സൗഹൃദങ്ങൾ പുതുചേതനയുടെ പെറ്റിടം

friends
SHARE

നമ്മുടെ നാട്ടിൻ പുറത്തു നിന്നും നഗരങ്ങളിൽ നിന്നും സൗഹൃദസദസുകൾ ഇല്ലാതായികൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ സാമൂഹത്തിൽ വളരെയേറെ മാറ്റങ്ങൾക്ക് ഉണ്ടാക്കിയിട്ടുള്ള ചിന്തകൾ, ആശയങ്ങൾ ഉടലെടുത്തത് എന്നും വൈകുന്നേരങ്ങളിൽ നടന്നിരുന്ന സൗഹൃദസദസുകളിൽ നിന്നായിരുന്നു.

സൗഹൃദസദസ് എന്നതു സൗഹൃദങ്ങൾ ഉൗട്ടിയുറപ്പിക്കുന്നതിനുള്ള ഒത്തുച്ചേരലുകളാണ്. പുതിയതലമുറ അതായതു ന്യൂജൻ എന്നു വിളിക്കുന്ന ന്യൂജനറേഷന്റെ കാലത്ത് സൗഹൃദത്തിനുള്ള വ്യാഖാനംതന്നെ ന്യൂജൻ സൈ്റ്റലിൽ തന്നെവേണ്ടിയിരിക്കുന്നു. ഇന്നു വാട്ട്സ്സാപ്പും ഫേസ്ബുക്കും ട്യുറ്ററും അതുപോലുള്ള ന്യുജൻ മാധ്യമങ്ങൽ സാമൂഹ്യ മാധ്യമങ്ങൾ എന്ന സ്ഥാനം നേടിയെടുത്തിരിക്കുന്ന കാലമാണിത്. അവരുടെ സൗഹൃദങ്ങൾക്ക് എന്റെ സൗഹൃദങ്ങൾക്കൊപ്പമോ എന്നെപോലെ പഴയ തലമുറയിൽപ്പെട്ടവരുടെ സൗഹൃദവുമായോ ഒരു പക്ഷേ യോജിച്ച് പോകാൻ സാധിക്കില്ലായിരിക്കും. ഞാൻ എന്റെ കുട്ടിക്കാലത്ത് സമകാലികരുമായി സൗഹദം   സ്ഥാപിച്ചെടുത്തത് നാട്ടിലെ വായനശാലകളിലെ ഒത്തുച്ചേരലിലൂടെയും ഗ്രാമത്തിൽ ഞങ്ങളെല്ലാം കൂടിചേർന്ന് രൂപീകരിച്ച കലാസംഘടനയിലൂടെയുമാണ്. അതിനു പ്രചോദനമായി ഞങ്ങൾക്കു മുന്നിൽ വഴഇകാട്ടികളായി മുതിർന്നവർ ഉണ്ടായിരുന്നു. ചേട്ടന്മാർ എന്നാണ് ഞങ്ങൾ അവരെ വിളിച്ചിരുന്നത്.  നാട്ടിലെ രാഷ്ട്ീയ രംഗത്തും പൊതുരംഗത്തും സജ്ജീവമായി നിലകൊണ്ടിരുന്ന ഇത്തരം ചേട്ടന്മാർ ഞങ്ങൽക്കു മുന്നിൽ മാതൃകയായി പ്രകാശമായി ഉണ്ടായിരുന്നു. അവർ നൽകിയ ഗൈഡിംഗിലൂടെയാണ് സഹജീവികളോടും സമകാലികരോടും സൗഹദം സ്ഥാപിച്ചെടുക്കാൻ ഞങ്ങളുടെ തലമുറയ്ക്കായത്. നേരിട്ടുള്ള ഇടപെടലിലൂടെയും അടുത്തില്ലാത്തവരോട് കത്തിലൂടെയും സൗഹൃദം സ്ഥാപിച്ചിരുന്നു. കത്തിനെക്കുറിച്ച് പറയുമ്പോൾ പുതിയതലമുറക്ക് ഇതിനെക്കുറിച്ച് അറിവുണ്ടാകുമോ എന്നു ഞാൻ  സന്ദേഹിക്കുന്നു. കത്തിനെ ക്കുറിച്ച് പറയാനാണെങ്കിൽ, അതിന്റെ ഗുണഗണങ്ങളെ ക്കുറിച്ച് പറയാനാണെങ്കിലും അതുണ്ടാക്കിതന്ന സൗഹൃദങ്ങളെക്കുറിച്ചു പറയാനാണെങ്കിലും പേജ് മുഴുവെനെടുത്താലും മതിയാകുമെന്നു കരുതുന്നില്ല. കത്തു പകർന്നു തന്ന സമ്മത്വബോധവും  സ്നേഹവും ഭാഷാബോധവും വളരെ വലുതാണ്. ഇതിനെക്കാളുപരി കത്ത് എഴുതുവാനുള്ള ശേഷിക്കൂടി സൃഷ്ടിച്ചു തന്നു.

ഇന്നു പുതിയ തലമുറ കത്തെഴുതിന്നില്ല എന്നല്ല. അവരും എഴുതുന്നുണ്ട് ഞങ്ങളൊക്കെ എഴുതിയതുപോലെ, പെൻസിൽ കൊണ്ടും പേനകൊണ്ടുമൊന്നുമല്ല. വിരൾ തുമ്പുകൊണ്ട്. ഇതു പുതുയുഗമാണ്. ഗൂഗിൾ എഴുത്തിന്റേയും ബ്ലോഗെഴുത്തിന്റേയും കാലം. ഇന്നത്തെ സൗഹദം ഇതിലൂടെയേ നടക്കൂ വളരൂ. അതുകൊണ്ട് അതിനെ കുറ്റപ്പെടുത്താനോ ശരിയല്ലെന്നു പറയാനോ ഞാനില്ല. കൂട്ടായ്മയുടെയും ഭൗതീക സംഗമങ്ങളുടെയും ഇടങ്ങൾ കുറഞ്ഞുവരുന്ന പുതിയ ലോകത്ത് എല്ലാവരും തിരക്കിന്റെ ലോകത്തായിരിക്കുന്നു. അങ്ങാടിയിലോ ബസ്സ്റ്റാന്റിലോ വെച്ചുള്ള ആകസ്മിക കാഴ്ചകൾക്കിടയിലെ കൈവീശലുകളിലും മറ്റുമായി പരിമിതപ്പെട്ടിരിക്കുകയാണ് ഇന്നത്തെ വ്യക്തിബന്ധങ്ങൾ. ആർക്കും ആരെയും കാത്തുനിൽക്കാൻ നേരമില്ലാത്ത കാലമാണിത്. കൂട്ടുകുടുംബങ്ങൾ വിഘടിച്ച് അണുകുടുംബങ്ങളായി.  മാനുഷിക ബന്ധങ്ങളുടെ വിളക്കിച്ചേർക്കലുകൾ നഷ്ടമായി. പരസ്പരം കണ്ടുമുട്ടിയാലോ, കൂട്ടിമുട്ടിയാൽ തന്നെയും ഒരു സോറി പറഞ്ഞ് പിരിയുന്നതരത്തിൽ ഇളംതലമുറക്കാർ മക്കൾക്ക് കുടുംബ ബന്ധുക്കളെ തിരിച്ചറിയാൻ കഴിയാതായി.   ഇല്ലായ്മയുടെ കാലത്ത് പങ്കുവെയ്പിന്റെ ആസ്വാദ്യകരമായ, മധുരകരമായ അനുഭവങ്ങൾ പകർന്നുനൽകിയ അയൽബന്ധങ്ങൾ അകലം പാലിക്കപ്പെടുന്നു. ഇതിന്റെ പ്രത്യക്ഷ സൂചകങ്ങളാണ് പുതുതായി ഉയർന്നുവരുന്ന വീടുകളും മതിൽകെട്ടുകളും. അതോടൊപ്പം സഹോദരങ്ങളും മക്കളും അമ്മയും അമ്മൂമ്മയും ഒന്നിച്ചിരുന്ന് കുടുംബകാര്യങ്ങൾ പങ്കുവെക്കുന്നതും ആശകളും പ്രതീക്ഷകളും കൈമാറുന്നതും ഇന്ന്് ഒാർമ്മ മാത്രമായി.

ഇന്റർനെറ്റ് നിത്യജീവിതത്തിൽ സ്വാധീനം ചെലുത്തിയ ലോകത്ത് സൗഹൃദത്തിന് പുതിയ വഴിയും പുതിയ മുഖവുമാണ്. മിന്നിമറയുന്നത്. സിനിമാശാലയിലെ സ്ക്രീനിലും വീട്ടിലെ സ്വീകരണമുറിയിലെ ടി വി പെട്ടിയിലും തെളിയുന്നവർ  സൗഹൃദത്തിന്റെ പുതിയ ഇതളുകളാവുകയാണ്. അവരുമായി കൂട്ടുകെട്ടുണ്ടാക്കാനായി ഫാൻസ് അസോസിയേഷനുകൾ രൂപീകരിക്കുന്നു.  അങ്ങനെ ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ആരൊക്കെയോ നമ്മുടെ കൂട്ടുകാരായിത്തീരുന്നു. ഒരിക്കൽ പോലും കേട്ടിട്ടില്ലാത്ത 'ബ്രോ'കൾ സൗഹൃദത്തിന്റെ ശബ്ദങ്ങളായിത്തീരുന്നു. ബോറടിപ്പിക്കുമ്പോഴെല്ലാം 'ഒാൺലൈൻ സുഹൃത്തുക്കൾ' ആശ്വാസത്തിന്റെ കണ്ണികളായി മാറി. സത്യത്തിൽ ബോറടിയില്ലാത്ത ഒരു ജീവിതമാണ് വാട്സ്ആപ്പും ഫേസ്ബുക്കും അഭിനവ ലോകത്തിന് പകർന്നു നൽകിയത്. സ്മാർട്ട് ഫോണുകൾ സ്വകാര്യതയുടെ ഇടങ്ങളിലേക്ക് പുതിയ തലമുറയെ കൂട്ടിക്കൊണ്ടുപോയപ്പോൾ ടെലിവിഷൻ വീട്ടിനുള്ളിൽ ഉണ്ടാക്കിത്തീർത്ത കൂടിയിരിപ്പിനെ പോലും ഇല്ലാതാക്കി.

 ജീവിതത്തിന്റെ വിവിധ രംഗങ്ങളിൽ കൈവരുന്ന സൗഭാഗ്യമാണ് നല്ല സുഹൃത്തുക്കൾ. ഭൗതിക താൽപര്യങ്ങളിൽ നിന്ന് മുക്തമായ സൗഹൃദത്തിന് മാറ്റ് കൂടുകതന്നെ ചെയ്യും.  ആദർശത്തിന്റെ പേരിലുള്ള സൗഹൃദമാണെങ്കിൽ അതിന്റെ തിളക്കം വീണ്ടും വർധിക്കും  പക്ഷേ അത്തരം സൗഹൃദങ്ങൾ കുറവാണെന്ന് മാത്രം. ആദർശ കൂട്ടുകളെ ദൈവത്തിനു വളരെ  ഇഷ്ടമാണ.ദൈവത്തിന്റെ സ്നേഹം ലഭിച്ചാൽ പിന്നെ എല്ലാം ഭദ്രം. ലഭിച്ചില്ലെങ്കിലോ, മറ്റെന്തുകിട്ടിയിട്ടും വലിയ പ്രയോജനമുണ്ടാവില്ല. സമ്പത്ത്, സ്ഥാനമാനങ്ങൾ, സൗന്ദര്യം, സഹപഠനം, സഹവാസം, സഹപ്രവർത്തനം തുടങ്ങിയവയെല്ലാം സൗഹൃദത്തിന്റെ അടിസ്ഥാനമാവാറുണ്ട്.

സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരുന്നവനാണ് യഥാർഥ സുഹൃത്ത്. നിസ്വാർഥമായ സൗഹൃദത്തിൽ മാത്രമേ അങ്ങനെയൊരു ദൃശ്യം കാണാനാവുകയുള്ളൂ.  സമൂഹത്തിലെ ഒാരോ അംഗത്തെയും തന്റെ ശരീരത്തിലെ ഒരവയവം പോലെ കാണുന്നവനാണ് വിശ്വാസി എന്ന്  പ്രവാചകൻ പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു ബന്ധം വളർത്തിയെടുത്താൽ ലഭിക്കുന്ന സമ്മാനമാണ് അല്ലാഹുവിന്റെ സ്നേഹം. ദൈവത്തിനുവേണ്ടി  സ്വാർഥ താൽപര്യങ്ങളില്ലാതെ ഒരാളെ സ്നേഹിക്കുക അത്തരത്തിൽ പരസ്പരം സ്നേഹിക്കുന്നവർക്ക് അന്ത്യനാളിൽ ദൈവത്തിന്റെ പ്രത്യേക തണൽ ലഭിക്കുകതന്നെ ചെയ്യും.

ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യമാണസൗഹൃദം പരസ്പരമുള്ള മറയില്ലാത്ത സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയൂമാണ്  സൗഹൃദങ്ങൾ രൂപപ്പെടുന്നത്. സ്നേഹത്തിൽ ചാലിച്ചെടുത്ത മാനുഷിക ബന്ധങ്ങളും സൗഹൃദ് ബന്ധങ്ങളും ഇല്ലെങ്കിൽ ഇൗ ഭൂമി വികൃതമാകുന്നു. സംഘർഷങ്ങളുടെ ലോകത്ത് മനുഷ്യന്റെ ചെറുത്ത് നിൽപ്പ് സാധ്യമാകുന്നത് തന്നെ ഒരു പക്ഷെ, സ്നേഹബന്ധങ്ങളുടെയും സൗഹൃദങ്ങളൂടെയും കരുത്തിലാണ്. സത്യത്തിൽ സ്വാർത്ഥതയും സങ്കുചിതത്വവും പുതിയ ലോകത്തിന്റെ ശാപമായി ഉയർത്തിക്കാണിക്കുമ്പോഴും സോഷ്യൽ നെറ്റ് വർക്കിംഗ് തീർത്ത വിപ്ലവം വലിയതോതിലല്ലെങ്കിലും ആശ്വാസമാണ് പകർന്നു തരുന്നത്. പക്ഷെ അപ്പോഴൊക്കെയും ബന്ധങ്ങൾ സ്ക്രീനിംഗ് ചെയ്യപ്പെടുന്നുവെന്നത് വിസ്മരിക്കാനാവില്ല.

 നല്ല ഒാർമകൾ നൽകുകയും ഒാർമകൾ പങ്കിടാൻ പറ്റുകയും ചെയ്യുന്ന സൗഹൃദങ്ങളാണ് ജീവിതത്തിന്റെ കാതൽ. നമുക്ക് നന്മ മാത്രം വരണേ എന്നാഗ്രഹിക്കുന്ന, നമ്മെക്കുറിച്ച് നല്ലതു മാത്രം കേൾക്കാൻ കൊതിക്കുന്ന, മനസ്സുകൊണ്ടെങ്കിലും കൂടെയുണ്ടാവുന്ന വ്യക്തിസാമീപ്യം അതാണ് നല്ല ചങ്ങാത്തം. സന്തോഷങ്ങളിൽ നമ്മോടൊത്തുണ്ടാകുവാൻ ആ മനസ്സാഗ്രഹിക്കുന്നു. ഹൃദ്യമായ സ്നേഹബന്ധങ്ങൾ ഇങ്ങനെയാണ്. സ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ് പ്രാർഥന. സുഹൃത്തിന്റെ നന്മക്കായി, വിജയങ്ങൾക്കായി, കുടുംബത്തിനായി, ഭാവി ജീവിതത്തിനായി നാം പ്രാർഥിക്കുമ്പോൾ അത് സ്നേഹമാണ്.  വിമർശനങ്ങൾ പോലും ഇഷ്ടത്തിന്റെ അടയാളങ്ങളാവണം. നന്മകൾ അംഗീകരിക്കാനും അഭിനന്ദിക്കാനും തയ്യാറാകുന്നവരുടെ വിമർശനങ്ങൾ അർഥവത്തായിരിക്കും. നാം അങ്ങനെയുള്ള സുഹൃത്തുക്കളാവുക. പുറമെ പുഞ്ചിരിച്ച് ഉള്ളിൽ പക വെക്കുന്നവരല്ല, ഉള്ളറിഞ്ഞ് പ്രാർഥിക്കുന്നവരും ഉടയാത്ത സ്നേഹമുള്ളവരുമായ സുഹൃത്തുക്കൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HRIDAYAKAMALAM
SHOW MORE
FROM ONMANORAMA