പറയ്, ഞാൻ ആരുടെ സ്വപ്നമാണ്?

HIGHLIGHTS
  • അവൾക്ക് അവനെക്കുറിച്ചുള്ള ഓർമകൾ പോലും ഓക്കാനിച്ചു കളയണമെന്നു തോന്നി. ഒരാൾപോകുമ്പോൾ അയാളുടെ ഓർമകളെക്കൂടി കൊണ്ടുപോകാത്തത് എന്തു കഷ്ടമാണ്!
young-beautiful-woman-fallen-angel-stands
Representative image. Photo: Istock | Kharchenko_irina7
SHARE

എപ്പോഴാണ് ഉറങ്ങിപ്പോയതെന്നറിയില്ല. മുറിയിലെ നിറമുള്ള ചില്ലുജനാലകൾ ഏതു പാതിരാക്കാറ്റിലാണു മലർക്കെ തുറന്നടഞ്ഞതെന്നുമറിയില്ല.  ഇടയ്ക്കെപ്പോഴോ ഉറക്കം ഞെട്ടിയുണർന്നപ്പോൾ മറ്റൊരു സ്വപ്നത്തിലെന്നപോലെ മയങ്ങിക്കിടക്കുകയായിരുന്നു അവൾ. ആ സ്വപ്നം പൊട്ടിപ്പോകാതിരിക്കാൻ അവൾ കൺപോളകൾ വലിച്ചുചേർത്തടച്ചു. മുറിയിൽ ഒരു തണുത്ത കാറ്റ് കുറേനേരമായി അരിച്ചുനടക്കുന്നത് അവളുടെ ഉള്ളംകാലുകൾ അറിയുന്നുണ്ടായിരുന്നു. കാലുകൾക്കു പകരം വലിയ വെള്ളച്ചിറകുകളായിരുന്നല്ലോ നേരത്തെ അവിടെയുണ്ടായിരുന്നതെന്നോർത്ത് അവൾ ആകുലപ്പെട്ടു. ‘‘ദൈവമേ ആരാണ് എന്റെ ചിറകുകൾ അരിഞ്ഞുകളഞ്ഞത്? ചിറകുകളാണോ അതോ ആകാശമാണോ അവർ അരിഞ്ഞുമാറ്റിയത്?’’ അവൾക്ക് ഓർമിക്കാൻ കഴിയുന്നില്ലായിരുന്നു. ഒറ്റ ജനലുപോലും ഇല്ലാത്ത ആ തണുത്ത മുറിക്കുള്ളിൽ എവിടെ തിരഞ്ഞു കണ്ടെത്താനാണ് അവളുടെ ആകാശം. അതുകൊണ്ട് നീട്ടിവച്ച കാലുകളിൽ അവൾ പതുക്കെ തൊട്ടുനോക്കി. അതെ, അവളുടെ കാലുകൾ തന്നെ. ഇരുപത്തിയേഴ് വർഷവും നാലു മാസവും പതിനാലു ദിവസവും അവളെ ചുമന്ന മെലിഞ്ഞു ചടച്ച അതേ കാലുകൾ. അവളുടെ ഭാരം കാരണം പടിക്കെട്ടുകൾ കയറുമ്പോൾ ചിലപ്പോഴൊക്കെ മുട്ടുവേദനിച്ചിട്ടുണ്ടെങ്കിലും ഒരു പരിഭവവും പറയാതെ കാലുകൾ അവളെ ഒരു കുഞ്ഞിനെപ്പോലെ കരുതലോടെ കൊണ്ടുനടന്നിരുന്നത് അവൾ അപ്പോൾ കൃതജ്ഞതയോടെ ഓർമിച്ചു. 

മുട്ടിനു തൊട്ടുമീതെ ഒരു കറുത്ത മുറിപ്പാട് വടുകെട്ടിക്കിടന്നത് കണ്ട് അവൾ അവിടേക്കു പുതപ്പു വലിച്ചു കയറ്റിയിട്ടു. ഡോക്ടറെങ്ങാനും വന്നാൽ ആ വൃത്തികെട്ട മുറിപ്പാട് കാണാതിരിക്കാനായിരുന്നു അത്. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ, ഇപ്പോൾ ഓർമിക്കാൻ കഴിയാത്ത മറ്റെന്തോ കാരണത്താൽ ഹോസ്റ്റലിന്റെ ചുറ്റുമതിലിൽ വലിഞ്ഞുകയറി, തിരിച്ചിറങ്ങുമ്പോൾ കുത്തുകല്ലിന്റെ തെറിച്ചുനിൽക്കുന്ന ചീളുകൊണ്ടു മുറിഞ്ഞുണ്ടായതാണ് ആ വടു. എന്തിനായിരിക്കാം അന്ന് ആ മതിലിൽ വലിഞ്ഞുകയറിയതെന്നായി അടുത്ത ആലോചന. മതിൽക്കെട്ടിനു പുറത്ത് അന്ന് അവൻ കാത്തുനിൽക്കുന്നുണ്ടായിരുന്നോ? നാശം.. ഒന്നിനു പിന്നാലെ ഓരോരോ നാശംപിടിച്ച ഓർമകൾ തലയ്ക്കകത്തേക്ക് തള്ളിക്കയറിവരുന്നത് എന്തു കഷ്ടമാണ്. ഒന്നുതീരുംമുൻപേ അടുത്തത്.... ചിലപ്പോൾ ഒരോർമയുടെ ഇടയിലേക്ക് ഒരു ഔചിത്യവും കൂടാതെ മറ്റൊന്ന് ഇടിച്ചുകയറിവരും... നാശംപിടിച്ച ഓർമകൾ... എത്രനേരമായി ഇങ്ങനെ ഓരോന്ന് ഓർമിച്ചും ഓർമിക്കാൻ ശ്രമിച്ചും മറന്നും മറക്കാൻ ശ്രമിച്ചും ഇവിടെ കിടക്കുന്നു. ഉറങ്ങാൻപോലും കഴിയുന്നില്ല. അവൾക്ക് തലപെരുക്കുന്നുണ്ടായിരുന്നു.

ഉറങ്ങാനുള്ള മരുന്ന് കഴിച്ചിട്ടാണോ കിടന്നത്? ഓർമയില്ല... ഓർമിക്കാനുള്ള മരുന്നായിരുന്നു കഴിക്കേണ്ടിയിരുന്നതെന്ന് അവൾക്ക് അപ്പോൾ തോന്നി. അയ്യോ വേണ്ട... ഓരോന്ന് ഓർമിക്കാൻ തുടങ്ങിയാൽ എവിടെ തീരാനാണ്? ഓർമ എന്ന വാക്കിനുതന്നെ എന്തൊരു ഭാരമാണ്! വീണ്ടും അവന്റെ മുഖമെങ്ങാനും അറിയാതെ ഓർമിച്ചുപോയാലോ? പറഞ്ഞുതീർന്നില്ല, അവന്റെ മുഖം അതാ ഓർമയിലേക്ക് ഒരു ചുണ്ടെലിയെപ്പോലെ പമ്മിപ്പമ്മി വരുന്നു. അവൾ വെറിപിടിച്ച പെൺപൂച്ചയെപ്പോലെ ചീറി. ഇല്ല, അവന്റെയോർമ അത്രയെളുപ്പം അവളെ വിട്ടുപോകുമെന്നു തോന്നുന്നില്ല. അവനും അങ്ങനെതന്നെ ആയിരുന്നല്ലോ. അവൾക്ക് അവനെക്കുറിച്ചുള്ള ഓർമകൾ ഓക്കാനിച്ചു കളയണമെന്നു തോന്നി. ഒരാൾപോകുമ്പോൾ അയാളുടെ ഓർമകളെക്കൂടി കൊണ്ടുപോകാത്തത് എന്തു കഷ്ടമാണല്ലേ! അവനിപ്പോൾ വേറെയെവിടെയെങ്കിലും വേറൊരുത്തിയുടെ പിന്നാലെ ഓർമകളുണ്ടാക്കി നടക്കുന്നുണ്ടാകുമെന്നു ചിന്തിച്ച് അവൾ നെടുവീർപ്പിട്ടു. അപ്പോഴും അവനുണ്ടാക്കിയ ഓർമകൾ അവളുടെ നാവിൻതുമ്പത്തിരുന്നു കയ്ച്ചു. 

പണ്ട് നാവിൽ അവന്റെ ചുണ്ടുകൾ മധുരിച്ചുവീണപ്പോഴൊന്നും ഇങ്ങനെയൊരു കയ്പുകൂടി കാത്തിരിക്കുന്നുണ്ടെന്ന് അറിഞ്ഞില്ലല്ലോ എന്ന് അവൾ വ്യാകുലപ്പെട്ടു. അറിഞ്ഞിരുന്നെങ്കിൽ? അറിഞ്ഞിരുന്നെങ്കിൽ അവൾ ആ ഉമ്മകൾ അന്നു വേണ്ടെന്നു വയ്ക്കുമായിരുന്നോ? ദൈവമേ, ഉമ്മകളെ ആരാണ് ഇപ്പോൾ ഇങ്ങോട്ടു വിളിച്ചുവരുത്തിയത്? ഓർമകൾകൊണ്ടുതന്നെ ശ്വാസം മുട്ടുമ്പോഴാണ് അവന്റെ ശ്വാസംമുട്ടിക്കുന്ന ഉമ്മകൾ... ശരിയാണ്, ഉമ്മ വച്ചോട്ടെ എന്നല്ല ‘നിന്നെ ഞാൻ ശ്വാസം മുട്ടിക്കട്ടെ’യെന്നാണ് അവൻ കളിപറഞ്ഞിരുന്നത്. ഇപ്പോഴും അവൾക്കു ശ്വാസം തിരികെവന്നിട്ടില്ല. അതുകൊണ്ടല്ലേ ഡോക്ടർമാർ അവൾക്ക് പ്രത്യേകം മാസ്ക് ഒക്കെ വച്ചുകൊടുത്തിരിക്കുന്നത്. അവൾക്കു വേണ്ടത് പക്ഷേ ആ ഓക്സിജൻ അല്ലെന്ന് ഡോക്ടർമാർക്ക് അറിയില്ലല്ലോ. ആശുപത്രിക്കാർക്ക് ബില്ലിൽ ചേർക്കാമല്ലോ അവൾ വലിച്ചു കയറ്റിയ ഓക്സിജൻ കുറ്റികളുടെ കണക്ക്. ‘ദൈവമേ ഡാഡിയുടെ കയ്യിൽ ആവശ്യത്തിനു പൈസയുണ്ടാകുമോ?’ അവൾ പെട്ടെന്ന് പ്രായോഗികമതിയായി. സാരമില്ല, ഭരണങ്ങാനത്തുനിന്നുള്ള ആലോചന ഉറപ്പിക്കാൻ ഡാഡിക്കായിരുന്നല്ലോ ആവേശം. ആ വകയിൽ ഡാഡി കുറച്ചു പണം സ്വരുക്കൂട്ടിവയ്ക്കാതിരിക്കാൻ തരമില്ല. അതിൽനിന്നെടുത്തു ചെലവാക്കട്ടെ. അവൾ ഒരു പ്രതികാരമെന്നവണ്ണം ഓക്സിജൻ ആഞ്ഞുവലിക്കാൻ തുടങ്ങി. 

നന്നായി... ഇപ്പോൾ ഹൃദയം കുറച്ചുകൂടി ഉഷാറായി വരുന്നുണ്ടെന്ന് അവൾക്കു തോന്നി. പക്ഷേ അപ്പോഴും ചിറകുകൾ കാണാതായത് അവൾക്കു വലിയ സങ്കടമായി. ഇടവകപ്പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കു പോകുമ്പോൾ  ചെരുപ്പ് ആരും കൊണ്ടുപോകാതിരിക്കാൻ വല്യമ്മച്ചി അതിന്റെയടുത്തുനിന്ന് മാറാതിരുന്നത് അവൾ ഓർമിച്ചു. ഇതിപ്പോൾ ആരാണ് തന്റെ ചിറകുകൾ കൊണ്ടുപോയത്? തന്റെ പിടിപ്പുകേട് തന്നെയെന്ന് അവൾ സ്വയം ശപിച്ചു. കാലത്തു പനി നോക്കാൻ വന്ന, കണ്ണട വച്ച ആ സുന്ദരൻ ഡോക്ടറായിരിക്കുമോ? അവൾക്കു സംശയം തോന്നി. ആയിരിക്കില്ല, പുരുഷന്മാർക്ക് ചിറകുകൾ എന്തിന്? അവർക്കത് വേണ്ടിവരാറില്ലല്ലോ.  

ചിറകുകളുടെ സ്ഥാനത്ത് രണ്ട് ചടച്ചുമെലിഞ്ഞ പൊയ്ക്കാലുകൾ കണ്ട്, അതിൽ ചോരച്ചുവപ്പുള്ള വെള്ളത്തുണി ചുറ്റിവച്ചിരിക്കുന്നതുകണ്ട് അവൾക്കു സങ്കടംവന്നു. ഇനി ചിറകു തിരികെകിട്ടിയാലും നിന്റെ ആകാശം കളഞ്ഞുപോയില്ലേ എന്നു ചോദിച്ച് ആ ഇരുളടഞ്ഞ മുറി പൊട്ടിച്ചിരിക്കാൻ തുടങ്ങി. അതും ശരിയാണ്. ഒറ്റ ജനലുപോലും ഇല്ലാത്ത ആ മുറിയിൽ ചിറകുകൊണ്ട് എന്തു മാജിക് ചെയ്യാൻ? അല്ലെങ്കിലും മാജിക്കിനെകുറിച്ച് ഇനി അവളെന്തു പറയാൻ? സൗഹൃദം വീര്യം നുരഞ്ഞ് പ്രണയമായി മാറുന്ന മാജിക് ആദ്യം അവനാണ് അവളെ പഠിപ്പിച്ചത്. പ്രണയം വീര്യംകെട്ട് വെറുപ്പും കയ്പും രുചിച്ചതോടെ അവൾക്കു മാജിക്കിൽ വിശ്വാസമില്ലാതായി. പിന്നീടെപ്പോഴാണ് അവളെ ലഹരിയുടെ മായാലോകത്തേക്ക് മറ്റാരൊക്കെയോ ചേർന്നുകൊണ്ടുപോയത്. ഒഴിയുന്തോറും നിറയുന്ന ഗ്ലാസുകളുടെ മാജിക്... തീയില്ലാതെ പുകയുന്ന ആത്മാക്കളുടെ മാജിക്... ദൈവമേ ആരാണ് ആ നശിച്ച ഓർമകളുടെ ആഷ്ട്രേ വീണ്ടും എടുത്തു മുന്നിൽവച്ചത്? 

സിനിമകളിൽ മാത്രം കണ്ടുകൊതിച്ച വാനിഷിങ് ബ്യൂട്ടി മാജിക് ചെയ്യാൻ വേണ്ടിത്തന്നെയാണ് അവൾ ഇരുപത്തെട്ടാംനിലയിലെ ഹോട്ടൽമുറിയിൽനിന്ന് രണ്ടുകയ്യും വിടർത്തി താഴേക്കു ചാടിയത്. അപ്പോഴവൾക്ക് ഭംഗിയുള്ള രണ്ടു വെള്ളച്ചിറകുകൾ കിളിർത്തുവന്നിരുന്നു. പക്ഷേ ഒടുവിൽ എങ്ങനെയാണ് ഈ വൃത്തികെട്ട ആശുപത്രിമുറിയിലേക്കു വന്നുവീണതെന്നു മാത്രം അവൾക്കു മനസ്സിലായില്ല. എന്തെങ്കിലും ഓർമിച്ചുപറയാൻ കഴിയുംമുൻപേ ആരോ അവളുടെ വെള്ളച്ചിറകുകൾ അരിഞ്ഞുനീക്കിയിരിക്കുന്നു. കഷ്ടമായി. അവർ കരുതിക്കാണും അവളൊരു മനുഷ്യസ്ത്രീയാണെന്ന്... 

സത്യത്തിൽ അവളൊരു മനുഷ്യസ്ത്രീയല്ലായിരുന്നല്ലോ, ഒരു പറവപോലുമല്ല.... ഒരു സ്വപ്നം മാത്രമാണെന്ന് ആരാണ് മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കുക.... ആദ്യം അവർ ചിറകരിഞ്ഞു, രണ്ടാമത് ആകാശവും, ഇനി സ്വപ്നംകൂടി അരിഞ്ഞുമുറിച്ചെടുത്താൽ അവളെ ഒരു മനുഷ്യസ്ത്രീയാക്കാൻ എളുപ്പമാണല്ലോ.... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS