സംഗീതമേ, അമരസല്ലാപമേ...അവളുടെ മ്യൂസിക് ഡേ വാൾപ്പയറ്റ്
Mail This Article
ലോകസംഗീതദിനം.. ആഹാ. കേൾക്കുമ്പോൾതന്നെ മനസ്സ് സംഗീതസാന്ദ്രമാകുന്നു. ശ്രുതിലയതരംഗങ്ങളിൽ മനസ്സ് ഒരു വീണാതന്ത്രിയിലെന്നപോലെ സ്വരമധുരോദാരം പാടിത്തുടങ്ങുന്നു... ഇങ്ങനെയൊക്കെ പറയണമെങ്കിൽ കണിമംഗലത്തെ ജഗന്നാഥൻ തമ്പുരാൻ പറയുന്നപോലെ കണ്ണുപൊട്ടനായിരിക്കണം... ഇത് വെറുതെ വർഷത്തിലൊരു ദിവസം... അല്ലാതെന്ത്? ഒരു സാധാരണദിനംപോലെ തന്നെയല്ലേ ഈ ലോകസംഗീതദിനവും കടന്നുപോകുന്നത്. ഇന്നുമാത്രമായി ആരെങ്കിലും പാടുന്നുണ്ടോ? ഇന്നുമാത്രമായി ആരെങ്കിലും സാധകംചെയ്ത് സ്വരശുദ്ധി വരുത്തി കച്ചേരി നടത്തുന്നുണ്ടോ? സംഗീതം വാസനിക്കുന്നവർക്ക് എല്ലാദിവസവും സംഗീതമയമല്ലേ.. എന്നാലും ഇരിക്കട്ടെ സംഗീതത്തിനും ഒരു ദിനം. ഇനി സ്വന്തമായൊരു ദിനമില്ലാത്തതിന്റെ പേരിൽ സപ്തസ്വരങ്ങൾ സങ്കടപ്പെട്ട് വിലപിക്കണ്ട.
സപ്തസ്വരങ്ങളുടെ വിലാപം സ്വപ്നംകണ്ടുകിടക്കുമ്പോഴാണ് കിടക്കയ്ക്കരികിൽ അലാറം ഉച്ചത്തിൽ അലറിവിളിക്കുന്നത്.. ർർർർ... ആഹാ, ‘അവളുടെ’ പുതിയൊരു ദിവസം തുടങ്ങുകയായി. കണ്ണുതുറക്കുമ്പോൾ ആദ്യം കേൾക്കുന്ന ഈ നശിച്ച അലാറം ശബ്ദംതന്നെ എന്തൊരു അപശ്രുതിയാണ്... കുട്ടിക്കാലത്ത് തറവാടിനടുത്തുള്ള ദേവീക്ഷേത്രത്തിൽനിന്നുള്ള ‘അമ്മേ നാരായണാ.. ലക്ഷ്മീ നാരായണ...’ കേട്ട് രാവിലെ എട്ടുമണി കഴിയുമ്പോഴായിരുന്നു ഉറക്കമുണരുക. അയലത്തെ വീട്ടിലെ പൂവൻ കൂവിക്കൂവി അപ്പോഴേക്കും ശബ്ദത്തിൽ വെള്ളിവീണു തുടങ്ങിയിരിക്കും. ആ പെൺകുട്ടിക്കാലമൊക്കെ ഒരു നെടുവീർപ്പോടെ ഓർമിച്ചാണ് ഇപ്പോഴും അവൾ രാവിലെ കൺതുറക്കുക.
നേരെ അടുക്കളയിലേക്കു ചെന്ന് അരി കഴുകിവാരി അടുപ്പത്തുവച്ചുകഴിഞ്ഞ് അരമണിക്കൂർ അക്ഷമയോടെ കാത്തിരുന്നാൽ കുക്കറിന്റെ വിശിഷ്ടമായ സംഗീതം ഉയരുകയായി. ഏക്..ദോ..തീൻ...ശ്..ശ്..ശ്... വിസിലുകൾകൊണ്ടാണ് കുക്കറിന്റെ സിംഫണി. മൂന്നാമത്തെ വിസിലിൽ കുക്കറിന്റെ സംഗീതം ഹൈപിച്ചിലെത്തുമ്പോഴേക്കും അതിനുള്ളിലെ അരി വെന്തുപാകമായിട്ടുണ്ടാകും. ആ സ്വരസ്ഥായിയിൽ കുക്കർ ഓഫാക്കണം. പിന്നെ ഒരു നിശ്ശബ്ദത അവിടെ ചുറ്റിപ്പറ്റി നിൽക്കും. നെക്സ്റ്റ് മിക്സി ഓൺ സ്റ്റേജ്... തേങ്ങാച്ചമ്മന്തി അരയ്ക്കാൻ മിക്സിയുമായി മൽപ്പിടിത്തം തുടങ്ങുകയായി.
ഗർർർ..ഗർർർ..ഗർർ...ഋഷഭസ്വരത്തിൽ മിക്സി പാടിത്തീരുമ്പോഴേക്കും ചമ്മന്തി റെഡി. അടുത്ത ഗാനം അവതരിപ്പിക്കുന്നതിനായി ദോശക്കല്ലിനെ ഹൃദ്യമായി ക്ഷണിക്കേണ്ട അവസരമാണ് അടുത്തത്. നല്ല തീയിൽ ചൂടായിക്കിടക്കുന്ന കല്ലിലേക്ക് കുഞ്ഞുണ്ണിമാഷ് കുട്ട്യോൾക്കു പാടിക്കൊടുത്തപോലെ ശൂശൂ..രണ്ടൊച്ച... മൃദുവായൊരു സംഗീതത്തോടെ ദോശ കല്ലിൽകിടന്നു മൊരിഞ്ഞുവരുമ്പോഴേക്കും നറുനെയ്യ് തൊട്ടെടുത്തു വാങ്ങിവയ്ക്കാം.
അപ്പോഴായിരിക്കും വീട്ടിലെ കോളിങ് ബെല്ലിന്റെ ടിങ് ടോങ് സംഗീതം. പാൽക്കാരനായിരിക്കും. അതിരാവിലെ കറന്നെടുത്ത ചൂടുപാലുമായി പൂമുഖത്ത് ഹാജരായിരിക്കും. വീട്ടിലെ ഓരോരുത്തർക്കായി ചായയുണ്ടാക്കുന്ന ഊഴമാണ് അടുത്തത്. പാൽ തിളച്ചുതൂകുമ്പോളുള്ള ഹഷ്ഷ്ഷ്... സ്വരത്തിൽ ചായയുടെ കണ്ണൻദേവൻസംഗീതം...ചൂടാറ്റാനും കടുപ്പം മുറുകാനുമായി ഒരു കപ്പിൽനിന്ന് മറ്റൊരു കപ്പിലേക്ക് ചായ വീശിയടിക്കുമ്പോൾ ഹൂഷ്..ഹൂഷ്... ആഹാ കപ്പിന്റെ ഉയരം കൂടുന്തോറും ചായയുടെ സംഗീതം പിച്ച് മാറ്റിപ്പിടിച്ചുകൊണ്ടേയിരിക്കും. അടുത്തത് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ എഴുന്നേൽപ്പിച്ച് സ്കൂളിലേക്കു ഒരുക്കിവിടുന്ന ജോലിയാണ്. മുത്തേ കണ്ണേ തുടങ്ങിയ മധുരസ്വരങ്ങളിൽ തുടങ്ങുന്ന ആ ‘ടാസ്ക്’ ഉച്ചത്തിലുള്ള ആക്രോശങ്ങളും അലറിവിളിക്കലുമൊക്കെയായി ആഫ്രിക്കൻ വനാന്തരങ്ങളിൽ മാത്രം കേട്ടുപരിചയമുള്ളൊരു റാപ് സംഗീതത്തിലാണ് അവസാനിക്കുക. കുഞ്ഞ് ഉണർന്നുകഴിഞ്ഞാൽ പിന്നെ കുറച്ചുനേരത്തേക്ക് മൈക്ക് കുഞ്ഞിന് കൈമാറാം. വാശി, പിടിവാശി, ദുർവാശി... അങ്ങനെ കുഞ്ഞിന്റെ മാനസികവ്യാപാരം അനുസരിച്ച് വ്യത്യസ്ത ടോണിലുള്ള സംഗീതം കേൾക്കാനുള്ള സുവർണാവസരമാണിത്. മോണിങ് കൺസർട്ടിന്റെ കലാശക്കൊട്ടെന്നപോലെ അപ്പോഴേക്കും വീട്ടുമുറ്റത്തുനിന്നൊരു ഹോണടിയൊച്ച കേൾക്കാം. പോംപോം.......ആഹാ വന്നല്ലോ സ്കൂൾ ബസ്...
കൊച്ചിനെ സ്കൂൾബസിൽ പായ്ക്ക് ചെയ്ത് യാത്രയാക്കിക്കഴിഞ്ഞാൽ പിന്നെ ബാക്കിയുള്ളവരുടെ കാര്യം നോക്കണ്ടേ? അപ്പോഴൊക്കെ അടിക്കൽ, തളിക്കൽ, തുടയ്ക്കൽ, അരിയൽ, പെറുക്കൽ, വറുക്കൽ, തുടങ്ങിയ മറ്റ് ആചാരങ്ങൾക്കായി അടുക്കള നമ്മെ മാടിവിളിച്ചുകൊണ്ടേയിരിക്കും. ഒരിക്കലെങ്കിലും കാതോർത്തവർക്കറിയാം അടുക്കള എത്ര സംഗീതാത്മകമാണെന്ന്. എത്രയെത്ര സംഗീതവിദ്വാന്മാരാണ് അടുക്കളയിൽ ശ്വാസംമുട്ടിയിരിക്കുന്നത്. കുക്കറും മിക്സിയും ഗ്രൈൻഡറുമൊക്കെ പോപ് –ജാസ് സംഗീതപ്രിയരാണെങ്കിൽ ചിരവയും അരകല്ലും ആട്ടുകല്ലുമൊക്കെ പരമ്പരാഗത ശാസ്ത്രീയസംഗീതമേ ആലപിക്കൂ എന്നു നിർബന്ധമുള്ളവരാണ്... അവറ്റകളുടെ ആ സൗമ്യമായ സംഗീതം കേട്ടാൽപോരേ വീട്ടമ്മയുടെ മനസ്സുനിറയാൻ... തിരക്കിട്ടുള്ള പണികൾക്കിടയിൽ അറിയാതെയെങ്ങാനും കൈതട്ടി ഒരു സ്റ്റീൽ പാത്രമോ പിഞ്ഞാണമോ താഴെ വീണാൽ ബിടിഎസ് വരെ തോറ്റുപോകുന്ന കൊറിയൻസംഗീതത്തിന്റെ അലയൊലികളും അടുക്കളയിൽനിന്ന് ഉയർന്നുകേൾക്കാം.
ഈ സംഗീതമെല്ലാം ആസ്വദിച്ച ശേഷമാണ് നമ്മുടെ നാട്ടിലെ ഒരു ശരാശരി വീട്ടമ്മ ഓഫിസിലേക്കു ബാഗും തൂക്കിയിറങ്ങുന്നത്. കടുത്ത ട്രാഫിക്കുള്ള നേരങ്ങളിൽ നാട്ടിലെ റോഡുകളിൽനിന്ന് അതിസുന്ദരമായൊരു ഓർക്കസ്ട്രേഷന്റെ ശബ്ദവീചികൾ അവളെ തരളിതമാക്കും. ബസ് പിടിച്ചുപോകുന്നവർക്ക് പ്രത്യേക സംഗീതപരിപാടിതന്നെ ബസുകാർ സ്പോൺസർ ചെയ്തിരിക്കും. ഇടിവെട്ടുശബ്ദത്തിൽ വൂഫർ സ്പീക്കറിൽനിന്നൊഴുകിവരുന്ന അടിച്ചുപൊളി ഗാനങ്ങൾ കേൾപ്പിക്കുന്നതിന് ബസുകാർ പ്രത്യേക ചാർജ് ഈടാക്കുന്നില്ലെന്നത് പ്രത്യേക ജൂറി പരാമർശം അർഹിക്കുന്നുണ്ട്.
ഓഫിസിൽ ചെന്നാൽ അവിടെ മേലുദ്യോഗസ്ഥന്റെ മുതൽ ക്ലാർക്കിന്റെ വരെ സംഗീതാത്മക സംഭാഷങ്ങൾ ശ്രവിച്ച് വൈകിട്ട് വീണ്ടും വീട്ടിലേക്ക്.. അടുക്കളയിൽ വീണ്ടും മിക്സി, കുക്കർ, ഗ്രൈൻഡർ, വാഷിങ് മെഷീൻ ആദി വിദ്വാന്മാരുടെ വിശിഷ്ടസംഗീതം ആസ്വദിക്കാൻ ഒരിക്കൽകൂടി വീട്ടമ്മയ്ക്ക് അസുലഭാവസരം വന്നുചേരുന്നു. എല്ലാ പണിയും കഴിഞ്ഞ് ഒന്നു നടുനിവർത്താൻപോകുമ്പോഴായിരിക്കും മൊബൈൽഫോണെടുത്ത് വീണാതന്ത്രികളിലെന്നപോലെ ആർദ്രമായി നോട്ടിഫിക്കേഷൻസ് ഓരോന്നായി മീട്ടാൻ അവൾക്ക് സമയം കിട്ടുന്നത്. അല്ലെങ്കിലും എല്ലാ പണിയുംകഴിഞ്ഞ് അടുക്കളയൊഴിഞ്ഞ നേരത്തായിരിക്കുമല്ലോ വീട്ടമ്മയുടെ സാധകം. അപ്പോഴതാ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം വാളിലൊക്കെ മറ്റുള്ളവർ വാളുവച്ചത് നിറഞ്ഞുകിടക്കുന്നുണ്ടാകും... വേൾഡ് മ്യൂസിക് ഡേ വിഷസ്... വേൾഡ് മ്യൂസിക് ഡേ റീലുകൾ... ആഹാ... കൊള്ളാലോ... പണ്ട് എട്ടാംക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ സാഹിത്യസമാജത്തിൽ ലളിതഗാനംചൊല്ലി കയ്യടിവാങ്ങിയതും കോളജിലെത്തിയപ്പോൾ യുവജനോൽസവത്തിന് സംഘഗാനത്തിന്റെ പിൻനിരയിൽനിന്നു പാടിയതുമൊക്കെ വെറുതെ ഒരു നെടുവീർപ്പോടെ ഓർമയിൽതെളിയും.
‘എപ്പോഴും മൊബൈൽഫോണിലാണല്ലോ’.. അപ്പോഴായിരിക്കും വീട്ടിലെഅദ്ദേഹത്തിന്റെ കുനുഷ്ഠു പിടിച്ചൊരു ചോദ്യം. അത്രയും നേരം ടിവിയും നോക്കി, മൊബൈലും കുത്തിക്കൊണ്ടിരുന്ന മനുഷ്യനാണ് ചോദിക്കുന്നതെന്നോർക്കണം. അപ്പോൾതന്നെ അവൾ മൊബൈലും മാറ്റിവച്ച് തിരിഞ്ഞുകിടക്കും. കുളികഴിഞ്ഞ് മുല്ലപ്പൂവിന്റെ സെന്റും മൂളിപ്പാട്ടുമൊക്കെയായിട്ടാണ് അദ്ദേഹത്തിന്റെ രംഗപ്രവേശമെങ്കിൽ അവളുടെ തിരിഞ്ഞുകിടത്തം പിന്നെയും വൈകും.. അതിനിടയിൽ പറമ്പിൽ അഴിച്ചുവിട്ടിരിക്കുന്ന ടൈഗറിന്റെ കുര ഏതോ റാപ് മ്യൂസിക് ബാൻഡിനെ ഓർമിപ്പിക്കും. അവന് കടിച്ചുകീറാൻ വല്ല മരപ്പട്ടിയെയോ പെരുച്ചാഴിയെയോ കിട്ടിയതിന്റെ ആഹ്ലാദസൂചകസംഗീതമാണ്... ആ ശബ്ദം ഇരുട്ടിന്റെ നിശബ്ദതയിൽ അങ്ങനെ അലയടിച്ചുകൊണ്ടേയിരിക്കും. ഒരു കോട്ടുവായുടെ അപശ്രുതിയോടെ അപ്പോഴേക്കും അവളുടെ മ്യൂസിക് ഡേ മംഗംളം പാടി അവസാനിച്ചുകഴിഞ്ഞിരിക്കും.