അമ്പട കേമാ മോൻസൻ കുട്ടാ

Monson Mavunkal
മോൻസൻ
SHARE

ആദാമിന്റെ വാരിയെല്ല്, ദൈവം എടുത്തത് അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നിരിക്കണം. അതു പക്ഷേ, മനപ്പൂർവം പ്രദർശിപ്പിക്കാതിരുന്നതാണ്. ആരെങ്കിലും തൊട്ടാൽ ദൈവത്തിന്റെ വിരലടയാളം മാഞ്ഞുപോയാലോ?

ആ പേരുതന്നെ ആന്റിക് ആണ്. സൺ എന്നു മകനെ വിളിക്കുന്നതിനു മുൻപ് ആന്റിക് കാലത്ത് നമ്മൾ വിളിച്ചിരുന്നത് മോൻ എന്നാണ്. അതായത്, പഴയകാല ആന്റിക് മോൻ, പുതിയകാലത്തിന്റെ സൺ ആയി അവതരിച്ചാൽ മോൻസൻ ആയി. ആ പേരിലുണ്ട് എല്ലാം. ആന്റിക് പുതുമോടി, മോൻ, സൺ, അഥവാ മോൻ സൺ.

ആദം കടിച്ച ആപ്പിൾ ഒഴികെ എല്ലാം കയ്യിലുള്ളയാൾ മോൻസൻ.

ആപ്പിൾ ഇല്ലെങ്കിലെന്താ, ആദാമിന്റെ വാരിയെല്ല്, ദൈവം എടുത്തത് അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത്രേ. അതു പക്ഷേ, മനപ്പൂർവം ആരെയും കാണിക്കാത്തതാണ്. കാരണമെന്താണെന്നോ, വേറാരെ‌ങ്കിലും തൊട്ടാൽ ദൈവത്തിന്റെ വിരലടയാളം മാഞ്ഞുപോയെന്നു വരാം. പാടില്ല, എല്ലാക്കാര്യത്തിലും അത്രയ്ക്കു കൃത്യത. അതാണ് മോൻസൻ എന്ന പുത്രമകൻ ഓരോ കാര്യങ്ങളിലും പുലർത്തുന്നത്.

ലുട്ടാപ്പിയുടെ കുന്തം (തുരുമ്പെടുക്കാത്തത്)  മായാവി കയറുന്ന കുപ്പി (കോർക്ക് അടപ്പുള്ളത്), പരശുരാമൻ എറിഞ്ഞ കോടാലി (വായ പോയത്), ധൃതരാഷ്ട്രർ ചായ കുടിച്ച ക്ലാസ് അങ്ങനെ പോകുന്നു പുരാവസ്തുക്കൾ. 

എന്റെ മോനേ, സണ്ണേ, അമ്പട കേമാ സണ്ണിക്കുട്ടാ..

ക്രിസ്തു വെള്ളം വീഞ്ഞാക്കിയ കൽഭരണി (പ്ലാസ്റ്റർ ഓഫ് പാരിസിൽ പെയിന്റടിച്ചത്), ശ്രീകൃഷ്ണൻ വെണ്ണ കട്ടെടുത്ത ഉറി, പ്രവാചകൻ നബി സ്വന്തം കൈകൊണ്ട് മണ്ണു കുഴച്ചുണ്ടാക്കിയ വിളക്ക്... സർവമതസമ്മേളനം.

ബൈബിളിൽ പാപിനിയായ സ്ത്രീയെ എറിഞ്ഞ ആദ്യത്തെ കല്ല് പെറുക്കാൻ മോൻസൻ ചെന്നെങ്കിലും ഏറു പേടിച്ച് എടുക്കാൻ നിന്നില്ലത്രേ.

മോൻസന്റെ വെബ്സൈറ്റ് കണ്ടിട്ടുണ്ടോ?  ഇല്ലെങ്കിൽ കാണേണ്ടതാണ്. അതു കണ്ടുകഴിഞ്ഞാൽപ്പിന്നെ അദ്ദേഹത്തെ തട്ടിപ്പുകാരനെന്നു വിളിക്കാൻ തോന്നില്ല. 

അതിൽ സത്യമേ പറഞ്ഞിട്ടുള്ളു.

വേൾഡ് പീസ് പ്രൊമോട്ടർ (ലോകസമാധാനത്തിന്റെ പ്രചാരകൻ) എന്നാണ് വെബ്സൈറ്റിൽ അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. 

വേൾഡിലെ ആന്റിക് ‘പീസു’കളുടെ പ്രമോട്ടർ എന്നേ കരുതാനാവൂ.

വെബ്സൈറ്റിൽ അദ്ദേഹത്തിന്റെ ഒരു ആപ്തവാക്യമുണ്ട്. ഒരു വിരൽ ചെയ്യുന്നത് മറ്റൊരു വിരൽ അറിയരുത്.

സത്യം, അദ്ദേഹം ചെയ്തിരുന്നത് എന്താണെന്ന് ആരും അറിഞ്ഞില്ല എന്നത് അദ്ദേഹത്തിന്റെ കുറ്റമാണോ? പൊലീസ് ഉന്നതന്മാർ മുതൽ രാഷ്ട്രീയ പ്രമുഖന്മാർ വരെ അദ്യേത്തിന്റെ ശേഖരം കണ്ടു കൈപിടിച്ചു കുലുക്കിയത് വെരുതെയാണോ?

വെബ്സൈറ്റ് പ്രകാരം അദ്ദേഹത്തിന്റെ ലക്ഷ്യമെന്തായിരുന്നെന്നോ, 2050 ആകുമ്പോഴേക്കും ഇന്ത്യയിൽ വിദ്യാഭ്യാസമില്ലാത്ത ഒരാൾ പോലുമുണ്ടാവരുതെന്ന്. പക്ഷേ, അതു നടന്നില്ല, കഷ്ടമായി. എല്ലാവരും വിദ്യാഭ്യാസവും അത്യാവശ്യം ‘വിവരവും’ നേടുന്ന 2050 ൽ‍ മാവുങ്കലിന്റെ കച്ചവടം തനിയെ പൂട്ടിപ്പോയേനെ.

വെബ്സൈറ്റിൽ മോൻസൻ കാവുങ്കൽ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത് ഒരു ‘ആക്ടർ’ എന്നാണ്. ബെസ്റ്റ് ആക്ടർ ഓസ്കർ അവാർഡ് കിട്ടേണ്ടതായിരുന്നു. ശെ! കളഞ്ഞില്ലേ നിങ്ങൾ.

വെബ്സൈറ്റിൽ ആക്ടർ എന്നെഴുതിയിരിക്കുന്നതിനൊപ്പം കൊടുത്തിരിക്കുന്ന പടങ്ങൾ കാണേണ്ടതാണ്. എല്ലാ ചിത്രത്തിലും ഓരോ പുരാതന തോക്ക് (പൊട്ടാസ്) നിർബന്ധം. പിന്നെ ചില പുരാതന യുവതികൾ . വസ്ത്രം പുരാതനകാലത്തേതല്ല, മോഡേൺ, മോസ്റ്റ് മോഡേൺ. ടിപ്പുവിന്റെ സിംഹാസനം കൈവശമുണ്ടായിട്ടും ഈ ചിത്രങ്ങളിൽ  നല്ല ലതർ കുഷ്യനുള്ള കസേരകളിലാണിരിപ്പ്. ടിപ്പുവിന്റെ സിംഹാസനം കുണ്ടന്നൂർ ചെല്ലപ്പനാശാരി ഒരു രാത്രിയും പകലും കൊണ്ടു പ്ലാവ് തടിയിൽ കൊത്തിയുണ്ടാക്കിയതാണെന്ന് മോൺസണ് അറിയാം. പിന്നെ അതിൽ ഇരിക്കാൻ വലിയ കൊതിയുണ്ടാവില്ലല്ലോ.

ചുരുട്ടു വലിച്ചത്, വലിക്കാത്തത് അങ്ങനെ എത്രയെത്ര ചിത്രങ്ങൾ. 

അദ്ദേഹത്തിന്റെ ആക്ടിങ്ങിനെക്കുറിച്ച് ആർക്കും സംശയമുണ്ടാവാൻ തരമില്ല. തലേദിവസം മൂത്രമൊഴിക്കാൻ വീട്ടുമുറ്റത്ത് ഇറങ്ങിയപ്പോൾ വീട്ടുവേലിയിൽ കണ്ട കൊന്നക്കമ്പ് വലിച്ചൂരി പെയിന്റു ചെയ്തിട്ട് ഇത് പതിനായിരക്കണക്കിനു വർഷം മുൻപ് മോശയുടെ കയ്യിലിരുന്ന അംശവടിയാണെന്ന് ആൾക്കാരെ പറഞ്ഞു വിശ്വസിപ്പിക്കുക എന്നു പറഞ്ഞാൽ  എളുപ്പമാണോ? എമ്മാതിരി ആക്ടിങ്.

വെബ്‌സൈറ്റിലെ ആന്റിക് കലക്‌ഷന്റെ ഗാലറി തുറന്നാൽ ഇദ്ദേഹത്തെക്കുറിച്ചു പുറത്തു വന്നതൊന്നും ഒന്നുമല്ലെന്നു മനസിലാകും.

monson-mavunkal-antique-dealer-fraud-penkonthan

അഭയാർഥിക്യാംപിൽ തഴപ്പായ ചുരുട്ടി വച്ചിരിക്കുന്നതുപോലെയാണു താളിയോലകൾ ചുമ്മാ ചുരുട്ടിച്ചുരുട്ടി വച്ചിരിക്കുന്നത്!

ഭഗവത് ഗീതയും ബൈബിളും എഴുതിക്കഴിഞ്ഞ് ആദ്യത്തെ കോപ്പി ഇദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചു കൊടുത്ത ആ ‘ഒബീഡിയന്റ് പബ്ലിഷർ’ ആരാവും.?

കള്ളനു കഞ്ഞിവച്ച കലം വരെ ആളുടെ കൈവശമുണ്ടത്രേ.

ശ്രീകൃഷ്ണൻ ദ്വാപരയുഗത്തിൽ ഉപയോഗിച്ച വെണ്ണക്കുടം അക്കാലത്ത് അയൺ കോട്ടിങ് നടത്തിയതാണെന്ന് ഒരുളുപ്പുമില്ലാതെ മോൻസൻ പറയുന്നതു കേട്ട് അമ്പരന്നവർ ഒട്ടേറെ.

പാവം എഴുത്തച്ഛൻ എഴുത്തു നിർത്താൻ കാരണം എന്തായിരുന്നു എന്ന് ഇപ്പോഴാണു പുറത്തറിഞ്ഞത്. ആ നാരായം മോൻസൻ കാവുങ്കൽ എടുത്തുകൊണ്ടുപോന്നു അത്രേ. അന്നെഴുതിയിരുന്നത് പാതിവഴിക്കു നിർത്തിയാണ് എഴുത്തച്ഛൻ കാലവയവനികയ്ക്കുള്ളിൽ മറഞ്ഞത്.

ഒരിക്കൽ മോൻസൻ ഒരു താളിയോല കൃത്രിമമായി ഉണ്ടാക്കിയപ്പോൾ അത് വട്ടെഴുത്തും കോലെഴുത്തും അല്ലാത്ത വല്ലാത്തൊരു എഴുത്തായിപ്പോയി. 

ഉടൻ അതിനൊരു പേരുമിട്ടു: വേദഭാഷയ്ക്കു മുൻപുള്ള ഭാഷയാണ്, നമുക്കാർക്കും വായിക്കാൻ പറ്റില്ല. എന്താ ബുദ്ധി?

മോൻസന്റെ ബർത്ത്ഡേ പാർട്ടി നടന്നിരുന്നത് എയർ കണ്ടിഷൻഡ് കപ്പലുകളിലായിരുന്നു എന്നു പറഞ്ഞാൽ അത് പഴയ അരയന്ന രഥം ആണെന്നു കരുതരുത്. അതിന്റെ വിഡിയോകൾ ഇഷ്ടം പോലെ നെറ്റിലുണ്ട്. ആഘോഷക്കാര്യത്തിൽ ആന്റിക് ഇല്ല. ഇക്കാലത്തെ നല്ല ഡപ്പാങ്കൂത്ത് പാട്ടു വച്ച് പല രാജ്യത്തു നിന്നുള്ള സുന്ദരിമാർ ‘മദന മോഹ സുന്ദരാ.’ എന്നൊക്കെയുള്ള പാട്ടുകൾ റെക്കാർഡു വച്ച് ആടിത്തിമിർക്കുന്ന ആഘോഷമാണ്.

ഇനി ഇതുവരെ പുറത്തു വരാത്തൊരു സത്യം കൂടി. 

ബാഹുബലി സിനിമയുടെ സെറ്റ് പൊളിക്കാൻ കരാറെടുത്തത് ഈ മോൻസൻ ആണോയെന്നു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടത്രേ. ബാഹുബലി മണ്ണെണ്ണ മുക്കി എതിരാളികളെ കത്തിക്കാൻ ആകാശമാർഗം പീരങ്കി ഉണ്ടകളിൽ കെട്ടി എറിഞ്ഞ ചുവന്ന പരവതാനിയുടെ കത്താതെ പോയ കഷണം, ബാഹുബലി രണ്ടാംഭാഗത്ത്  പടയാളികൾ പന്തുപോലെ ആകാശത്തേക്കു തെറിച്ചു കൊട്ടാരമതിൽ മറികടക്കാനായി വളച്ച കൂറ്റൻ പനയുടെ പനങ്കുരു, ബാഹുബലി കുഞ്ഞായിരിക്കെ വെള്ളത്തിനു മീതേ ഉയർത്തിപ്പിടിച്ചപ്പോൾ മഹിഷ്മതിയിലെ രാജമാതാ ശിവകാമി കയ്യിൽ ഇട്ടിരുന്ന ഓട്ടുവള, ദേവസേനയെ ബാഹുബലി മൂന്ന് അമ്പ് ഒന്നിച്ച് എയ്യാൻ പരിശീലിപ്പിച്ചപ്പോൾ സത്യത്തിൽ ഉണ്ടായിരുന്ന നാലാമത്തെ അമ്പ് താഴെ വീണുകിടന്നത്... 

അങ്ങനെ എന്തെല്ലാം മോൻസൻ കൊണ്ടുപോയിട്ടുണ്ടാവും.

മോൻസൻ ബ്രോ പിടിയിലാകുന്നതിനു തൊട്ടുമുൻപു വരെ ഒരു ധർമസങ്കടത്തിലായിരുന്നു. അതെന്താണെന്നോ?

ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിന് ഡിയർനെസ് അലവൻസ് അടക്കം ശമ്പളമായി ലഭിച്ച 30 വെള്ളിക്കാശിലെ രണ്ടെണ്ണമേ കയ്യിൽ കിട്ടിയുള്ളു. ബാക്കി 28 എണ്ണം കൂടി വേണ്ടേ?. അത് സംഘടിപ്പിക്കാൻ ഏറെ അലഞ്ഞു. 

ആ അലച്ചിൽ കാൽവരിമല വരെ പോയി. പക്ഷേ, കിട്ടിയില്ല. തിരിച്ചു വന്നു കേരളത്തിൽ കാലു കുത്തിയപ്പോൾ എന്തോ ഒന്നു കാലിൽ കൊണ്ടു. നോക്കിയപ്പോ അതാ കിടക്കുന്നു ഒരു ആണി.

ഗുജറാത്ത് രാജ്കോട്ടിലെ ആണിക്കമ്പനിയായ ഏക്താ ഇൻഡസ്ട്രീസിന്റെ എംബ്ലം ഉണ്ടായിരുന്നെങ്കിലും അതിങ്ങു കൊണ്ടുപോന്നു. ക്രിസ്തുവിനെ കുരിശിൽ തറയ്ക്കാൻ ഉപയോഗിച്ച ആണിയാണെന്നങ്ങു വച്ചു കാച്ചി. 

അതു കണ്ടാലും വിശ്വസിക്കാൻ ആളുണ്ടല്ലോ കേരളത്തിൽ.

Content Summary : Pen Konthan column on fraud antique dealer Monson Mavunkal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS