യാചകർക്ക് വസ്ത്രധാരണം

hridayakamalam
SHARE

മുഷിഞ്ഞ വേഷധാരിയായ ഒരു ഭിക്ഷാംദേഹി പട്ടണത്തിലെ വീടുകളിലൂടെ ഭിക്ഷയാചിക്കാൻ ഇറങ്ങി. നല്ല വെയിലാണ്. ധനമോ അന്നമോകിട്ടുന്നതിനെക്കാൾ വലുത് ഒരു കുമ്പിൾ ദാഹജലം കിട്ടുന്നതായിരിക്കുമെന്ന് അദ്ദേഹം കരുതി. ഒരു ധനികന്റെ വീട്ടിലാണ് ആദ്യം ചെന്നത്. ഇത്തിരി ദാഹജലം തന്നാലും എന്ന് അദ്ദേഹം വീട്ടുടമയോട് താഴ്മയായി അപേക്ഷിച്ചു. പക്ഷേ ഖേദകരം എന്നല്ലാതെ എന്തു പറയാൻ. വീട്ടുകാർ ഒരു തുള്ളി വെള്ളം പോലും നൽകിയില്ല. മാത്രമല്ല, നായ്ക്കളുണ്ട് പെട്ടെന്ന് പൊയ്ക്കൊള്ളാൻ ഒാർമപ്പെടുത്തുകയും ചെയ്തു. ഖിന്നചിത്തനായ ഭിക്ഷു അടുത്ത വീട്ടിലേക്ക് ചെന്നു. വലിയ ധനികരൊന്നുമല്ലെന്നു തോന്നിക്കുന്ന ഇടത്തരം വീട്. മുറ്റമൊക്കെ വെടിപ്പാക്കി ഇട്ടിരിക്കുന്നു. ഒരു ഭാഗത്ത് അൽപം കൃഷിയും പൂന്തോട്ടവുമൊക്കെയുണ്ട്. "ഭഗവൻ... ഇത്തിരി ദാഹജലം തരണേ...'' ഭിക്ഷു നീട്ടിവിളിച്ചു. ഉടൻ തന്നെ ഗൃഹനാഥൻ കടന്നു വന്നു. ഭിക്ഷുവിനോട് തിണ്ണയിൽ ഇരിക്കാൻ പറഞ്ഞു. പുരയ്ക്കുള്ളിൽ ചെന്ന് നല്ല സംഭാരം ഒരു മൊന്തയിൽ കൊണ്ടു വന്ന് ഭിക്ഷുവിന് നൽകി. മാത്രമല്ല അന്ന് തന്റെ പിതാവിന്റെ ഒാർമനാൾ ആണെന്നും സദ്യ കഴിച്ചിട്ടു പോകണമെന്നും പറഞ്ഞ് ഭിക്ഷുവിന് മാവിൻ ചോട്ടിൽ ഒരു ചാരുകസേര ഇട്ടു കൊടുത്തു. സദ്യ കഴിഞ്ഞ് പിരിയുമ്പോൾ ഒരു നല്ല ഉടുപ്പും മുണ്ടും കൂടി ഭിക്ഷുവിന് നൽകിയാണ് യാത്രയാക്കിയത്. 

സന്തോഷത്തോടെ പിരിഞ്ഞ ഭിക്ഷു അന്നത്തെ ഭിക്ഷാടനം മതിയാക്കി തന്റെ കുടിലിൽ തിരിച്ചു ചെന്ന് ധ്യാനനിമഗ്നനായി. പിറ്റേന്ന് വീണ്ടും ഭിക്ഷാടനം. പുതിയ ഉടുപ്പും മുണ്ടും അണിഞ്ഞാണ് യാത്ര. ആദ്യം ചെന്ന് തട്ടിയത് തലേന്ന് ഒരു തുള്ളി വെള്ളം നൽകാതെ പായിച്ച അതേ ധനികന്റെ വീട്ടിൽ തന്നെ. മാന്യവസ്ത്രധാരിയായ ഒരാൾ വാതിൽക്കൽ നിൽക്കുന്നത് കണ്ട് വീട്ടുടമ അതിനേക്കാൾ മാന്യമായി പെരുമാറുകയും അതിഥിക്ക് നല്ല ഭക്ഷണം നൽകുകയും ചെയ്തു. ഭക്ഷണം കഴിച്ചു കഴിയാറായപ്പോൾ ഭിക്ഷു കുറെ ചോറും കറിയും സംഭാരവും തന്റെ കുപ്പായത്തിന് നൽകും പോലെ അഭിനയിച്ചു. വിചിത്രമായ സ്വഭാവം കണ്ടിട്ട് ഇതെന്താണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഗൃഹനാഥൻ തിരക്കി. ഭിക്ഷു പറഞ്ഞു: "എന്റെ ഇൗ കുപ്പായം കാരണമല്ലേ നിങ്ങൾ എന്നെ ഇങ്ങനെ സ്വീകരിച്ചതും ആതിഥ്യമര്യാദ കാട്ടിയതും. ഇന്നലെ എന്റെ മുഷിഞ്ഞ വേഷമണിഞ്ഞ് വന്നപ്പോൾ നിങ്ങൾ എന്നെ നായ്ക്കളുണ്ടെന്ന് പറഞ്ഞ് ആട്ടിപ്പായിക്കുകയല്ലേ ചെയ്തത്. അപ്പോൾ ഇന്ന് എനിക്ക് അന്നത്തിനു വഴികാട്ടിത്തന്ന കുപ്പായത്തോട് ഞാൻ നന്ദി കാട്ടണ്ടേ''. ഭിക്ഷുവിന്റെ മറുപടികേട്ടപ്പോൾ വീട്ടുടമസ്ഥൻ കുറ്റബോധത്താൽ തലതാഴ്ത്തി. 

പുറംപൂച്ചുകളിൽ മാത്രം വിശ്വസിക്കുന്നത് നന്നല്ല. ഒരു കർഷകനോ തൊഴിലാളിയോ ഭിക്ഷുവോ എപ്പോഴും നല്ല വസ്ത്രം ധരിച്ചുകൊള്ളണം എന്നില്ല. വിയർപ്പാണ് അവരുടെ മൂലധനം. വിയർപ്പുമണികൾ വിതറിയാണ് കർഷകനും തൊഴിലാളിയും അന്നന്നുള്ള അന്നത്തിന് വഴികാണുന്നത്. ലൗകിക താല്പര്യങ്ങളെല്ലാം ഉഴിഞ്ഞു വച്ചാണ് സന്യാസഭിക്ഷുക്കൾ ഭിക്ഷാടനത്തിന് ചെല്ലുന്നത്. ഇവരുടെ ബാഹ്യഭംഗിയല്ല, ആന്തരികഭംഗിയാണ് നാം വിലമതിക്കേണ്ടത്. 

Read more: Lifestyle Malayalam MagazineBeauty Tips in Malayalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HRIDAYAKAMALAM
SHOW MORE
FROM ONMANORAMA