അവളുടെ കാപ്പിക്കപ്പുശൂന്യതകൾ

Mail This Article
പരീക്ഷാഡ്യൂട്ടിയായിരുന്നതിനാൽ അന്നു സ്റ്റെല്ലയുടെ ക്ലാസ് നേരത്തെ കഴിഞ്ഞു. നേരെ പോയത് ലൈബ്രറിയിലേക്കായിരുന്നു. എംടിയുടെ നോവലുകളിലെ ആൺ ഏകാന്തതയെക്കുറിച്ച് അടുത്ത ദിവസം പേപ്പർ പ്രസന്റേഷനുണ്ട്. ലൈബ്രറിയിൽനിന്ന് കുറച്ചു പുസ്തകങ്ങൾ തപ്പിപ്പിടിച്ച് നേരെ ടൗണിലെ ത്രീ സിക്സ്റ്റി ഫൈവ് കോഫി ഷോപ്പിലേക്കു പോകാനായി ഓട്ടോ വിളിച്ചു. തൃശൂരിൽ ഏറ്റവും നല്ല കപ്പുച്ചിനോ കിട്ടുന്നത് അവിടെയാണെന്നാണ് കോളജിലെ സെക്കൻഡ് ഗ്രൂപ്പ് ക്ലാസിലെ കുട്ടികൾ പറഞ്ഞു കേട്ടിട്ടുള്ളത്. അവരൊക്കെ അവിടെയാണത്രേ ഹാങ് ഔട്ടിനു പോകാറുള്ളത്. ‘അവർ’ എന്ന വാക്ക് പ്രത്യക്ഷത്തിൽ ബഹുവചനമാണെങ്കിലും യഥാർഥത്തിൽ അതൊരു ഏകവചനമാണെന്ന് അവൾക്കറിയാം. അവർ എന്നുവച്ചാൽ രണ്ടേരണ്ടുപേർ മാത്രമുള്ള ഒറ്റ ജോഡിയാണ്. അതിൽ ഒരാൾ സ്വയം സുന്ദരനെന്നു കരുതുന്ന ചെറുപ്പക്കാരനും രണ്ടാമത്തെയാൾ അയാൾക്കു സുന്ദരിയെന്നു തോന്നുന്ന ഒരു പെൺകുട്ടിയുമായിരിക്കും. അങ്ങനെ എത്രയെത്ര ജോഡികളെയാണ് അവൾ ആ കോഫിഷോപ്പിൽ പലപ്പോഴായി കണ്ടുമുട്ടിയിരിക്കുന്നത്.
കോളജിൽ അവൾ അധ്യാപികയായി ജോലിക്കു ചേർന്ന കാലത്ത് അതൊരു വെറും കാപ്പിക്കടയായിരുന്നു. തോമാച്ചായന്റെ കാപ്പിക്കട. പഴയീച്ചയും കൊതുകും പറക്കുന്ന, കാലിളകുന്ന രണ്ടോ മൂന്നോ മേശകളും, കുഷ്യനില്ലാത്ത, ചാരിയിരുന്നാൽ നടു വേദനിക്കുന്ന കസേരകളും മാത്രമുള്ളൊരു കാപ്പിക്കട. അന്നും അവിടെ ചില പ്രണയജോഡികളെ കണ്ടിട്ടുണ്ട് അവൾ, സ്പെഷൽ ക്ലാസും മറ്റും കഴിഞ്ഞുള്ള ചില വൈകുന്നേരങ്ങളിൽ. അവളെ കാണുമ്പോഴേക്കും അതുവരെ ഒരേ മേശയ്ക്കിരുവശമിരുന്ന ഇണക്കുരുവികൾ ‘ശ്ശ്ശ്ശ്.. സ്റ്റെല്ല മിസ്സ് വരുന്നു’ എന്ന അടക്കം പറച്ചിലോടെ അപരിചിതരെപ്പോലെ എഴുന്നേറ്റുപോകുകയാണ് പതിവ്.. ‘ഈ ടീച്ചറ് എന്റെ കച്ചവടം മുട്ടിക്കുമോ’ എന്നു തോമാച്ചായൻ അപ്പോൾ കൗണ്ടറിൽനിന്ന് കളി പറയും. കോളജിലെ കലോൽസവത്തിരക്കിന്റെ ഇടവേളകളിലും ഫ്രീ അവറുകളിലുമൊക്കെ പലപ്പോഴും അവൾ ആ കാപ്പിക്കടയിലേക്ക് ഓടിവന്നുകൊണ്ടേയിരുന്നു. ഒരു ചൂടുകാപ്പിയിൽ ആറിത്തീരാനുള്ളതേയുള്ളൂ ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങളും എന്ന അപ്പന്റെ ഫിലോസഫി നുണഞ്ഞുകൊണ്ട് അവൾ ആ കാപ്പിനേരങ്ങൾ ആസ്വദിച്ചു. കുടകിലെ ഒന്നാന്തരം കാപ്പിക്കൃഷിക്കാരനായ അപ്പൻ മരിക്കാൻ നേരം അവൾക്കും അവളുടെ സന്തതിപരമ്പരയ്ക്കും വേണ്ടി സ്വരുക്കൂട്ടിവച്ചത് ആ ചുടുകാപ്പിയുടെ തത്വശാസ്ത്രം മാത്രമായിരുന്നു. കാപ്പിത്തോട്ടങ്ങളിൽ പകുതിയും, മൂത്ത മൂന്നു പെൺമക്കളെ കെട്ടിക്കാൻ അപ്പൻ തീറെഴുതി കൊടുത്തിരുന്നു. കല്യാണച്ചെലവുൾപ്പെടെയുള്ള കടം വീട്ടാത്ത വകയിൽ ബാക്കി പകുതി ബാങ്ക് ജപ്തിചെയ്തു കൊണ്ടുപോകുകയും ചെയ്തു. എങ്കിലും അപ്പന്റെ കാപ്പിഫിലോസഫിക്ക് ഇപ്പോഴും വീര്യം കെട്ടിട്ടില്ല. ഓരോ തവണ കാപ്പി ഊതിക്കുടിക്കുമ്പോഴും അവൾ അപ്പനെ ഓർത്തു.
പരിഷ്കാരം വന്നതോടെ തോമാച്ചായന്റെ കട എസിയായി. കാപ്പിക്കട കോഫിഷോപ്പായി. ത്രീസിക്സ്റ്റി ഫൈവ് എന്ന പേരിന്റെ തലയെടുപ്പായി. കാപ്പി കോഫിയായി. ചില്ലലമാരയിൽ ഈച്ചയാർത്തിരുന്ന സുഖിയനും പഴമ്പൊരിയും, ബ്രൗണിക്കും ചോക്ക്‌ലേറ്റിനും മഫിനും കുക്കീസിനും വേണ്ടി അലമാരയൊഴിഞ്ഞുകൊടുത്ത് അപ്രത്യക്ഷരായി. ക്യാഷ് കൗണ്ടറിൽ വെളുക്കെച്ചിരിച്ചുനിന്ന തോമാച്ചായൻ ഇതിനിടയിൽ കടയിലെ ചുമരിൽ പ്ലാസ്റ്റിക് മാലയും ജപമാലയും തൂക്കി ഫ്രെയിം ചെയ്തുവച്ച പടമായി. കോളജിൽനിന്നു ക്ലാസ് കട്ട് ചെയ്തു സൊള്ളാനും പഞ്ചാര പറയാനും വരുന്ന പ്രണയജോഡികളുടെ എണ്ണം കൂടിയതോടെ കോഫി കപ്പുച്ചിനോയും കോൾഡ് കോഫിയുമൊക്കെയായി. കാലംപോകെപ്പോകെ സ്റ്റെല്ലയുടെ ചുടുയൗവനം കാപ്പിപോലെ ആറിത്തണുത്തിട്ടും വീര്യം കുറഞ്ഞിട്ടും അവിടേക്കുള്ള അവളുടെ പതിവു സന്ദർശനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടയിൽ എത്രയെത്ര കാപ്പിപ്രണയങ്ങൾക്ക് ആ കോഫിഷോപ്പിൽ അവൾ സാക്ഷ്യം വഹിച്ചു. എന്നിട്ടും അവളുടെ കാപ്പിക്കപ്പിനോടു ചേർന്നിരിക്കാനും സൊറ പറയാനും ആൺകൂട്ടാരുമില്ലാതെ അവളുടെ മേശയ്ക്കരികിലെ കസേര ഇത്രയും കാലം ആളൊഴിഞ്ഞുതന്നെ കിടന്നു.
‘‘നല്ല രാശിയുള്ള സ്പോട്ടാണ് ടീച്ചറേ.. ടീച്ചർക്കും ഒരു ലൈൻ സെറ്റാവാതെയിരിക്കില്ല.’’ ഇപ്പോഴത്തെ പിള്ളേരുടെ ഓരോരോ വർത്തമാനങ്ങൾ! അടുത്തിടെ തേഡ് ഗ്രൂപ്പിലെ തെമ്മാടി ഗാങ്ങിലെ റോബിൻ അവളെ ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞതുകേട്ട് കോഫിഷോപ്പിലെ വെയിറ്റർമാർ വരെ ചിരിച്ചു. അതുകൊണ്ടാണോ എന്തോ ഈയിടെ അവൾക്കും ആ കോഫിഷോപ്പിലെ സന്ധ്യകൾ ആസ്വദിക്കാൻ കഴിയാതായിരിക്കുന്നു. സന്ധ്യയാകുന്നതോടെ പച്ചയും മഞ്ഞയും ചുവപ്പും നിറമുള്ള മിന്നിമിന്നി ബൾബുകൾ അവിടെ തെളിഞ്ഞു കത്താൻ തുടങ്ങും. അപ്പോഴേക്കും എവിടെനിന്നെങ്കിലും ഈയാംപാറ്റകളെപ്പോലെ പ്രണയജോഡികൾ പറന്നുവരികയായി. ഒരു കാപ്പിക്കുചുറ്റും ചുണ്ടുകൊണ്ടും കൺമുനകൾകൊണ്ടും നൃത്തം ചെയ്യുന്ന അവർ കുടകിലെ കാപ്പിത്തോട്ടങ്ങളിൽ മൂവന്തിക്കു റാന്തൽവിളക്കിനു ചുറ്റും തുള്ളിച്ചാടുന്ന ഈയാംപാറ്റകളെ ഓർമിപ്പിച്ചു. വീട്ടിലെ സന്ധ്യാപ്രാർഥന കഴിഞ്ഞ് അത്താഴം കാലമാകുമ്പോഴേക്കും അവ ചത്തൊടുങ്ങുമായിരുന്നു. വരാന്തയിലിരുന്ന് കഞ്ഞികഴിക്കുമ്പോൾ പലപ്പോഴും ചമ്മന്തിപ്പിഞ്ഞാണത്തിലേക്കു വന്നു വീഴുമായിരുന്നു പലതും. പിറ്റേന്ന് പുലർച്ചെ പറമ്പിൽ ചോണനുറുമ്പുകളുടെ ഘോഷയാത്രയാണ്. ചത്തുവീണ ഈയാംപാറ്റകളുടെ ചിറകുകളും വഹിച്ചുള്ള ശവമഞ്ചഘോഷയാത്ര. കുട്ടിക്കാലത്ത് കാപ്പി പറിക്കാൻ പുലർച്ചെ കൂടയും തൂക്കിയിറങ്ങുമ്പോൾ എത്രയോ വട്ടം അവൾക്ക് കാൽവണ്ണയിൽ ചോണനുറുമ്പുകളുടെ കടികൊണ്ടിരിക്കുന്നു. അതുകൊണ്ടൊക്കെയായിരിക്കാം, പ്രണയത്തെക്കുറിച്ചുള്ള ആദ്യ ചിന്തയിൽ ഇപ്പോഴും സ്റ്റെല്ലയുടെ മനസ്സ് ആ ചോണനുറുമ്പുകളുടെ കടിയേറ്റിട്ടെന്നപോലെ നീറും. അങ്ങനെ നീറിനീറി എത്ര വർഷം കടന്നുപോയെന്ന് അവൾ തിരിച്ചറിയുന്നതുതന്നെ ആ കാപ്പിക്കടയിലെ ആളൊഴിഞ്ഞ മൂലയ്ക്കലെ ഒറ്റക്കസേര മാത്രമുള്ള മേശയ്ക്കരികിൽ ചെന്നിരിക്കുമ്പോഴാണ്.
വേണ്ട, ഇനിയും അവിടെ കാപ്പിക്കോപ്പയ്ക്കിരുവശം മുട്ടിയുരുമ്മിയിരിക്കുന്ന യുവമിഥുനങ്ങൾക്കിടയിൽ പ്രണയം തൊട്ടുതീണ്ടാത്തൊരു അന്യഗ്രഹ ജീവിയായി ചെന്നിരിക്കാൻ വയ്യ. ശ്ശെടാ, പ്രണയമില്ലാതെയും ഒരുത്തിക്ക് ഇവിടെ ജീവിക്കരുതോ? അല്ലെങ്കിലും അവളവളെത്തന്നെ പ്രണയിച്ചുകൊണ്ടുള്ള ഈ ജീവിതത്തിന്റെ രസം പറഞ്ഞാൽ ആർക്കു മനസ്സിലാകാൻ?
‘‘ഓട്ടോ നേരെ പാരഡൈസ് ഹോസ്റ്റലിലേക്കു വിട്ടോളൂ’’. സ്റ്റെല്ല ഓട്ടോക്കാരനോട് പറഞ്ഞു.
‘‘ഈ റൗണ്ട് മുഴുവൻ ചുറ്റിക്കഴിഞ്ഞിട്ടാണോ ആന്റീ റൂട്ട് മാറ്റാൻ പറയുന്നേ?’’
അയാളുടെ രോഷം മുഴുവൻ ആ ചോദ്യത്തിലുണ്ടായിരുന്നു. പക്ഷേ സ്റ്റെല്ലയെ വെറി പിടിപ്പിച്ചത് അയാളുടെ ആന്റിവിളിയായിരുന്നു. അപ്പന്റെ പ്രായം തോന്നിക്കുന്നൊരാൾ അവളെ ആന്റിയെന്നു വിളിച്ചതിൽ കടുത്ത അപമാനം തോന്നി. കാറ്റിൽ പാറിപ്പറക്കുന്ന നരച്ച മുടിയിഴകളെ ശാസിച്ചൊതുക്കിവച്ചെങ്കിലും മുഖത്തെ ചുളിവുകൾ റിയർവ്യൂ മിററിൽ അവൾക്കു തെളിഞ്ഞു കാണാമായിരുന്നു.
അവളെത്തിയപ്പോഴേക്കും ഹോസ്റ്റലിന്റെ ഗെയിറ്റ് അടച്ചിരുന്നു. രാത്രി ഏഴു മണിക്ക് ഗേറ്റ് അടയ്ക്കുന്ന കാര്യത്തിൽ വാർഡൻ തങ്കമ്മിണി കണിശക്കാരിയാണ്. വൈകി വരുന്ന ചെറുപ്പക്കാരികളെ വിചാരണ ചെയ്യാൻ വല്ലാത്തൊരു ആവേശമാണ് ആ അസത്ത് സ്ത്രീക്കെന്ന് സ്റ്റെല്ലയ്ക്ക് എപ്പോഴും തോന്നാറുണ്ട്. ടീച്ചറായതുകൊണ്ടും പ്രായം നാൽപത്തഞ്ചു കഴിഞ്ഞതുകൊണ്ടും സ്റ്റെല്ലയുടെ നേർക്കു വിചാരണയൊന്നും പതിവില്ലെങ്കിലും അർഥംവച്ച ചില മൂളക്കവും നോട്ടവും പതിവാണ്. അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ മൂക്കിൽ പല്ലു മുളച്ചിട്ടും സ്റ്റെല്ല കല്യാണമൊന്നും കഴിക്കാത്തതിന്റെ ഗുട്ടൻസ് അറിയാഞ്ഞിട്ട് തങ്കമ്മിണിക്ക് ഇരിക്കപ്പൊറുതിയില്ല ഒരിക്കലും.
മുറിയിൽപോയി കുളിച്ച് നൈറ്റി മാറി വന്നപ്പോഴേക്കും തങ്കമ്മിണി അത്താഴത്തിനുള്ള അപ്പവും കോഴിക്കറിയും മേശപ്പുറത്ത് എടുത്തുവച്ചിരുന്നു.
‘‘ഇങ്ങനെയൊക്കെ നടന്നാൽ മതിയോ? ഒരു ആൺതുണ വേണ്ടേ ടീച്ചറേ...’’ ആൺതുണയുടെ ആവശ്യകതയെക്കുറിച്ച് തങ്കമ്മ ഉപദേശിക്കാൻ തുടങ്ങുകയായി. ആദ്യമായല്ല സ്റ്റെല്ലയതു കേൾക്കുന്നത്. പാലപ്പം കോഴിക്കറിയിൽ മുക്കിക്കഴിക്കുന്നതിനിടെ സ്റ്റെല്ല അവളുടെ ആൺശൂന്യതയെക്കുറിച്ച് ആലോചിക്കുകയായിരുന്നു. തങ്കമ്മിണിയുടെ കോഴിക്കറിയിലെ ഉപ്പിന്റെ ശൂന്യതയോളം വരില്ല തന്റെ ജീവിതത്തിലെ ശൂന്യതയെന്ന്് അവൾ ആശ്വസിച്ചു. പുരനിറഞ്ഞുനിൽക്കുന്ന കാലത്ത് കേൾക്കാൻ തുടങ്ങിയതാണ് ആൺകൂട്ടിന്റെ ആലോചനകൾ. വയസ്സ് നാൽപത്തഞ്ചും പിന്നിട്ട് പുരപൊളിച്ചടക്കി നിൽക്കുന്ന ഈ പ്രായത്തിൽ ഇനിയെന്തിന് ആൺതുണയെന്നോർത്ത് സ്റ്റെല്ല ഊറിച്ചിരിച്ചു. ഇതിനകം എത്രയെത്ര ആണുങ്ങളെ കണ്ടും മിണ്ടിയും തൊട്ടുംതൊടാതെയും കടന്നുപോയിരിക്കുന്നു. ചിലർ പ്രണയത്തിന്റെ അപ്പക്കഷ്ണങ്ങളെറിഞ്ഞു തന്നു കൊതിപ്പിച്ചു. മറ്റു ചിലർക്കു വേണ്ടത് കാമംപുരണ്ട ഇറച്ചിക്കഷ്ണങ്ങൾ മാത്രമായിരുന്നു. എന്നാൽ അവളോളംപോന്ന മറ്റൊന്നിനും അവളെ അതുവരെ അത്രമേൽ ഉന്മാദിനിയാക്കാൻ കഴിഞ്ഞിട്ടില്ലല്ലോ എന്ന തിരിച്ചറിവിൽ ആ ക്ഷണങ്ങളെല്ലാം അവൾ നിഷ്കരുണം നിരസിച്ചു.
അപ്പവും കോഴിക്കറിയുംപാതി കഴിച്ചു മതിയാക്കി സ്റ്റെല്ല എഴുന്നേൽക്കുന്നതു കണ്ട് തങ്കമ്മ മുറുമുറുക്കുന്നുണ്ടായിരുന്നു. ‘‘വയർ നിറഞ്ഞു തങ്കമ്മേ... രാത്രി ഏറെ വൈകിയിരിക്കാനുള്ളതാണ്. ഒരു കടുംകാപ്പി തന്നേക്കൂ...’’ മുകൾനിലയിലെ മുറിയിലേക്കുള്ള ഗോവണിപ്പടികൾ കയറുമ്പോൾ കാപ്പി പൂത്തപ്പോഴെന്നപോലെ ഒരു ഉന്മാദഗന്ധം അവളെ തരളിതയാക്കുന്നുണ്ടായിരുന്നു.