എന്നാ ഏറാടാ... ‘ഉവ്വേ’..! നീരജൊക്കെ എന്ത്?

HIGHLIGHTS
  • ഉവ്വ്.. ഉവ്വേ...നീരജിന്റെ ഏറ് ഒരു ഏറാണോ?
  • നീരജ്, നിനക്ക് ഇങ്ങനെ എറിയാൻ പറ്റുമോ?
pen-konthan-column-javelin-coach-uwe-hohn
ഉവ്വേ ഹോൻ 1984ൽ Photo Credit : Wikipedia
SHARE

ഉവ്വേ ഹോൻ എന്നൊരു പേരുണ്ട്.  ജർമൻ  പേരാണ്. മംഗ്ലീഷീകരിച്ചാൽ  ഉവ്വേ ജോൺ എന്നും വിളിക്കാം. ഇതൊന്നും വഴങ്ങാത്തവർ വല്ല ജോൺ‍ ഹോനായ് എന്നോ മറ്റോ വിളിച്ചോളൂ.  

സൂക്ഷിച്ചു  വിളിക്കണം. ആളൊരു ഗഡാഗഡിയൻ ആണ്.  നമ്മുടെ സ്വർണജേതാവായ ഏറുകാരൻ  നീരജ് ചോപ്രയില്ലേ. നീരജിന്റെ ഏറു കാണുമ്പോൾ കയ്യടിക്കുന്ന  നമ്മൾ ഈ  ഉവ്വേയുടെ ഏറു കണ്ടാൽ കൈ അടിക്കില്ല.  കാരണം എന്താണെന്നോ,  കൈ തലയിൽ  വച്ചിരിക്കുമ്പോൾ കയ്യടിക്കാൻ  കഴിയുന്ന സാങ്കേതികവിദ്യ  ഹോമോസാപിയൻസിൽ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലത്രേ.!

കിളിപോയോ!

ഈ ഉവ്വേ ഹോനും നമ്മുടെ  അഭിമാനരാജാ നീരജ്  ചോപ്രയും തമ്മിലൊരു ബന്ധമുണ്ട്. നീരജിന്റെ  ദ്രോണാചാര്യരാണ് ഉവ്വേ. (ദ്രോണർ അമ്പല്ലേ എയ്തത് ജാവലിൻ അല്ലല്ലോ  എന്നു ചോദിക്കരുത്.  നീരജും ഉവ്വേയുമൊക്കെ എറിയുന്ന  ജാവലിൻ  അമ്പ്‍ വില്ലിൽ നിന്നു പറക്കുന്നതുപോലെയാണ്)

നീരജ്  ചോപ്രയുടെ  കോച്ച്  ആയി ഈ ജർമൻകാരൻ  ഉവ്വേയെ  കൊണ്ടുവരാൻ തീരുമാനിക്കുന്നു. കരാർ ഒപ്പിടും മുൻപ് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്)യ്ക്കു മുന്നിൽ ഉവ്വേ ഒരാവശ്യം മുന്നോട്ടുവച്ചു.

ചെക്കനെ  പരിശീലിപ്പിക്കാം, പക്ഷേ, എനിക്ക്  എവിടെ പോകണമെങ്കിലും ബിസിനസ് ക്ലാസ് എയർ ടിക്കറ്റ് തരണം.

‘അമ്പടാ ഉവ്വേ... ’

‘എന്നാ  ഡിമാന്റാടാ ഉവ്വേ..’

‘ഉവ്വ് ഇപ്പം കിട്ടും ഉവ്വേ..  കാത്തിരുന്നോ..’

നിങ്ങളുടെ  മനസ്സിൽ  വരുന്ന ഇത്തരം  ചോദ്യങ്ങൾ അന്ന് സായിയുടെ  തലപ്പത്ത് ഇരിക്കുന്നവരുടെ  തലയിലും മിന്നി.

പക്ഷേ, അതോറിറ്റി ‘ഉവ്വ്’ എന്ന്  ഉത്തരം  പറഞ്ഞു.  ഉവ്വ് ഹാപ്പി!

കാരണം കേട്ടോളൂ.

ഉവ്വിന് ആറടി, ആറിഞ്ച് ആണ് ഉയരം..

നൂറിനു മേൽ തൂക്കം. 

കാലിനു ഭയങ്കര നീളം.ഇക്കണമി ക്ലാസിൽ ഇരിക്കുമ്പോൾ ആ കാലുകൾ...  ജാവലിൻ സ്റ്റിക്ക് പോലാണ്. ഒടിച്ചു  മടക്കാൻ പറ്റില്ല. 

ഉവ്വ്, ഇപ്പോൾ കാര്യം മനസ്സിലായി. ബിസിനസ് ടിക്കറ്റ് കൊടുത്തേക്കാം. പക്ഷേ,  ‘മിതമായ നിരക്കിൽ’ മാത്രം  കാലിനു നീളമുള്ള കോച്ചുമാർ  ധാരാളം  ഉണ്ടല്ലോ. ഈ  ‘കാലനെ’ നമ്മൾ എന്തിനു സഹിക്കണം?

ഉവ്വ്..ശരിയാണല്ലോ..

എന്നാൽ ശരിയല്ല.

ഇങ്ങേർ ആരാണെന്നറിയാമോ?

നമ്മുടെ  ജാവലിൻ സ്റ്റിക്കിന്റെ നടുക്ക് കയർ പലതവണ ചുറ്റിക്കെട്ടി വച്ചിട്ടുള്ളത് നിങ്ങൾ കണ്ടിട്ടുണ്ടാവും. ഇല്ലേ?

ഉവ്വ്!

ആ സാധനത്തിന്റെ പേരാണ് ജാവലിന്റെ ‘സെന്റർ ഓഫ് ഗ്രാവിറ്റി. അതില്ലെങ്കിൽ ജാവലിൻ മുനകുത്തി വീഴില്ല. നമ്മളൊക്കെ ഇട‌യ്ക്കു വീഴും പോലെ നെഞ്ചും തല്ലിയാവും വീഴുക.

ആ സെൻട്രൽ ഓഫ് ഗ്രാവിറ്റി കെ‌ട്ട് അൽപം മുന്നോട്ട് നീക്കി കെട്ടാൻ ‍കാരണമായത് ഈ ഉവ്വേ ആണ്.

ങേ, അതെന്താടാ ഉവ്വേ അതിന്റെ രഹസ്യം.?

1984ൽ ജർമനിയിലെ ഫ്രെഡറിക് ലുഡ്‌വിക് സ്റ്റേഡിയത്തിൽ നട‌ന്ന ഒളിംപിക് ഡേ ഓഫ് അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ (ഈസ്റ്റ് ജർമനി  ഒളിംപിക്സ് ബഹിഷ്കരിച്ച വർഷം)  ജാവലിനെ‌റിയാൻ ഉവ്വേ ഹോൻ വന്നു. പുള്ളി ജാവലിനെടുത്ത് ഒറ്റ ഏറ്.

ജാവലിൻ സ്റ്റേഡിയത്തിനു പുറത്തേക്കു പറന്നു. – അളക്കാൻ ടേപ്പ് എത്തുന്നില്ല. ‌ഘട്ടം ഘട്ടമായി അളന്നപ്പോൾ 104.8 മീറ്റർ!

നമ്മുടെ നീരജ് ചോപ്രയുടെ ഒളിംപിക്സ് സ്വർണം 87.58 മീറ്റർ ആണെന്ന് ഓർക്കണം. 

തലയിൽ കൈവച്ചില്ലേ..

’അമ്പടാ ഉവ്വേ, നിന്നെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്നായി  രാജ്യാന്തര സ്പോർട്സ് സംഘാടകർ.

ഇവൻ ജാവലിനെറിയുമ്പോൾ സ്റ്റേഡിയത്തിനു പുറത്തുകൂടി പോകുന്ന ആരുടെയെങ്കിലും തലയിൽ കൊണ്ടാൽ ആര് സമാധാനം പറയും?

ഒന്നെങ്കിൽ ലോകത്തെ  മുഴുവൻ സ്റ്റേഡിയങ്ങളുടെയും നീളം കൂട്ടണം...

ഉവ്വ, അങ്ങോട്ട് ചെന്നാൽ മതി.. നടക്കില്ല.

അല്ലെങ്കിൽ ഉവ്വേയോട്  ഈ ഏറ് നിർത്തി വീട്ടിൽപോകാൻ പറഞ്ഞാലോ.

ഉവ്വ, അങ്ങോട്ട് ചെന്നാൽ മതി...അങ്ങേര് ആ  ജാവലിൻ നമ്മടെ നെഞ്ചത്ത് എറിയും.

പിന്നെന്നാടാ ഉവ്വേ ഒരു പോംവഴി?

അവസാനം ഭൂഗുരുത്വത്തിൽ കയറിപ്പിടിച്ചു. 

ജാവലിന്റെ സെന്റർ ഓഫ് ഗ്രാവിറ്റി കുറച്ചു കൂടി മുന്നോട്ടു കയറ്റി കെട്ടുക.അപ്പോൾ ജാവലിനു മുന്നിൽ ഭാരം കൂടും. നൂറിനു താഴെ വന്നു മൂക്കും കുത്തി വീണോളും.

അങ്ങനെ 1986 മുതൽ ജാവലിന്റെ ആ കെട്ട് 4 സെന്റീമീറ്റർ മുന്നോട്ടാക്കി.

ഉവ്വേയുടെ ഏറെല്ലാം  നൂറിനു താഴെയാക്കി നിയന്ത്രിച്ചു നിർത്തി.. അപ്പോഴും അത് സ്വർണം നേടിക്കൊണ്ടുള്ള വീഴ്ചയാണ് കേട്ടോ.

അങ്ങനെ നിയന്ത്രിച്ചില്ലായിരുന്നെങ്കിൽ അങ്ങേര് ‘ഭൂമിയുടെ ജാവലിൻ’ ഇല്ലേ, എന്താണ്  അതിന്റെ പേര്..ങാ, അച്ചുതണ്ട്, അച്ചുതണ്ട്.. അതെടുത്ത് എറിഞ്ഞേനെ..

കേട്ടോടാ  ഉവ്വേ, 

അങ്ങനെ ജാവലിന്റെ  ഭൂഗുരുത്വം  തിരുത്തിയെഴുതിയ ആ  ഉവ്വേ ഹോൻ ആണ് നമ്മുടെ നീരജ് ചോപ്രയുടെ ഗുരുത്വം,  അഥവാ ഗുരു.

അങ്ങേർക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ് കൊടുത്തത് കുറ്റം പറയാൻ പറ്റുമോ?

pen-konthan-column-javelin-coach-uwe-hohn-and-neeraj-chopra
നീരജ് ചോപ്ര ഉവ്വേ ഹോനിനൊപ്പം.

വാൽക്കഷണം... (അഥവാ ജാവലിൻ തുമ്പ്്):

നമ്മുടെ നീരജ് ചോപ്ര സ്വർണം നേടിയപ്പോൾ മനോരമ ഒരു കിടക്കാച്ചി  തലക്കെട്ട് ഇട്ടു. – നീ.. രാജാ.. എന്ന തലക്കെട്ട്.

ഉവ്വേ ഹോനിന് അപ്പോൾ എന്ത് തലക്കെട്ടിടും? – രാജാധിരാജാ!

ചുമ്മാ പറഞ്ഞതല്ലെടാ ഊവ്വേ.. 

ഉവ്വേ എന്ന ജർമൻ പേരിന്റെ അർഥം എന്താണെന്നോ 

യൂണിവേഴ്സൽ റൂളർ...

ച്ചാൽ, ഉലകരാജാ, രാധാധി രാജാ..

അങ്ങ എങ്ങനെ...? മൊത്തത്തിൽ എങ്ങനുണ്ടെടാ.. ഊവ്വേ..! കൊള്ളാമോ?

Content Summary : Pen Konthan Column - Javelin Coach Uwe Hohn and his imprint on Neeraj Chopra's olympict triumph

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS