ബാങ്കിൽ വിശ്വാസമില്ല; പണം പെട്ടിയിലിരിക്കട്ടെ

atm-queue
SHARE

നോട്ട് നിരോധനത്തിന്റെ തൊട്ടടുത്ത മാസങ്ങളിലെ ദുരിതം ഇത്തവണ സഹിക്കേണ്ടി വന്നില്ല. എങ്കിലും, എടിഎമ്മുകൾക്കു മുൻപിൽ നീണ്ട നിരകൾ രാജ്യത്തു പലയിടത്തും ആവർത്തിച്ചു. പൂർണമായും പരിഹരിക്കപ്പെട്ടില്ലെങ്കിലും പ്രശ്നം ഇത്തവണ അത്ര രൂക്ഷമായില്ല. രാജ്യത്ത് പണത്തിനു ക്ഷാമമില്ല, ഡിമാൻഡിൽ പെട്ടെന്നുണ്ടായ വർധനയാണ് ക്ഷാമത്തിനു കാരണമായത് എന്നൊക്കെ ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞെങ്കിലും പണത്തിന്റെ ആവശ്യം പെട്ടെന്നു വർധിക്കാൻ കാരണമെന്തെന്നു വിശദീകരിക്കാൻ അദ്ദേഹത്തിനും കഴിയുന്നില്ല. സർക്കാരും ധനമന്ത്രാലയവും റിസർവ് ബാങ്കും കൃത്യമായ വിശദീകരണം നൽകാത്തിടത്ത് കരക്കമ്പികൾ പ്രചരിക്കുന്നു. നോട്ട് നിരോധനത്തോടെ തകർന്ന വിശ്വാസ്യത വീണ്ടും തകർക്കുന്നതിനാണ് പണക്ഷാമം വഴിവച്ചത്.

ബാങ്കുകളെ വിശ്വാസമില്ല

ബാങ്കുകളേക്കാൾ സുരക്ഷിതം പണം പെട്ടിയിൽ വയ്ക്കുന്നതാണ് എന്നു ജനത്തിനു തോന്നിത്തുടങ്ങിയോ? പണത്തിനു ക്ഷാമമില്ലെന്നു റിസർവ് ബാങ്ക് പറയുന്നു. ഉയർന്ന മൂല്യമുള്ള നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തുന്നില്ലെന്നു ബാങ്കുകളിൽനിന്നു കിട്ടുന്ന വിവരം. അപ്പോൾ പിന്നെ ഈ പണമൊക്കെ എവിടെപ്പോയി. സ്വാഭാവികമായും ജനത്തിന്റെ കയ്യിലുണ്ടാകണം. നീരവ് മോദിമാരും മല്യമാരും ചോക്സിമാരും തങ്ങളുടെ പണവുമായി കടന്നുകളയുമോ എന്ന പേടി സാധാരണക്കാരനെ പിടികൂടിയിരിക്കുന്നു. അങ്ങനെ സംഭവിച്ചാൽ ബാങ്ക് പൊളിയാം. പുതിയ എഫ്ആർഡിഐ നിയമമനുസരിച്ച് ബാങ്ക് പൊളിഞ്ഞാൽ രക്ഷപ്പെടുത്താനായി നിക്ഷേപകന്റെ പണമെടുത്ത് ഉപയോഗിക്കാം. ബില്ലിലെ ഈ ബെയിൽ–ഇൻ നിർദേശം നിക്ഷേപകനെ ബാങ്കുകളിൽനിന്ന് അകറ്റുന്നു എന്നാണ് ബാങ്കിങ് രംഗത്തുള്ളവർ പറയുന്നത്. നോട്ട് നിരോധനം പോലുള്ള വിചിത്രമായ പ്രഖ്യാപനങ്ങൾ ഇനിയും വന്നുകൂടെന്നില്ല എന്ന പേടി ഇപ്പോഴും സാധാരണക്കാരനുണ്ട്. സർക്കാരിന്റെ പ്രഖ്യാപനങ്ങളിൽ ജനം അത്രകണ്ട് വിശ്വാസം അർപ്പിക്കുന്നില്ല. നോട്ട് നിരോധനകാലത്ത് പ്രഖ്യാപനങ്ങൾ മാറ്റിമാറ്റിനടത്തി വലച്ചത് അവന്റെ ചിന്തയിലുണ്ട്. ജനത്തിന്റെ പണം സുരക്ഷിതമെന്ന് സർക്കാർ ആവർത്തിച്ചപ്പോഴും ആ സുരക്ഷിത പണം ഉപയോഗിക്കാനാകാതെ വന്നതിന്റെ ദുരിതം അവൻ മറന്നിട്ടില്ല. എങ്കിൽപ്പിന്നെ പണം വീട്ടിൽ പെട്ടിയിൽ ഇരിക്കട്ടെ എന്ന് അവൻ ചിന്തിച്ചാൽ കുറ്റം പറയാനാകില്ല.

ക്യാഷ്‌ലെസ്സിന് എന്തുപറ്റി

ക്യാഷ്‌ലെസ് ഇക്കോണമി എന്ന ലക്ഷ്യത്തെക്കുറിച്ചാണ് നോട്ട് നിരോധനകാലത്ത് സർക്കാർ പറഞ്ഞിരുന്നത്. ലക്ഷ്യം നേടുന്നതായി അവകാശവാദവും ഉന്നയിച്ചിരുന്നു. നിലവിലെ കണക്കുകൾ പക്ഷേ, ഇതിനു വിരുദ്ധമാണ്. ഏപ്രിൽ ആറിലെ കണക്കനുസരിച്ച് 18.43 ട്രില്ല്യൻ നോട്ടുകൾ വിപണിയിലുണ്ട്. നോട്ട് നിരോധനം പ്രഖ്യാപിച്ച 2016 നവംബർ എട്ടിന് പ്രചാരത്തിലുണ്ടായിരുന്നത് 17.98 ട്രില്ല്യൻ നോട്ടുകളായിരുന്നു. കൂടുതൽ നോട്ടുകൾ ഇപ്പോൾ പ്രചാരത്തിലുണ്ട്. മുൻപ് ഇ ട്രാൻസാക്‌ഷൻ നടത്തിയിരുന്നവർകൂടി അതുപേക്ഷിച്ചു എന്നുവേണം ഇതിൽനിന്നു മനസ്സിലാക്കാൻ.

വാക്കും പ്രവർത്തിയും ചേരുന്നില്ല

നിലവിൽ പ്രചാരത്തിലുള്ള നോട്ടുകളിൽ 6.7 ട്രില്ല്യൻ 2000 രൂപ നോട്ടുകളാണ്. വലിയ നോട്ടുകൾ കള്ളപ്പണത്തിനും പൂഴ്ത്തിവയ്പിനും കാരണമാകുന്നു എന്നു പറഞ്ഞാണ് നിരോധനം കൊണ്ടുവന്നത്. ആയിരം രൂപനോട്ടുകൾ പിൻവലിച്ച ശേഷം കൊണ്ടുവന്നത് ഇരട്ടിമൂല്യമുള്ള നോട്ടുകൾ! ഇപ്പോൾ ചെയ്യുന്നതോ? ചെറിയ മൂല്യമുള്ള നോട്ടുകളുടെ അച്ചടി അപ്പാടെ നിർത്തിവച്ചിരിക്കുന്നു. 500, 2000 നോട്ടുകൾ മാത്രമാണ് ഇപ്പോൾ അച്ചടിക്കുന്നത്. നിലവിലെ പ്രതിസന്ധിക്ക് അച്ചടിയിലെ ഈ അസന്തുലിതാവസ്ഥയും കാരണമാണെന്ന് പറയുന്നു. പൂഴ്ത്തിവയ്പും കള്ളപ്പണവും തടയാനാണ് നോട്ട് നിരോധിച്ചത് എന്നു പറഞ്ഞവർതന്നെ പണക്ഷാമത്തിനു കാരണം പൂഴ്ത്തിവയ്പാണെന്ന് പറയുന്നു!

കർണാടക തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ചാലകശക്തി പണമാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ഉയർന്ന മൂല്യമുള്ള നോട്ടുകൾ രാഷ്ട്രീയപാർട്ടികൾ കർണാടത്തിലേക്ക് ഒളിച്ചുകടത്തുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നു പറയുന്നവരുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിൽ പണത്തിന് ആവശ്യംകൂടുന്നത് പതിവാണ്. പക്ഷേ, അത്ര വലുതല്ലാത്ത ഒരു സംസ്ഥാനത്തെ തിരഞ്ഞെടുപ്പാണ് ആന്ധ്രമുതൽ യുപിവരെ പണക്ഷാമത്തിന് ഏക കാരണം എന്നു വിശ്വസിക്കാൻ പ്രയാസമാണ്.

വിളവെടുപ്പും കല്യാണക്കാലവും

മിക്ക സംസ്ഥാനങ്ങളിലും ഏപ്രിൽ വരെ വിളവെടുപ്പു കാലമാണ്. ഈ സമയത്ത് പണത്തിന് ആവശ്യം കൂടുതലാണ്. ഓഗസ്റ്റ്, സെപ്റ്റംബറോടെ കല്യാണക്കാലമായി. ആഭരണങ്ങളും വസ്ത്രങ്ങളും മറ്റുമൊക്കെയായി പണം വാരിവിതറേണ്ട കാലം. 2016ലെ അനുഭവം ജനത്തിനു മുൻപിലുണ്ട്. സമയത്ത് ബാങ്കിൽനിന്നു പണമെടുക്കാം എന്നു കരുതിയിരുന്നാൽ ചിലപ്പോൾ പണികിട്ടാം. ഇനിയും ഒരബദ്ധം പറ്റാതിരിക്കാൻ ജനം പണം കറൻസിയായും സ്വർണമായുമൊക്കെ കരുതിവയ്ക്കുകയാണെന്നും സാമ്പത്തിക രംഗത്തുള്ളവർ പറയുന്നു.

സർക്കാരിലും ബാങ്കിലും വിശ്വാസമില്ല

നിക്ഷേപങ്ങളുടെ രൂപത്തിൽ പണം ബാങ്കുകളിൽ എത്തുന്നില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2016–17ൽ നിക്ഷേപ വളർച്ച 15.3 ശതമാനമായിരുന്നത് 2017–18 ൽ 6.7 ശതമാനമായി കുറഞ്ഞു. വായ്പാ തോത് ഉയരുകയും ചെയ്തു. റിസർവ് ബാങ്ക് ബാങ്കുകൾക്ക് പണം നൽകുന്നത് കുറഞ്ഞു. പണക്ഷാമത്തിന് കൂടുതൽ കാരണങ്ങൾ തേടേണ്ടതില്ലല്ലോ? എടിഎമ്മുകളിൽ നിറയ്ക്കാൻ ബാങ്കുകളുടെ ചെസ്റ്റിൽ പണമില്ല.

വീണ്ടെടുക്കണം വിശ്വാസ്യത

സമ്പദ്‌വ്യവസ്ഥയിലും ബാങ്കിങ് സംവിധാനത്തിലുമുള്ള വിശ്വാസ്യതയാണ് തകർന്നത്. അതു വീണ്ടെടുക്കാൻ ബോധപൂർവമായ ശ്രമങ്ങൾ വേണം. ബാങ്കുകൾ ജനത്തിന്റെ പണം എങ്ങനെയും തട്ടിയെടുക്കാനുള്ള സംവിധാനങ്ങളാണെന്ന ധാരണ മാറണം. ബാങ്കുകളിൽ പണം സുരക്ഷിതമാണെന്ന വിശ്വാസം ഉണ്ടാകണം. സ്വത്തു സമ്പാദിക്കാനും അതു സൂക്ഷിക്കാനും നിക്ഷേപിക്കാനുമുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടുമെന്ന് സർക്കാർ ജനത്തിൽ വിശ്വാസം ജനിപ്പിക്കണം. അതുണ്ടാകാത്തിത്തോളം പണക്ഷാമം പോലുള്ള ദുരിതങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PANAPPETTY
SHOW MORE
FROM ONMANORAMA