എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം

Serial-actor-niranjan-wedding-day-memories
നിരഞ്ജനും ഗോപികയും
SHARE

‘മൂന്നു മണി, ചെമ്പട്ട്, രാത്രിമഴ' എന്നീ മെഗാഹിറ്റ് സീരിയലുകളിലെ നായകൻ ആയിരുന്നു നിരഞ്ജൻ. വിവാഹദിനത്തിലെ ഓർമകൾ നിരഞ്ജൻ പങ്കുവയ്ക്കുന്നു. 

‘‘കഴിഞ്ഞ ആഗസ്റ്റ് 27ന് ഗുരുവായൂർ അമ്പലത്തിൽ വച്ച് ആയിരുന്നു എന്റെ വിവാഹം. വധു തൃശ്ശൂർ സ്വദേശിനി ഗോപിക.തിരുവോണത്തിന്റെ മൂന്നാംപക്കം ചതയം നാളിലായിരുന്നു കല്യാണം. മുഹൂർത്തം രാവിലെ ഏഴിനും ഏഴരയ്ക്കും ആയതിനാൽ തലേന്ന് ഉച്ചയ്ക്കു തന്നെ ഞങ്ങൾ ഗുരുവായൂർക്ക് പുറപ്പെട്ടു. സന്ധ്യയോടെ ഗുരുവായൂരിൽ എത്തി. 

യാത്ര പുറപ്പെടും വരെ വലിയൊരു ടെൻഷനിൽ ആയിരുന്നു ഞങ്ങൾ. എന്റെ അമ്മൂമ്മയ്ക്ക് കല്യാണത്തിനു വരാൻ കഴിയുമോ എന്ന ആശങ്ക.

ശാരീരികമായി അത്ര മോശം അവസ്ഥയിലായിരുന്നു അമ്മൂമ്മ. അമ്മൂമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് എന്റെ കല്യാണം കാണുക എന്നത്.എന്തായാലും, ഭഗവാന്‍ അനുഗ്രഹിച്ചു. യാത്രയുടെ സമയം ആയപ്പോഴേക്കും അമ്മൂമ്മയുടെ പനി കുറയുകയും ഞങ്ങൾക്കൊപ്പം വരികയും ചെയ്തു. അമ്മൂമ്മയുടെ അനുഗ്രഹം വാങ്ങി ഗോപികയെ താലികെട്ടാനും കഴിഞ്ഞു.

കല്യാണദിവസം വെളുപ്പിന് മൂന്ന് മണിക്ക് തന്നെ റെഡിയായി. ഞാനും അച്ഛനും അമ്മയും കൂടി അമ്പലത്തിലെത്തി. ഗുരുവായൂരപ്പനെ കണ്ട് നിർമ്മാല്യം തൊഴുതു. സാധാരണ രാവിലെ വലിയ കല്യാണത്തിരക്ക് ഉണ്ടാവേണ്ടതാണ്. എന്നാൽ അന്നു തിരക്ക് കുറവായിരുന്നു.

ഭംഗിയായി തന്നെ താലികെട്ട് നടന്നു. സ്വസ്ഥമായി എല്ലാവർക്കും ദക്ഷിണ കൊടുക്കാനും കഴിഞ്ഞു. തൃശൂർ പാറമേക്കാവ് പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ ആയിരുന്നു മറ്റു ചടങ്ങുകൾ.

ആറു മണിക്ക് മുമ്പ് കോട്ടയത്തെ വീട്ടിലെത്തി ഗൃഹപ്രവേശനം നടത്തുക എന്നതായിരുന്നു മറ്റൊരു വെല്ലുവിളി. ചതയ ദിനം ആയതിനാൽ വഴി നീളെ ഘോഷയാത്രകൾ. വണ്ടി പലയിടത്തും കുരുക്കിൽപ്പെട്ടപ്പോൾ എല്ലാവര്‍ക്കും ടെൻഷനായി. എന്തായാലും, ആറു മണിക്ക് തൊട്ടുമുമ്പ് വീട്ടിലെത്തി. ഗോപിക നിറദീപവുമായി വലതുകാൽ വച്ച് വീട്ടിലേക്ക് കയറി. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ