സംശയവും അവിശ്വാസവും അതിരുവിട്ടാൽ

Gold
SHARE

രാജാവ് വലിയ ദയാലുവായിരുന്നെങ്കിലും അതീവ ലുബ്ധനും കണ്ണിൽച്ചോരയില്ലാത്തവനുമായിരുന്നു കൊട്ടാരം കണക്കപ്പിള്ള. രാജാവിനെയും രാജ്ഞിയെയും ഒഴിച്ചാൽ മറ്റാരെയും വിശ്വാസത്തിലെടുക്കാത്ത ഒരു പ്രത്യേക സ്വഭാവം. കീഴിൽ ജോലി ചെയ്യുന്നവരെ വിശ്വാസമില്ലെന്നു മാത്രമല്ല ചെയ്യുന്ന പണിക്ക് മതിയായ വേതനവും നൽകില്ല. ഒരിക്കൽ രാജാവ് മാസപ്പടിയായി നൽകിയ 36 സ്വർണ്ണനാണയങ്ങൾ അയാൾ ഒരു കിഴികെട്ടി ഭദ്രമായി സൂക്ഷിച്ചു. പക്ഷേ വലിയൊരു അക്കിടി പറ്റി. എവിടെയാണ് വച്ചതെന്ന് കക്ഷി മറന്നു പോയി. പിന്നെ അന്വേഷണമായി, തപ്പലായി, തിരയലായി. ചുറ്റുമുള്ള ആരെയും അണുവിട വിശ്വാസമില്ലാത്തതിനാൽ എല്ലാവരെയും സംശയത്തോടെയാണ് കണക്കപ്പിള്ള നോക്കിയത്. ആരെ കണ്ടാലും എന്റെ പണക്കിഴി താനെടുത്തോ, എന്റെ പണക്കിഴി താൻ കണ്ടില്ലേ, എന്നൊക്കെയാണ് ചോദ്യം. ചുരുക്കിപ്പറഞ്ഞാൽ കണക്കപ്പിള്ളയുടെ പണക്കിഴി നഷ്ടമായത് സർവ്വർക്കും വിനയായി. 

ഇതിനിടെ പതിവുപോലെ വാരത്തിലൊരിക്കൽ കണക്കപ്പിള്ളയുടെ മുറി വിശദമായി അടിച്ചു വാരാൻ സ്ത്രീകളെത്തി. മേശയ്ക്കു പിന്നിലായി മേശക്കും ചുമരിനുമിടയിൽ താഴേക്കു വീഴാതെ തട്ടിനില്ക്കുന്ന പണക്കിഴി അവരിൽ ഒരാൾ കണ്ടു. അവൾ അത് അപ്പോൾ തന്നെ കൈക്കലാക്കി ഏവരും കാൺകെ അതേപടി കണക്കപ്പിള്ളയെ ഏൽപിച്ചു. കണക്കപ്പിള്ള ആവേശത്തോടെ കിഴിതുറന്ന് എണ്ണി നോക്കി 36 നാണയങ്ങളും ഭദ്രമായിത്തന്നെ ഇരിപ്പുണ്ട്. എങ്കിലും അയാളുടെ വക്രബുദ്ധി ഉണർന്നു പ്രവർത്തിച്ചു. ആരെയും വിശ്വാസമില്ലാത്ത താനെങ്ങനെയാണ് കേവലം ഒരു അടിച്ചുതളിക്കാരിയെ വെറുതെയങ്ങു വിശ്വസിക്കുക. തന്റെ കിഴിയിൽ രാജാവ് തന്ന 36 എണ്ണത്തിനു പുറമെ താൻ നിക്ഷേപിച്ച 14 എണ്ണം കൂടി ചേർന്നാൽ ആകെ 50 സ്വർണ്ണനാണയങ്ങൾ ഉണ്ടായിരുന്നെന്നും ഇപ്പോൾ 36 എണ്ണം മാത്രമെ കാണുന്നുള്ളൂ എന്നും അയാൾ കൂകിവിളിച്ചു. 

കൊട്ടാരത്തിൽ വലിയ പ്രശ്നമായി. കൊട്ടാരം പണിക്കാരെല്ലാം ഒരു വശത്തും കണക്കപ്പിള്ള മറുവശത്തുമായി വലിയ വാഗ്വാദം നടന്നു. ഒടുവിൽ പ്രശ്നം രാജഗുരുവിന്റെ അടുക്കലെത്തി. കണക്കപ്പിള്ളയുടെ സ്വഭാവവൈകല്യം മനസ്സിലാക്കിയ രാജഗുരു വിധി പറഞ്ഞു: ""എന്തായാലും കണക്കപ്പിള്ളയുടെ കിഴിയിൽ 50 നാണയങ്ങളാണല്ലോ ഉണ്ടായിരുന്നത്. ഇപ്പോൾ കണ്ടെടുത്തതിൽ കേവലം 36 നാണയങ്ങളല്ലേ ഉള്ളൂ. അപ്പോൾ ഇൗ കിഴി ഏതായാലും നമ്മുടെ കണക്കപ്പിള്ളയുടെതല്ല. ഇൗ കിഴി ഉടമസ്ഥനില്ലാത്ത കിഴിയാണ്. സത്യസന്ധമായി അത് കണ്ടെടുത്ത് നൽകിയ തൂപ്പുകാരിക്കും കൂട്ടുകാർക്കുമായി ഞാനിത് വീതിച്ചു നൽകുകയാണ്. കണക്കപ്പിള്ളയുടെ കിഴി കണ്ടുപിടിക്കാനുള്ള അന്വേഷണം നടക്കട്ടെ''. 

സംശയം നല്ലതാണ്. എല്ലാവരെയും വിശ്വസിക്കുകയും വേണ്ട. പക്ഷേ എല്ലാത്തിനും ഒരു നിയന്ത്രണരേഖ ഉണ്ടാകണം. അമിതമായ സംശയവും അതിരുവിട്ട അവിശ്വാസവും ഒരിക്കലും ഗുണം ചെയ്യില്ല. ഉള്ള നേട്ടങ്ങൾ കൂടി നഷ്ടമാവുകയും ചെയ്യും. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HRIDAYAKAMALAM
SHOW MORE
FROM ONMANORAMA