ADVERTISEMENT

- ഇതുവരെ ഒരുങ്ങിക്കഴിഞ്ഞില്ലേ ഗീതു? എനിക്കിന്ന് ക്ലാസുണ്ട്. 

കൈനറ്റിക് ഹോണ്ട സ്റ്റാർട്ട് ചെയ്ത് മുറ്റത്തു വെറുതെ ഇരപ്പിച്ചുനിർത്തിക്കൊണ്ട് സ്റ്റെല്ല ഉറക്കെ വിളിച്ചുകൂവുന്നതു കേട്ടാണ് ഗീതു ക്ലോക്കിലേക്കു നോക്കിയത്. കർത്താവേ മണി പത്താകാൻ പത്തു മിനിറ്റ് മാത്രം. ഇപ്പോഴെങ്കിലും ഇറങ്ങിയില്ലെങ്കിൽ നേരം വൈകും. സ്കോളർഷിപ് കിട്ടിയതിന് ഒരാൾക്കു ട്രീറ്റ് കൊടുക്കാമെന്നു വാക്കു പറഞ്ഞതാണ്, ടൗണിലെ ലവേഴ്സ് കഫേയിൽ കാത്തിരിക്കാമെന്നും പറഞ്ഞതാണ്. ആ ആളെക്കാണാനുള്ള ഒരുക്കം എത്ര ഒരുങ്ങിയിട്ടും മതിയാകാതെ നേരം പോയതറിഞ്ഞില്ല ഗീതു. സ്റ്റെല്ല ബൈക്കും ഇരപ്പിച്ച് കൂക്കിവിളിക്കുമ്പോൾ അലമാരയ്ക്കുള്ളിൽനിന്ന് ചുവന്ന കുർത്തയ്ക്കു പറ്റിയൊരു കലംകാരി ഷാൾ തിരയുകയായിരുന്നു ഗീതു. സാധാരണ കുർത്തയ്ക്കൊപ്പം അവൾക്ക് അങ്ങനെയൊരു പതിവില്ലാത്തതാണ്. 

അവൾക്കു മാത്രമല്ല, ഹോസ്റ്റലിലെ സ്റ്റെല്ലയടക്കം ഒരുത്തിക്കും നാലഞ്ചുമുഴം ഷാളും ചുറ്റിയിറങ്ങുന്ന രീതിയില്ല. കയ്യിൽ കിട്ടുന്നൊരു കുർത്തയോ ഫ്രോക്കോ ആയിരിക്കും മിക്കപ്പോഴും വേഷം. ലെഗ്ഗിങ്സ് അലമാരയിൽ തിരഞ്ഞു കിട്ടിയാൽ ഭാഗ്യം. ഇല്ലെങ്കിൽ അതുപോലും നിർബന്ധമില്ല. ടീ ഷർട്ടാണെങ്കിൽ ജീൻസ് ഒരാഴ്ചത്തേക്കു കഴുകേണ്ടതില്ലെന്നൊരു സൗകര്യം കൂടിയുണ്ട്. ഹോസ്റ്റലിലെ മേട്രൺ കത്രീനാമ്മ അവളുമാരെ കളിയാക്കി പറയാറുണ്ട്, നെഞ്ചും തള്ളിക്കൊണ്ട് വല്ലവന്റേം പെടലിക്കു ചെന്നുകേറാനുള്ള പുറപ്പാടിലാണത്രേ ഇപ്പോഴത്തെ പെൺകൊച്ചുങ്ങൾ...കാണിച്ചുനടക്കുന്നതും പോരാഞ്ഞ് കയ്യുംകലാശവും കാട്ടുന്ന കണ്ടോന്റെ കൂടി കറങ്ങിനടക്കാനും ഇറങ്ങിപ്പോകാനും മടിയില്ലാത്ത കൂട്ടങ്ങളെന്നാണ് കത്രീനാമ്മ അവരെക്കുറിച്ചു പറയാറുള്ളത്.... അതു കേട്ടിട്ടെങ്കിലും അവളുമാര് നന്നാകുമെന്നു കരുതി പറയുന്നതാണ് പാവം.. എന്നിട്ടെന്താകാൻ? കത്രീനാമ്മയുടെ കുനുഷ്ഠു വർത്തമാനം കേൾക്കുമ്പോൾ ഹോസ്റ്റലിലെ തലതെറിച്ച പെൺപടയ്ക്ക് രോമാഞ്ചിഫിക്കേഷൻ വരുന്നതല്ലാതെ ‘നല്ലനടപ്പിനുള്ള’ ധീരതീരുമാനമൊന്നും ഇതുവരെയാരും എടുത്തിട്ടില്ല. 

– എടീ മറ്റവളേ, ഇറങ്ങിവാടീ.. ഇല്ലേൽ ഞാനിപ്പോ പോകും.

സ്റ്റെല്ലയുടെ ആക്രോശം ഒരു പടികൂടി കടന്നതോടെ ഗീതു കലംകാരി ഷാളിനു വേണ്ടിയുള്ള അലമാരയിലെ കുത്തിക്കുഴയ്ക്കൽ മതിയാക്കി ബാഗുമെടുത്ത് ഓടിയിറങ്ങി. മുറ്റത്തെ അയയിൽ ആരോ കഴുകിയുണക്കാനിട്ടൊരു പച്ചഷാള് വെറുതെ വെയിലുകൊണ്ട് നരച്ചുപോകേണ്ടല്ലോ എന്നു കരുതി അതും വലിച്ചെടുത്തു കഴുത്തിൽ ചുറ്റി സ്റ്റെല്ലയുടെ ബൈക്കിന്റെ പിൻസീറ്റിൽ കയറിയിരുന്നതേ ഓർമയുള്ളൂ.. പാതി ചാരിക്കിടന്ന ഹോസ്റ്റൽ ഗേറ്റ് വലതുകാൽകൊണ്ട് സുരേഷ്ഗേപി സ്റ്റൈലിൽ ചവിട്ടിത്തുറന്ന് പിന്നെ സ്റ്റെല്ല ഒറ്റപ്പറപ്പിക്കലായിരുന്നു.. കാറ്റത്തു പിന്നിലേക്കു പറന്ന ഷാള് ഗീതു ഇടയ്ക്കിടെ കൈകൊണ്ട് ചുറ്റിപ്പിടിക്കുന്നതു സ്റ്റെല്ലയ്ക്കു റിയർവ്യൂ മിററിൽ കാണാമായിരുന്നു. 

- നിന്റെ അരവി മാഷിനെ കാണാനാണോ ഷാളും ചുറ്റി പൊട്ടുംകുത്തിയുള്ള ഈ പുറപ്പാട്?

സ്റ്റെല്ലയുടെ പുച്ഛത്തോടെയുള്ള ചോദ്യം ഗീതുവിനു പിടിച്ചില്ല. അതൊക്കെ ഇവളോട് ബോധിപ്പിക്കണോ? ഇവൾക്ക് സെക്കൻഡ് ഇയർ കെമിസ്ട്രിയിലെ ഷോണുമായും ഫൈനൽ ഇയർ ഹിസ്റ്ററിയിലെ റോക്കിയുമായും ഒരേ സമയമുള്ള ചുറ്റിക്കളിയെക്കുറിച്ചൊന്നും താൻ തിരക്കാറില്ലോ. അല്ലെങ്കിലും അരവിന്ദ് മാഷിനെ സ്റ്റെല്ലയ്ക്കു തീരെ താൽപര്യമില്ല. ക്ലാസെടുക്കുമ്പോൾ അങ്ങേര് പെൺകുട്ട്യോളെ വേണ്ടാത്തപോലെ നോക്കുന്നുവെന്നതാണ് അവളുടെ ഒരു കണ്ടുപിടിത്തം. അരവി മാഷ് അങ്ങനെ പെൺകുട്ട്യോളെ വേണ്ടാത്തപോലെ നോക്കുന്നുവെന്ന് ഒരിക്കലും ഗീതുവിനു തോന്നിയിട്ടില്ല. തോന്നിയിട്ടില്ലെന്ന് അത്ര ഉറപ്പിച്ചു പറയാനും വയ്യ. അവളുടെ നേർക്ക് ചിലപ്പോൾ അരവി മാഷിന്റെ ഒരു നോട്ടമുണ്ട്. ഓഹ്.. എന്തൊരു നോട്ടമാണത്. 

കെമിസ്ട്രി ലാബുള്ള പിരീയഡുകളിൽ പലപ്പോഴും ഒളിച്ചുനോട്ടത്തിന്റെ ഒരു മൈക്രോസ്കോപ്പ് അരവി മാഷ് അവൾക്കുനേരെ തിരിച്ചുവയ്ക്കുന്നത് അവളറിയാഞ്ഞിട്ടല്ല. ആ ഒളിച്ചുനോട്ടം അവൾക്കുനേരെ മാത്രമാണെന്നു തോന്നിത്തുടങ്ങിയതിൽ പിന്നെയാണ് അവളത് ആസ്വദിക്കാൻ തുടങ്ങിയത്. അവളുടെയുള്ളിലും പ്രണയത്തിന്റെ രാസകണികകൾ തന്മാത്രാനൃത്തം ചെയ്തുതുടങ്ങിയത്. എങ്കിലും എട്ടുപത്തു വർഷം പ്രായക്കൂടുതലുള്ള, മറ്റ് അധ്യാപകർക്കിടയിൽ ഒരു ബുജി ഇമേജുള്ള അരവിന്ദ് മാഷിന് സെക്കൻഡ് ഇയർ കെമിസ്ട്രി ക്ലാസിലെ ശരാശരി സുന്ദരി മാത്രമായ തന്നോട് അങ്ങനെയൊരു ഇഷ്ടം തോന്നുമെന്ന് ഗീതുവിന് വിശ്വാസം വന്നില്ല. 

സെമസ്റ്റർ ബ്രേക്കിന് വീട്ടിലേക്കു പോകുന്നതിന്റെ തലേന്ന് ലാബിൽ റെക്കോർഡ് സബ്മിറ്റ് ചെയ്തു തിരികെ നടക്കുമ്പോൾ ആളൊഴിഞ്ഞ ഇടനാഴിയിൽവച്ചാണ്, ആദ്യമായി അരവിമാഷിന്റെ പ്രണയം അവളുടെമേൽ പൊള്ളിവീണത്. എന്തൊരു അമ്ലതയായിരുന്നു ആദ്യത്തെയുമ്മയ്ക്ക്... അതിന്റെ ഓർമകളിൽ എത്രയോ വട്ടം അവൾ വീണ്ടും പൊള്ളിത്തിണർത്തു.. പിന്നീട് ആ അമ്ലതയിൽ വെന്തുതീരണമെന്നേയുണ്ടായിരുന്നുള്ളൂ. അത്രയ്ക്കും ഇഷ്ടമാണ് ഇപ്പോഴവൾക്ക് അരവി മാഷിനെ. ക്യാംപസിൽ ആളൊഴിഞ്ഞൊന്നു മിണ്ടിപ്പറയാൻ നേരം കിട്ടാത്തതിന്റെ സങ്കടമേയുള്ളൂ. അതുകൊണ്ടാണ് സ്കോളർഷിപ് കിട്ടിയതിന് അഭിനന്ദിക്കാൻ വിളിച്ച അരവി മാഷ് ടൗണിലെ ലവേഴ്സ് കഫേയിലേക്കു ക്ഷണിച്ചപ്പോൾ ഗീതു ഉടൻ സമ്മതം മൂളിയത്.

കർത്താവേ, നേരം വൈകുമോ? കാത്തിരുന്ന് അരവിമാഷ് തിരികെപ്പോയിരിക്കുമോ? അങ്ങനെ നൂറുനൂറു ചിന്തകളായിരുന്നു സ്റ്റെല്ലയ്ക്കൊപ്പം ബൈക്കിൽ പറക്കുമ്പോൾ ഗീതുവിന്റെയുള്ളിൽ. 

– എന്താ അങ്ങേരുമായി പെട്ടെന്നൊരു ചുറ്റിക്കളി?

സ്റ്റെല്ല ടൗണിലേക്കുള്ള ജംക്‌ഷനിൽ സിഗ്നൽ കാത്തുകിടന്നപ്പോൾ ഗീതുവിനോടു തിരക്കി. അവളോട് കള്ളം പറയേണ്ട കാര്യമില്ലല്ലോ എന്നു ഗീതുവിനു തോന്നി.

– സ്കോളർഷിപ് കിട്ടിയതിന്റെ ഒരു ട്രീറ്റ്.. അത്രേയുള്ളൂ. 

- ഏതു സ്കോളർഷിപ്? പറഞ്ഞില്ലല്ലോ എന്നോട്?

– മരിച്ചുപോയ നമ്മുടെ സൂപ്പർ സീനിയർ റോസ്മേരിയില്ലേ? അവരുടെ പേരിലുള്ള സ്കോളർഷിപ് ഈ വർഷം എനിക്കാ.. നിന്നോടു പറയാൻ വിട്ടുപോയതാടീ.. സോറി.. വൈകിട്ട് നമുക്കു പുറത്തുപോകാം.. ഇപ്പോ ഞാൻ പോട്ടെ.. അരവി മാഷ് കാത്തിരിക്കുന്നു.

– ഓ നമ്മുടെ പഴയ റോസ്മേരിച്ചേച്ചി.. നിന്റെ അരവിമാഷിനോട് ചോദിച്ചുനോക്കൂ, പുള്ളിക്കറിയാം...

സിഗ്നലിൽ പച്ചകത്തി. മുള്ളുമുനയുള്ള ചിരിയോടെ സ്റ്റെല്ല വീണ്ടും വണ്ടിയെടുത്തു. അടുത്ത വളവിലായിരുന്നു ലവേഴ്സ് കഫേ. സ്റ്റെല്ല കഫേയുടെ തൊട്ടുമുന്നിൽതന്നെ വണ്ടി ചവിട്ടി നിർത്തി. അവളുംകൂടി കഫേയിലേക്കു വലിഞ്ഞുകയറിവരുമോ എന്നു ഗീതുവിന് ആധിയുണ്ടായിരുന്നു. ദൈവാധീനം. അതുണ്ടായില്ല. ബൈക്ക് പാർക്ക് ചെയ്യാതെ അവൾ വീണ്ടും ഇരപ്പിച്ചു നിർത്തി. അവളോട് ബൈ പറഞ്ഞ് തിരക്കിട്ടു ബൈക്കിൽനിന്നിറങ്ങി നടക്കുമ്പോൾ കഫേയിലെ ആളൊഴിഞ്ഞൊരു ടേബിളിൽ അരവി മാഷ് ഇരിക്കുന്നതു കാണാമായിരുന്നു. എത്താൻ വൈകിയതിനു സോറി പറഞ്ഞ് ഗീതു അരവിമാഷിനടുത്തേക്ക് കസേര വലിച്ചിട്ടിരുന്നു. 

അപ്രതീക്ഷിതമായി അദ്ദേഹം കയ്യിൽതൊട്ടപ്പോൾ അവൾ കൈ തിരികെ വലിച്ചില്ല. അദ്ദേഹം പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ക്യാംപസിൽ പലരായി പറഞ്ഞുകേട്ട റോസ്മേരിച്ചേച്ചിയെക്കുറിച്ചായിരുന്നു അപ്പോൾ ഗീതുവിന്റെ ആലോചന. റോസ്മേരി അരവി മാഷിന്റെ സ്റ്റുഡന്റായിരുന്നെന്നു കേട്ടിട്ടുണ്ട്. വേറെയും ചിലതു കേട്ടു. നേരാണോ എന്നാർക്കറിയാം. നേരാവാതിരിക്കട്ടെ.. അരവി മാഷിനൊപ്പമുള്ള അത്രയും പ്രണയസുന്ദരമായ, അപൂർവമായി മാത്രം സംഭവിക്കുന്ന അത്തരമൊരു കാപ്പിനേരത്ത് എന്തിനാണ് അഞ്ചുവർഷം മുൻപ് ഹോസ്റ്റൽ മുറിയിലെ ഫാനിൽ ഷാളിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തൊരു റോസ്മേരിയെക്കുറിച്ച് ആലോചിച്ചുപോകുന്നതെന്നോർത്ത് അവളുടെ മനസ്സ് അസ്വസ്ഥതപ്പെടുന്നുണ്ടായിരുന്നു. 

കഫേയിലെ വെയിറ്റർ രണ്ടു കപ്പുച്ചിനോ മേശപ്പുറത്തുകൊണ്ടുവന്നുവച്ചു. കപ്പിനു മുകളിലെ പതയിൽ കാപ്പിപ്പൊടികൊണ്ടൊരു ഹൃദയചിഹ്നം വരച്ചിരുന്നു. ചൂടുകാപ്പി ഊതിയൂതി കുടിക്കുന്നതിനിടയിൽ അരവി മാഷിന്റെ നോട്ടം അവളുടെ ചുവന്ന പൊട്ടിൽനിന്ന് പച്ചക്കല്ലുവച്ച മൂക്കുത്തിയിലേക്കു തെന്നിയിറങ്ങി ചുണ്ടിനു കീഴിലുള്ള മറുകിൽ തട്ടി കഴുത്തിനു താഴെയുള്ള വിടവുകളിലേക്കും മുങ്ങാംകുഴിയിടുന്നത് ഗീതുവിന് അറിയാമായിരുന്നു. അസ്വസ്ഥതയോടെ അവൾ ഷാൾ താഴേക്കു വലിച്ചിട്ടു. അവൾക്ക് അന്നേരം കെട്ടിത്തൂങ്ങിയപ്പോഴെന്നപോലെ ശ്വാസംമുട്ടുന്നുണ്ടായിരുന്നു. കേട്ടതൊക്കെ നേരല്ലെന്ന് ആർക്കറിയാം... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com