പാട്ടിൽ പൂവ്..വച്ചാൽ ഖാദർ!

HIGHLIGHTS
  • പൂവുകളുടെ ഒരു മണ്ണുത്തി നഴ്സറി തന്നെയാണണ് പൂവച്ചൽ ഖാദർ
  • ഓർമയായി മാറിയ പൂവച്ചൽ ഖാദറിന്റെ കബറിടത്തിൽ ഒരുപിടി ‘പൂക്കൾ’
penkonthan-memorable-songs-of-poovchal-khader
പൂവച്ചൽ ഖാദർ
SHARE

മനോഹരമായൊരുപാട്ട്. ഈണവും വരികളുമെല്ലാം ഇഷ്ടം.ആ പാട്ടിനുമേൽ ഒരു  പൂവിന്റെ സുഗന്ധവും സൗന്ദര്യവും എടുത്തുവച്ചിട്ടുണ്ടെങ്കിൽ സംശയിക്കേണ്ട.അത് പൂവച്ചൽ ഖാദറിന്റെ വരികളാവും. അതാണ് പറഞ്ഞത്  പാട്ടിൽ...പൂവ്..വച്ചാൽ  ഖാദർ! എന്ന്.

ആ പൂവിന് ഉദാഹരണം പറയാം. ചിത്തിരത്തോണിയിൽ അക്കരെ  പോകാൻ.. എത്തിടാമോ പെണ്ണേ...  എന്ന പാട്ട്. ആദ്യ 2 വരി മുഴുവൻകേട്ടാൽ ആ പൂവ് നിങ്ങൾക്കു കാണാം, പറിച്ചെടുക്കാം.

ചിരിയിൽ ചിലങ്ക  കെട്ടിയ  പെണ്ണേ...  എന്ന വരിയാണ് പൂവായി,അല്ല പൂന്തോട്ടമായി നിൽക്കുന്നത്. 

ചിലങ്ക കിലുങ്ങുന്നതുപോലെ ചിരിക്കുന്ന പെൺകുട്ടികളുടെ പൂച്ചന്തമുള്ള മുഖങ്ങൾ ഓർമയിൽവരുന്നില്ലേ.  ചിരിയിൽ ചിലങ്ക കെട്ടുമ്പോൾ വരിയിൽ പൂവ് കിട്ടുകയാണ്.

ശരറാന്തൽ തിരിതാണു മുകിലിൻ കുടിലിൽ (കായലും കയറും സിനിമ) എന്നപാട്ടെടുക്കാം.. ആ  പാട്ടിന്റെ സൗന്ദര്യപ്പൂവ് പലരും വച്ചുകെട്ടിയത് വയലാറിന്റെ മുടിയിലാണ്. പൂവച്ചൽ ഖാദർ അങ്ങനെയൊക്കെ എഴുതുമോയെന്നു ചിലർ വെറുതെ സംശയിച്ചതാണു കാരണം. അതിൽ വെറുതെ ഇരുട്ടുപരക്കുന്ന കാഴ്ചയ്ക്ക് ‘മൂവന്തിപ്പെണ്ണ് ശരറാന്തൽ തിരിതാഴ്ത്തി ഉറങ്ങാൻ കിടന്നു’വെന്നു പറയുന്നിടത്ത് പാട്ട് ഒരു മോഹപ്പൂവ് ചൂടുന്നു.

column-penkonthan-memorable-songs-of-poovchal-khader
പൂവച്ചൽ ഖാദർ

ഇനി ഖാദർ വരിയിൽ  ചൂടിയ ശോശന്നപ്പൂവാണ് നീയെന്റെ പ്രാർഥന കേട്ടു, നീയെന്റെ മാനസം കണ്ടു...(കാറ്റുവിതച്ചവൻ) എന്ന പാട്ട്. അതിൽ പനിനീര് നിറയുന്ന പറുദീസ നൽകി പാരിൽ മനുഷ്യനായ്  ദൈവം...എന്നെഴുതിയിരിക്കുന്നതിനു പിന്നാലെ വരുന്നു, പൂവ് ഐക്കൺ ഉള്ള വരികൾ‘  അതിനുള്ളിൽ പാപത്തിൻ പാമ്പിനെപോറ്റുന്നുണ്ടറിയാതെ മർത്യന്റെ കൈകൾ– ഏദൻ തോട്ടവും അതിലെ പാമ്പുമൊക്കെ പെട്ടെന്നു മനസ്സിലേക്ക് ഇഴഞ്ഞെത്തി ശ്..ശ്..എന്നു വിളിച്ചു നമ്മുടെ ശ്രദ്ധ ആകർഷിക്കുന്ന വരികൾ.

പൂമഴയ്ക്കു മുന്നേ വിരിയുന്ന പൂവാണല്ലോ, മഴവില്ല്. ആ പൂവ് പാട്ടിൽ വസന്തം തീർക്കുന്ന വരികൾ ധാരാളം എഴുതിയിട്ടുണ്ട് പൂവച്ചൽ. 

മന്ദാരച്ചെപ്പുണ്ടോ,മാണിക്യകല്ലുണ്ടോ കയ്യിൽ വാർമതിയേ... എന്നവരികളിൽ  മഴവില്ലുംപൂവും ഒരുമിച്ചു വരുന്നു. മഴവില്ല് തെളിയുന്നതിനെ ‘ മഴവില്ലിന്നജ്ഞാതവാസം വെടിഞ്ഞു..’  (കാറ്റുവിതച്ചവൻ) എന്നെഴുതുമ്പോൾ അതിൽ ഒരു പൂവിന്റെ ഭംഗി ഇതൾ വിരിയുന്നില്ലേ..?

അദ്ദേഹത്തിന്റെ വസന്തപ്പൂവാടിയിലെചില  പൂക്കളെക്കുറിച്ചു കേട്ടോളൂ.

കടക്കണ്ണിലൊരു കടൽ കണ്ടു, നാഥാ നീവരും കാലൊച്ച കേൾക്കുവാൻ (ചാമരം), ഏതോ ജന്മകൽപനയിൽ (പാളങ്ങൾ), മൗനമേ നിറയും മൗനമേ (തകര), രാജീവം വിടരും നിൻ മിഴികൾ... (ബെൽറ്റ് മത്തായി)..കിളിയേ,കിളിയേ...(ആരാത്രി), പൂമാനമേ... ഒരു രാഗമേഘം താ  (നിറക്കൂട്ട്) സിന്ദൂരസന്ധ്യയ്ക്കു മൗനം (ചൂള)... പൂവുകളുടെ ഒരു മണ്ണുത്തി നഴ്സറി തന്നെയാണണ് പൂവച്ചൽ ഖാദർ.

ഇനി  പൂവുകൾ മാലയായി കോർത്ത ഒരു പാട്ടിനെക്കുറിച്ചു പറയാം. അനുരാഗിണീ...ഇതാ  എൻ.. കരളിൽ വിരിഞ്ഞ പൂക്കൾ.. ഒരു  രാഗമാലയായ്  ഇനി നിന്റെ ജീവനിൽ..അണിയൂ..ആ വരികളിലുണ്ട്.പാട്ടിൽ പൂവ് വച്ചാൽ ഖാദർ എന്ന എഴുത്തുകാരന്റെ ജീവിതം. അദ്ദേഹത്തിന്റെ കരളിൽ വിരിഞ്ഞ പൂക്കളാണ് പാട്ടുകൾ.. 

ഇനി കമന്റ്  ചെയ്യൂ.. പാട്ടിൽ പൂവ് വച്ചാൽ അത് ഖാദറാണ്...പൂവച്ചൽ  ഖാദർ. ശരിയല്ലേ?

ഓർമയായി മാറിയ പൂവച്ചൽ ഖാദറിന്റെ കബറിടത്തിൽ ഇതാ ഒരുപിടി ‘പൂക്കൾ’.

Content Summary :  Pen Konthan Column - Memorable songs of Poovachal Khader

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.