ധനമന്ത്രിയുടെ പെട്ടിയിലുണ്ടാകുമോ, വിജയത്തിനുള്ള ഒറ്റമൂലി 

BUDGET
SHARE

ധനക്കമ്മിയുടെയും സാമ്പത്തിക അച്ചടക്കത്തിന്റെയുമൊക്കെ കാര്യം പറഞ്ഞിരുന്നാൽ കാര്യങ്ങൾ കൈവിട്ടുപോകും. ധനക്കമ്മി മാന്യമായ നിലവാരമെന്നു പറയുന്ന 3.3 ശതമാനത്തിൽ ഒതുക്കി നിർത്തണമെന്നൊക്കെ ധനകാര്യ വിദഗ്ധർ പറയും. സാധാരണക്കാരന്റെ മുൻപിൽ ഈ സാമ്പത്തിക സിദ്ധാന്തമൊന്നും വിലപ്പോവില്ലെന്ന് കേന്ദ്ര സർക്കാരിനും ബിജെപിക്കും നന്നായി അറിയാം. അതവർ അടുത്തയിടെ 5 സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ തിരിച്ചറിഞ്ഞതാണ്. 

ആനുകൂല്യങ്ങൾ വാരിവിതറുന്ന ബജറ്റ് അവതരിപ്പിക്കാൻ കയ്യിൽ കാശില്ല. ജിഎസ്ടിയിൽനിന്ന് പ്രതീക്ഷിച്ച വരുമാനം കിട്ടുന്നുമില്ല. നോട്ട് നിരോധനംവഴി കുറഞ്ഞത് 3– 4 ലക്ഷം കോടി രൂപയെങ്കിലും ഖജനാവിലെത്തുമെന്നു കരുതിയതും വെറുതെയായി. ഇടക്കാല ലാഭവിഹിതമായി 30000 – 40000 കോടി രൂപ തരാമെന്ന് റിസർവ് ബാങ്ക് സമ്മതിച്ചതാണ് തൽക്കാലം ആശ്വാസം. ധനക്കമ്മി മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 3.3 ശതമാനത്തിൽ ഒതുക്കി നിർത്തണമെന്ന വാശി ഉപേക്ഷിച്ച് അവസാന അവസരത്തിൽ എന്തെങ്കിലുമൊക്കെ ചെയ്ത് പെട്ടിയിൽ വോട്ട് എത്തിക്കാൻ തന്നെയാവും ധനമന്ത്രി ശ്രമിക്കുക. 

15 കോടി രൂപ നൽകുമെന്ന് പറഞ്ഞത് പാലിച്ചില്ലെന്നു പറഞ്ഞ് വിഷമിച്ചു നിൽക്കുന്നവർക്ക് നേരിട്ട് അക്കൗണ്ടിലേക്ക് കുറച്ചു പണം നൽകുക, ആദായ നികുതി പരിധി 2.5 ലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷമാക്കി ഉയർത്തുക തുടങ്ങിയ പ്രഖ്യാപനങ്ങളിലൂടെ മധ്യവർഗത്തെയും കർഷകരെയും അടുപ്പിക്കാനാകും ബിജെപി ശ്രമിക്കുക. 

കർഷകർക്ക് പണം 

ഒഡീഷ സർക്കാർ പരീക്ഷിച്ചു ജയിച്ച പദ്ധതി കേന്ദ്ര സർക്കാരിന്റെ ആലോചനയിൽ ഉണ്ടെന്നാണ് കേൾക്കുന്നത്. വായ്പകൾ പൂർണമായും എഴുതിത്തള്ളുന്നതിനോട് സർക്കാരിന് യോജിപ്പില്ല. അത് വലിയ ചെലവുള്ള കാര്യമാണ്. കർഷകരെക്കാൾ അതിന്റെ ഗുണം ലഭിക്കുക ബാങ്കുകൾക്കാകും എന്നും ബിജെപി കരുതുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്  സർക്കാരുകളുടെ മാതൃകയിൽ തങ്ങളും അതുതന്നെ ചെയ്താൽ രാഹുൽ ഗാന്ധിയുടെ സമ്മർദം ഫലം കണ്ടു എന്ന വാദവും ഉയരാം.

നേരിട്ട് പണം കയ്യിൽ കിട്ടുന്നവന്റെ സന്തോഷം ഇതിലെല്ലാം ഉപരിയായിരിക്കും. 5 ഏക്കറിൽ താഴെ സ്ഥലമുള്ള കർഷകർക്ക് വിത്തും വളവും കീടനാശിനികളുമെല്ലാം വാങ്ങാനും കൂലി ഇനത്തിലുമുള്ള ചെലവ് നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽ നൽകുകയാണ് ഒഡീഷ സർക്കാർ ചെയ്തത്. ഇതേ മാതൃക തന്നെ ബജറ്റിൽ പ്രഖ്യാപിക്കാൻ നല്ല സാധ്യതയുണ്ട്. കൃഷിക്ക് ഇൻഷുറൻസ് പരിരക്ഷയും നൽകാം. പണം നേരിട്ട് കർഷകന്റെ കയ്യിലെത്തിയാൽ അതിന്റെ പ്രതിഫലനം വിപണിയിൽ ഉണ്ടാകും.

ജനങ്ങളുടെ ക്രയശേഷി കുറഞ്ഞതാണ് സാമ്പത്തിക രംഗത്ത് നിലവിലെ പ്രശ്നങ്ങൾക്ക് പ്രധാന കാരണം. കച്ചവടം കുറഞ്ഞത് ഉൽപാദനക്കുറവിനും ജോലികൾ കുറയാനും കാരണമായി. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 11ദശലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടു. സർക്കാർ പണം നിർമാണമേഖലയിലും മറ്റും ചെലവഴിച്ചതുകൊണ്ടുമാത്രം വിപണിയെ സജീവമാക്കാൻ കഴിയില്ലെന്ന കണക്കുകൂട്ടലിലാണ് സർക്കാർ.

ആദായനികുതി ഇളവ്

കഴിഞ്ഞ ബജറ്റുകളിലെല്ലാം പ്രതീക്ഷിച്ചെങ്കിലും ആദായ നികുതിയിൽ കാര്യമായ ഇളവുനൽകാൻ ധനമന്ത്രി തയാറായിരുന്നില്ല. ഇത്തവണ പക്ഷേ, അങ്ങനെയാവില്ല. 2.5 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് നിലവിൽ ആദായനികുതി നൽകേണ്ട. 2.5 – 5 ലക്ഷം – 5%, 5–10 – 20%, 10ലക്ഷത്തിനു മുകളിൽ 30% എന്നിങ്ങനെയാണ് നിലവിലെ ആദായനികുതി സ്ലാബുകൾ. അഞ്ചുലക്ഷം വരെ വരുമാനമുള്ളവരെ ആദായനികുതി നൽകുന്നതിൽനിന്ന് പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായിക്കൂടെന്നില്ല. ഇടത്തരക്കാരായ വലിയൊരു വിഭാഗത്തെ ആകർഷിക്കാൻ ഇതുവഴി കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. 

സമ്പൂർണ ബജറ്റ്

തൽക്കാലം നാലോ അഞ്ചോ മാസത്തെ ചെലവുകൾക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കുകയാണ് കാലാവധി തീരാൻ പോകുന്ന സർക്കാരുകൾ ചെയ്യാറ്. അല്ലെങ്കിൽ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. വാജ്പേയ് സർക്കാരിലെ ധനമന്ത്രി ആയിരുന്ന യശ്വന്ത സിൻഹ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. അരുൺ ജയ്റ്റ്ലി പക്ഷേ, സമ്പൂർണ ബജറ്റ് തന്നെയാവും അവതരിപ്പിക്കുക. ഫെബ്രുവരി അവസാനം ബജറ്റ് അവതരിപ്പിക്കുന്ന രീതി മാറ്റി ഫെബ്രുവരി ആദ്യം ബജറ്റ് അവതരിപ്പിക്കു രീതിക്ക് മോദി സർക്കാർ തുടക്കം കുറിച്ചിരുന്നു. ധനകാര്യ വർഷം തുടക്കത്തിൽത്തന്നെ പദ്ധതി നടത്തിപ്പ് ആരംഭിക്കാം എന്ന നേട്ടമാണ് ഇതിനു കാരണമായി പറഞ്ഞത്. അങ്ങനെ വരുമ്പോൾ ഈ മാസം 31ന് സാമ്പത്തിക സർവേ അവതരിപ്പിച്ച് ഫെബ്രുവരി ഒന്നിന് പൂർണ ബജറ്റ് അവതരിപ്പിക്കാനാകും സർക്കാർ ശ്രമിക്കുക. 

നാളെയെക്കുറിച്ച് ചിലത്

ഭരണത്തുടർച്ച ലഭിച്ചാൽ ചെയ്യാൻ പോകുന്ന കാര്യങ്ങളുടെ സൂചനയാകും കേന്ദ്രബജറ്റ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പു ബജറ്റ്തന്നെയാകും അവതരിപ്പിക്കുക. നോട്ട് നിരോധനവും ജിഎസ്ടിയും  ജനത്തിന്റെ മനസ്സിൽ ഏൽപിച്ച മുറിവുണക്കാൻ കഴിയുന്ന മരുന്നുകൾ അതിൽ ഉണ്ടാകണം.  തീർച്ചയായും അതിനുള്ള ഒറ്റമൂലികൾ ബജറ്റ് പെട്ടിയിൽ കരുതിത്തന്നെയാകും ധനമന്ത്രി അരുൺ ജയ്റ്റ്ലി ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ എത്തുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PANAPPETTY
SHOW MORE
FROM ONMANORAMA