ഒരു കടുംനീലക്കുടയോർമയ്ക്ക് നിന്റെ പേരിട്ടുവിളിക്കട്ടെ ഞാൻ

HIGHLIGHTS
  • ഇപ്പോഴവൾ ആ പ്രണയശൂന്യതയോടു പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഒന്നു പ്രണയിച്ചിരുന്നെങ്കിൽ എന്ന് അവൾ ഒരുകാലത്ത് ആഗ്രഹിച്ച മുഖങ്ങളൊക്കെയും അവളിപ്പോൾ മനസ്സിൽനിന്നു മായ്ച്ചും കളഞ്ഞു
woman-with-umbrella-on-a-rainy day
Representative Image. Photo By: bbernard/www.shutterstock.com
SHARE

പുറത്തുവീണ്ടും മഴ കനക്കുന്നു. കുടയെടുക്കാൻ മറന്നതുകൊണ്ട് കുറച്ചുനേരംകൂടി ലൈബ്രറിയിൽതന്നെ കഴിച്ചുകൂട്ടാമെന്ന് റാണി കരുതി. സെമസ്റ്റർ പരീക്ഷ കഴിഞ്ഞുള്ള അവധിദിനങ്ങളായതുകൊണ്ടാകാം ലൈബ്രറി ഏറെക്കുറെ ശൂന്യമായിരുന്നു. ചില മേശകളിൽ ആറിത്തണുത്ത ചായ പാടകെട്ടിനിന്നു. അനാഥമായി ഉപേക്ഷിക്കപ്പെട്ട ചില പേനകൾ... നോട്ടുബുക്കുകൾ.. ആളൊഴിഞ്ഞ കസേരകൾ... ഷെൽഫിൽനിന്ന് അവളെനോക്കി ഇളിഞ്ഞുചിരിക്കാൻ കാഫ്കയും കമ്യുവും മത്സരിക്കുന്നതുപോലെ തോന്നി. ഇത്രയുമിത്രയും വിജനമായി പണ്ടൊരിക്കലും ആ ലൈബ്രറി കണ്ടിട്ടില്ലല്ലോ എന്ന ആശങ്കയോടെ അവൾ, ചുമരിലുറപ്പിച്ച വലിയ ഘടികാരത്തിലേക്കുനോക്കി. സമയം അഞ്ചുമണിയായതേയുള്ളൂ. വെളിച്ചം മങ്ങിയൊരു മഞ്ഞ ബൾബിലെ ഫിലമെന്റ് പോലെ അവൾ ആ വിശാലമായ ഹാളിനു നടുവിൽ കുറച്ചുനേരംകൂടി തനിച്ചുനിന്നു. 

വായനാമുറിയുടെ ഒത്തനടുവിൽ തേക്കിൻതടിയിൽ തീർത്ത വലിയൊരു വട്ടമേശയുണ്ടായിരുന്നു, അതിന്റെ ഒരറ്റത്ത് ഒരു റജിസ്റ്ററും. സന്ദർശകർക്ക് അവരെടുക്കുന്ന പുസ്തകത്തിന്റെ തലക്കെട്ടും തിരിച്ചുകൊടുക്കുന്ന തീയതിയും സഹിതം പേരെഴുതി ഒപ്പിട്ടുവയ്ക്കാനുള്ളതാണത്. റാണി വെറുതെ ഒരു കൗതുകത്തിന് ആ റജിസ്റ്ററിലെ താളുകൾ മറിച്ചുനോക്കി. ഇല്ല, അവൾ തിരഞ്ഞ പ്രിയമുള്ളൊരു പേര് എങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല. എല്ലാം പരിചിതമല്ലാത്ത പുതിയ പേരുകൾ. വർഷങ്ങൾക്കുശേഷമുള്ള മടങ്ങിവരവിൽ കോളജ് തീർത്തും അപരിചിതമായതുപോലെ. നീളൻവരാന്തകളിൽ അവൾ തിരഞ്ഞ നിഴലുകളൊക്കെ ആരോ മായ്ച്ചുകളഞ്ഞപോലെ. മൂലയ്ക്കൽ ആരോ ചാരിവച്ച കുടയെടുത്തുനിവർത്തി അവൾ ലൈബ്രറിക്കു പുറത്തേക്കിറങ്ങി. 

‘‘റാണി തോമസ് അല്ലേ?’’

ഭാഗ്യം. ഒരാളെങ്കിലും തന്നെ തിരിച്ചറിഞ്ഞല്ലോ എന്ന ആശ്വാസത്തോടെ അവൾ കുടയുയർത്തി നോക്കി. ഹോസ്റ്റൽ വാർഡൻകൂടിയായിരുന്ന നിഷ ടീച്ചർ. ആകെ നരച്ചു വിളറിയിരിക്കുന്നു. അവൾ ഒരു പുഞ്ചിരിയിൽ മറുപടിയൊതുക്കി. ടീച്ചറുടെ അടുത്ത ചോദ്യം തീർച്ചയായും അവളെ അലോസരപ്പെടുത്തുമെന്നു തോന്നിയതുകൊണ്ടാകാം തിരിച്ചൊന്നും മിണ്ടാൻ നിൽക്കാതെ റാണി വേഗം കുടയുമായി നടന്നുനീങ്ങി. മുറ്റത്തിന്റെ അതിരുപാകി നിന്ന രാജമല്ലിമരങ്ങളൊക്കെ മഴയിൽ നനഞ്ഞൊലിച്ചു വിറങ്ങലിക്കുന്നുണ്ടായിരുന്നു. കടുംചുവന്ന നിറമുള്ള പൂക്കൾ മുറ്റത്തെ ചരൽമണ്ണിൽ വീണുകിടന്നു. ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് ഒരു മഴക്കാലത്ത് അതേ രാജമല്ലിച്ചോട്ടിലെ ഒരു കടുംനീലക്കുടക്കീഴിലേക്ക് നനഞ്ഞോടിക്കയറിയത് റാണി ഓർത്തുപോയി. പെൺകുട്ടികളേക്കാളേറെ ആൺകുട്ടികളുള്ള കോളജ് ആയിരുന്നിട്ടും ഒരുത്തനും അവളോടു പ്രണയം പറയാതിരുന്ന ക്യാംപസ് കാലം. കൂട്ടുകാരികൾക്കുവേണ്ടി എത്രയെത്ര പ്രണയലേഖനങ്ങൾ എഴുതിക്കൊടുത്തിട്ടുണ്ടെന്നോ റാണി. ആ കത്തുകൾ കൈമാറി എത്രയെത്ര പ്രണയങ്ങളാണ് ഉത്തമഗീതത്തിലെ മുന്തിരിവള്ളികൾകണക്കെ തളിർത്തുപൂവിട്ടതെന്നോർത്ത് ഇപ്പോഴുമവൾ നെടുവീർപ്പിടാറുണ്ട്. 

lonely-woman-with-umbrella
lonely woman (Representative Image). Photo By: Tithi Luadthong/www.shutterstock.com

കൂട്ടുകാരി സീനയ്ക്ക് ഫസ്റ്റ് ഗ്രൂപ്പിലെ ജോബിക്കു കൊടുക്കാൻ രക്തംചാലിച്ചുവരെ റാണി പ്രണയലേഖനമെഴുതി. അഞ്ചുവർഷത്തെ പ്രണയത്തിന്റെ ക്ലൈമാക്സിൽ അഞ്ചേക്കർ റബർതോട്ടം സ്ത്രീധനം വാങ്ങി ഒടുക്കം സീനയെ മിന്നുകെട്ടുമ്പോൾപോലും ജോബിക്ക് അറിയില്ലായിരുന്നു, അതുവരെ വായിച്ച പ്രണയലേഖനങ്ങളിൽ ചാലിച്ചത് സീനയുടെ ഒ പോസിറ്റീല് രക്തം അല്ലായിരുന്നെന്ന്. മിന്നുകെട്ടിന് വിളിക്കാഞ്ഞതുകൊണ്ട് ആ രഹസ്യം റാണിയും ജോബിയോടു പറഞ്ഞതുമില്ല. സെക്കൻഡ് ഗ്രൂപ്പിലെ അഞ്‍ജനയുടെ കാമുകൻ രതീഷ് അൽപം കാൽപനികത കൂടിയ ഇനമായിരുന്നു. രതീഷിനുകൊടുക്കാനുള്ള പ്രണയലേഖനങ്ങളിൽ കവിത വേണമെന്ന് അഞ്ജനയ്ക്കു നിർബന്ധമായിരുന്നു. അതിനുവേണ്ടി എത്രയോവട്ടം ലൈബ്രറിയിൽ നെരൂദയെ വായിച്ചു കാണാപ്പാഠമാക്കിയിരിക്കുന്നു റാണി. അല്ലെങ്കിലും തടിക്കച്ചവടക്കാരനായിരുന്ന അച്ഛന്റെ അരസികത്തിയായ മോളല്ലേ അഞ്ജന. അവൾക്കെന്തു നെരൂദ!

ഒരിക്കൽ ക്ലീറ്റസിനു കൊടുക്കാൻ സ്റ്റെഫിക്കുവേണ്ടിയെഴുതിയ പ്രണയലേഖനത്തിലാണെന്നുതോന്നുന്നു, റാണി ഒരു ചുടുചുംബനം കൂടി നൽകിയിരുന്നു. കടുംചുവന്നൊരു ലിപ്സ്റ്റിക്ക് ചുണ്ടിൽ വാരിത്തേച്ച് കത്തിലുടനീളം അമർത്തിച്ചുംബിച്ച് ചുണ്ടുകളുടെ ചുവന്ന അടയാളം വീഴ്ത്തണമെന്നതായിരുന്നു സ്റ്റെഫിയുടെ നിർബന്ധം. എന്തായാലും തുടർച്ചയായി അയച്ച ആ ഉമ്മക്കത്തുകൾകണ്ട് വശീകരിക്കപ്പെട്ടിട്ടാകണം കോഴ്സ് കഴിഞ്ഞതിന്റെ പിറ്റേമാസം ക്ലീറ്റസ് സ്റ്റെഫിയെ കെട്ടി. അതുവരെ കത്തിൽ പുരണ്ട ആ ചുവന്ന ചുണ്ടുകളുടെ ഉടമ താനാണെന്ന രഹസ്യവും റാണി മനസ്സിലൊതുക്കി. അങ്ങനെ എത്രയെത്ര പ്രണയങ്ങളുടെ കത്തുസാക്ഷിയായിട്ടുണ്ട് റാണി. 

‘‘റാണിയുടേത് ഭാഗ്യമുള്ള കൈകളാണ്, ആ കൈ കൊണ്ടെഴുതിയാൽ ആരും വീഴും...’’ കൂട്ടുകാരികൾക്കിടയിൽ റാണി പ്രണയത്തിന്റെ കൂലിയെഴുത്തുകാരിയായി. എത്രയെത്ര ചോരപ്പാടുകൾ.. ഉമ്മകൾ.. കവിതകൾ... മയിൽപ്പീലിത്തുണ്ടുകൾ... മുല്ലപ്പൂവിന്റെ അത്തറുപുരട്ടിവരെ റാണി കത്തെഴുതിക്കൊടുത്തിട്ടുണ്ട് കൂട്ടുകാരികൾക്കുവേണ്ടി. പക്ഷേ റാണിക്കു കത്തെഴുതാൻ എന്നിട്ടും ഒരു കാമുകൻ ഇല്ലാതെപോയി. ചിലപ്പോഴെങ്കിലും കത്തിനു പ്രത്യുപകാരമായി ബസ് സ്റ്റോപ്പിലെ ചായക്കടയിൽനിന്നു മുളകുബജിയോ സുഖിയനോ മറ്റോ വാങ്ങിത്തരുമ്പോൾ കൂട്ടുകാരികൾ അതുപറഞ്ഞ് റാണിയെ കളിയാക്കുകയും ചെയ്തിരുന്നത് അവളോർക്കുന്നു. 

അതൊന്നും റാണിയെ നൊമ്പരപ്പെടുത്തിയതേയില്ല. അവൾ കൂട്ടുകാരികൾക്കുവേണ്ടി പുതിയ പ്രണയങ്ങൾ കൂട്ടിക്കെട്ടുന്ന തിരക്കിലായിരുന്നു എപ്പോഴും. ചുള്ളിക്കാടിനെയും ചെക്കോവിനെയും വായിക്കുമ്പോൾപോലും അവൾ പ്രണയലേഖനത്തിലേക്കുള്ള വരികൾ തിരഞ്ഞുകൊണ്ടേയിരുന്നു. ഉമ്മകൾക്കു പുതിയ നിറങ്ങൾ പരീക്ഷിക്കാൻ പിങ്ക്, വയലറ്റ്, മെറൂൺ നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകൾ വാങ്ങിക്കൊണ്ടേയിരുന്നു. വിരഹം പറയുന്ന കത്തുകളിൽ അക്ഷരങ്ങളെ ഈറനണിയിക്കാൻ അവൾ കണ്ണുനീർവീഴ്ത്തുകയും ചെയ്തു. എന്നിട്ടും അവൾക്കു പ്രണയിക്കാനും അവളെ പ്രണയിക്കാനും ആരും വരാതിരുന്നു.

woman-with-umbrella
image created by midjourney

കോഴ്സ് കഴിഞ്ഞ് കോളജുവിട്ടതിൽപിന്നെ കൂലിക്കു പ്രണയമെഴുതാൻ ആരും ഓർഡർ തരാതെയായി. അങ്ങനെയാണ് റാണി കവിതകളെഴുതാൻ തുടങ്ങിയത്. എല്ലാം പ്രണയകവിതകൾ.. സങ്കൽപ കാമുകന്മാർക്കുവേണ്ടി കുറിക്കുന്ന വരികൾ... മാസികകളിൽ ചിലതൊക്കെ അച്ചടിച്ചുവന്നപ്പോൾ പ്രണയസായൂജ്യമെന്നപോലെ അവൾ നിർവൃതികൊണ്ടു. എന്നിട്ടും ഒരു പ്രണയംപോലും അവളെ തേടിവരാതിരുന്നു. ഇപ്പോഴവൾ ആ പ്രണയശൂന്യതയോടു പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഒന്നു പ്രണയിച്ചിരുന്നെങ്കിൽ എന്ന് അവൾ ഒരുകാലത്ത് ആഗ്രഹിച്ച മുഖങ്ങളൊക്കെയും അവളിപ്പോൾ മനസ്സിൽനിന്നു മായ്ച്ചു കളഞ്ഞു. കാരണം അവരൊക്കെ മറ്റാരുടെയൊക്കെയോ സ്വന്തമായിക്കഴി‍ഞ്ഞു. സങ്കൽപങ്ങളിൽനിന്ന് ഓരോരുത്തരായി പടിയിറങ്ങിപ്പോയതുകൊണ്ടാണോ പ്രായക്കേടുകൊണ്ടാണോ എന്തോ റാണി ഇപ്പോൾ കവിതയെഴുതാറേയില്ല, പ്രണയവും. 

അങ്ങനെയിരിക്കെയാണ് കോളജിൽനിന്ന് റാണിക്കൊരു ഫോൺകോൾ വരുന്നത്. ‘‘റാണി തോമസ്. ബിഎസ്‍‌സി കെമിസ്ട്രി, 1998 ബാച്ച്.’’ ആ വിലാസത്തിൽ ഒരു കത്തുവന്നിരിക്കുന്നുവെന്നു പറഞ്ഞ് ഓഫിസിൽനിന്നാരോ നമ്പർ തേടിപ്പിടിച്ച് വിളിച്ചതാണ്. ഇത്രയുംവർഷം മുൻപത്തെയെ‍ാരു മേൽവിലാസത്തിലേക്ക് ഇപ്പോഴാരാണ് കത്തയച്ചിരിക്കുന്നതെന്ന കൗതുകത്തോടെയാണ് റാണി വീണ്ടും ആ കോളജിലെത്തിയത്. ചിലപ്പോൾ പഴയ കൂട്ടുകാരികൾ ആരെങ്കിലും കളിപ്പിക്കാൻ ചെയ്തതായിരിക്കുമോ? ഏയ്, അവളുമാർ ഇപ്പോൾ തന്നെ ഓർമിക്കാൻപോലുമിടയില്ല. പിന്നെ ആരായിരിക്കും? പറയാൻ മറന്നതോ മനസ്സിലൊളിപ്പിച്ചതോ ആയ ഏതെങ്കിലും പ്രണയമായിരിക്കുമോ? ഈശ്വരാ! എപ്പോഴാണ് ഈ ലെറ്റർബോക്സ് ഒന്നുതുറക്കുക? റാണി വീണ്ടും രാജമല്ലിച്ചോട്ടിൽ കാത്തുനിന്നു. മഴ കനത്തുപെയ്യുന്നുണ്ടായിരുന്നു. അതേ മരച്ചോട്ടിൽ പണ്ട് ഒരുമിച്ചുചൂടിനിന്നൊരു കടുംനീലക്കുടയുടെ മഴയോർമയിൽ അവൾ വീണ്ടും നനയുന്നുണ്ടായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS