ADVERTISEMENT

രാവിലെ തിരക്കിട്ടു ഹോസ്റ്റലിൽനിന്നിറങ്ങാൻനേരം കന്റീനിൽനിന്നു പൊതിഞ്ഞെടുത്ത രണ്ടു ദോശയും തേങ്ങാച്ചമ്മന്തിയും ലാപ്ടോപ് ബാഗിനുള്ളിലിരുന്ന് ആവിച്ച് വളിച്ചിട്ടുണ്ടാകും. വയറു വിശന്നു കത്തിക്കാളിത്തുടങ്ങി. എവിടെയെങ്കിലും മാറിയിരുന്ന് എങ്ങനെയെങ്കിലും ദോശ കഴിക്കാമെന്നു വച്ചാൽ അതിന് എന്തെങ്കിലും ഒരു സൗകര്യം തരപ്പെടണ്ടേ ?  സൂചികുത്താനിടമില്ല. ഇന്നലെ രാത്രി ബോഡി കൊണ്ടുവന്നതുമുതൽ സന്ദർശകരുടെ ഒഴുക്കാണ്. ആളുകൾ വരുന്നു, അനുശോചനം അറിയിക്കുന്നു. തമ്മിൽതമ്മിൽ മാറിനിന്ന് കുശുകുശുക്കുന്നു. സംസാരം മരിച്ചുകിടക്കുന്നയാളെക്കുറിച്ചായിരിക്കില്ലെന്നതു തീർച്ചയാണ്. അല്ലെങ്കിലും മരിച്ചുപോയവരെക്കുറിച്ച് ജീവിച്ചിരിക്കുന്നവർ എന്തു പറയാൻ. കഥ കഴിഞ്ഞല്ലോ!

ഇന്നലെ ബോഡിക്കൊപ്പം ആ വീട്ടിലേക്കു വന്നുകയറിയതാണ് അനിതയും. മരണവീട് റിപ്പോർട്ട് ചെയ്യാൻ വിടല്ലേ എന്ന് അവൾ ബ്യൂറോ ചീഫിനോടു കാലുപിടിച്ചു പറഞ്ഞതാണ്. കേട്ടില്ല. നാവിനു നാലുമുഴം നീളമുള്ള സ്റ്റെഫി ലീവായതാണ് പണിയായത്. വിടവാങ്ങിയത് സാഹിത്യസാംസ്കാരിക നായകനായതുകൊണ്ടും അനിതയ്ക്കു സാഹിത്യത്തിന്റെ ‘സൂക്കേട്’ ഉള്ളതുകൊണ്ടും ബ്യൂറോ ചീഫ് പറഞ്ഞു, അവൾ തന്നെ പോയാൽ മതിയെന്ന്. ഇന്നലെ സന്ധ്യമുതൽ ഇവിടെത്തന്നെയാണ് അനിത. ഇനി ബോഡി പൊതു ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നതുവരെ ഇവിടെത്തന്നെ കഴിച്ചുകൂട്ടിയേ പറ്റൂ. ഇന്നലെ രാത്രി മുതൽ ബ്യൂറോയിൽനിന്ന് നിരന്തരം ഫോൺകോളുകൾ വന്നുകൊണ്ടേയിരുന്നു. സെലിബ്രിറ്റിയായതുകൊണ്ട് മരണവീട്ടിൽനിന്ന് ലൈവ് ടെലികാസ്റ്റിങ് ഉണ്ട്. ക്യാമറ ടീം വേണുവും സംഘവും വീട്ടിൽ പലയിടത്തായി നിലയുറപ്പിച്ചിരിക്കുകയാണ്. സന്ദർശിക്കാൻ വരുന്ന ഒരു വിഐപി പോലും മിസ്സാകരുത്. അവരുടെ അനുശോചനം അപ്പോൾതന്നെ ടൈപ്പ് ചെയ്ത് സ്റ്റുഡിയോയിലേക്ക് അയയ്ക്കുകയും വേണം. വിഐപികളല്ലാത്ത സാധാരണക്കാരയും വിഡിയോയിൽ പകർത്തണം. ചിലരെങ്ങാനും പൊട്ടിക്കരഞ്ഞാൽ, നെഞ്ചത്തടിച്ച് അലമുറയിട്ടാൽ, ബോഡി കിടക്കുന്ന ഫ്രീസറിനു മുകളിലെ റീത്തുകളിലേക്ക് അലച്ചുകെട്ടി വീണാൽ അതു നല്ല കളറായിരിക്കും ചാനലിൽ കാണിക്കാൻ. അതുപോലെ എന്തെങ്കിലും വ്യത്യസ്തമായ ഇൻപുട്ട് വേണമെന്നു ബ്യൂറോയിൽനിന്നു പലപ്പോഴായി വിളിച്ചുപറയുന്നുമുണ്ടായിരുന്നു.

അനിതയ്ക്കതുകേട്ടു കലി വന്നു. തലേന്നു രാത്രി മുതൽ പട്ടിണിയാണ്. ഈ ബോഡിക്കൊപ്പം ഡ്യൂട്ടിയിട്ടതിനാൽ ഇന്നലത്തെ ഹോസ്റ്റൽ കന്റീനിലെ കപ്പബിരിയാണിയാണ് മിസ്സായത്. രാത്രി ഒരുപോള കണ്ണടച്ചില്ല. രാവിലെ എങ്ങനെയോ ഹോസ്റ്റലിലേക്ക് ഓടിപ്പോകുകയായിരുന്നു അവൾ. തലേന്നുമുഴുവൻ മരണവീട്ടിൽ തൂങ്ങിപ്പിടിച്ചുനിന്നതുകൊണ്ടായിരിക്കാം ദേഹത്തും ഉടുപ്പിലുമെല്ലാം ചന്ദനത്തിരി പുകയുന്ന മണം. പണ്ടേ ആ മണം അവൾക്കിഷ്ടമല്ല. അഴിഞ്ഞുപോകാൻ തുടങ്ങിയ മുണ്ടും വാരിച്ചുറ്റി മൂവന്തിക്കു വീട്ടിലേക്കു കയറിവരുന്ന അച്ഛന്റെ പുളിച്ച നോട്ടവും തെറിയും മണക്കാതിരിക്കാൻ അമ്മ വൈകിട്ട് വീട്ടിൽ ചന്ദനം പുകയ്ക്കുമായിരുന്നു. വാറ്റിയ ചാരായത്തിന്റെയും പുകയുന്ന ചന്ദനത്തിരിയുടെയും കൂടിച്ചേർന്ന് വീര്യമുള്ള മറ്റൊരു മണമായി മാറുന്നത് അവൾക്കിന്നും ഓർമയുണ്ട്. ഇന്നലെമുതൽ ആ മണം ശ്വസിച്ച് ഓർമകളിൽ ഓക്കാനംവരുന്നുണ്ടായിരുന്നെങ്കിലും അതെല്ലാം ഉള്ളിലടക്കി നിൽക്കുകയായിരുന്നു അനിത. കൂടിപ്പോയാൽ രണ്ടു രണ്ടര മണിക്കൂർ. അതിനകം ബോഡിയെടുക്കുമെന്നാണ് വീട്ടുകാർ പറഞ്ഞുകേട്ടത്.

മൊബൈലിൽ സ്റ്റുഡിയോയിൽനിന്നുള്ള ഒന്നു രണ്ടു മിസ്ഡ്കോളുകൾ കണ്ടപ്പോൾ അനിതയിലെ റിപ്പോർട്ടർ വീണ്ടും ആവേശംകൊണ്ടു. ബോഡികാണാൻ വരുന്ന ഒരു വിഐപിയും തന്റെ മൈക്കിൻതുമ്പിൽനിന്ന് വിട്ടുപോയിട്ടില്ലെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. ‘‘അനിതാ ഇനി വിഐപികളെ വിട്ടുപിടിക്കൂ, കരൺജിയുടെ പഴയ കൂട്ടുകാർ, സഹപാഠികൾ അങ്ങനെ സാധാരണക്കാരായവരോടൊന്നു സംസാരിച്ചുനോക്കൂ. ചിലപ്പോൾ എന്തെങ്കിലും പുതിയതു കിട്ടാതിരിക്കില്ല.’’ സ്റ്റുഡിയോയിൽനിന്ന് റീത്താ മേഡത്തിന്റെ വോയ്സ് മെസേജ് ആണ്. അവൾ ഓക്കെ എന്നു മാത്രം മറുപടി അയച്ചു. ലാപ്ടോപ് ബാഗിനുള്ളിലിരുന്ന് ആവിച്ച ദോശപ്പൊതിയെടുത്തു പുറത്തുകളയുന്നതിന്റെ ആലോചനയിലായിരുന്നു അവൾ. വീടിനുചുറ്റും ആളൊഴിയുന്നില്ല. മരിച്ചുകിടക്കുന്നത് ഒട്ടേറെ പുരസ്കാരങ്ങളൊക്കെ വാങ്ങിക്കൂട്ടിയൊരു എഴുത്തുകാരനല്ലേ. കേട്ടും വായിച്ചുമറിഞ്ഞ നൂറുകണക്കിന് ആരാധകരല്ലേ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. മക്കൾ രണ്ടുപേരും അമേരിക്കയിലായിരുന്നെങ്കിലും കഴിഞ്ഞയൊരാഴ്ചയായി നാട്ടിലുണ്ടായിരുന്നത്രേ. അമേരിക്കൻ മരുമകൾ മലയാളത്തിൽ അമ്മായിയച്ഛനെ അനുസ്മരിക്കുന്ന ഒരു രണ്ടുവരി വിഡിയോ എത്ര കഷ്ടപ്പെട്ടാണെന്നോ ഇന്നലെ അനിത റെക്കോർഡ് ചെയ്തത്. ‘‘അച്ഛനോട് ഒത്തിരി സ്നേഹം... ഓർമയിൽ എന്നും അച്ഛനുണ്ടാകും’’ എന്ന് ആ മദാമ്മപ്പെണ്ണ് പ്രയാസപ്പെട്ടു പറയുന്നതുകേട്ടപ്പോൾ അനിതയ്ക്കു ചിരിയാണ് വന്നത്. ജീവനോടെയുള്ളപ്പോൾ ഒരിക്കൽപോലും അദ്ദേഹത്തെ കാണാൻ അമേരിക്കയിൽനിന്ന് നാട്ടിലെത്താത്ത മരുമകൾക്ക് എന്തു സ്നേഹമെന്ന് അനിത അടക്കം പറഞ്ഞെങ്കിലും ഈ വിഡിയോ തലേന്നത്തെ ന്യൂസ് അവറിൽ വലിയ ഹിറ്റായെന്ന് റീത്തമേഡം വിളിച്ചുപറഞ്ഞിരുന്നു. സാധിക്കുമെങ്കിൽ കരൺജിയുടെ അമേരിക്കൻ പേരക്കിടാങ്ങളെക്കൊണ്ട് അദ്ദേഹത്തിന്റെ രണ്ടുവരി കവിത ചൊല്ലിപ്പിക്കാൻകൂടി കഴിഞ്ഞാൽ സോഷ്യൽമീഡിയയിൽ വൈറലാക്കാമെന്ന് റീത്താമേഡം പറഞ്ഞെങ്കിലും അത്ര സാഹസത്തിനു മുതിരേണ്ടെന്ന് അനിത അപ്പോഴേ തീരുമാനിച്ചു. അ്ലലെങ്കിലും മലയാളമെന്നൊരു ഭാഷയുള്ളതായി കേട്ടറിവുപോലുമില്ലാത്ത ആ മദാമ്മക്കുഞ്ഞുങ്ങളുടെ മുന്നിലേക്ക് കരൺജിയുടെ കവിതാസമാഹരവുമായി ചെന്നാൽ ഇനി അവരുടെ അമേരിക്കൻ ആക്സന്റിലുള്ള തെറികൂടി കേൾക്കേണ്ടി വന്നാലോ എന്ന് അനിതയ്ക്ക് ആശങ്കയുണ്ടായിരുന്നു.

കരൺജിയുടെ പത്നി കലാകുമുദം നല്ല വീതിയുള്ള കരയുള്ള കേരളസാരി ചുറ്റി രാവിലെമുതൽ ബോഡിക്കടുത്തു തന്നെയുണ്ട്. അവരുടെ സാരിത്തുമ്പിലും എന്തൊക്കെയോ മലയാള അക്ഷരങ്ങൾ കണ്ട് അനിത അങ്ങോട്ടേക്കു ക്യാമറ സൂം ചെയ്തെങ്കിലും വേണ്ടെന്നുവച്ചു. അവർ സമാധാനമായി കുറച്ചുനേരം അദ്ദേഹത്തിനരികിൽ ഇരിക്കട്ടെ. വിവാഹം കഴിഞ്ഞ് അധികകാലം കഴിയുംമുൻപേ അവർക്കും കരൺജിക്കും ഇടയിൽ അസ്വാരസ്യങ്ങൾ തുടങ്ങിയെന്നും അതുകൊണ്ടാണ് അവർ മക്കൾക്കൊപ്പം മാറിത്താമസിച്ചതെന്നുമൊക്കെ കഴിഞ്ഞദിവസം ഏതോ ഓൺലൈനിൽ വായിച്ചത് കലാകുമുദത്തിന്റെ നിർവികാരമായ ആ ഇരിപ്പുകണ്ടപ്പോൾ അനിത വീണ്ടും ഓർമിച്ചു. തൽക്കാലം ഇത്രയുമൊക്കെ മതി. ഇനി ബോഡിയെ അതിന്റെ പാട്ടിനു വിട്ടേക്കാമെന്നു മനസ്സിലുറപ്പിച്ച് അനിത മൈക്ക് ഓഫ് ചെയ്തു പുറത്തേക്കിറങ്ങി. അവസാനമായി കരൺജിയെ കാണാനെത്തുന്ന ചില ആരാധകരുടെ അടക്കംപറച്ചിലുകളൊഴിച്ചാൽ വീട്ടുമുറ്റം ഏറെക്കുറെ ശോകമൂകം. നിശ്ചലം. വന്നവർ പലരും പിരിഞ്ഞു.

വീട്ടുമുറ്റത്തു നിൽക്കുന്നവരിൽ അപ്പോഴാണ് അനിത ആ മുഖം ശ്രദ്ധിച്ചത്. വല്ലാത്തൊരു വീർപ്പമുട്ടലോടെ അരളിമരത്തിന്റെ തണൽപറ്റി നിൽക്കുകയായിരുന്നു ആ സ്ത്രീ. ഉടുത്തിരുന്ന കോട്ടൺ സാരിയുടെ മുന്താണികൊണ്ട് മുഖത്തെ കരച്ചിൽപ്പാടുകൾ ആരും കാണാതിരിക്കാൻ അവർ മറച്ചുപിടിക്കുന്നപോലെ. കരൺജിയുടെ ബോഡിക്കരികിൽ അവരെ കണ്ടതായി അവൾക്കു തോന്നിയില്ല. കണ്ടിരുന്നെങ്കിൽ തീർച്ചയായും അവൾക്ക് ആ മുഖം മിസ്സ് ആകുമായിരുന്നില്ലല്ലോ. അത്രയും സങ്കടം ഭാരപ്പെട്ടു കിടന്നിരുന്നു അവരുടെ കരുവാളിച്ച കൺതടങ്ങളിൽ. തീർച്ചയായും അൻപതുകൾ പിന്നിട്ടിരിക്കണം അവരുടെ പ്രായം. എന്നിട്ടും അവരെന്താണ് ചിലപ്പോഴെങ്കിലും കവിളിലെ കൊടുത്തുതീരാത്ത ഉമ്മക്കടങ്ങൾ നൊമ്പരത്തോടെ മറയ്ക്കുന്നൊരു കൗമാരക്കാരിയെപ്പോലെ തോന്നിക്കുന്നതെന്നോർത്ത് അനിതയ്ക്ക് അദ്ഭുതം തോന്നി. ആൾക്കൂട്ടങ്ങളിൽനിന്നൊഴിഞ്ഞ്, ക്യാമറകൾക്കു മുഖംകൊടുക്കാതെ, ബോഡിക്കരികിലേക്കു പോലും പോകാതെ എന്തിനാണ് ഈ സ്ത്രീ അരളിച്ചോട്ടിൽ ഇങ്ങനെ ഉരുകിയുരുകിനിൽക്കുന്നതെന്നോർത്ത് അനിത വെറുതെ ആവലാതി പൂണ്ടു. എന്തെന്നറിയാത്തൊരു സങ്കടം അവളെയും വന്നുതൊട്ടു. സങ്കടവും വിശപ്പുംകൂടി ഒരുമിച്ചു വന്നാൽ അനിതയ്ക്കു സഹിക്കാൻ പറ്റില്ല. അവൾ രണ്ടും കൽപിച്ച് ബാഗ് തുറന്ന് ദോശപ്പൊതിയഴിച്ചു. ഭാഗ്യം! തേങ്ങാച്ചമ്മന്തി വളിച്ചിട്ടില്ല. ദോശ രണ്ടു മടക്കുചുരുട്ടി ചമ്മന്തിയിൽ മുക്കി വായിൽവച്ചപ്പോൾ എന്താ സ്വാദ്... അതു കണ്ടിട്ടാകണം ഒരു ബലിക്കാക്ക അവിടെ ചുറ്റിപ്പറ്റിപ്പറക്കുന്നുണ്ടായിരുന്നു. ദോശ കഴിച്ചു കഴിഞ്ഞു നോക്കിയപ്പോഴേക്കും അരളിച്ചോട്ടിൽനിന്നിരുന്ന സ്ത്രീ തിരികെ നടന്നു പടിപ്പുരയോളം എത്തിയിരുന്നു. എരിവുള്ള തേങ്ങാച്ചമ്മന്തി വിരലറ്റത്തുനിന്നു നക്കിയെടുക്കുന്നതിനിടയിൽ അനിത അവരെ ഉറക്കെ വിളിച്ചെങ്കിലും അവർ തിരിഞ്ഞുനോക്കാതെ വേഗം പടിപ്പുര കടന്നു. അതുവരെ അവിടെ വട്ടമിട്ടുകറങ്ങിയ ബലിക്കാക്കയും അവർക്കൊപ്പം ആ വീട്ടുമുറ്റത്തുനിന്നു ദൂരേക്കു പറന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com