പ്രളയ നഷ്ടത്തിലും പ്രതീക്ഷിക്കാൻ ഏറെ

kerala-rains-floods
SHARE

ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ച കേരളത്തിന് ഇപ്പോഴത്തെ പ്രതിസന്ധിയും അതിജീവിക്കാനാകുമെന്നതിൽ സംശയമില്ല. പക്ഷേ, അതിന് ഏറെക്കാലവും ഒട്ടേറെ സമ്പത്തും വേണ്ടിവരും. വലിയൊരു ഉപഭോക്തൃ വിപണിയായ കേരളത്തിലെ പ്രളയം കച്ചവടക്കാർക്കു മുൻപിൽ സാധ്യതയുടെ വലിയ ലോകം തുറന്നിടുന്നു. പ്രളയം സർക്കാരിന്റെ വരുമാനത്തിൽ കുറവുണ്ടാക്കുമെങ്കിലും അത് ഹൃസ്വകാലത്തേക്ക് മാത്രമാണെന്നും ദീർഘകാലത്തിൽ  വരുമാനം കൂടുമെന്നും വാദിക്കുന്നവരുണ്ട്.    

നികുതി വരുമാനം

സർക്കാരിന്റെ വരുമാനം പ്രധാനമായും നികുതിയിൽനിന്നാണ്.  2017 –18 ൽ നികുതി വരുമാനത്തിൽ 15 % വളർച്ച മാത്രമാണുണ്ടായത്. 20% വളർച്ച പ്രതീക്ഷിച്ചിരുന്നിടത്താണിത്. ജിഎസ്ടി നടപ്പാക്കി ആദ്യ വർഷമാണ് കടന്നുപോയത്. 2017 –18ലെ മൊത്തം നികുതി വരുമാനം  37894.54 കോടി രൂപയായിരുന്നു. ഇതിൽ ജിഎസ്ടിയുടെ സംഭാവന 13967.70 കോടി രൂപ മാത്രം. ആദ്യവർഷമെന്ന നിലയിൽ കേന്ദ്രത്തിൽനിന്നു കിട്ടിയ 2508 കോടി രൂപ നഷ്ടപരിഹാരവും കൂട്ടിയാണിത്. ജിഎസ്ടി കാലയളവിലുണ്ടായ നികുതി വളർച്ച 12 ശതമാനത്തിൽ താഴെ മാത്രം. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ അന്തർ സംസ്ഥാന വ്യാപാരത്തിലൂടെ ലഭിക്കുന്ന ഐജിഎസ്ടിയാണ് കേരളത്തിന്റെ നികുതി വരുമാനത്തിൽ പ്രധാനം. പ്രളയം കേരളത്തിന്റെ വാങ്ങൽ ശേഷി കുറയ്ക്കുമെന്നും ജിഎസ്ടി വരുമാനത്തിൽ ഇടിവുണ്ടാക്കുമെന്നുമാണ് ഭീതി. 

ഇതിനൊരു മറുവശവും ഉണ്ട്. വീടും ഗൃഹോപകരണങ്ങളുമെല്ലാം നഷ്ടപ്പെട്ടവർ അതെല്ലാം വീണ്ടും ഒരുക്കുമ്പോൾ കേരളത്തിലുണ്ടാകുക വലിയൊരു വിപണിയാണ്.  

നല്ല വീട്, വൈദ്യുതി കണക്‌ഷൻ, മൊബൈൽ ഫോൺ അല്ലെങ്കിൽ ലാൻഡ് ഫോൺ, എയർ കണ്ടീഷനർ, ടിവി, ഫ്രിജ്., വാഷിങ് മെഷീൻ, കാർ അല്ലെങ്കിൽ ബൈക്ക് എന്നിവയിൽ ഏതെങ്കിലും ആറെണ്ണം കേരളത്തിലെ 30 % വീടുകളിലും ഉണ്ടെന്നാണ് 2015– 16 ലെ നാഷനൽ ഫാമിലി ഹെൽത്ത് സർവേ പറയുന്നു. ഇവ നന്നാക്കുകയോ പുതിയത് വാങ്ങുകയോ വേണ്ടിവരുന്ന അവസ്ഥയാണ് നിലവിൽ. ടിവിക്കും ഫ്രിജിനുമാകും ഇതിൽ മുൻഗണന ലഭിക്കുക. നഷ്ടത്തിൽനിൽക്കുന്ന മലയാളിയെ ആകർഷിക്കാൻ ഓഫറുകളുമായാവും ഇത്തവണ കമ്പനികളുടെ വരവ്. മിക്ക വീടുകളുടെയും വയറിങ് നശിച്ചു. അവ മാറ്റിസ്ഥാപിക്കണം. വീടുകളുടെ കേടുപാട് തീർക്കൽ , പെയിന്റിങ് എന്നിവ നിർമാണ മേഖലയിലും ചലനമുണ്ടാക്കാം. ഇതെല്ലാം ജിഎസ്ടി വരുമാനത്തിൽ നേട്ടമുണ്ടാക്കാം.  

കൃഷി

തെങ്ങ്, നെല്ല്, റബർ, തേയില തുടങ്ങിയവയെയാണ് പ്രളയം പ്രധാനമായും ബാധിച്ചത്. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലുണ്ടായ പ്രളയം ഉൽപാദനത്തെയും കാര്യമായി ബാധിക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ റബർ തോട്ടങ്ങൾക്കും കാര്യമായ നാശമുണ്ട്. റബർ തോട്ടങ്ങൾക്കുണ്ടായ നഷ്ടം ഉൽപാദനം കുറയ്ക്കും. അത് വില വർധനവിനും വഴിവയ്ക്കാം. റബർ വില കുറച്ചു കാലങ്ങളായി തിരിച്ചുവരവിന്റെ പാതയിലാണ്. ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വർധന കൃത്രിമ റബറിന്റെ പ്രിയം കുറയ്ക്കുകകൂടി ചെയ്യുന്ന സാഹചര്യത്തിൽ സ്വാഭാവിക റബറിന് നേട്ടമുണ്ടാകുമെന്ന പ്രതീക്ഷ കർഷകർക്കുണ്ട്. മൃഗസംരക്ഷണ മേഖലയിലുണ്ടായ നഷ്ടം പരിഹരിക്കാൻ പക്ഷേ, കാലങ്ങളെടുക്കും. കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തു. കന്നുകാലി സമ്പത്തിലും വൻ നാശമുണ്ടായി. ഇത് പാൽ ഉൽപാദനത്തെയും ദോഷകരമായി ബാധിക്കും. 

റോഡുകൾ , പാലങ്ങൾ

കേരളത്തിലെ പ്രധാന റോഡുകളടക്കം മിക്കവയും നശിച്ചു. ഇവയുടെ പുനർനിർമാണവും അറ്റകുറ്റപ്പണിയുമാണ് അടിയന്തരമായി സംസ്ഥാനത്തിന് ചെയ്തുതീർക്കാനുള്ളത്. ഇടുക്കി, വയനാട്, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാകും ഏറെ പണം മുടക്കേണ്ടിവരിക. സംസ്ഥാനത്തിന് വൻ ബാധ്യത വരുമെങ്കിലും കൂലിയിനത്തിലും മറ്റുമായി ധാരാളം പണം എത്തുന്നത് വിപണിയെ ചലനാത്മകമാക്കും. 

ഇൻഷുറൻസ്

കേരളത്തിന്റെ വരുമാനത്തിന്റെ പകുതിയും സേവന മേഖലയിൽനിന്നാണ്. ഇൻഷുറൻസ് മേഖലയ്ക്ക് ധാരാളം ക്ലെയിമുകൾ നൽകേണ്ടി വരുമെങ്കിലും ദീർഘ കാലത്തിൽ നേട്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. വാഹനങ്ങൾ ഇൻഷുർ ചെയ്യുമെങ്കിലും വീടുകൾ ഇൻഷുർ ചെയ്യുന്ന സ്വഭാവം പൊതുവെ മലയാളിക്കില്ല. കാറുകൾതന്നെ പരമാവധി വിലകുറച്ചു കാണിച്ച് ഇൻഷുർ ചെയ്യുന്ന പ്രവണതയുമുണ്ട്. വീടുകളും വിലപിടിച്ച ഗൃഹോപകരണങ്ങളും ഇൻഷുർ ചെയ്യണം എന്ന പാഠമാണ് പ്രളയം മലയാളിയെ പഠിപ്പിക്കുന്നത്. 

ടൂറിസം 

കുട്ടനാട്, വയനാട്, ഇടുക്കി തുടങ്ങി പ്രധാന ടൂറിസം മേഖലകളെയാണ് പ്രളയം ബാധിച്ചത്. എങ്കിലും ഒക്ടോബറിൽ തുടങ്ങുന്ന സീസമാകുമ്പോഴേക്കും ഈ മേഖല തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. ഹോട്ടൽ , റസ്റ്ററന്റുകൾ തുടങ്ങിയവയ്ക്കും പ്രളയകാലം നഷ്ടങ്ങളാണ് സമ്മാനിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PANAPPETTY
SHOW MORE
FROM ONMANORAMA