ADVERTISEMENT

വല്യമ്മച്ചിക്ക് ഈയിടെയായി ശ്വാസംമുട്ടൽ കൂടുതലാണെന്നു പറഞ്ഞ് അപ്പൻ വിളിച്ചപ്പോൾ മെർലിൻ വിചാരിച്ചു ഒന്നുപോയി കണ്ടിട്ടു വരാമെന്ന്. അല്ലെങ്കിലും വാകത്താനത്തെ കുടുംബവീട്ടിലേക്ക് പോയിട്ട് കുറെനാളായി. ബെംഗളൂരുവിൽനിന്ന് വല്ലപ്പോഴും കൊച്ചിയിലെ ഫ്ലാറ്റിലേക്കു വന്നാൽപോലും രണ്ടോ മൂന്നോ ദിവസമേ കയ്യിൽകിട്ടാറുള്ളൂ. അതിനിടെ വാകത്താനം വരെ ഡ്രൈവ് ചെയ്തു പോകാനൊന്നും മെർലിൻ മിനക്കെടാറില്ല. വാകത്താനത്തേക്കുള്ള വിരുന്നുപോക്ക് കുട്ടിക്കാലംമുതൽ അവൾക്ക് ഒരു കൗതുകമായിരുന്നു. നഗരത്തിരക്കിലെ ശ്വാസംമുട്ടിൽനിന്നു മാറിനിൽക്കാൻ പച്ചത്തുരുത്തിന്റെ മറ്റൊരു ലോകം. അവിടെയെത്തിയാൽ മെർലിൻ മാത്യു, മറിയക്കൊച്ചാകും. മെർലിന്റെ മാമോദീസപ്പേരായിരുന്നു മറിയം. വല്യമ്മച്ചി മാത്രമേ ആ പേരിൽ അവളെ വിളിക്കാറുള്ളൂ. എട്ടു പേരക്കുഞ്ഞുങ്ങളിൽ വല്യമ്മച്ചിക്ക് അവളോടായിരുന്നു കൂടുതൽ അടുപ്പം. അവളെയായിരുന്നല്ലോ വല്യമ്മച്ചി ആദ്യം പള്ളിയിൽ തലതൊട്ടത്. അതിന്റെ അധികാരവും അവകാശവും അവൾക്കും വല്യമ്മച്ചിയുടെ അടുത്തുണ്ടായിരുന്നു. 

അന്നൊക്കെ അവധിക്കാലമാകാൻ കാത്തിരിക്കുമായിരുന്നു അവൾ, വല്യമ്മച്ചിയുടെ വീട്ടിലേക്ക് ഓടിച്ചെല്ലാൻ. ആ കൗതുകമൊക്കെ എപ്പോഴേ കെട്ടടങ്ങിപ്പോയിരിക്കുന്നു. അല്ലെങ്കിലും മുതിരുന്തോറും, ലോകം വലുതാകുകയും കുഞ്ഞുകുഞ്ഞു സന്തോഷങ്ങളുടെ ലോകം കൊട്ടിയടഞ്ഞുപോകുകയും ചെയ്യുന്നുവെന്നു പറയുന്നത് എത്ര ശരിയാണെന്ന് ഡ്രൈവ് ചെയ്യുന്നതിനിടെ ഒരു നെടുവീർപ്പോടെ അവൾ ഓർമിച്ചു. കുറെക്കാലംകൂടി പോകുന്നതായിട്ടും വഴി മറന്നില്ലല്ലോ എന്ന് അവൾ ഓരോ നാൽക്കവലയിലും അദ്ഭുതപ്പെടുന്നുണ്ടായിരുന്നു. പണ്ട് അപ്പന്റെ ചുവന്ന മാരുതി കാർ കുന്നും മലയും താണ്ടി വാകത്താനമെത്തുമ്പോഴേക്കും നാലുമണിച്ചായയുടെ നേരമാകുമായിരുന്നു. ആ നേരമത്രയും കാത്തുനിന്നു കണ്ണു കഴച്ചെന്ന വല്യമ്മച്ചിയുടെ പരിഭവത്തിലേക്കാണ് കാർ തുറന്നിറങ്ങുക. വൈകിട്ടേ എത്തൂ എന്നു വല്യമ്മച്ചിക്ക് അറിയാഞ്ഞിട്ടല്ല. പ്രിയപ്പെട്ടൊരാളുടെ വരവിനുവേണ്ടി കാത്തുനിൽക്കുന്നതിന്റെ സുഖം ഒരു വല്ലാത്ത സുഖം തന്നെയാണ്. മനസ്സു വേറെന്തിലേക്കോ ആലോചിച്ചുപോകുന്നുവെന്നു തോന്നിത്തുടങ്ങിയ ആ നിമിഷം മെർലിൻ വണ്ടി ചവിട്ടിനിർത്തി. ചില ആലോചനകൾക്ക് ഒരു സഡൻ ബ്രേക്ക് അനിവാര്യമാണ്. 

വഴിയോരത്തെ ഒരു ചായക്കടയിൽനിന്നു ചായ കുടിച്ചിറങ്ങുമ്പോൾ ഒരു കടലാസിൽ കുറച്ചു മുളകുബജി കൂടി പൊതിഞ്ഞു തരാൻ അവൾ ചായക്കാരനോടു പറഞ്ഞു. വല്യമ്മച്ചിക്ക് മുളകുബജി വലിയ ഇഷ്ടമായിരുന്നു. അരമണിക്കൂർ കൂടിയേ വേണ്ടി വന്നുള്ളൂ, കാർ വല്യമ്മച്ചിയുടെ വീട്ടുമുറ്റത്തെത്താൻ. പടിക്കൽ പക്ഷേ ആരും കാത്തുനിന്നിരുന്നില്ല. മൂന്നുതവണ നീട്ടി ഹോണടിച്ചപ്പോഴാണ് ഒരു ചെറുക്കൻ വന്നു ഗെയിറ്റ് തുറന്നതുതന്നെ. ഇരുവശവും ബൊഗെയ്ൻവില്ലകൾ പൂത്തുകിടക്കുന്ന ചരൽമുറ്റത്തു കാലു കുത്തിയപ്പോൾ പണ്ടത്തെപോലെ നാലുമണിപ്പലഹാരത്തിന്റെ വെളിച്ചെണ്ണമണം മൂക്കിലേക്ക് വന്നില്ല. വീട്ടിലെ ടേപ്പ് റെക്കോർഡറിൽനിന്നുള്ള പതിവു പള്ളിപ്പാട്ടുകൾപോലും ചീവീടുകളുടെ രീരീരീ മേളത്തിനിടയിൽ  അവൾ കേട്ടില്ല. കടുംവെട്ടു കഴിഞ്ഞ റബർമരങ്ങളുടെ ഉണങ്ങിയ തൊലിപ്പുറത്തുനിന്ന് എത്രവേഗമാണ് അവയുടെ കൗമരവും യൗവനവും ഒലിച്ചിറങ്ങിപ്പോയതെന്ന് ആലോചിച്ച് അവൾ ഉമ്മറത്തെ കോളിങ് ബെല്ലിൽ വിരലമർത്തി. ചാച്ചനാണ് വന്നു വാതിൽതുറന്നത്. അപ്പന്റെ അനിയൻ. കുറച്ചുദിവസമായി ചാച്ചനും ഭാര്യ സൂസിയമ്മയുമാണ് അമ്മച്ചിക്കു കൂട്ടുകിടക്കാൻ വരുന്നതെന്ന് അപ്പൻ പറഞ്ഞിരുന്നു. 

– ഇതാര്? മെർലിൻ മോളല്യോ.. മാത്തുക്കുട്ടി വിളിച്ചു പറഞ്ഞായിരുന്നു മോള് ഇന്നു വരുന്നുണ്ടെന്ന്.. വന്നാട്ടെ..

സൂസിയമ്മ വലിയ സ്നേഹത്തോടെ അവളെ എതിരേറ്റു. ഒന്നും രണ്ടും മിണ്ടിപ്പറഞ്ഞ് മെർലിൻ അകത്തേക്കു കയറിച്ചെന്നു. കുട്ടിക്കാലത്ത് ഓടിക്കളിച്ചും ഉരുണ്ടുവീണും വീണ്ടുമെഴുന്നേറ്റോടിയും ചിരപരിചിതമായിരുന്ന വീട്ടകം പെട്ടെന്നുള്ള വീണ്ടുംവരവിൽ അവൾക്ക് വളരെ അപരിചിതമായി തോന്നുണ്ടായിരുന്നു. 

അടുക്കളയിൽനിന്ന് അപ്പച്ചെമ്പിൽ ആവികയറ്റാൻവച്ച കുമ്പിളപ്പത്തിന്റെ മണം വന്നപ്പോൾ അവൾ വല്യമ്മച്ചിയെ തിരക്കി. അമ്മച്ചിയിപ്പോൾ മുറിയിൽനിന്നു പുറത്തിറങ്ങാറുപോലുമില്ലെന്നു സൂസിയമ്മ പറയുന്നതുകേട്ടു. ഇടനാഴിക്കപ്പുറമാണ് വല്യമ്മച്ചിയുടെ കിടപ്പുമുറി. മുറിയുടെ വാതിൽ ചാരിയിരുന്നു. അവൾ രണ്ടുമൂന്നുവട്ടം വാതിലിൽ മുട്ടി, മറുപടിയൊന്നുമില്ലാതെ വന്നപ്പോൾ വാതിൽ തുറന്ന് അകത്തേക്കു കയറുകയായിരുന്നു. വല്യമ്മച്ചി ജനലിനോടു ചേർന്നുള്ള ചാരുകസേരയിൽ പുറത്തെ കാഴ്ചകളും കണ്ട്  ഇരിക്കുന്നു. നരച്ചുവെളുത്ത മുടി ബോബ് ചെയ്ത്, ഒരു കണ്ണടയൊക്കെ വച്ച്, ഇളംപിങ്കുനിറമുള്ള പൂക്കളുള്ള നൈറ്റിയൊക്കെ ഇട്ട് സുന്ദരിക്കുട്ടിയായാണ് ഇരിപ്പ്. വല്യമ്മച്ചി പണ്ടും സുന്ദരിയായിരുന്നല്ലോ എന്നു മെർലിൻ ഓർമിച്ചു. മുറിയുടെ ചുമരിലെ വല്യപ്പച്ചനൊപ്പമുള്ള കല്യാണ ഫോട്ടോയിലേക്ക് കൗതുകത്തോടെ നോക്കി അവൾ വല്യമ്മച്ചിയുടെ പണ്ടത്തെ സൗന്ദര്യം ഒന്നുകൂടി ശരിവച്ചു. ഇടയ്ക്കിടെ വരുന്ന ശ്വാസംമുട്ട് ഈയിടെ കൂടിയിട്ടുണ്ട്. എപ്പോഴും ഒരു തളർച്ചയും പരവേശവും. ചെവി അൽ‌പം പതുക്കെയാണെന്നു ചാച്ചൻ പറഞ്ഞിരുന്നു. കണ്ണിനും ഓർമയ്ക്കും തെളിച്ചക്കുറവൊന്നുമില്ല. അവളെ കണ്ടപ്പോൾ തന്നെ ചിരിച്ചു.

- മറിയക്കൊച്ച് വന്നോ? 

അവൾക്ക് പണ്ടത്തെപ്പോലെ ഓടിച്ചെന്ന് വല്യമ്മച്ചിയെ ഇറുകെക്കെട്ടിപ്പിടിക്കണമെന്നു തോന്നി. പക്ഷേ അവൾ വളരെ യാന്ത്രികമായി വല്യമ്മച്ചിയുടെ ചാരുകസേരയ്ക്കരികിൽചെന്നു പടിഞ്ഞിരിക്കുക മാത്രം ചെയ്തു. ഒന്നും മിണ്ടാതെ കുറച്ചുനേരം. വല്യമ്മച്ചി തണുത്ത വിരലുകൾകൊണ്ട് അവളുടെ മുടി തലോടിത്തുടങ്ങിയപ്പോൾ അവൾ ആ മടിയിലേക്കു ചാഞ്ഞു. ഏറെക്കാലം കാണാൻ വരാതിരുന്നതിന്റെ പരിഭവമൊക്കെ ആ മടിത്തട്ടിലെ മയക്കത്തിൽ മാഞ്ഞു. മിണ്ടിപ്പറഞ്ഞും ചിരിച്ചും പഴയ കാര്യങ്ങളോരോന്ന് ഓർമിച്ചും എത്രവേഗമാണ് നേരം പോയത്. സൂസിയമ്മ കൊണ്ടുവന്നവച്ച കുമ്പിളപ്പത്തിന്റെ പാത്രം എത്രവേഗമാണ് കാലിയായത്. 

വല്യമ്മച്ചി അവളെനോക്കി കളി പറഞ്ഞു. 

- നിന്റെ കുമ്പിളപ്പക്കൊതി ഇനിയും തീർന്നില്ലേ? അല്ലേലും മൻഷ്യന്മാരുടെ കൊതീം പൂതീം എന്നു തീരാനാ.. അത് തീർന്നാ നമ്മളും തീർന്നു..

വല്യമ്മച്ചിയുടെ പഴയ സ്വഭാവത്തിന് ഒരു മാറ്റവുമില്ല. എത്ര പെട്ടെന്നാണ് ഒരു കുമ്പിളപ്പക്കൊതിയിൽനിന്ന് എന്തോ വലിയ ഫിലോസഫിയിലേക്ക് ക്രാഷ്‌ലാൻഡ് ചെയ്തത്. മെർലിനും ചിലപ്പോൾ പെട്ടെന്നു ഫിലോസഫിക്കലാകാറുണ്ട്. ചെറിയ വായിൽ വലിയ വർത്തമാനം പറയുന്ന അവളുടെ സ്വഭാവം വല്യമ്മച്ചിയിൽനിന്നു കിട്ടിയതാണെന്ന് പണ്ടും വീട്ടുകാർ പറഞ്ഞുകേട്ടിട്ടുണ്ട്. അടുത്ത കുമ്പിളപ്പത്തിന്റെ ഇടനയില പൊതിയഴിച്ചപ്പോൾ അവൾ അമ്മച്ചിയെ ശ്രദ്ധിക്കുകയായിരുന്നു. പുറത്തെ ചരൽമുറ്റത്തേക്കാണ് വല്യമ്മച്ചി നോക്കിയിരിക്കുന്നതെങ്കിലും കണ്ണിൽ ഉടക്കിക്കിടക്കുന്നത് മറ്റേതോ കാഴ്ചയാണെന്നു തോന്നിപ്പിച്ചു ആ ഭാരപ്പെട്ട നോട്ടം. നരച്ച കൺപീലികൾക്കു താഴെ ചത്ത മീനിനെപ്പോലെ കിടന്ന കൃഷ്ണമണികൾ വിടരുന്നത് അവൾക്കു കാണാമായിരുന്നു. ഏതോ കൊതിയുടെ പൂതിത്തിളക്കം ആ കണ്ണുകളിൽ വല്യമ്മച്ചി ഒളിപ്പിക്കുന്നുണ്ടോ?

അവൾ ഒരു നിമിഷം പണ്ടത്തെ കൃസൃതിക്കാരിയായ മറിയക്കൊച്ചായി.

–വല്യമ്മച്ചീ...വല്യമ്മച്ചിക്ക് എപ്പോഴെങ്കിലും ആരോടെങ്കിലും ലവ്..ക്രഷ്.. പ്രണയം.. അങ്ങനത്തെയൊരു ഇഷ്ടം തോന്നിയിട്ടുണ്ടോ?

കൃഷ്ണമണികൾ തെല്ലും ഇമചിമ്മാതെ വല്യമ്മച്ചി ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. വല്യമ്മച്ചിയും ഒരു വർത്തമാനം പൊതിയഴിക്കുന്നതിനുള്ള ഒരുക്കത്തിലാണെന്നു തോന്നി.

–എങ്ങനത്തെ ഇഷ്ടമാ എന്റെ മറിയക്കൊച്ച് ഉദ്ദേശിച്ചത്?

വല്യമ്മച്ചിയുടെ മറുചോദ്യം കേട്ട് അതിന് എന്തു മറുപടി പറയണമെന്നറിയാതെ അവൾ ഒന്നു പരുങ്ങി. 

– അതിപ്പോ എങ്ങനെയാ പറയുവാ... ഒറ്റയ്ക്കാകുമ്പോ മിണ്ടിപ്പറയാൻ ഏറ്റവും അടുപ്പമുള്ളൊരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? ഒരു നല്ല പാട്ട് കേൾക്കുമ്പോൾ ആ പാട്ട് ആ ആളെക്കുറിച്ചാണെന്നു തോന്നിയിട്ടുണ്ടോ? നല്ല മഴയുള്ളൊരു രാത്രി ആ ആൾക്കൊപ്പം ചുമ്മാ ഒരു ഡ്രൈവൊക്കെ പോകണമെന്നു തോന്നിയിട്ടുണ്ടോ? ചിലപ്പോൾ ഒന്നും മിണ്ടാതെ ആ ആൾ പറയുന്നതുംകേട്ട് ആ കണ്ണുകളിലേക്കു നോക്കിയിരിക്കണമെന്നു തോന്നിയിട്ടുണ്ടോ? ഒരുമിച്ചിരുന്ന് കാപ്പി കുടിക്കാൻ, കഥ പറയാൻ, ഒരുമിച്ചൊരുമിച്ചങ്ങനെയിരിക്കാൻ ആ ഒരാൾ ഒപ്പമുണ്ടെങ്കിലെന്നു കൊതിച്ചിട്ടുണ്ടോ? അതൊരു വല്ലാത്ത ഫീലാണ്... അങ്ങനെയുള്ളൊരു ഇഷ്ടം വല്യമ്മച്ചിക്ക് തോന്നിയിട്ടുണ്ടോ എന്നാ ചോദിച്ചേ? 

ഒരു പക്ഷേ, പണ്ടത്തെ ഏതെങ്കിലും ഇഷ്ടക്കഥ വല്യമ്മച്ചി ഓർമിച്ചുപറഞ്ഞെങ്കിൽ അതും കേട്ട് കുമ്പിളപ്പവും കഴിച്ച് ആ മടിയിലങ്ങനെ കുറച്ചുനേരംകൂടി കിടക്കാമല്ലോ എന്നു കരുതിയായിരുന്നു മെർലിന്റെ ചോദ്യം. എത്രകാലമായി അങ്ങനെ ഒന്നും ചെയ്യാതെ ഒന്നും ഓർമിക്കാതെ ചുമ്മാചുമ്മാ അങ്ങനെയിരുന്നിട്ട്. ഏതൊക്കെയോ മടുപ്പുകളിൽനിന്ന് അവൾക്ക് ഓടിരക്ഷപ്പെടണമെന്നുണ്ടായിരുന്നിരിക്കണം. മെർലിന്റെ കണ്ണുകളിലേക്കുതന്നെ നോക്കി വല്യമ്മച്ചി കുറച്ചുനേരം മിണ്ടാതെയിരുന്നു. അവളുടെ കണ്ണുകളിൽനിന്നു കണ്ണെടുക്കാതെ ഒരു മറുചോദ്യമായിരുന്നു വല്യമ്മച്ചിയുടെ മറുപടി. 

– മറിയക്കൊച്ചിന് അങ്ങനെയൊരിഷ്ടം ആരോടെങ്കിലും തോന്നിയിട്ടുണ്ടോ? തോന്നിയിട്ടു പറയാതെയിരുന്നിട്ടുണ്ടോ? 

കർത്താവേ.. അവൾ പെട്ടെന്ന് വല്യമ്മച്ചിയുടെ നോട്ടത്തിൽനിന്നു മുഖംതിരിച്ച് എഴുന്നേറ്റു. അല്ലെങ്കിലും വല്യമ്മച്ചിയുടെ മുന്നിൽ കള്ളംപറഞ്ഞു പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണ്. അവൾ കുമ്പിളപ്പം തിരികെ പ്ലേറ്റിൽവച്ച് ജനലോരം ചേർന്നു മുറ്റത്തേക്കു നോക്കിനിന്നു. 

– അങ്ങനത്തെയൊരിഷ്ടം തോന്നുന്നതിനേക്കാൾ വലിയ ഫീലാണ് മറിയക്കൊച്ചേ അതു തുറന്നുപറയുമ്പോൾ... അത്രേം ഇഷ്ടം ഉള്ളിലുണ്ടായിട്ട് പറയാതേം അറിയാതേം പോകുന്നതാ ഏറ്റവും വല്യ സങ്കടം... 

വല്യമ്മച്ചി പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. മെർലിൻ അതൊന്നും കേട്ടില്ല. പാതികഴിച്ച് ജനൽവഴി പുറത്തേക്കെറിഞ്ഞ കുമ്പിളപ്പം അന്നേരം ചരൽമുറ്റത്തുകിടന്ന് ഉറുമ്പരിക്കുന്നുണ്ടായിരുന്നു. മനസ്സിലൊളിപ്പിച്ചൊരു പ്രണയത്തിന്റെ നൊമ്പരപ്പൂളിൽ അവൾ അന്നേരം വീണ്ടും മധുരം തിരയുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com