ഏതോ സങ്കടമല്ലികയുടെ കഥ

HIGHLIGHTS
  • മുല്ലപ്പൂ മണക്കുന്ന അമ്മയെയായിരുന്നു കുഞ്ഞുമല്ലികയ്ക്കിഷ്ടം. ചില ദിവസങ്ങളിൽ അമ്മയ്ക്കു വേറെയേതൊക്കെയോ പൂക്കളുടെ മണമായിരിക്കും. മത്തുപിടിപ്പിക്കുന്ന മണം...
Indian woman with her traditional hairstyle
Representative Image. Photo By: Anton Yulikov/www.shutterstock.com
SHARE

കുറെനേരമായി അവൾ ഈ നിൽപുതുടങ്ങിയിട്ട്. മനംപിരട്ടുന്നതുപോലെ തോന്നി. അല്ലെങ്കിലും ലൈസോളിന്റെയും ഹാർപിക്കിന്റെയും ബ്ലീച്ചിങ് പൗഡറിന്റെയും കുത്തുന്ന മണംശ്വസിച്ച് എത്രനേരം കഴിച്ചുകൂട്ടും ബാത്‌റൂമിനോടു ചേർന്നുള്ള ചെറിയ ഇടനാഴിയിൽ. പാതി ചേർന്നടഞ്ഞ ജനലിലെ പൊട്ടിയ ചില്ലുപാളിയിലൂടെ ഇടയ്ക്കെങ്ങാനും ഒരു കാറ്റ് കയറിവന്നാലായി. അല്ലാത്ത നേരമത്രയും വിയർത്തൊലിച്ചാണ് നിൽപ്. മൂക്കുപൊത്തിക്കുന്ന ദുർഗന്ധം തങ്ങിനിന്നിരുന്നു ആ ചെറിയ ഇടനാഴിയിൽ. പുറത്തേക്കുള്ള എക്സോസ്റ്റ് ഫാൻ ഈയിടെയായി കറങ്ങാറേയില്ല. സൂപ്പർവൈസർ റജീന മേഡത്തോടു പറഞ്ഞെങ്കിലും നടപടിയായില്ല. വാഷ്റൂമിനു പകരം ഓഫിസിലെ മറ്റേതെങ്കിലും ഫ്ലോറിൽ ഡ്യൂട്ടിക്കിടണമെന്നു പറഞ്ഞ് മുൻപൊരിക്കൽ റജീനമേഡത്തെ ചെന്നു കണ്ടിരുന്നു. മല്ലികയ്ക്ക്  വാഷ്റൂം ഡ്യൂട്ടി തന്നെ മതി, റിസപ്ഷനിലും മറ്റു ഫ്ലോറിലുമെല്ലാം നേരത്തെ ഓരോരുത്തരെ ഡ്യൂട്ടിക്കിട്ടുകഴിഞ്ഞെന്നു പറഞ്ഞാണ് അന്നു റജീന മേഡം തിരിച്ചയച്ചത്. അല്ലെങ്കിലും ഓഫിസിലും റിസപ്‌ഷനിലും ക്ലീനിങ് ഡ്യൂട്ടിക്കിടാൻ മാത്രം വലിയ ചന്തമൊന്നും തനിക്കില്ലല്ലോ എന്ന് മല്ലിക ആത്മഗതം പറഞ്ഞു. 

പത്തുവരെ പഠിച്ചതാണ് മല്ലിക. ടൗണിലെ ബസ് സ്റ്റാൻഡിൽ തൂപ്പുജോലികഴിഞ്ഞ് മടങ്ങിയെത്തുന്ന അമ്മയുടെ വിയർപ്പുമണം മല്ലികയ്ക്കിപ്പോഴും മൂക്കിൻതുമ്പിലുണ്ട്. മല്ലികയെപ്പോലെ അല്ലായിരുന്നു അമ്മ, സുന്ദരിയായിരുന്നു. രാവിലെ വാരിച്ചുറ്റിയ ഷിഫോൺസാരിയിൽ നഗരത്തിന്റെ അഴുക്കും വിഴുപ്പും മണത്തിരുന്നു. ആ വാടമണം മറക്കാനായിരിക്കണം, സന്ധ്യക്കു മാരിയമ്മൻകോവിലിൽ പോകുന്ന ദിവസങ്ങളിൽ തലനിറയെ മുല്ലുപ്പൂ ചൂടിയാണ് അമ്മ മടങ്ങിവരാറുള്ളത്. മുല്ലപ്പൂ ചൂടുമ്പോൾ അമ്മയ്ക്കൊരു പ്രത്യേക ചന്തമായിരുന്നു. ഗോതമ്പിന്റെ നിറം. മല്ലികയ്ക്കു കിട്ടിയില്ല ആ നിറം. അച്ഛന് എള്ളിന്റെ കറുപ്പായിരുന്നെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ആ കറുപ്പാണ് മല്ലികയ്ക്ക്. കണ്ണാടി നോക്കിത്തുടങ്ങിയ കാലംതൊട്ടേ തൊലിക്കറുപ്പിന്റെ പേരിൽ മല്ലിക എത്രയോവട്ടം കണ്ണീർവാർത്തിരിക്കുന്നു. അപ്പോഴൊക്കെ എള്ളിൻ കറുപ്പിന് ഏഴഴകാണെന്നും, പൊന്നുമോളെ ഞാനൊരു രാസാത്തിയാക്കുമെന്നും പറഞ്ഞ് അമ്മ മല്ലികയെ വെറുതെ ആശ്വസിപ്പിക്കുമായിരുന്നു. 

മാരിയമ്മൻകോവിലിൽ പോകുന്ന ദിവസമൊക്കെയും രാത്രി ഏറെ വൈകിയാണ് അമ്മ മടങ്ങിയെത്തുക. എങ്കിലും അമ്മ വരുംവരെ മല്ലിക കാത്തിരിക്കും. അമ്മ തലയിൽചൂടിയ മുല്ലപ്പൂമാല കയ്യിൽചുറ്റിയാണ് മല്ലിക രാത്രിയുറങ്ങുക. ചില മുല്ലപ്പൂക്കൾ ചതഞ്ഞും വാടിയും ഇതൾകൊഴിഞ്ഞും കാണുമ്പോൾ മല്ലികയ്ക്കു സങ്കടം വരും. എങ്കിലും അതിന്റെ ദയനീയമായ വാസന മല്ലിക ആർത്തിയോടെ മൂക്കിലേക്കടുപ്പിക്കും. മുല്ലപ്പൂ മണക്കുന്ന അമ്മയെയായിരുന്നു കുഞ്ഞുമല്ലികയ്ക്കിഷ്ടം. ചില ദിവസങ്ങളിൽ അമ്മയ്ക്കു വേറെയേതൊക്കെയോ പൂക്കളുടെ മണമായിരിക്കും. മത്തുപിടിപ്പിക്കുന്ന മണം... ആ ദിവസങ്ങളിൽ അമ്മയെ കെട്ടിപ്പിടിച്ചുറങ്ങാൻ മല്ലികയ്ക്ക് എന്തിഷ്ടമായിരുന്നെന്നോ...

രാവിലെ വീണ്ടുമെഴുന്നേറ്റ് ബസ് സ്റ്റാൻഡിലേക്ക് തൂപ്പുപണിക്കു പോകുന്ന അമ്മയെ കാണുമ്പോൾ മല്ലികയ്ക്കു കണ്ണുനിറയും.. ‘‘നന്നായിരുന്ന് പഠിക്ക് കണ്ണേ.. ഇല്ലെങ്കിൽ തൂപ്പുപണിയെടുത്ത് കഴിയേണ്ടിവരും...’’ പഠിക്കാനിരിക്കുമ്പോഴെല്ലാം അമ്മയുടെ ഈ അശരീരിയാണ് ബസ് സ്റ്റാൻഡിനു പിന്നിലെ ചേരിയിലെ ആ ഒറ്റമുറിവീട്ടിൽ മുഴങ്ങിയിരുന്നത്. അതുകേട്ടുകേട്ട് മല്ലിക നന്നായിത്തന്നെ പഠിച്ചു. പത്താംക്ലാസിൽ ഫസ്റ്റ്ക്ലാസ് മാർക്കുണ്ടായിരുന്നു. ചേരിയിൽനിന്ന് ആദ്യത്തെ ഫസ്റ്റ് ക്ലാസുകാരി. പത്താംക്ലാസിന്റെ റിസൽറ്റ് വന്ന ദിവസം അമ്മ ചേരിയിലെ പിള്ളേർക്കു ഹാജിയാരുടെ കടയിൽനിന്ന് ലഡു വാങ്ങിക്കൊടുത്തു. അന്നു രാത്രി മാരിയമ്മൻകോവിലിൽ പോയപ്പോൾ അമ്മ മല്ലികയെയും കൂടെക്കൊണ്ടുപോയി. കോവിൽ തൊഴുതു വഴിവക്കത്തുനിന്ന് മുളകുബജിയും കട്ടൻകാപ്പിയും വാങ്ങിക്കഴിച്ച് അവർ ആ ഫസ്റ്റ് ക്ലാസ് വിജയം ആഘോഷിച്ചു. മല്ലികയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള സായാഹ്നമായിരുന്നു അത്. കോവിലിൽനിന്നു തിരികെപ്പോരുമ്പോഴാണ് അമ്മയുടെ ഒരു പരിചയക്കാരനെ കണ്ടുമുട്ടിയത്. മല്ലികയ്ക്ക് അയാൾ കടുംചുവന്നൊരു കോലുമിഠായി കൊടുത്തത് അവൾ ഇപ്പോഴും ഓർമിക്കുന്നു. 

അമ്മയോട് എന്തൊക്കെ സംസാരിക്കാനുണ്ടെന്നു പറഞ്ഞാണ് അയാൾ അമ്മയെ രണ്ടാംനിലയിലെ ഒരു മുറിയിലേക്കു വിളിച്ചുകൊണ്ടുപോയത്. പലക ഇളകിത്തുടങ്ങിയ ഗോവണിയുടെ പടികൾ പതുക്കെപ്പതുക്കെ കയറിപ്പോകുമ്പോൾ അമ്മയുടെ വെള്ളിക്കൊലുസ് കിലുങ്ങുന്നുണ്ടായിരുന്നു. അമ്മ തിരികെ വരുംവരെ മല്ലിക താഴത്തെ നിലയിലെ വരാന്തയുടെ തിണ്ണയിൽ കാലാട്ടിയിരുന്നു. അടുത്തുള്ള തട്ടുകടയിൽനിന്ന് ഖുശ്ബുവിന്റെ സിനിമയിലെ പാട്ടുകൾ ഉറക്കെകേൾക്കുന്നുണ്ടായിരുന്നു. കോലുമിഠായി നൊട്ടിനുണഞ്ഞ് അവളുടെ ചുണ്ടും നാവും തുടുത്തുചുവന്നു. തൂണിൽ ചാരിയിരുന്ന് എപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് അവൾക്ക് ഓർമയില്ല. അമ്മ വന്നു കുലുക്കിവിളിച്ചുണർത്തുമ്പോഴാണ് അവളുണർന്നത്. അപ്പോഴേക്കും തട്ടുകടയിലെ അന്നത്തെ കച്ചവടം കഴിഞ്ഞ് ആളുകൾ പിരിഞ്ഞുപോയിരുന്നു. നിരത്ത് വിജനമായിരുന്നു. അമ്മയുടെ തലമുടിക്കെട്ടിൽ പതിവുപോലെ മുല്ലപ്പൂക്കൾ പിഞ്ഞിപ്പിച്ചിയിരുന്നു. പക്ഷേ, അപ്പോഴും അമ്മയ്ക്ക് നല്ല അത്തറിന്റെ മണമുണ്ടായിരുന്നു. 

‘‘അമ്മ എവിടെയായിരുന്നു, എത്ര നേരമായി ഞാൻ അമ്മ വരാൻ നോക്കിയിരിക്കുന്നു?’’ 

അവളുടെ ചോദ്യത്തിന് അമ്മ മറുപടിയൊന്നും പറഞ്ഞില്ല. സാരിയുടെ ഞൊറി പിന്നിയെടുത്തു പിന്നുംകുത്തി പാവാടയ്ക്കുള്ളിലേക്കു തെറുത്തുമടക്കിവയ്ക്കുന്ന തിരക്കിലായിരുന്നു അമ്മ. നേരത്തെ അമ്മയെ മുകളിലേക്കു വിളിച്ചുകൊണ്ടുപോയ പരിചയക്കാരൻ അപ്പോൾ മുണ്ടുംമുറുക്കിയുടുത്ത് ഗോവണിപ്പടിയിറങ്ങി ഇരുട്ടത്തേക്കു നടന്നുമറയുന്നത് അവൾ അവ്യക്തമായി കണ്ടു. അപ്പോൾ മുതലാണ് അവൾക്ക് അമ്മയുടെ അത്തറുമണത്തോടു വെറുപ്പുതോന്നിത്തുടങ്ങിയത്. അന്നുരാത്രിമുതലാണ് അവൾ അമ്മയെ കെട്ടിപ്പിടിക്കാതെ മാറിക്കിടക്കാൻ തുടങ്ങിയത്. 

‘‘ന്റെ മോളെ ഞാനൊരു രാസാത്തിയാക്കും... അത്തറു മണക്കുന്ന രാസാത്തി...’’

അമ്മ ഇടയ്ക്കിടെ പറയാറുള്ള ആ മോഹം മല്ലികയുടെ മനസ്സിൽ കയ്ച്ചുകിടന്നു...

‘‘അല്ലാ, മല്ലിക കുറെനേരമായല്ലോ, ചൂലുംപിടിച്ചുനിന്നൊരു മനോരാജ്യം... ആ മൂന്നാമത്തെ ബാത്‌റൂമിലെ ഫ്ലഷ് കേടായീ.. കുറച്ച് വെള്ളം ബക്കറ്റിൽ പിടിച്ചുവച്ചേക്ക്’’ 

അതുകേട്ടാണ് മല്ലിക അമ്മയെക്കുറിച്ചുള്ള ഓർമകളിൽനിന്നുണർന്നത്. ബക്കറ്റിൽ െവള്ളംനിറച്ച് ‍ടിഷ്യുപേപ്പറിന്റെ പുതിയൊരു കെട്ടുമായി ഇടനാഴിയിലൂടെ നടന്നപ്പോൾ മല്ലിക ആലോചിക്കുകയായിരുന്നു; അമ്മയ്ക്കിപ്പോഴും അത്തറു മണമായിരിക്കുമോ? ഇപ്പോഴും അമ്മയുടെ മുടിക്കെട്ടിൽ പിച്ചിപ്പിന്നിയ മുല്ലപ്പൂക്കളുണ്ടായിരിക്കുമോ? പൈപ്പ് ലീക്കായി വെള്ളം തളംകെട്ടിനിന്ന ബാത്‌റൂം വൃത്തിയാക്കാൻ തറയിലേക്ക് ഡെറ്റോളും ലൈസോളും കമിഴ്ത്തിയപ്പോൾ ഇത്തവണ മല്ലിക മൂക്കുപൊത്തിയില്ല. അമ്മയുടെ അത്തറിന്റെയത്ര നാറ്റം ആ മൂത്രപ്പുരയിലില്ലെന്ന മനസ്സമാധാനത്തോടെ അവൾ ചൂലെടുത്ത് ജോലി തുടർന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA