‘‘നാളെ ഈവ്നിങ് ഫ്ലൈറ്റിനാണ് മടക്കം. ഒരാഴ്ച തികച്ചു നിൽക്കണമെന്നുണ്ടായിരുന്നു. ഇതിപ്പോ നാട്ടുകാരും കുടുംബക്കാരും എന്തു വിചാരിക്കും. സഞ്ചയനത്തിനു പോലും കാത്തുനിൽക്കാതെ മടങ്ങിയെന്ന് കുശുകുശുക്കുമായിരിക്കും. നാളെ വൈകിട്ടെന്നു പറയുമ്പോൾ ഉച്ചയ്ക്കു മുൻപേ തറവാട്ടിൽനിന്ന് പുറപ്പെടേണ്ടിവരുമല്ലോ...’’ അച്ഛന്റെ ചിത ഇനിയും കത്തിത്തീർന്നിട്ടില്ല. ഉമ്മറത്ത് ചാരുകസേരയിൽ കാലുംനീട്ടി തളർന്നുകിടന്ന രേവതിയുടെ മനസ്സിൽ ഓരോരോ വിചാരങ്ങൾ അങ്ങനെ കാടുകയറിക്കൊണ്ടിരുന്നു. ചടങ്ങുകളെല്ലാം കഴിഞ്ഞ് ഓരോരുത്തരായി യാത്ര പറഞ്ഞു പിരിഞ്ഞു. ചിലരൊക്കെ യാത്രപോലും പറയാതെ പോയെന്ന് വല്ല്യേട്ടൻ മുറുമുറുക്കുന്നുണ്ടായിരുന്നു. സന്ദർശനത്തിനെത്തിയ കാരണവന്മാർ നാലുംകൂട്ടി ഉമ്മറത്തിരുന്നു മുറുക്കിയതിന്റെ പുകയിലക്കീറും ചുണ്ണാമ്പുകറയും തിണ്ണയിൽ കണ്ടു. ഓപ്പോളുടെ കുട്ടികൾ മുറ്റത്ത് ഓടിക്കളിച്ച് ചരലൊക്കെ തെറുപ്പിച്ച് വൃത്തികേടാക്കിവച്ചിരിക്കുന്നു. ഉമ്മറപ്പടിക്കലെ ചവിട്ടിയിൽ ചെരിപ്പിലെ ചെളിമണ്ണ് തൂത്തുവച്ചതും കാണാം. കടലാസുതുണ്ടുകളും ബീഡിക്കുറ്റിയുമൊക്കെ ചിതറിക്കെടുക്കുന്നത് കണ്ടപ്പോൾ രേവതി അച്ഛനെ ഓർമിച്ചു.
അച്ഛൻ വലിയ വൃത്തിക്കാരനായിരുന്നു. ഒരു തുണ്ടു കടലാസോ കരിയിലയോ പോലും മുറ്റത്തു കിടക്കാൻ സമ്മതിക്കുമായിരുന്നില്ല. സാധനങ്ങൾ എടുത്താൽ എടുത്തയിടത്തുതന്നെ തിരികെ വയ്ക്കണം, എന്നതായിരിക്കും അച്ഛൻ ജീവിതത്തിൽ ഏറ്റവുമധികം ആവർത്തിച്ചു പറഞ്ഞിട്ടുണ്ടാവുക എന്നു രേവതി വെറുതെ ഓർമിച്ചു. വല്ല്യേട്ടനും വല്ല്യേച്ചിയും ജയയും അവളുമൊക്കെ എത്രയോവട്ടം അതിന്റെ പേരിൽമാത്രം അച്ഛനിൽനിന്നു വഴക്കു കേട്ടിരിക്കുന്നു. ഏറ്റവുമധികം വഴക്ക് കേട്ടത് അമ്മയായിരുന്നിരിക്കണം. എങ്കിലും അമ്മയ്ക്ക് ആ വഴക്കും ശകാരവും കേൾക്കാതെ ഉറങ്ങാൻ കഴിയില്ലായിരുന്നു. എന്നിട്ടും തെക്കേപ്പറമ്പിലേക്ക് ആദ്യം തനിച്ചുറങ്ങാൻ പോയത് അമ്മയായിരുന്നു. എന്നും തെക്കേത്തൊടിയിലെ അതിരിനോടു ചേർന്നുള്ള പറമ്പിൽ കന്നിനെയും കൊണ്ടുപോകാറുള്ള അമ്മ അന്നൊരുദിവസംമാത്രം തിരിച്ചുവന്നില്ല. ‘‘ആ സാധുജീവിയെയും കൊണ്ട് കണ്ടയിടത്തൊക്കെ തെണ്ടിത്തിരിഞ്ഞു നടക്കുന്നുണ്ടാവും, നാലാളോടു മിണ്ടിപ്പറഞ്ഞു നടക്കാൻ ഓൾക്ക് ഒരു കാരണം വേണമല്ലോ.. അശ്രീകരം..’’ അച്ഛൻ അന്നും അമ്മയെ ശകാരിച്ചു. പക്ഷേ പതിവുപോലെ, ‘‘കുട്ട്യോൾടച്ഛൻ കെറുവിക്കണ്ട, ഞാനിവിടെത്തന്നെയുണ്ടെന്നു’’ പറഞ്ഞ് അമ്മ അന്നു വൈകിട്ട് കന്നിനെയും കൂട്ടി തിരികെവന്നില്ല. വല്ല്യേട്ടൻ തിരക്കിച്ചെന്നപ്പോൾ തൊടിയിൽ വിഷം തീണ്ടി കിടക്കുകയായിരുന്നുവത്രേ അമ്മ. അമ്മയുടെ കരിനീലിച്ച ദേഹം കണ്ട് അച്ഛൻ ഉച്ചത്തിൽ ഒരു അലർച്ചയായിരുന്നു. ‘‘സരസൂ...’’ അത്രയും ഉറക്കെ, അത്രയും സ്നേഹത്തോടെ അച്ഛൻ എപ്പോഴെങ്കിലും അമ്മയെ വിളിച്ചതായി അവൾക്ക് ഓർമയില്ല.
അമ്മ പോയതിൽപിന്നെയാണ് അച്ഛൻ ശരിക്കും തളർന്നുപോയത്. വല്ല്യേട്ടനും വല്ല്യേച്ചിയും അമേരിക്കയിലേക്കു താമസം മാറ്റുകയും രേവതി വിവാഹം കഴിഞ്ഞ് ലണ്ടനിലേക്കും ജയ ദുബായിലേക്കും പോകുകയും ചെയ്തതോടെ അച്ഛനും അച്ഛന്റെ വൃത്തിശീലങ്ങളും മാത്രമായി തറവാട്ടിൽ. ആളനക്കമില്ലാതെ തൊടി കാടു കയറി. ആണ്ടിലൊരിക്കൽ സർപ്പപൂജയ്ക്കു കാവ് വെട്ടിത്തെളിക്കാൻ കൈക്കോട്ടും വാക്കത്തിയുമായി പോകുമ്പോൾ അച്ഛൻ തെക്കേപ്പറമ്പിലേക്കു നോക്കി നെടുവീർപ്പോടെ പറയുന്നതു കേട്ടിട്ടുണ്ട്, ‘‘ സുഖിയത്തി, ഒന്നും അറിയാണ്ട് അവിടെ കെടന്നാ മതീലോ..... ഇല്ലേൽ എന്നെ ഒറ്റയ്ക്കിട്ടേച്ചു പോകുമായിരുന്നോ’’. രേവതിക്ക് അതു കേൾക്കുമ്പോ സങ്കടം തോന്നും. ശരിയാണ്. അമ്മ പോയതിൽപിന്നെ അച്ഛൻ എത്രമാത്രം ഒറ്റയ്ക്കായിപ്പോയി. ഒന്നുറക്കെ ശകാരിക്കാൻ പോലും ആരുമില്ല. അമ്മയുടെ കന്നുകൂട്ടങ്ങളെയൊക്കെ അച്ഛൻ ആർക്കോ കൊടുത്തു. അങ്ങനെ അവറ്റകളുടെ ശബ്ദവും ആ പറമ്പിൽനിന്നു മാഞ്ഞു. പത്തുവർഷമാകുന്നു അച്ഛന്റെ തനിച്ചുജീവിതം തുടങ്ങിയിട്ട്. പ്രയാസപ്പെട്ടുള്ള നെടുവീർപ്പുകളും ആഞ്ഞുവലിച്ചുള്ള ചുമയും അവ്യക്തമായ പിറുപിറുക്കലും മാറ്റിനിർത്തിയാൽ അച്ഛന്റെ മൗനമല്ലാതെ മറ്റൊരു ശബ്ദവും ആ വീട്ടിലും തൊടിയിലുംനിന്ന് ഉയരാതായിരിക്കുന്നു.
ഓണത്തിന് എല്ലാവരുംകൂടി നാട്ടിൽ ഒരുമിച്ചുകൂടണമെന്ന് വല്ല്യേട്ടൻ തന്നെയാണ് എല്ലാവരോടും ആവശ്യപ്പെട്ടത്. ഭാഗംവയ്പിന്റെ കാര്യങ്ങളൊക്കെ അച്ഛനോട് സംസാരിക്കാൻ ഏറെക്കുറെ ധാരണയുമായിരുന്നു. നാട്ടിലേക്കു യാത്രതിരിക്കാനിരിക്കെ അപ്രതീക്ഷിതമായി രേവതിയുടെ ഫോണിലേക്ക് രാഘവമ്മാമ്മയുടെ ഫോൺ വരികയായിരുന്നു. അച്ഛന് എന്തോ അപകടം സംഭവിച്ചെന്നും എല്ലാരും ഉടൻ പുറപ്പെടണമെന്നും മാത്രം പറഞ്ഞ് ഫോൺ കട്ടായി. രാഘവമ്മാമ്മ ഇങ്ങനെ പലപ്പോഴും അവളെയും വല്ല്യേട്ടനെയുമൊക്കെ ഓരോരോ കാരണം പറഞ്ഞ് വിളിക്കാറുള്ളതുകൊണ്ട് ആ ഫോൺകോൾ കാര്യമായെടുത്തില്ല. അല്ലെങ്കിലും മൂന്നുനാൾ കഴിഞ്ഞാൽ യാത്ര തിരിക്കാനിരിക്കുകയാണല്ലോ എന്നു തമ്മിൽതമ്മിൽ പറഞ്ഞ് അവർ യാത്ര നേരത്തെയാക്കിയതുമില്ല.
എയർപോർട്ടിലെത്തിയപ്പോഴാണ് രാഘവമ്മാമ്മ കാര്യം പറഞ്ഞത്.
‘‘ആക്സിഡന്റായിരുന്നു, ത്രിസന്ധ്യക്ക് ഒന്നു കവലയ്ക്കൽ വരെ പോയതാണ്, എന്തോ വാങ്ങിവരാൻ. എതിരെവന്നൊരു കാർ...’’
അത്രയും പറഞ്ഞ് രാഘവമ്മാമ്മ വിങ്ങിപ്പൊട്ടി. കന്നിനെയുംകൊണ്ട് അമ്മ വർഷങ്ങൾക്കു മുൻപ് തെക്കേത്തൊടിയിലേക്കു പോയ മൂവന്തിയുടെ കരിനീലിച്ച ഓർമ രേവതിയുടെ മനസ്സിൽ വീണ്ടും ചുവന്നു ചോര ചിന്തി.
‘‘ഇതിപ്പോ ടിക്കറ്റ് ലാഭായല്ലോ. ബെസ്റ്റ് ടൈമിങ്.’’ വല്യേച്ചിയുടെ ഭർത്താവ് രാഘവമ്മാമ്മയുടെ തോളിൽതട്ടി ചിരിച്ചുകൊണ്ടു പറയുന്നതുകേട്ട് രേവതിയുടെ ഉള്ളുപൊള്ളി.
അല്ലെങ്കിലും അച്ഛൻ ഒരിക്കലും ആരെയും ഒന്നിനും ബുദ്ധിമുട്ടിച്ചിരുന്നില്ലല്ലോയെന്ന് കാറിൽ തറവാട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ അവൾ ഓർമിച്ചു. തറവാട്ടിലെത്തിയപ്പോൾ എല്ലാവരെയും നോക്കിച്ചിരിച്ച് അച്ഛൻ കാത്തിരിക്കുന്നതുകണ്ട് രേവതിക്കു കരച്ചിലടക്കാൻ കഴിഞ്ഞില്ല. ജയ അലമുറയിട്ട് ബോധംകെട്ടുവീണു. വല്ല്യേട്ടനുൾപ്പെടെയുള്ള ആണുങ്ങൾ ചടങ്ങുകൾ വേഗം കഴിക്കുന്നതിന്റെ തിരക്കിട്ട ആലോചനയിലായിരുന്നു. മൂന്നുനാലുദിവസം വെന്റിലേറ്ററിൽ കിടന്നതിന്റെ മരവിപ്പും മടുപ്പും പുറത്തു കാണിച്ചിരുന്നില്ല അച്ഛൻ. നന്നായി കുളിപ്പിച്ച് ഒരുക്കിയാണു കിടത്തിയിരുന്നത്.
അമ്മയുണ്ടായിരുന്നെങ്കിൽ കസവുകരയുടെ വേഷ്ടികൂടി തേച്ചുമടക്കി കൊടുക്കുമായിരുന്നല്ലോ എന്ന് അവൾ ഓർത്തു. കാണാൻ വന്നവർ പലരും കൊച്ചുകൊച്ചു സംഘങ്ങളായി മുറ്റത്തും ഇറയത്തും വരാന്തകളിലും ഇടനാഴികളിലും തിങ്ങിക്കൂടിനിൽക്കുന്നുണ്ടായിരുന്നു. എല്ലാവരുംകൂടി തറവാട്ടിൽ ഇങ്ങനെ കയറിനിരങ്ങുന്നത് അച്ഛനെ അലോസരപ്പെടുത്തുന്നുണ്ടോ എന്നറിയാൻ രേവതി ഇടയ്ക്കിടെ അച്ഛന്റെ മുഖത്തേക്കു പാളിനോക്കിക്കൊണ്ടിരുന്നു. തലയ്ക്കൽ കത്തിച്ചുവച്ച അഗർബത്തിയുടെ ചാരം അടർന്നു തറയിൽവീണത് അച്ഛന് തീർച്ചയായും ഇഷ്ടപ്പെട്ടിരിക്കില്ലെന്നു കരുതി അവൾ ഒരു നനഞ്ഞ തുണികൊണ്ട് തറ തുടച്ചെടുത്തു. ‘‘അല്ലെങ്കിലും അച്ഛന് വലിവിന്റെ സൂക്കേടുള്ള കാര്യം മറന്നോ, അഗർബത്തിയുടെ മണമടിച്ചാൽ ഇനി അതുമതി ചുമയ്ക്കാൻ’’ അടുക്കളക്കോലായിലെ ആട്ടുകല്ലിനടുത്തിരുന്ന് അമ്മ പിറുപിറുക്കുന്നതുപോലെ തോന്നി.
‘‘എല്ലാരും വന്നും കണ്ടും കഴിഞ്ഞെങ്കിൽ തെക്കേത്തൊടിയിലേക്ക് എടുക്കാം’’
രാഘവമ്മാമ്മ പതിവില്ലാത്ത അധികാരസ്വരത്തിലാണത് പറഞ്ഞത്. വല്ല്യേട്ടനുൾപ്പെടെയുള്ളവർ ചേർന്ന് അച്ഛനെ താങ്ങിയെടുത്തുകൊണ്ടു പോകുന്നത് രേവതി ജനാലയ്ക്കൽ നോക്കിനിന്നു. അച്ഛന്റെ അതേ സ്വഭാവമായിരുന്നു അച്ഛന്റെ ചിതയ്ക്കും. ഒറ്റ ആന്തലിന് ആഞ്ഞുകത്തി. കത്തിത്തീർന്നിട്ടും പിന്നെയും പുകഞ്ഞും എരിഞ്ഞും കനൽ ബാക്കിയായി. വന്നവരെല്ലാം യാത്ര പറഞ്ഞിറങ്ങിയിട്ടും അച്ഛൻ പിന്നെയും എരിയുന്നതുകണ്ട് രേവതി കണ്ണീരടക്കാനാകാതെ മുറിയുടെ ജനൽ ചേർത്തടച്ചാണ് അന്ന് ഉറങ്ങാൻ കിടന്നത്. രാത്രി മുഴുവൻ ഉച്ചത്തിൽ അച്ഛൻ ആരെയൊ ശകാരിക്കുന്നത് അവൾക്ക് കേൾക്കാമായിരുന്നു.
‘‘ആരാണ് എന്നെ ഈ പറമ്പിൽ ചാരത്തിൽ കൊണ്ടുവന്നു വച്ചിരിക്കുന്നത്. ഒന്നിനുമില്ല വൃത്തീം വെടിപ്പും. ഒരു സാധനോം എടുത്താൽ എടുത്തയിടത്തുതന്നെ തിരികെ വയ്ക്കാത്ത കൂട്ടങ്ങൾ...’’