്പോൾ താഴെ തറയിൽ വീഴുകയും ചെയ്തു. 

– പെട്ടെന്നോ? അങ്ങനെ എടുപിടീന്നൊക്കെ പറഞ്ഞാൽ എങ്ങനെയാ അമ്മച്ചീ...?

– എടാ വർക്കി. ആലോചന ഉറപ്പിച്ച് വേഗം ഒത്തുകല്യാണം നടത്തിവയ്ക്കണം. ഇല്ലേൽ പെൺവീട്ടുകാര് ടോണിക്കുട്ടന്റെ പഴയസ്വഭാവം ചികഞ്ഞുകണ്ടുപിടിക്കും. അതിനു മു‍ൻപേ പെണ്ണിനെ കെട്ടി വീട്ടിൽകേറ്റണം..

–അല്ലാ അമ്മച്ചീ.. ടോണിക്കുട്ടൻ ഇപ്പോഴും പഴേ കുഴപ്പങ്ങളൊക്കെ കാട്ടിക്കൂട്ടാറുണ്ടോ? ഇന്നാളൊരിക്കൽ കവലയ്ക്കലെ മമ്മദിന്റെ പീടികേലിരുന്ന് ആരോ പറയുന്നതു കേട്ടു, അവൻ ഏതോ പെണ്ണിന്റെ പിന്നാലെയായിരുന്നെന്നോ അവളെ ഒഴിവാക്കാൻ ടോണിക്കുട്ടന്റെ അപ്പൻ കൂപ്പിലേക്കു പണിക്കയച്ചെന്നോ...

വർക്കി താഴെ തറയിൽ വീണ അവുലോസുണ്ടക്കഷ്ണം ഉറുമ്പരിക്കുന്നതുകണ്ട് തലചൊറിഞ്ഞു. 

–ഒന്നു മിണ്ടാതിരിയെടാ വർക്കീ.. അല്ലറ ചില്ലറ തല്ലുകൊള്ളി സ്വഭാവങ്ങളൊക്കെ ടോണിക്കുട്ടനുണ്ടെന്നത് ശരിയാ.. അതുപിന്നെ ആണുങ്ങളാകുമ്പോ അങ്ങനെയൊക്കെ കാണാതിരിക്കുമോ? അവന്റെ അപ്പൻ ആരായിരുന്നെന്നോ പണ്ട്? ആ സ്വഭാവം കാണിക്കാതിരിക്കുമോ?

– ഇങ്ങനെയുള്ളൊരുത്തനെ ഇക്കാലത്ത് എങ്ങനെയാ അമ്മച്ചീ പിടിച്ചു കെട്ടിക്കുന്നേ?

– അതൊന്നും സാരമില്ലെടാ വർക്കി. കല്യാണം കഴിയുമ്പോ അവൻ ശരിയായിക്കോളും. അല്ലേലും അവനെ നേരെയാക്കാനല്യോ പെണ്ണുകെട്ടിക്കുന്നത്? വന്നുകേറുന്ന പെണ്ണിന് മിടുക്കുണ്ടേൽ ടോണിക്കുട്ടൻ നന്നായിക്കോളും. 

– ശരി അന്നാമ്മച്ചീ.. ഇതിനൊക്കെപ്പറ്റിയ പെണ്ണിനെ തപ്പിയെടുത്ത് ഞാൻ അടുത്ത ഞായറാഴ്ച വരാം.

– എന്നാൽ അങ്ങനെയാട്ടെ വർക്കി.. എന്തായാലും പെട്ടെന്നു വേണം. വരുന്നമാസം പള്ളിപ്പെരുന്നാളു കഴിഞ്ഞാൽ പിറ്റേ ആഴ്ച കല്യാണം.  അടുത്ത പള്ളിപ്പെരുന്നാളു കൂടാൻ നേരം ടോണിക്കുട്ടന്റെ കടിഞ്ഞൂലും എന്റെകൂടെ വേണമെന്നാ മോഹം. കെട്ടു കഴിഞ്ഞ് പത്താംമാസം ആദ്യത്തേത്.. പിറ്റേ വർഷം രണ്ടാമത്തേത്... പിന്നെയൊക്കെ അവരുടെ സൗകര്യം പോലെ. പെറാൻ പറയുമ്പോ വല്യ പ്ലാനിങ്ങുംകൊണ്ടൊന്നും വരുന്ന പെണ്ണുങ്ങളെ വേണ്ടെന്ന് ഞാൻ പ്രത്യേകം പറയണ്ടല്ലോ... 

അതും പറഞ്ഞ് അന്നാമ്മച്ചി കസേരയിൽനിന്നെഴുന്നേറ്റു. വർക്കിയും.

–ശരി അമ്മച്ചീ.. ഞാൻ ഇറങ്ങുന്നു..

വർക്കി അപ്പോൾതന്നെ ഡയറി മടക്കി കക്ഷത്തിൽത്തിരുകി അന്നാമ്മച്ചിയുടെ വീട്ടിൽനിന്നിറങ്ങി. കടിച്ചിട്ടും കടിച്ചിട്ടും പൊട്ടാത്ത അവുലോസുണ്ട പറമ്പിലെ മുസാണ്ടച്ചെടിയിലേക്കു വലിച്ചെറിയുന്നതിനിടെ വർക്കി മുറുമുറുക്കുന്നുണ്ടായിരുന്നു...

–നോക്കിയിരുന്നോ അമ്മച്ചീ.. ഇപ്പോ കിട്ടും... ഞാൻ ഈ പണിയുംകൊണ്ടുനടക്കുന്നത് പെൺകൊച്ചുങ്ങടെ പിരാക്ക് മേടിക്കാനല്ല... 

വർക്കി പിന്നെ ആ വഴി ചെന്നതേയില്ല. എന്നുവച്ച് ടോണിക്കുട്ടൻ പെണ്ണുകിട്ടാതെ മൂക്കിൽപല്ലും വന്ന് ഇരുന്നുപോയതുമില്ല. ദൈവഭയവും സൽസ്വഭാവവുമുള്ള നല്ലോരു പെൺകൊച്ചുമായുള്ള കെട്ടുറപ്പിച്ച് നാടുനീളെ വിളി തുടങ്ങിയിട്ടുണ്ട് അന്നാമ്മച്ചി. അപ്പനുമമ്മയും ആങ്ങളച്ചെറുക്കനും മലവെള്ളപ്പാച്ചിലിൽ മരിച്ചുപോയൊരു പാവം പെണ്ണ്. അപ്പോ പിന്നെ ആരും ചോദിക്കാനും പറയാനുമില്ല. എന്നു കരുതി ധർമക്കല്യാണമൊന്നുമല്ല കേട്ടോ... മലവെള്ളത്തിൽ ഒലിച്ചുപോയതിന്റെ ബാക്കി കഷ്ടി ഒരേക്കറ് റബറുംതോട്ടം പെണ്ണിന്റെ പേർക്കുണ്ട്. അതുപോരേ.. അല്ലേലും അന്നാമ്മച്ചി ആരാ മൊതല്... 

ഈ തിരക്കിനിടയിലാണ് ശലോമിയുടെ ഓരോരോ വിശേഷം പറച്ചിൽ.. ഏതോ അമ്മച്ചി മകനുവേണ്ടി പെണ്ണന്വേഷിക്കുന്ന വോയ്സ് ക്ലിപ്പ് വൈറലായെന്ന്... 

നാളെ  കല്യാണമാണെങ്കിലും ടോണിക്കുട്ടൻ ഇതുവരെ പഞ്ചായത്തു ഗ്രൗണ്ടിലെ ബാറ്റുകളി കഴിഞ്ഞു വന്നിട്ടില്ലെന്നു തോന്നുന്നു. അന്നാമ്മച്ചി നീട്ടിയൊരു വിളിവിളിച്ചു. ‘മോനേ ടോണിക്കുട്ടാ, ബൂസ്റ്റ് കലക്കിവച്ചത് തണുത്തുപോകും.. വന്നുകുടിച്ചിട്ടു പോടാ ചെറുക്കാ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}