ആവിയാകാം, ബാങ്കിലെ നിക്ഷേപവും

Nirav Modi PNB
SHARE

പണം പെട്ടിയിൽവച്ചാൽ കള്ളൻ കൊണ്ടുപോകും, ബാങ്കിലിട്ടാലും കള്ളൻ കൊണ്ടുപോകും. ഇന്ത്യൻ അവസ്ഥയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകളിൽ ഒന്നാണിത്. ഒരു നീരവ് മോദി വിചാരിച്ചാൽ ഒരു ബാങ്കിനെ പാപ്പരാക്കാൻ കഴിയുമെന്ന അവസ്ഥ. അപ്പോഴും നിക്ഷേപകർക്ക് ഒരു ധൈര്യമുണ്ടായിരുന്നു. പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപത്തിന് സർക്കാരിന്റെ ഉറപ്പുണ്ടെന്ന ചിന്ത. ആ ചിന്തയും തകരുകയാണ്. ധനകാര്യസ്ഥാപനം തകർന്നാൽ രക്ഷപ്പെടാൻ നിക്ഷേപകന്റെ പണവും ഉപയോഗിക്കാൻ അനുവദിക്കുന്ന പുതിയ ബിൽ സർക്കാർ കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ചുകഴിഞ്ഞു; ഫിനാൻഷ്യൽ റെസലൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷുറൻസ് ബിൽ 2017. ഇരു സഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന സംയുക്ത പാർലമെന്ററി കമ്മറ്റിയുടെ പരിഗണനയ്ക്കു വിട്ടതിനാൽ തൽക്കാലം പാസായില്ലെന്നു മാത്രം. പക്ഷേ, അടുത്ത ബജറ്റ് സമ്മേളനത്തിനു മുൻപ് റിപ്പോർട്ട് നൽകണമെന്നാണ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭീഷണി ഒരു വർഷത്തേക്ക് മാറ്റിവച്ചു എന്നു മാത്രം.

അമേരിക്കയിലെ രോഗത്തിന് ഇന്ത്യയിൽ ചികിത്സ

2008ൽ ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടായ തകർച്ചയാണ് ഇത്തരമൊരു ബില്ലിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത് എന്നാണ് സർക്കാർ പറയുന്നത്. ഒരിക്കലും തരില്ലെന്നു കരുതിയിരുന്ന ലേമാൻ ബ്രദേഴ്സ് എന്ന ധനകാര്യസ്ഥാപത്തിന്റെ തകർച്ചയാണ് ലോകമാകെ പടർന്ന മാന്ദ്യത്തിന് വഴിമരുന്നിട്ടത്. ലേമാനു പിന്നാലെ കൂടുതൽ ബാങ്കുകൾ തകർന്നു. ബാങ്കുകളെ രക്ഷിക്കാൻ സർക്കാർ പണമിറക്കണം എന്ന ആവശ്യം അമേരിക്കയിൽ ഉയർന്നു. പക്ഷേ, ജനത്തിന്റെ നികുതിപ്പണമെടുത്ത് ബാങ്കുകളെ രക്ഷിക്കാൻ ആകില്ലെന്ന നിലപാടാണ് അമേരിക്കൻ സർക്കാരും ഫെഡറൽ റിസർവും സ്വീകരിച്ചത്. ആ നിലപാടുവഴി ലോകത്തെയാകെ മാന്ദ്യത്തിലേക്കു തള്ളിവിടുകയാണ് അമേരിക്ക ചെയ്തത്. ഇതേത്തുടർന്നു നടന്ന ജി 20 ഉച്ചകോടിയുടെ തീരുമാനപ്രകാരം ഇത്തരമൊരു ബില്ലിന് ഇന്ത്യ ബാധ്യസ്ഥമാണെന്ന നിലപാടിലാണ് സർക്കാർ.

മേൽനോട്ടത്തിന് കോർപറേഷൻ

റിസർവ് ബാങ്ക്, സെബി, ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി തുടങ്ങി ധനകാര്യ മേഖലയിലെ മേൽനോട്ട സ്ഥാപനങ്ങളുടെ കൂട്ടത്തിലേക്ക് ഒരു സ്ഥാപനംകൂടി കൊണ്ടുവരിക എന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. റെസലൂഷൻ കോർപറേഷൻ എന്ന ഈ സ്ഥാപനം ധനകാര്യ സ്ഥാപനങ്ങളെ നിരീക്ഷിക്കും, ആവശ്യമെന്നു കണ്ടാൽ ഇടപെടും. ഇതിന് മറ്റു ധനകാര്യസ്ഥാപനങ്ങളുടെ സഹായവും തേടാം. സ്ഥാപനം തകർന്നാൽ രക്ഷിച്ചെടുക്കുന്നത് കോർപറേഷന്റെ മേൽനോട്ടത്തിലാകും. പുതിയ മേൽനോട്ടക്കാർ റിസർവ് ബാങ്കിന്റെ അടക്കമുള്ള അധികാരങ്ങൾ കവർന്നെടുക്കുമോ എന്ന കാര്യവും കാത്തിരുന്നു കാണേണ്ടതാണ്.

ബെയിൽ ഇൻ കുരുക്ക്

‘ബെയിൽ –ഇൻ’ എന്ന ബില്ലിലെ വ്യവസ്ഥയാണ് ഏറെ വിമർശനങ്ങൾക്കു വഴിവച്ചത്. സ്ഥാപനം തകർന്നാൽ രക്ഷിക്കാൻ രണ്ടുവഴികളാണ് മുന്നിലുള്ളത്. സർക്കാർ പണമിറക്കുകയാണ് ഇതിൽ പ്രധാനം.  ബെയിൽ ഔട്ട് എന്ന ഈ രീതിയല്ല പക്ഷേ, ബില്ലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നിക്ഷേപകരുടെ പണം ഉപയോഗിച്ച് രക്ഷപ്പെടുന്ന ബെയിൽ– ഇൻ രീതിയാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ഇതനുസരിച്ച് നിക്ഷേപകന്റെ ഇൻഷുർ ചെയ്യാത്ത പണം ബാങ്കിന് ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാം. നിലവിൽ ഇന്ത്യയിലെ ബാങ്കുകളിൽ നിക്ഷേപം ഏത്രയായായും അതിൽ ഒരുലക്ഷം രൂപയ്ക്കുവരെ മാത്രമേ ഇൻഷുറൻസ് ഉള്ളൂ എന്നും മനസ്സിലാക്കണം. അതായത് ഒരുലക്ഷത്തിലധികമുള്ള പണം വെള്ളത്തിലാകാം. ബാക്കി പണത്തിന് നിക്ഷേപകന് ലഭിക്കുന്നത് ചിലപ്പോൾ ബാങ്കിന്റെ ഓഹരികളായിരിക്കും. തകർന്നുനിൽക്കുന്ന ബാങ്കിന്റെ ഓഹരികളുടെ മൂല്യത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ? ഇതിലെല്ലാമുപരി, ബാങ്കിന്റെ തീരുമാനങ്ങളെ കോടതിയിൽ ചോദ്യം ചെയ്യാനുമാകില്ല. പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്നാണ് ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലി പാർലമെന്റിൽ പറഞ്ഞത്. നിക്ഷേപത്തിന് സർക്കാരിന്റെ ഗാരന്റിയാണ് അദ്ദേഹം നൽകിയ ഉറപ്പ്. എഫ്ആർഡിഐ ബില്ലിൽ പിന്നെന്തിൽ ബെയിൽ–ഇൻ വ്യവസ്ഥ വച്ചു എന്ന ചോദ്യത്തിനുമാത്രം മറുപടിയില്ല.

സിങ്കപ്പൂരും സൈപ്രസും

സിങ്കപ്പൂരിൽ സമാനമായ ബിൽ പാസാക്കിയിട്ടുണ്ട്. അവിടെ പക്ഷേ, നിക്ഷേപങ്ങൾ ഉപയോഗിക്കാൻ ബാങ്കുകളെ അനുവദിക്കുന്നില്ല. ബാങ്കിന്റെ മറ്റ് ആസ്തികൾ പ്രയോജനപ്പെടുത്തി രക്ഷാവഴി കണ്ടെത്തണമെന്നാണ് നിർദേശിക്കുന്നത്. 2013 ൽ ബാങ്കി ഓഫ് സൈപ്രസ് തകർന്നു. അന്ന് ബെയിൽഇൻ പാക്കേജാണ് അവിടെ അനുവർത്തിച്ചത്. 100000 യൂറോയ്ക്കു മേലുള്ള നിക്ഷേപങ്ങളുടെയെല്ലാം പാതി നിക്ഷേപകർക്ക് നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട പണത്തിനു പകരമായി കിട്ടിയതാകട്ടെ ബാങ്കിന്റെ വിലയിടിഞ്ഞ ഓഹരികൾ. നിക്ഷേപകരുടെ നികുതിപ്പണം ബാങ്കുകളെ രക്ഷിക്കുന്നതിന് ഉപയോഗിക്കുന്നതിന് സൈപ്രസിലും യൂറോപ്യൻ യൂണിയനിലും നിയമം അനുദിക്കുന്നില്ല.  

ജൻധൻ യോജന അടക്കമുള്ള പദ്ധതികൾ വഴി  പരമാവധി ആളുകളെ ബാങ്കുകളിൽ എത്തിക്കുന്നതിനുള്ള നീക്കങ്ങളാണ് സർക്കാർ നടത്തുന്നത്. പണപ്പെരുപ്പത്തിന്റെ തോതുമായി താരതമ്യം ചെയ്യുമ്പോൾ ലാഭകരമല്ലെങ്കിൽക്കൂടി സുരക്ഷിതമാർഗമെന്നനിലയിൽ ഇന്ത്യയിൽ സാധാരണക്കാരൻ നിക്ഷേപത്തിനു വിശ്വസിക്കുന്നത് എന്നും പൊതുമേഖലാ ബാങ്കുകളെത്തന്നെയാണ്. നീരവ് മോദിമാരും വിജയ് മല്ല്യമാരും വിക്രം കോത്താരിമാരും മേയുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഏതു ബാങ്കും എപ്പോൾ വേണമെങ്കിലും തകരാം എന്ന അവസ്ഥ നിക്ഷേപകനെ പേടിപ്പിക്കുന്നതാണ്. അങ്ങനെ സംഭവിച്ചാൽ നഷ്ടം നികത്തിത്തരാൻ ബാങ്കും സർക്കാരുമൊന്നും കൂടെയുണ്ടാവില്ല. നഷ്ടം നിക്ഷേപകന്റേതു മാത്രമായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PANAPPETTY
SHOW MORE
FROM ONMANORAMA