സംയമനവും മനോനിയന്ത്രണവും

self-controle
SHARE

ജീവിതം നൽകുന്ന കാഴ്ചകളിലും അനുഭവങ്ങളിലും സന്തോഷം മാത്രം കണ്ടെത്താനും സന്താപത്തെ അകറ്റി നിർത്താനും കഴിയണം. സന്തോഷം മാത്രമായിട്ടൊരു ജീവിതമില്ല. സന്താപം മാത്രം നൽകുന്ന ജീവിതവുമില്ല. ക്ഷമയുണ്ടായാൽ എല്ലാം ഒരു പോലെ ആസ്വദിക്കാം. അക്ഷമ യാത്രയുടെ താളം തെറ്റിക്കും. സന്തോഷത്തിൽ മതിമറക്കാതിരിക്കാനും സന്താപത്തിൽ അടിപതറാതിരിക്കാനും ആവശ്യമായ സംയമനവും മനോനിയന്ത്രണവും കൈയിലുണ്ടാവണം. ജീവിതയാത്രയിൽ ഒാരോരുത്തരും അവരവരുടെ മനസ്സിനെ മാത്രം നിയന്ത്രിച്ചാൽ മതി.  മറ്റുള്ളവരെ നിയന്ത്രിക്കാൻ ശ്രമിക്കേണ്ട. 

മനുഷ്യകുലത്തിന്റെ മഹത്തായ പ്രയാണങ്ങളെക്കുറിച്ചുള്ളതാണല്ലോ ഇതിഹാസങ്ങളെല്ലാം. ഗ്രീസിലായാലും ഭാരതത്തിൽ ആയാലും ഇതിഹാസ കഥകളെല്ലാം ജീവിതയാത്രകളെയാണ് വിവരിക്കുന്നത്. ഗ്രീക്ക് എെതിഹ്യത്തിലെ ധീരന്മാരിലൊരാളായിരുന്നല്ലോ ഒഡിസ്യസ് അഥവാ യുളിസിസ് എന്നപേരിൽ അറിയപ്പെട്ടിരുന്ന ഇതാക്കയിലെ രാജാവ്.

സ്പാർട്ടയിലെ മെനെലാസ് മഹാരാജാവിന്റെ ഭാര്യയായ ഹെലെനെ ട്രോയിലെ അലക്സാണ്ടർ അഥവാ പാരിസ് എന്ന രാജകുമാരൻ തട്ടക്കൊണ്ടു പോയപ്പോൾ ഒഡിസ്യസിന്റെ ജീവിതമാണ് കലങ്ങി മറിഞ്ഞത്. ട്രോയുമായി യുദ്ധം ചെയ്ത് തന്റെ പത്നിയെ വീണ്ടെടുത്തു തരണമെന്ന് മെനെലാസ് നേരിട്ട് അഭ്യർത്ഥിച്ചു. വഴുതിമാറാൻ ഒഡിസ്യസ് ഒരു ഭ്രാന്തനായി വരെ അഭിനയിച്ചു നോക്കി. കലപ്പയിൽ ഒരു വശത്ത് കഴുതയും മറുവശത്ത് കാളയും കെട്ടി നിലമുഴുത് ഭ്രാന്ത് അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് മെനെലാസ് രാജാവിന്റെ സഹോദരൻ അഗമെമ്നോൻ നുകത്തിനു മുന്നിലേക്ക് ഒഡിസ്യസിന്റെ കഞ്ഞുമകനെ പിടിച്ചിട്ടത്. ഭ്രാന്തനായി നിലമുഴുതു മിറച്ചുകൊണ്ടിരുന്ന ഒഡിസ്യസ് മകന്റെ ദേഹത്ത് കൊള്ളാതെ നുകത്തിന്റെ ദിശ ശ്രദ്ധാപൂർവ്വം മാറ്റി. ഇതോടെ ഭ്രാന്തില്ലെന്ന് രാജാവിന് വ്യക്തമാവുകയും ഒഡിസ്യസ് ട്രോജൻ യുദ്ധത്തിനായി മനസ്സില്ലാ മനസ്സോടെ പുറപ്പെടുകയും ചെയ്തു. പത്തു വർഷം നീണ്ട യുദ്ധം. യുദ്ധാനന്തരം ട്രോയ് തകരുകയും ഹെലൻ വീണ്ടും മെനെലാസിന്റെ ഭാര്യയാവുകയും ചെയ്തു.

യുദ്ധം അവസാനിച്ചിട്ടും ഒഡിസ്യസിന്റെ ജീവിതയാത്ര സംഭവബഹുലമായി തന്നെ തുടർന്നു. മടക്കയാത്രയ്ക്കിടെ പോളിഫെമസ് എന്ന ഭീകരരാക്ഷസന്റെ ദ്വീപിൽ ശരിക്കുമൊരു അകപ്പെടൽ തന്നെയായിരുന്നു. ഒഡിസ്യസിന്റെ ഭടന്മാരെ ഒാരോരുത്തരെയായി പോളിഫെമസ് കറുമുറെ തിന്നുവാൻ തുടങ്ങി. ഒടുവിൽ പോളിഫെമസുമായി വല്ലവിധേനയും ഒരു സന്ധി സംഭാഷണത്തിലേർപ്പെട്ടു. സന്ധിസംഭാഷണത്തിനൊടുവിൽ ഒഡിസ്യസ് നൽകിയ ഒരു പാട്ട വീഞ്ഞ് കുടിച്ച് മയങ്ങിപ്പോയ പോളിഫെമസിന്റെ കണ്ണുകളെ വിറകുകൊള്ളികൊണ്ട് കുത്തിപ്പോട്ടിച്ച ശേഷം ഒഡിസ്യസ് ഒാടിപ്പോകുകയാണ്.

ഇതിനിടെ വായുദേവനായ ഇയിലസ്, മാന്ത്രിക ദേവതയായ സിർസ്, ആത്മാക്കൾ.. . തുടങ്ങി നിരവധി കഥാപാത്രങ്ങൾ നിർണ്ണായകമായ ഇടപെടലുകൾ നടത്തുന്നുണ്ട്. സംഭവബഹുലവും അതിസാഹസികവുമായ കടൽയാത്ര ചെയ്ത് 20 വർഷങ്ങൾക്കു ശേഷമാണ് ഒഡിസ്യസ് തന്റെ രാജ്യമായ ഇതാക്കയുടെ തീരമണയുന്നത്. വേഷപ്രഛന്നനായി ഒരു ഭിക്ഷാടകനെപ്പോലെ തന്റെ വീട്ടിലെത്തുമ്പോൾ അർഗോസ് എന്ന വളർത്തു നായയും പാദങ്ങൾ കഴുകിയ വേലക്കാരിയും മാത്രമാണ് തിരിച്ചറിയുന്നത്. ഭാര്യ പെനെലോപിന് പോലും തിരിച്ചറിയാൻ സാധിച്ചില്ല.

തങ്ങളുടെ മക്കളെയെല്ലാം കൊണ്ടു പോയി കുരിതി കൊടുത്തശേഷം ഒറ്റയ്ക്ക് തിരിച്ചെത്തിയ ഒഡിസ്യസ്യനെ വകവരുത്തുവാൻ ഇതാക്കക്കാർ ഒത്തുകൂടി. അഥീനാ ദേവത ഇടപെട്ടതു കൊണ്ട് മാത്രം സമാധാനം പുനസ്ഥാപിക്കുകയായിരുന്നു. ഒഡിസ്യസിന്റെ ജീവിതയാത്രയിൽ എല്ലാം കലർന്നിട്ടുണ്ട്. സന്തോഷത്തിന്റെ മധുരവും കണ്ണീരിന്റെ ഉപ്പും ഉദ്വേഗവുമൊക്കെയുള്ള ജീവിത വഴിയിൽ സംയമനവും ക്ഷമയും പാലിച്ചതു കൊണ്ടു മാത്രമാണ് പരീക്ഷണങ്ങളുടെ വേലിയേറ്റങ്ങളെ ഒഡിസ്യസ് അതിജീവിക്കുന്നത്.

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

ശാന്തിഗിരി ആശ്രമം മതാതീത ആത്മീയതയുടെയും മതേതരത്വത്തിന്റെയും വക്താവായ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, നവജ്യോതിശ്രീ കരുണാകരഗുരു സ്ഥാപിച്ച തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന വ്യക്തിയാണ്. ആത്മീയനേതാവ്, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം സാമൂഹിക സാംസ്‌കാരികരംഗത്ത് പ്രവർത്തിക്കുന്ന സ്വാമി രാജ്യത്തുടനീളം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മതേതര ആത്മീയതയുടെ പ്രചരണത്തിനും നേതൃത്വം നൽകുന്നു. ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറിയായ അദ്ദേഹം, നേരിന്റെ ബാല്യം, തെരഞ്ഞെടുത്ത ലേഖനങ്ങള്‍, പുതിയ മനുഷ്യനാകാന്‍ എന്നീ പുസ്തകങ്ങളും ഗുരുവിന്റെ ജീവചരിത്ര സംഗ്രഹവും രചിച്ചിട്ടുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്തിടെ പ്രസിദ്ധീകരിച്ച ഗുരുവിന്റെ ജീവചരിത്ര സംഗ്രഹം ആറു മാസങ്ങള്‍ കൊണ്ട് അഞ്ച് ലക്ഷം കോപ്പികള്‍ വിറ്റഴിച്ചിരുന്നു. ശാന്തിഗിരി ആശ്രമത്തെ രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമാക്കി വളര്‍ത്തുന്നതില്‍ സ്വാമി വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സർക്കാറിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതികളിൽ സഹകരിക്കുന്നു. സാമൂഹിക മതേതര ആത്മീയ മേഖലകള്‍ക്ക് നൽകിയ സംഭാവനകളെ മുന്‍നിര്‍ത്തി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HRIDAYAKAMALAM
SHOW MORE
FROM ONMANORAMA